TopTop
Begin typing your search above and press return to search.

ഇവര്‍ വില്‍ക്കുന്ന 'ദാക്ഷായണി ബിസ്‌ക്കറ്റുകള്‍' നാമിനി വാങ്ങി കഴിക്കണോ?

ഇവര്‍ വില്‍ക്കുന്ന
മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാല് നടിമാര്‍ ഇന്നലെ രാജിവച്ചതോടെ ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും ചര്‍ച്ചയാകുകയാണ്. മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ രാജിവച്ച നടികള്‍ക്കൊപ്പമാണെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും പ്രഖ്യാപിക്കുമ്പോള്‍ എഎംഎംഎയുടെ പ്രതിനിധികളും സൂപ്പര്‍താരങ്ങളുമെല്ലാം മൗനം പാലിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോഴും താരസംഘടനയുടെയും അതിലെ അംഗങ്ങളുടെയും നിലപാട് ഇതായിരുന്നു. ദിലീപ് എന്ന സഹപ്രവര്‍ത്തകനൊപ്പം നില്‍ക്കുകയാണെന്ന് ന്യായീകരിച്ച അവര്‍ അന്ന് ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെ കണ്ടില്ലെന്ന് നടിച്ചു. ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ സംഘടനാ നേതൃത്വത്തില്‍ ഒരു പൊളിച്ചുപണിയൊക്കെ സംഭവിച്ചിരിക്കുന്നു. അന്ന് നടിയെ പിന്തുണച്ച പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും സംഘടനയുടെ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കിയപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു തീരുമാനം. ഇതോടെയാണ് ഭാവന, റിമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ എഎംഎംഎയില്‍ നിന്നും ഇന്നലെ രാജിവച്ചത്.

ഇവരുടെ രാജി കൊണ്ടും സംഘടനാ നേതൃത്വത്തിന്റെ മനോഭാവത്തില്‍ യാതൊരു മാറ്റവും വന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ രാജി പ്രഖ്യാപനം 24 മണിക്കൂര്‍ പിന്നിട്ടും എഎംഎംഎയുടെ നേതൃത്വത്തില്‍ നിന്നും യാതൊരു വിധത്തിലുമുള്ള പ്രതികരണവുമില്ലെന്നത്. പൃഥ്വിരാജും മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ പ്രതിനിധികളും മാത്രമാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഈ കുറ്റകരമായ മൗനത്തെ നേരിടാനൊരുങ്ങിത്തന്നെയാണ് കേരള സമൂഹവും 'അവള്‍ക്കൊപ്പം' നില്‍ക്കുന്നത്. മുമ്പ് ദിലീപ് ജയിലില്‍ പോയപ്പോള്‍ തന്നെ ദിലീപിന്റെ സിനിമകള്‍ ഇനി തിയറ്ററില്‍ പോയി കാണില്ലെന്ന് ഒരു വിഭാഗം ജനങ്ങള്‍ തീരുമാനമെടുത്തിരുന്നു. ഇപ്പോഴും ചാനലുകളില്‍ ദിലീപിന്റെ സിനമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ടിവി ഓഫാക്കുന്ന ആളുകള്‍ ഉണ്ടെന്നതാണ് തമാശ. ദിലീപിന് കേരള സമൂഹം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് ഇത്. സോഷ്യല്‍ മീഡിയയിലൂടെ യുവാക്കള്‍ ഹാഷ്ടാഗുകള്‍ കൊണ്ട് ഈ വിലക്ക് നടപ്പാക്കിയപ്പോള്‍ നാട്ടിന്‍പുറങ്ങളിലും പ്രായമേറിയവരും സ്വതസിദ്ധമായ ആശയവിനിമയങ്ങളിലൂടെയാണ് ഈ തീരുമാനമെടുത്തത്. ഫാന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ ദിലീപിന്റെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് കൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

