TopTop
Begin typing your search above and press return to search.

ശബരിമല Live: തന്ത്രിയോട് വിശദീകരണം തേടാൻ ദേവസ്വം ബോർഡ്; 15 ദിവസത്തിനകം മറുപടി നൽകണമെന്ന് എം പത്മകുമാർ

ശബരിമല Live: തന്ത്രിയോട് വിശദീകരണം തേടാൻ ദേവസ്വം ബോർഡ്; 15 ദിവസത്തിനകം മറുപടി നൽകണമെന്ന് എം പത്മകുമാർ

03.4o PM: യുവതീ പ്രവേശനത്തിന്റെ പേരിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടിയിൽ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ.

തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിക്ക് എതിരാണ്. ഇത് കോടതിയലക്ഷ്യമാണെന്ന് അറിയിക്കും. 15 ദിവസത്തിനകം മറുപടി നൽകണം. ശുദ്ധിക്രിയ സംബന്ധിച്ച തീരുമാനം വിധിക്കെതിരാണെന്ന ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് ഇന്നുചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റെ തീരുമാനം.


03.21 PM: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പലരും കടന്നുകൂടി അക്രമമുണ്ടാക്കിയെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍.

ഇന്നലത്തെ ഹര്‍ത്താല്‍ വിജയകരമായിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കർമസമിതി വ്യക്തമാക്കി.

ഹര്‍ത്താല്‍ അക്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. മുഖ്യമന്ത്രിക്കും സിപിഎമ്മിനും തീവ്രവാദ ബന്ധമുള്ളത് അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവച്ച് മാപ്പുപറയുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കര്‍മ്മ സമിതി അറിയിച്ചു.


03.00 PM: ശബരിമലയിൽ ശ്രീലങ്കൻ സ്വദേശിനി ദർശനം നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

താൻ ദേവസ്വംബോർഡിനോടോ പൊലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല. മാധ്യമങ്ങൾ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂ

ബരിമലയിൽ ആർക്കും ദർശനം നടത്താമെന്നും കടകംപള്ളി വ്യക്തമാക്കി.

ദർശനം നടത്തണമെന്ന് അപേക്ഷ നൽകി ആരും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. ദർശനത്തിനായി ആര് വന്നാലും പ്രായം നോക്കേണ്ട കാര്യം സർക്കാരിനില്ല. പൊലീസിന് അപേക്ഷ കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.


02. 44 PM:സുപ്രീംകോടതി വിധി അംഗീകരിക്കാത്ത ശബരിമല തന്ത്രി രാജീവരെ ഉടന്‍ മാറ്റണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍.

സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സ്ത്രീകള്‍ ശബരിമലയിലെത്തിയത്. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തധികാരം. ഇത്തരം നിലപാട് എടുക്കണ തന്ത്രിയെ ദേവസ്വം ബോര്‍ഡ് ഇടപെട്ട് മാറ്റണം.

ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.


02.04PM: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ശബരിമല കർമസമിതി. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ആവശ്യം.


വ്യാഴാഴ്ച നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 801 കേസ്സുകളിലായി ആകെ 1369 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. 717 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.

ആകെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ എടുത്തവര്‍ എന്നീ ക്രമത്തില്‍ ജില്ല തിരിച്ചുളള കണക്കനുസരിച്ച് തിരുവനന്തപുരം സിറ്റി 3, 17, 92, തിരുവനന്തപുരം റൂറല്‍ 60, 46, 4, കൊല്ലം സിറ്റി 56, 28, 3, കൊല്ലം റൂറല്‍ 41, 10, 4, പത്തനംതിട്ട 57, 94, 2, ആലപ്പുഴ 51, 174, 27, ഇടുക്കി 6, 2,156, കോട്ടയം 23, 35, 20, കൊച്ചി സിറ്റി 26, 237, 32, എറണാകുളം റൂറല്‍ 48, 233, 14, തൃശ്ശൂര്‍ സിറ്റി 63, 151, 48, തൃശ്ശൂര്‍ റൂറല്‍ 34, 6, 2, പാലക്കാട് 82,41, 83, മലപ്പുറം 27, 35, 25, കോഴിക്കോട് സിറ്റി 31, 28, 4, കോഴിക്കോട് റൂറല്‍ 24, 30, 9, വയനാട് 31, 109, 82, കണ്ണൂര്‍ 125, 91, 101, കാസര്‍ഗോഡ് 13, 2, 9 എന്നിങ്ങനെയാണ്.


01.52 PM: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിന് പിന്നാലെ അടൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തിൽ അമ്പതോളം വീടുകള്‍ക്ക് നേരെ ആക്രമണം. മുപ്പതോളം പേരടങ്ങിയ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്.

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മഴു ഉപയോഗിച്ച് വീടിന്റെ വാതിലുകള്‍ പൊളിച്ചാണ് സംഘം അക്രമം നടത്തിയത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ വീടിന് നേരെയും അക്രമം ഉണ്ടായി.


