TopTop
Begin typing your search above and press return to search.

'തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന' രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ശിവഗിരിയില്‍ വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തില്‍ അമിത് ഷാ പറഞ്ഞു ഇരുട്ടി നേരം വെളുത്തതേയുള്ളൂ. അമിത് ഷാ തിരികെ ഡല്‍ഹിയിലെത്തി ശ്വാസം വിടുന്നതിന് മുമ്പ് തന്നെ വെള്ളാപ്പള്ളി അതിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയായിരിക്കില്ലെന്നാണ് ഇന്നത്തെ വെള്ളാപ്പള്ളി വാചകം. മാത്രമല്ല, ബിജെപിക്കോ എന്‍എസ്എസിനോ ഒപ്പം ചേര്‍ന്ന് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ ആയിരിക്കില്ല ബിഡിജെഎസിനെയായിരിക്കുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

"തൂണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോകും അവസാനം ഞങ്ങള്‍ വഴിയാധാരമാകും. അതുകൊണ്ട് ഒരു കാരണവശാലും എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്നും സമരം ചെയ്യരുതെന്നുമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അത് കുറെ മുമ്പെടുത്തതാണ്, അതിന് മാറ്റമില്ലെ"ന്നും വെള്ളാപ്പള്ളി പറയുന്നു. എസ്എന്‍ഡിപി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞത് വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലാണ്. വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും ആ വേദിയിലുണ്ടായിരുന്നു. ശ്രീനാരായണഗുരുദേവ മഹാസമാധി നവതി മണ്ഡല പൂജാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. ഗുരുവിന്റെ പുണ്യഭൂമിയില്‍ രാഷ്ട്രീയം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞശേഷമാണ് അമിത് ഷാ ശ്രീനാരായണീയര്‍ ഈ വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ അമിത് ഷാ പറഞ്ഞ ചില തെറ്റായ പ്രസ്താവനകള്‍ കൂടി ഇവിടെ കണക്കാക്കേണ്ടതുണ്ട്. സാധാരണ കുടുംബത്തില്‍ കഷ്ടപ്പാടുകളുമായി ജനിച്ചിട്ടും മതംമാറ്റത്തിനെതിരായിരുന്നു ശ്രീനാരായണ ഗുരുവെന്നാണ് അമിത് ഷാ പറഞ്ഞത്. ജാതി, മത സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായിരുന്നു ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് ഷായ്ക്ക് അറിയാത്തതോ മനഃപൂര്‍വം മറന്നതോ ആകാം. അരുവിക്കരയില്‍ ബ്രാഹ്മണരെ എതിര്‍ത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ച അതേ ഗുരു തന്നെ പിന്നീട് പറഞ്ഞിട്ടുള്ളത് ഇനിയിവിടെ ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് പണിതുയര്‍ത്തേണ്ടതെന്നാണ്. ആ ഗുരു മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നുവെന്ന് അമിത് ഷാ എവിടുന്നാണ് കണ്ടെത്തിയതെന്ന് അറിയില്ല. ഇന്ത്യന്‍ ജനതയോട് വര്‍ഷങ്ങളായി ഘര്‍ വാപ്പസി ആവശ്യപ്പെടുന്ന ബിജെപി വെള്ളാപ്പള്ളിയുടെയും ശിവഗിരിയുടെയും ചിലവില്‍ ഈഴവ സമുദായത്തോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. അതായത് ഹിന്ദുവിന്റെ ശബ്ദമെന്ന് അവകാശപ്പെടുന്ന ബിജെപിക്കൊപ്പം വരൂ എന്ന്.