ഇന്നിപ്പോള്‍ നടിമാരുടെ തീരുമാനത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്താതെ ദിലീപിനെ അനുകൂലിക്കുന്ന എഎംഎംഎ അംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വിലക്കേര്‍പ്പെടുത്താനൊരുങ്ങുകയാണ്. അത് ഒരു പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിച്ചതിലുള്ള പ്രതിഷേധം. ഇവര്‍ അഭിനയിച്ച ചിത്രങ്ങളൊന്നും തിയറ്ററില്‍ പോയി കാണില്ലെന്നാണ് പുതിയ തീരുമാനം. അതേസമയം ആരാധകരെന്ന വെട്ടുക്കിളി കൂട്ടങ്ങള്‍ ഉള്ളിടത്തോളം കാലം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊന്നും സിനിമകള്‍ക്ക് യാതൊന്നും സംഭവിക്കില്ലെന്നതാണ് സത്യം. കൂട്ടത്തില്‍ ഇവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പെടെ സഹവേഷങ്ങളിലെത്തുന്നവര്‍ക്കും. ഈ ചിത്രങ്ങളുള്‍പ്പെടെയുടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വിറ്റുവരവ് ലഭിക്കുന്നത് ഇവരുടെ സാമിപ്യം കൊണ്ടു കൂടിയാണ്. കോടികള്‍ പ്രതിഫലം നല്‍കി ഇവിടുത്തെ സ്വര്‍ണ്ണക്കടകളും വസ്ത്രശാലകളും മുതല്‍ അച്ചാറ് കമ്പനികള്‍ വരെ ഇവരെക്കൊണ്ട് നമ്മളോട് ഉല്‍പ്പന്നങ്ങളുടെ മേന്‍മ പറയിക്കുന്നത് ഇവര്‍ക്ക് സമൂഹത്തിലുള്ള ജനപ്രീതികൊണ്ടും വിശ്വാസം കൊണ്ടുമാണ്.

'വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ'യെന്നും 'വൈകിട്ടെന്താ പരിപാടി'യെന്നും 'ഉയരം കൂടുന്തോറും ചായയ്ക്ക് സ്വാദ് കൂടും' എന്നുമൊക്കെ മോഹന്‍ലാല്‍ പറയുമ്പോള്‍ നമ്മള്‍ അവിടെ വിശ്വസിക്കുന്നത് ആ സ്ഥാപനങ്ങളെയല്ല. പകരം, മോഹന്‍ലാലിനെയാണ്. അതുപോലെ തന്നെയാണ് നല്ല വസ്ത്രശാലയെക്കുറിച്ചും നല്ല ബാങ്കിനെക്കുറിച്ചും നല്ല മുണ്ടിനെക്കുറിച്ചും മമ്മൂട്ടി പറയുമ്പോഴും നല്ല ബിരിയാണി അരിയെക്കുറിച്ച് ഇന്നസെന്റ് പറയുമ്പോഴുമൊക്കെയുള്ള കാര്യവും. ആ ജനകീയതയ്ക്കും അവരില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസത്തിനുമാണ് ഇപ്പോള്‍ കോട്ടം സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇവരെ വിശ്വസിച്ച് ഈ സ്ഥാപനങ്ങളിലേക്കും ഉല്‍പ്പന്നങ്ങളിലേക്കും പോകേണ്ടതുണ്ടോയെന്ന് ചിന്തിക്കേണ്ടത് ജനങ്ങളാണ്. ഇവരുടെ നിലപാടുകളില്‍ യാതൊരു ധാര്‍മ്മികതയുമില്ലെന്ന് ജനങ്ങള്‍ മനസിലാക്കിയ സ്ഥിതിയ്ക്ക് ഇവരെ ഇനിയും അംബാസഡര്‍മാരാക്കണമോയെന്ന് അതാത് ഉല്‍പ്പന്നങ്ങളുടെ സ്ഥാപനങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സര്‍ക്കാരെന്ന് ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ ചില പുനര്‍വിചിന്തനം ആവശ്യമുണ്ട്. അധാര്‍മ്മികതയും നിലപാടുകളുമില്ലാത്ത ഇവരെ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ സന്ദേശങ്ങളെത്തിക്കാന്‍ ഇനിയും നിയോഗിക്കേണ്ടതുണ്ടോയെന്ന ചിന്തയാണ് അവിടെ വേണ്ടത്. ഇനി അഥവ നിയോഗിച്ചാല്‍ തന്നെ ജനങ്ങള്‍ക്ക് ആ സന്ദേശങ്ങളില്‍ എന്തു വിശ്വാസ്യതയാണുണ്ടാകുക?

https://www.azhimukham.com/cinema-some-women-questioning-malayalam-cinemas-male-chauvinism-rakeshsanal/

Next Story

Related Stories