01.40 PM:ശബരിമല പ്രശ്നത്തിൽ കേരളത്തിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കോഴിക്കോട്ട് പ്രതികരിച്ചു.

ഡിസിസിയുടെ ‘മുന്നൊരുക്കം 2019’ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. എൽഡിഎഫും ബിജെപിയും മത്സരിച്ച് അക്രമങ്ങൾ അഴിച്ചുവിടുന്നു.

ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറയുന്നു.


01.08 PM:കോഴിക്കോട് പേരാമ്പ്രയിൽ നിരോധനാജ്ഞ. 5 ദിവസത്തേക്കാണ് നിരോധനാജ്ഞ.

വടകര, പേരാമ്പ്ര പെലീസ്​സ്റ്റേഷൻ പരിധിയിൽ പൊതു പരിപാടികൾക്ക്​ നിയന്ത്രണം. ഇന്നു മുതൽ അഞ്ചു ദിവസത്തേക്കാണ്​ നിയന്ത്രണം.

ഇന്നലെ ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്​നിയന്ത്രണം ഏർപ്പെടുത്തിയത്.


01.02 PM: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ഇതുവരെ 1369 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.


12.56PM: ശബരിമല വിഷയത്തിൽ ലോക്സഭയിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്ക്പോര്. വിഷയത്തിൽ കോടതിയെ വിമർശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. മതപരമായ വിഷയത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് മിനാക്ഷി ലേഖി.

മലകയറാൻ ശ്രമിക്കുന്ന യുവതികൾ അവിശ്വാസികളെന്നും മീനാക്ഷി ലേഖി.


12.42 PM: പന്തളത്ത് കൊല്ലപ്പെട്ട ശബരിമല കർമ സമിതി പ്രവർത്തകന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹവുമായി ബിജെപി ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന വിലാപയാത്ര പുരോഗമിക്കുന്നു.


12.31 PM: സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ യുവതികൾ ദർശനം നടത്തിയത് വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ലോക്സഭയിൽ കെ സി വേണുഗോപാലൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കോൺഗ്രസ് എം പി ആവശ്യപ്പെട്ട്.

ശബരിമല വിഷയം ലോക്സഭയുടെ ശൂന്യവേളയിൽ ഉന്നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത്ബിജെപിയും സിപിഎമ്മും അക്രമം അഴിച്ചുവിടുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.

വിഷയത്തിൽ സഭയിൽ ചർച്ച പുരോഗമിക്കുന്നു.

41 ദിവസത്തെ വ്രതം വെട്ടിക്കുറയ്ക്കാൻ സുപ്രീം കോടതിക്ക് അവകാശമില്ലെന്ന് ബിജെപി എംപി മീനാക്ഷി ലേഖി സഭയിൽ വ്യക്തമാക്കി.


11.54 AM: ശ്രീലങ്കയിൽ നിന്നും ശബരിമലയിലെത്തിയ 47 കാരി ദർശനം നടത്തിയതായി സ്ഥിരീകരണം. യുവതി സന്നിധാനത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇവരെ മരക്കൂട്ടത്ത് നിന്നും തടഞ്ഞ് തിരിച്ച് വിട്ടതായി നേരത്തെ ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇവർ സന്നിധാനത്ത് എത്തിയതായി പോലീസും സ്ഥിരീകരിക്കുന്നു.


ശബരിമല യുവതി പ്രവേശത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡിജിപി നിര്‍ദേശിച്ചു. പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അക്രമങ്ങളിൽ ഇതുവരെ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.


11.34 AM: ഹർത്താലിനിടെ തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുന്ന എസ്ഡിപി െഎ പ്രവർത്തകർ അറസ്റ്റിൽ.


11.27 AM: പന്തളത്ത് നടത്തിയ പ്രതിഷേധത്തിനിടെ ശബരിമല കർമ സമിതി പ്രവർത്തകൻ കല്ലേറിൽ പരിക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.


11.20 AM: കണ്ണൂർ പുതിയ തെരുവിലെ ബിജെപി ഓഫിസിന് അക്രമികൾ തീവച്ചു. ബൈക്കിലെത്തിയ സംഘമാണ് ഇന്ന് പുലർച്ചെ ഒാഫീസിന് തീവച്ചത്. ഈ സമയം കാര്യാലയത്തിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന മൂപ്പപാറ സ്വദേശി സുരേഷിന് പൊള്ളലേറ്റു.

11.18 AM: തിരുവനന്തപുരം മലയിൻകീഴ് സ്വകാര്യ സ്‌കൂളിൽ നിന്നും നാടൻ ബോംബ് കണ്ടെടുത്തു. ബിജെപി നിയന്ത്രണത്തിലുള്ളതാണു സ്കൂളെന്ന് പൊലീസ് പറയുന്നു. സ്കൂളിനു സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ.

