TopTop

സിഒടി നസീര്‍ വധശ്രമം: എഎന്‍ ഷംസീറിനെതിരെ കുരുക്ക് മുറുകുമോ?

സിഒടി നസീര്‍ വധശ്രമം: എഎന്‍ ഷംസീറിനെതിരെ കുരുക്ക് മുറുകുമോ?
സിപിഎമ്മിന് പ്രത്യേകിച്ചും കണ്ണൂരിലെ സിപിഎമ്മിന് പ്രതിസന്ധിയുടെ കാലഘട്ടമാണ് കടന്നുപോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളും പാര്‍ട്ടിയുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുന്‍ സിപിഎം നേതാവും നഗരസഭാധ്യക്ഷനുമായ സി ഒ ടി നസീറിനെതിരെയുണ്ടായ വധശ്രമത്തോടെയാണ് കണ്ണൂരിലെ സിപിഎം നേതൃത്വത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കമായത്. പി ജയരാജനെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു നസീര്‍. തെരഞ്ഞെടുപ്പിനിടെയുണ്ടായ വധശ്രമം പി ജയരാജന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് ആരോപണമുയര്‍ന്നെങ്കിലും തലശേരി എംഎല്‍എ എ എന്‍ ഷംസീറിനെതിരെ നസീര്‍ തന്നെ സംശയം ഉന്നയിക്കുകയായിരുന്നു. നസീറിന് പിന്തുണ അറിയിച്ച് ജയരാജന്‍ തന്നെ രംഗത്തെത്തിയതോടെ കേസ് ഷംസീറിനെതിരെ തിരിഞ്ഞിരുന്നു. ജയരാജനെ വെട്ടിയൊതുക്കാനുള്ള കണ്ണൂര്‍ രാഷ്ട്രീയത്തിലെ പുതിയ ചരടുവലികളായാണ് ഇപ്പോള്‍ ഈ കേസിനെ കണക്കാക്കുന്നത്.

തലശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ഷംസീറിന്റെ ഡ്രൈവറും സഹായിയുമായിരുന്ന രാജേഷ് എന്നയാള്‍ കൂടി ഈ കേസില്‍ അറസ്റ്റിലായതോടെ തലശേരി എംഎല്‍എയ്‌ക്കെതിരായ കുരുക്ക് മുറുകുകയാണ്. എംഎല്‍എയുടെ ഓഫീസിലെത്തിയ തന്നെ കാലടിച്ച് മുറിച്ചുകളയുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ് നസീര്‍ മൊഴി നല്‍കിയത്. തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഭീഷണി. നേരത്തെ അറസ്റ്റിലായ പൊട്ടിയം സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ അറസ്റ്റിലായകുന്ന എട്ടാമത്തെയാളാണ് രാജേഷ്. സിഒടി നസീറിനെതിരെ അക്രമമുണ്ടായ ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെയ് 18നാണ് സിഒടി നസീറിനെതിരെ വധശ്രമമുണ്ടായത്. കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയത്. അന്വേഷണം തൃപ്തിക്കരമല്ലെന്നാണ് നസീറിന്റെ ആരോപണം. സിഒടി നസീറിന്റെ വധശ്രമത്തിന് പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് എംഎല്‍എയുടെ സഹായി അറസ്റ്റിലായത്.

ഷംസീറുമായും സഹോദരന്‍ താഹിറുമായും രാജേഷിന് നല്ല അടുപ്പമാണുള്ളത്. ഷംസീറിന്റെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കുന്ന രാജേഷ് തലശേരിയിലെ നിരവധി അക്രമ സംഭവങ്ങളുടെ സൂത്രധാരന്‍ കൂടിയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഷംസീറിന്റെ സംരക്ഷണമുള്ളതിനാല്‍ പോലീസ് ഇയാളെ ഒന്നും ചെയ്യാറില്ലെന്നും ആരോപണമുണ്ട്. 2008 മുതല്‍ തലശേരി കേന്ദ്രീകരിച്ച് നടന്ന ഒട്ടേറെ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഇയാളുടെ സാന്നിധ്യമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഏതാണ്ട് ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചാല്‍ ഇയാളുടെ പങ്ക് പുറത്തുവരുമെന്നാണ് ലഭിക്കുന്ന വിവരം. തലശേരിയിലെ പാര്‍ട്ടി ക്രിമിനലുകളെ നിയന്ത്രിക്കുന്നതും അവര്‍ക്ക് സമയാസമയം സഹായം എത്തിച്ചുനല്‍കുന്നതും രാജേഷ് വഴിയാണ്. ഇയാളുടെ വലംകൈയാണ് പൊട്ട്യന്‍ സന്തോഷ്. സന്തോഷ് ആണ് നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയത്. രാജേഷ് അറസ്റ്റിലായതോടെ നസീര്‍ വധശ്രമക്കേസിന്റെ അന്വേഷണം ഇനി ഷംസീറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജേഷ് അറസ്റ്റിലായ സ്ഥിതിയ്ക്ക് തനിക്ക് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് നസീര്‍ തന്നെയും വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ മുതല്‍ നസീര്‍ ഷംസീറിന്റെയും സംഘത്തിന്റെ പേരുകള്‍ ഉന്നയിക്കുന്നുണ്ട്.

ഈ അറസ്റ്റോടെ നസീറിനെ കൊല്ലാന്‍ ഷംസീറാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന വാദം ശക്തമാകുകയാണ്. ഇതോടെ ഷംസീറിനേയും ചോദ്യം ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ ഇതിന് പോലീസിന് ആഭ്യന്തര വകുപ്പിന്റെ അനുമതി കിട്ടാന്‍ സാധ്യതയില്ല. കേസില്‍ സിബിഐ അന്വേഷണം നസീര്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏറെ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. സിബിഐയ്ക്ക് അനുകൂലമായി ഹൈക്കോടതി പ്രതികരിച്ചാല്‍ ഷംസീര്‍ എംഎല്‍എ പ്രതിക്കൂട്ടിലാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നതും.

നേരത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ സിപിഎം തലശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെകെ ബിജുവിനെതിരെ പോലീസ് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തലശേരി സ്‌റ്റേഡിയത്തിന്റെ നടത്തിപ്പ് കണ്‍വീനറായ ബിജുവിനും ഷംസീറുമായി അടുത്ത ബന്ധമാണുള്ളത്. ഈ സ്റ്റേഡിയത്തിന്റെ നവീകരണത്തില്‍ ക്രമക്കേടുണ്ടായെന്നാണ് ആരോപണം ഉയര്‍ന്നത്. ഇത് ചൂണ്ടിക്കാട്ടിയതിനാണ് ഷംസീര്‍ നസീറിനെ ഭീഷണിപ്പെടുത്തിയതും. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ നസീര്‍ വധശ്രമക്കേസില്‍ ഷംസീറിന് മുകളില്‍ കുരുക്കുകള്‍ ഓരോന്നായി മുറുകകയാണെന്ന് പറയേണ്ടി വരും.

read more:ഒന്നര വര്‍ഷമായി കോടിയേരിയുടെ കുടുംബവുമായി സംസാരിക്കുന്നു; ബിനോയ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി

Next Story

Related Stories