Top

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം ആരംഭിച്ചു

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം ആരംഭിച്ചു
ആര്‍ത്തവത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ സാംസ്‌കാരിക കൂട്ടായ്മ കൊച്ചി വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ചു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കൂട്ടായ്മ. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന കാമ്പെയ്‌നിംഗ് ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്, അധ്യാപകനും എഴുത്തുകാനുമായ സുനില്‍ പി ഇളയിടം, ദളിത് സാമൂഹ്യ പ്രവര്‍ത്തക മൃദുലാ ദേവി, സാമൂഹിക നിരീക്ഷകന്‍ എംജെ ശ്രീചിത്രന്‍, എഴുത്തുകാരന്‍ എസ് ഹരീഷ്, സുജ സൂസന്‍ ജോര്‍ജ്, ടി.എസ്. ശ്യാം കുമാര്‍, ശ്രീജ അറങ്ങോട്ടുകര, ഡോ.ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടനവധി പേര്‍ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്.

തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പ്രതിസാംസ്‌കാരികത നാമജപഘോഷങ്ങളായി തെരുവുകളില്‍ നമ്മെ നാം നാണം കെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ക്ഷേത്രങ്ങളിലെ സവര്‍ണ്ണജാതിക്കോയ്മകളെ മാത്രമല്ല നാമജപ ഘോഷയാത്ര സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമടങ്ങുന്ന മനുഷ്യരോട് നീതിപുലര്‍ത്തുന്ന ഒരു നവകേരളത്തിനായുള്ള സമരങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ചെറുക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനുള്ള സാമുദായിക - രാഷ്ട്രീയ സമ്മര്‍ദ്ദമാണ് എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടന്ന ആര്‍ത്തവ ലഹള. ഇതിനെ ചെറുക്കാന്‍ നമ്മള്‍ക്കാകണമെന്നും സംഘാടകസമിതിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

അതിനുമപ്പുറം നമുക്കിടയില്‍ വ്യാപിച്ചു നില്‍ക്കുന്ന പ്രതിലോമ സാംസ്‌ക്കാരികതയുടെ അവശിഷ്ടങ്ങള്‍ തുടച്ചു നീക്കാനാകും വിധം നവോത്ഥാന ജാഗ്രതയെ ശക്തിപ്പെടുത്തണം. ആര്‍ എസ് എസും ബി ജെ പിയും ചേര്‍ന്ന് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണ വിപത്തിനെയും അതിന്റെ സാമ്പത്തിക അജന്‍ഡകളെയും തുറന്നു കാട്ടണം. മതേതര- പുരോഗമന പ്രസ്ഥാനങ്ങളെയെല്ലാം ഈ പോരാട്ടത്തില്‍ ഒന്നിച്ചണിനിരത്തണം. ജാതി-മത വിഭാഗീയതകള്‍ തീണ്ടാത്ത ഒരു പുതുതലമുറ നയിക്കുന്ന സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്കായി പ്രായോഗികമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും ഇവര്‍ പറയുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന്റെ കാഹളമറിയിച്ച് ഇന്നലെ വൈകിട്ട് 4 മണിക്ക് എറണാകുളം പബ്‌ളിക് ലൈബ്രറിയ്ക്കു സമീപം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നു.

തൊട്ടുകൂടാം എന്നാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ മുദ്രാവാക്യം. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം തൊട്ടുകൂടായ്മകളും തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍പ്പോ ആര്‍ത്തവം എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള സ്വീകാര്യതയും പ്രചരണവുമാണ് ഈ കൂട്ടായ്മയ്ക്ക് ലഭിച്ചത്. വിവിധ കലാ സാംസ്‌കാരിക പരിപാടികളും കാമ്പെയ്‌നിംഗിന്റെ ഭാഗമായി അരങ്ങേറും. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍ത്തവത്തെക്കുറിച്ചും അതിനെച്ചൊല്ലിയുള്ള അയിത്തത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഘടനയായ റെഡ് സൈക്കിള്‍, ഫെയിസ് സീരീസ്, തമിഴ്‌നാട്ടിലെ അയിത്തത്തിനെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓം, ഹാപ്പി ടു ബ്ലീഡ് തുടങ്ങിയ നിരവധി സംഘടനകളും കൂട്ടായ്മകളും കാമ്പെയ്‌നിംഗിന്റെ ഭാഗമാകും.

https://www.azhimukham.com/kerala-brahmanism-dominated-hinduism-kill-their-criticisers-always-sunny-m-kapicadu-talking-on-sabarimala-women-entry-issue/

https://www.azhimukham.com/trending-hindu-fundamentalism-and-political-islam-must-be-opposed-in-the-same-manner-says-sunil-ilayidom/

https://www.azhimukham.com/kerala-gandhi-killers-can-easily-kill-me-sunil-p-ilayidam-interview-by-arun-t-vijayan/

Next Story

Related Stories