10.51 AM: നെയ്യാറ്റിൻകരയിൽ സി.പി.എം പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്


10.19 AM: കേരളത്തിലെ സിപിഎം-പോലീസ് അക്രമം എന്ന് ആരോപിച്ച് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബിജെപി എംപിമാര്‍ പ്രതിഷേധം സംഘടിപ്പി്കും. 10.30 മുതലാണ് പ്രതിഷേധം.


10.15 AM: ശബരിമലയിൽ കൂടുതൽ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം എന്ന സംഘടന. അടുത്തയാഴ്ച രണ്ട് യുവതികൾ കൂടി മലകയറുമെന്നും കൂട്ടായ്മയുടെ സംഘാടകൻ ശ്രേയസ് കണാരൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ഫേസ്ബുക്ക് കൂട്ടായ്മയാണ് നവോത്ഥാന കേരളം.

കഴി‍‌ഞ്ഞ ദിവസം ദർശനം നടത്തിയ ബിന്ദുവിനും കനക ദുർഗക്കും പിന്തുണ നൽകിയ സംഘടന കൂടിയാണ് നവോത്ഥാന കേരളം


09. 50 AM: അടൂരിൽ സിപിഎം നേതാക്കളുടെ വീടാക്രമിച്ചു. ജില്ലാ സെക്ടട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിന്റെ വീടാണ് ആക്രമിച്ചത്.


09.15 AM: ശബരിമലയിലേക്ക് പോകാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് പമ്പയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. കയല്‍വുന്നിനിടെയായിരുന്നു പ്രതിഷേധം.

സാരിയുടുത്തെത്തിയ എത്തിയ കയല്‍ പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്. ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും കൂടെചേരുകയായിരുന്നു ചേര്‍ന്നു.

17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്ന് കയല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ച് പോകുകയാണെന്നും കയൽ വ്യക്തമാക്കി.


08.58 AM: ശബരിമലയിൽ ദർശനത്തിനെത്തിയ ശ്രീലങ്കൻ സ്വദേശിനിയായ 47 കാരിയെ മരക്കൂട്ടത്തുനിന്നും പോലീസ് തിരിച്ചുവിട്ടതായി ആരോപണം. മാധ്യമങ്ങളോടാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് തന്നെ തിരിച്ചിറക്കിയെന്ന് ആരോപിച്ച അവർ താന്‍ ഗര്‍ഭപാത്രം നിക്കം ചെയ്തതാണെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നും വ്യക്തമാക്കുന്നു.

ഭർത്താവിനും മകനും ഒപ്പമാണ് ശ്രീലങ്കൻ സ്വദേശിനിയായ ശശികല ശബരിമലയിലെത്തിയത്.

താൻ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ല. തന്നെ തടഞ്ഞതിന് അയ്യപ്പൻ മരുപടി പറയുമെന്നും അവർ പറയുന്നു.


ശബരിമലയില്‍ വീണ്ടും ശ്രീലങ്കന്‍ സ്വദേശിയായ യുവതി ദര്‍ശനം നടത്തിയെന്ന് അഭ്യൂഹം. എന്നാല്‍ യുവതി മരക്കൂട്ടം വരെ എത്തി തിരിച്ചിറങ്ങിയതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കന്‍ സ്വദേശി ശശികലയാണ് ഭര്‍ത്താവിനും മകനുമൊപ്പം ശബരിമലയില്‍ എത്തിയത്. വ്യാഴാഴ്ച വൈകിട്ട് പമ്പയില്‍ എത്തി പോലീസിനോട് സഹായം യുവതി അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ട് പ്രകാരം ശശികലയ്ക്ക് 47 വയസില്‍ താഴെയാണ് പ്രായമെന്ന് വ്യക്തമായി.

തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കി യുവതി പോലീസിനെ ബോദ്ധ്യപ്പെടുത്തിയത്തോടെ ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ തന്നെ ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനമുണ്ടാകുമെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ക്ക് 50 വയസിന് മുകളിലാണ് പ്രായമെന്നായിരുന്നു ലഭിച്ച മറുപടി. കൂടാതെ ഇവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇവരെ മരക്കൂട്ടത്ത് വെച്ച് ആളുകള്‍ തടഞ്ഞുവെന്നും തിരിച്ചുപോയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഈ സമയത്തെല്ലാം യുവതിയും ഭര്‍ത്താവും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടത് ന്യൂസ് 18 , കൈരളി ചാനലുകള്‍ ആണ്. താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടത്ത് വച്ച് തിരിച്ചുപോയിയെന്നും യുവതിയുടെതായ പ്രതികരണം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് ശരവണമാരനും ദര്‍ശന വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.

ശബരിമലയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആണ് സുപ്രീം കോടതി വിധിക്കു ശേഷം യുവതികള്‍ ആദ്യം ആയി ദര്‍ശനം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഒരിക്കല്‍ മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി ഇന്നലെ ഹര്‍ത്താല്‍ നടത്തിയിരുന്നു.


Next Story

Related Stories