UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നല്ല മാര്‍ക്കും പണവും കിട്ടും; ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ച അധ്യാപിക അറസ്റ്റില്‍

സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ചാനസിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടു

ഉയര്‍ന്ന മാര്‍ക്കിനും ഒപ്പം പണത്തിനും വേണ്ടി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ച വനിത പ്രൊഫസറെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ഉത്തരവിടുകയും ചെയ്തു. മധുര കാമരാജ് സര്‍വകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന വിരുദനഗര്‍ ജില്ലയിലെ അറുപ്പുക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ദേവാംഗ ആര്‍ട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.

നിര്‍മല ദേവിയുമായി ബന്ധപ്പെട്ട വിവാദം ഒരു മാസത്തിനു മുമ്പേ കോളേജ് അധികൃതര്‍ അറിഞ്ഞിരുന്നെങ്കിലും പൊതുശ്രദ്ധയില്‍ വിഷയം വരുന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. നിര്‍മല ദേവി ചില വിദ്യാര്‍ത്ഥികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നതോടെയാണ് വിഷയം വെളിയില്‍ അറിഞ്ഞത്. വിദ്യാഭ്യാസ ഉദ്യോഗസ്ഥരോട് സഹകരിച്ചാല്‍ 85 ശതമാനത്തോളം മാര്‍ക്കും ഒപ്പം പണവും ലഭിക്കുമെന്നാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ നിര്‍മല ദേവി വിദ്യാര്‍ത്ഥിനികളെ ഉപദേശിക്കുന്നത്. ഈ സംഭാഷണം പുറത്തു വന്നതോടെ കോളേജ് അധികൃതരും ഒരു പ്രാദേശിക വനിത സംഘടനയും അധ്യാപികയ്‌ക്കെതിരേ പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച പൊലീസ് നിര്‍മല ദേവിയെ അറസ്റ്റ് ചെയ്തു.

നിര്‍മല ദേവിയുടെ അറസ്റ്റ് വലിയ നാടകീയാന്തരീക്ഷതത്തില്‍ ആയിരുന്നു നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ നിര്‍മല ദേവി വീട് പൂട്ടി അകത്തിരുന്നു. തുറക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതിനെ തുടര്‍ന്ന് അമ്പതോളം പൊലീസുകാര്‍ ചേര്‍ന്ന് വിടിന്റെ പുറകു വാതില്‍ പൊളിച്ച് അകത്തു കടന്നാണ് ഇവരെ പിടികൂടിയത്.

റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസര്‍ ആര്‍. സന്താനത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഉന്നതല അന്വേഷം നടക്കുകയെന്ന് ഗവര്‍ണറുടെ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷ കിട്ടാതെ രക്ഷപ്പെടാന്‍ അവസരം ഉണ്ടാക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയം ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയപ്രശ്‌നമായും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളൊക്കെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

തങ്ങള്‍ അസിസ്റ്റന്റ് പ്രൊഫസറെ ഒരു മാസം മുമ്പ് തന്നെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷം ആരംഭിച്ചിരുന്നുവെന്നുമാണ് കോളേജ് പറയുന്നത്. മൂന്ന് പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മല ദേവിക്കെതിരേ അന്വേഷണം നടത്തിയതെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ എന്നും കോളേജ് സെക്രട്ടറി രാമസ്വാമി പറയുന്നു. എന്നാല്‍ താന്‍ ലൈംഗികബന്ധത്തിന് വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചിട്ടില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് കുട്ടികളെ ഉപദേശിച്ചതെന്നുമായിരുന്നു നിര്‍മല ദേവി തങ്ങളോട് വ്യക്തമാക്കിയതെന്നും കോളേജ് അധികൃതര്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