TopTop
Begin typing your search above and press return to search.

മുത്തലാഖിന്റെ കടുത്ത വിമർശകനായ ആരിഫ് മുഹമ്മദ് ഖാൻ എന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവ്, രാജീവ് ഗാന്ധിയോടു കലഹിച്ചിറങ്ങിയ മന്ത്രി, വിപി സിംഗ് മന്ത്രിസഭയില്‍ അംഗം; ബിജെപിയോടടുത്തത് ഇങ്ങനെ

മുസ്ലീം വിഭാഗങ്ങൾക്കിടയിലെ പുരോഗമന വാദി, മുത്തലാഖ് ഉള്‍പ്പെടെയുള്ള ആചാരങ്ങളുടെ കടുത്ത വിമർശകൻ. കേരള ഗവർണറായി കേന്ദ്രസർക്കാർ നിയോഗിച്ച ആരിഫ് മുഹമ്മദ് ഖാനെകുറിച്ച് ചുരുക്കി പറയാവുന്നതിങ്ങനെയാണ്. ഉത്തർ പ്രദേശ് സ്വദേശിയായ അരിഫ് മുഹമ്മദ് ഖാൻ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ബുലന്ദ്‌ഷഹറിലെ സിയാന നിയോജകമണ്ഡലത്തിൽ നിന്ന് ഭാരതീയ ക്രാന്തിദൾ പാർട്ടി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച അദ്ദേഹം പിന്നീട് നിയമസഭാംഗം, ലോക്സഭാംഗം, കേന്ദ്രമന്ത്രി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി സജീവ രാഷ്ട്രീയത്തിൽ‍ നിന്നും വിട്ടു നിന്ന ശേഷമാണ് ഇപ്പോൾ കേരള ഗവർണായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു, എന്നാൽ 1977 ൽ 26 ആം വയസ്സിൽ യുപിയിലെ നിയമസഭയിൽ അംഗമായി. ഇതിന് പിന്നാലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി. തുടർന്ന് 1980 ൽ കാൺപൂരിൽ നിന്നും 1984 ൽ ബഹ്‌റൈച്ചിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ഊർജ്ജ വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.

ഇതിനിടെയാണ് ലോക്‌സഭയിൽ രാജീവ് ഗാന്ധി സർക്കാർ മുസ്‌ലിം വ്യക്തിഗത നിയമ ബിൽ പാസാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായി. 1986 ൽ ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചു. വിധിക്കെതിരെ മുസ്ലിം മതപൗരോഹിത്യം ശക്തമായി രംഗത്ത് വരുകയും കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കോടതി വിധിക്കെതിരെ ബില്ല് പാസ്സാക്കിപ്പിക്കുകയും ചെയ്തു.

ഷാ ബാനു കേസിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ച് പാർലമെന്റിൽ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ട്രിപ്പിൾ ത്വലാഖിനെ എതിർത്ത ആരിഫ് 3 വർഷം തടവ് ശിക്ഷ ഏർപ്പെടുത്തണമെന്ന് വാദിച്ചു. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് നിർത്തലാക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വാദിച്ചു. ഇതിലും വിരുദ്ധ നിലപാടായിരുന്നു ഇരുവർക്കും. ഇതോടെ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. പിന്നാലെ 1986 ൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്ത് പോരുകയും ചെയ്തു.

അക്കാലത്ത് ശക്തരായിരുന്ന ജനതാ ദളിലായിരുന്നു പിന്നീട് അരിഫ് മുഫമ്മദ് ഖാൻ ചേക്കേറിയത്. 1989 ൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി പി സിംഗ് മന്ത്രിസഭയുടെ ഭാഗമായ ഖാൻ കേന്ദ്ര സിവിൽ ഏവിയേഷൻ ആൻഡ് എനർജി മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇതിനിടെ ജനതാദൾ വിട്ട് ബഹുജന സമാജ് പാർട്ടിയിൽ ചേർന്നു. പിന്നാലെ 1998 ൽ ബഹ്‌റൈച്ചിൽ നിന്ന് വീണ്ടും ലോക്സഭയിലെത്തി.

അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പ്രതിപക്ഷത്തായിരുന്നു അരിഫ് മുഹമ്മദ് ഖാൻ. പിന്നീട് 2004 ൽ ബിജെപിയിൽ ചേർന്നു. ബിജെപി ഭരണം തുടരുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട 2004 ൽ കൈസാർഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്ന് ആ വർഷം ബിജെപി സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനും അരിഫ് ഖാൻ തയ്യാറായി. എന്നാൽ പരാജയപ്പെടുകയായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തി യുപിഎ ഭരണത്തിൽ തിരിച്ചെത്തുകയും ചെയ്ത. മൂന്ന് വർഷം മാത്രമായിരുന്നു അരിഫ് മുഹമ്മദ് ഖാൻ ആ ബന്ധം തുടർന്നത്. പക്ഷപാതപരമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം 2007ൽ ബിജെപി വിട്ടു..

തുടർന്ന് 15 വർഷത്തോളം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന അദ്ദേഹം മുത്തലാഖിനെതിരായ നിയമ നിർമാണം ഉൾപ്പെടെ ശക്തമാക്കിയതോടെയാണ് വീണ്ടും ബിജെപിയോട് അടുക്കുന്നത്. കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബി.ജെ.പി.യുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും അരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ വ്യാപകമായി ചൂണ്ടിക്കാട്ടിയിരുന്നു. കത്തിനുള്ള സന്ദേശത്തിൽ പ്രധാനമന്ത്രി തന്റെ പ്രസംഗം ഉദ്ധരിച്ചെന്നായിരുന്നു ഇതിനോട് ഖാൻ പിന്നീട് പ്രതികരിച്ചത്.

ഇസ്ലാം നവീകരണത്തിലും പുരോഗമന നയ രൂപീകരണത്തിലും സജീവമായി ഇടപെട്ടിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹലില്‍ 1951 ലാണ് ജനിക്കുന്നത്. ഡൽഹിയിലെ ജാമിയ മില്ലിയ സ്കൂൾ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, അലിഗഡ്, ലഖ്‌നൗ സർവകലാശാലയിലെ ഷിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഖുറാനും സമകാലിക വെല്ലുവിളികളും എന്ന പേരിലുള്ള അദ്ദേഹത്തിന്റെ രചന 2010 ലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിരുന്നു. സൂഫിസവുമായി ബന്ധപ്പെട്ട ലേഖനങ്ങളും കോളങ്ങളും ആരിഫ് മുഹമ്മദ് ഖാന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മുത്തലാഖ് ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ നിയമ നിർമാണങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നിട്ടുള്ള കേരളത്തിലാണ് രണ്ടാം മോദി സർക്കാറിന്റെ ശുപാർശ അനുസരിച്ച് ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി


Next Story

Related Stories