ഇന്നലെ അമിത് ഷാ ശിവഗിരിയില്‍ രാഷ്ട്രീയം പറയില്ലെന്ന് കരുതിയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഈ ലോകത്തല്ല ജീവിക്കുന്നതെന്ന് മാത്രമേ പറയാനാകൂ. രാഷ്ട്രീയം പറയരുതെന്ന് അമിത് ഷായോട് മുന്‍കൂട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കില്‍ ഗുരുവിന്റെ പുണ്യഭൂമിയില്‍ താന്‍ രാഷ്ട്രീയം പറയുന്നില്ല എന്ന ഒരു മര്യാദ അമിത് ഷായില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രത്യേകിച്ചും ശബരിമലയിലെ അനുകൂല സാഹചര്യം തെരഞ്ഞെടുപ്പിലും ഗുണം ചെയ്യണമെന്ന തീരുമാനത്തിലാണ് അമിത് ഷാ ഇത്തവണ കേരളത്തിലെത്തിയതെന്ന് കണക്കാക്കുമ്പോള്‍. ഇന്നലെ മടങ്ങുന്നതിന് മുമ്പ് ശബരിമല കൊണ്ടും തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കേന്ദ്രനേതൃത്വത്തിന്റെ സഹായം പ്രതീക്ഷിക്കണ്ടെന്ന് അമിത് ഷാ സംസ്ഥാന നേതാക്കളോട് പറഞ്ഞും കഴിഞ്ഞു എന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഏതായാലും രാഷ്ട്രീയം പറയുന്നില്ല എന്ന ഒറ്റ വാചകം കൊണ്ട് തന്നെ അമിത് ഷാ ഉദ്ദേശിച്ച രാഷ്ട്രീയം പറഞ്ഞു കഴിഞ്ഞു. അതാണ് ഇന്ന് രാവിലെ വെള്ളാപ്പള്ളിക്ക് അതിനെതിരെ പ്രതികരിക്കേണ്ടി വന്നത്. എസ്എന്‍ഡിപിയെ ആയിരിക്കില്ല ബിഡിജെഎസിനെയായിരിക്കും അമിത് ഷാ ഉദ്ദേശിച്ചതെന്ന് പറയുമ്പോഴും പ്രശ്‌നമുണ്ട്. ബിഡിജെഎസ് എന്താണെന്ന് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ ഇവിടെ വെള്ളാപ്പള്ളിക്കുണ്ട്. എസ്എന്‍ഡിപിയിലെ അംഗങ്ങളായ ഈഴവ സമുദായാംഗങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളിയും മകന്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് ബിഡിജെഎസ് രൂപീകരിച്ചതും എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതും. താന്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്‍ഡിഎയില്‍ നിന്നും ബിഡിജെഎസ് പുറത്തുവരണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. എന്നാല്‍ തുഷാര്‍ അതിന് തയ്യാറായിരുന്നില്ല. എല്ലാ ഈഴവരും ബിഡിജെഎസിനൊപ്പം ഇല്ലെങ്കിലും അതിലുള്ള ബഹുഭൂരിപക്ഷവും ഈഴവരാണ്. ഈ സാഹചര്യം കൊണ്ട് എസ്എന്‍ഡിപിയും ബിഡിജെഎസും തങ്ങള്‍ക്ക് നഷ്ടമാകരുതെന്ന ചിന്തയിലാണ് അച്ഛനും മകനും പ്രത്യക്ഷത്തില്‍ രണ്ട് ചേരിയിലായതെന്ന് വേണം മനസിലാക്കാന്‍.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സിപിഎമ്മിനൊപ്പമുണ്ടെന്ന് സിപിഎമ്മും ബിജെപിക്കൊപ്പമുണ്ടെന്ന് ബിജെപിയും ചിന്തിക്കുന്നത് അച്ഛന്‍ വെള്ളാപ്പള്ളിയുടെയും മകന്‍ വെള്ളാപ്പള്ളിയുടെയും മറ്റൊരു രാഷ്ട്രീയ കളിയായാണ് കാണേണ്ടത്. കാരണം ഭക്തര്‍ക്കൊപ്പമുണ്ട്, സമരം ചെയ്യാനില്ല എന്നാണ് വെള്ളാപ്പള്ളി ഇപ്പോഴും പറയുന്നത്. അതായത് ശബരിമലയില്‍ അന്തിമ സ്ത്രീപ്രവേശനം സംഭവിച്ചാലും ഇല്ലെങ്കിലും അതിന്റെ രാഷ്ട്രീയ ഗുണം ചുളുവില്‍ വെള്ളാപ്പള്ളിമാര്‍ക്കും ലഭിക്കും. അതായത് വെള്ളാപ്പള്ളി തന്നെ പറയുന്നത് പോലെ "തൂണും ചാരിനിന്ന് പെണ്ണുംകൊണ്ട് പോകാനാണ്" വെള്ളാപ്പള്ളിയുടെയും നോട്ടം. എന്തായാലും എല്ലാവരുടെയും കണ്ണില്‍ പൊടിയിടുന്ന ഈ കളി എങ്ങനെ അവസാനിക്കുമെന്ന് കാത്തിരുന്ന് കാണാം.

https://www.azhimukham.com/newswrap-why-bjp-leaders-not-meet-governor-psathasivam-to-demand-dismissal-of-pinarayivijayan-government-writes-saju/

https://www.azhimukham.com/offbeat-ezhava-women-lalitha-ayyappan-relationship/

https://www.azhimukham.com/kerala-how-lost-cheerappanchira-ezhava-family-karanma-right-in-sabarimala/

https://www.azhimukham.com/offbeat-vellappallys-strong-reply-to-sukumarannairs-savesabarimala-protest-writes-rakeshsanal/

Next Story

Related Stories