TopTop

കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ കൂട്ടത്തല്ല്: 'ആരും ഓടരുത്..' എന്ന് നേതാക്കളുടെ അനൗണ്‍സ്‌മെന്റ്

കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ കൂട്ടത്തല്ല്:
ആലപ്പുഴയില്‍ ശനിയാഴ്ച നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനൊടുവില്‍ നടന്നത് കൂട്ടത്തല്ല്. കെ.എസ്.യു രൂപീകൃതമായ ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഗമം എന്ന വിശേഷണവുമായി നടത്തിയ സമ്മേളനമാണ് കൂട്ടത്തല്ലില്‍ അലങ്കോലമാക്കിയത്. അതേസമയം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഡിസിസി പ്രസിഡന്റ് എം ലിജു ആരോപിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. ചെന്നിത്തലയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. എന്‍.എസ്.യു ദേശീയ പ്രസിഡന്റ് ഫിറോസ് ഖാനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. സമര കാഹളം എന്ന് പേരിട്ട സമ്മേളനം ജയ്ഹിന്ദ് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് നല്‍കിയിരുന്നു. മാവേലിക്കര എംപി കുടിക്കുന്നില്‍ സുരേഷ് സമ്മേളനത്തെ അഭിവാദ്യം ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സമ്മേളന ഗ്രൗണ്ടിന്റെ പിന്‍ഭാഗത്തിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ വെളിച്ചമില്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നില്ല. ഇതിനിടെ പ്രവര്‍ത്തകരാരും വേദി വിട്ട് പോകരുതെന്ന് കൊടിക്കുന്നിലും കെ.എസ്.യു പ്രവര്‍ത്തകര്‍ ആരും ഓടരുതെന്ന് ഷാനിമോള്‍ ഉസ്മാനും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ 'ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍?'

ഗ്രൗണ്ടിലെ വെളിച്ചമിടാന്‍ നേതാക്കള്‍ ലൈറ്റ് ആന്‍ഡ് സൗണ്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നതും കേള്‍ക്കാമായിരുന്നു. ആരും പ്രകോപിതരാകരുതെന്നും പെണ്‍കുട്ടികള്‍ സ്റ്റേജിന് സമീപത്തേക്ക് നീങ്ങി നില്‍ക്കണമെന്നുമെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നതും കേള്‍ക്കാമായിരുന്നു. പുറത്ത് പോലീസ് സഹായത്തിനുണ്ടെന്നും ഞങ്ങള്‍ നേതാക്കള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നുമെല്ലാമാണ് കുട്ടിനേതാക്കന്മാര്‍ക്ക് മുതിര്‍ന്ന നേതാക്കന്മാര്‍ ധൈര്യം പകരാന്‍ ശ്രമിച്ചത്. അതേസമയം ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവ് ആയി പോയിരുന്നതിനാല്‍ കെ.എസ്.യുവിനും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തന്നെയും നാണക്കേടാകുകയും ചെയ്തു. ലൈവിന്റെ തുടക്കത്തില്‍ തന്നെ പലര്‍ക്കും അറിയാനുണ്ടായിരുന്നത് എപ്പോഴാണ് അടി തുടങ്ങുന്നതെന്നായിരുന്നു. സമീപകാലത്ത് കെ.എസ്.യു പങ്കെടുത്ത ഒട്ടുമിക്ക പരിപാടികളും അവരുടെ പരസ്പരമുള്ള തമ്മില്‍ തല്ലില്‍ അവസാനിക്കുന്നതാണ് ഇത്തരമൊരു ചോദ്യം ഉയരാന്‍ കാരണമായത്. എന്നാല്‍ അതിലും ദയനീയമായിരുന്നു ആലപ്പുഴയില്‍ കണ്ട കാഴ്ച. 45 മിനിറ്റ് നീണ്ടു നിന്ന ജയ്ഹിന്ദിന്റെ വീഡിയോയുടെ അവസാന പത്ത് മിനിറ്റിലാണ് അടി നടക്കുന്നത്. സാഹചര്യം മാറിയപ്പോള്‍ ലൈവ് ഓഫാക്കാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. ഒടുവില്‍ അടി നടക്കുന്ന ഗ്രൗണ്ടില്‍ വെളിച്ചം വന്നപ്പോള്‍ മറിഞ്ഞുകിടക്കുന്ന കസേരകള്‍ മാത്രമാണ് കാണാനുണ്ടായിരുന്നത്. അപ്പോഴേക്കും വേദിയിലെ വെളിച്ചം പോകുകയും ചെയ്തു.

അപ്പോഴും പെണ്‍കുട്ടികള്‍ സ്റ്റേജിന്റെ അരികിലേക്ക് നീങ്ങി നില്‍ക്കണമെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്തിട്ട് അച്ചടക്കത്തോടെ തിരികെ വന്നിരിക്കണമെന്നുമെല്ലാം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതിനിടെ ഏതാനും പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് ചാടിക്കയറുകയും ചെയ്തു. പിന്നെ ഇവരെ താഴെയിറക്കാനായി നേതാക്കളുടെ ധൃതി. പെണ്‍കുട്ടികളല്ലാത്തവര്‍ സ്റ്റേജില്‍ നിന്നുമിറങ്ങണമെന്നായിരുന്നു ആവശ്യം. എന്തായാലും കൊട്ടിഘോഷിച്ച് നടത്താനൊരുങ്ങിയ സമ്മേളനം അലങ്കോലമായതിന്റെ നാണക്കേടിലാണ് കോണ്‍ഗ്രസ്, കെ.എസ്.യു നേതൃത്വങ്ങള്‍. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് ലിജു ആരോപിക്കുന്നത്. അതേസമയം സമ്മേളന നഗരിയിലേക്ക് പ്രകടനമായി വരുന്നതിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡരികിലുണ്ടായിരുന്ന ഏതാനും സിപിഎം കൊടികള്‍ നശിപ്പിച്ചിരുന്നു. ഏതാനും കൊടികള്‍ വലിച്ച് താഴെയിട്ടതായി ലിജുവും സമ്മതിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയാണ് സമ്മേളന സ്ഥലത്ത് നടന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


Next Story

Related Stories