TopTop
Begin typing your search above and press return to search.

രണ്ടുവയസ്സുകാരിയുടെ മുഖം വാർത്തയിൽ കണ്ടതിന്റെ വേദനയിലാണ് ഈ എഴുത്ത്; എന്നാണ് നാം സുരക്ഷിതമായി യാത്ര ചെയ്യാന്‍ പഠിക്കുക?

രണ്ടുവയസ്സുകാരിയുടെ മുഖം വാർത്തയിൽ കണ്ടതിന്റെ വേദനയിലാണ് ഈ എഴുത്ത്; എന്നാണ് നാം സുരക്ഷിതമായി യാത്ര ചെയ്യാന്‍ പഠിക്കുക?

ഒരേ സമയം വേദനാജനകവും, ഞെട്ടിക്കുന്നതുമായ ഒരു വാർത്തയാണ് ഇന്നത്തെ ദിവസം കേരളത്തെ സ്വാഗതം ചെയ്തത്. വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി രണ്ടു വയസ്സുകാരി മരണപ്പെട്ടു. റിപ്പോർട്ടുകൾ പറയുന്നത് അദ്ദേഹം മകളെ മടിയിൽ വച്ച് ടൊയോട്ട ഇന്നോവാ കാറിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്നു എന്നാണ്. ബാലഭാസ്‌ക്കറിനും ഡ്രൈവർക്കും പിൻസീറ്റിലിരുന്നിരുന്ന ഭാര്യയ്ക്കും സാരമായ പരിക്കുകളുണ്ട്. സുരക്ഷാമാനകങ്ങളിൽ ഒട്ടും മോശമല്ലാത്ത വാഹനമാണ് ഇന്നോവ. ഒരുപക്ഷെ മൂന്നുപേരുടെ ജീവൻ രക്ഷപ്പെട്ടത് കാറിന്റെ സുരക്ഷാഗുണങ്ങൾ കൊണ്ടായിരിക്കാം എന്ന് പ്രാഥമിക അനുമാനങ്ങളിൽ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ഒരു സ്ഥിരം വാർത്തയാണ്. പലപ്പോഴും അശ്രദ്ധ മാത്രമാണ് തൊണ്ണൂറു ശതമാനം അപകടങ്ങളുടെയും കാരണം.

വാഹനങ്ങളിലെ സുരക്ഷാ മുന്നറിയിപ്പുകളെ കുറിച്ച് വൈശാഖൻ തമ്പിയുടെ കുറിപ്പ്

എല്ലാ വാഹനങ്ങൾക്കും അവയുടേതായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. ഷോക്ക് അബ്സോർബർ മുതൽ എയർബാഗും ABS-ഉം EBD-യും ഒക്കെ അതിൽ പെടും. വണ്ടിയുടെ വില, നിർമ്മാതാവിന്റെ തീരുമാനം തുടങ്ങിയ വ്യത്യാസങ്ങൾ കാരണം ഇവ പല വാഹനങ്ങളിലും വ്യത്യസ്തമായേക്കാം. അപ്പോഴും വാഹനരൂപകല്പനയിലെ സുരക്ഷാ ഫീച്ചറുകൾ, വാഹന ഉപയോഗത്തിലെ സുരക്ഷിത പെരുമാറ്റരീതിയെ അടിസ്ഥാനമാക്കിയുള്ളവയാണ്. അതായത് ഒരു എൻജിനീയർ (അല്ലെങ്കിൽ വാഹന നിർമാതാവ്) ഒരു സുരക്ഷാഫീച്ചർ നിങ്ങൾക്ക് മുന്നിലേയ്ക്ക് വയ്ക്കുമ്പോൾ, അത് ഉറപ്പുതരുന്ന സുരക്ഷ ഉപാധിയോടെയുള്ളതാണ്. വാഹനം ഏത് രീതിയിൽ ഉപയോഗിക്കാനാണോ രൂപകല്പന ചെയ്തിരിക്കുന്നത് ആ രീതിയിൽ തന്നെ നിങ്ങൾ ഉപയോഗിക്കണം എന്നതാണ് ആ ഉപാധി. ഒരു ഇരുചക്രവാഹനത്തിലെ ഏത് സുരക്ഷാ സംവിധാനവും, പരമാവധി രണ്ടുപേർ മാത്രമേ അതിൽ സഞ്ചരിക്കുന്നുള്ളൂ, സഞ്ചരിക്കുന്നവർ ഹെൽമറ്റ് വയ്ക്കുന്നു, വേഗപരിധി സൂക്ഷിക്കുന്നു, എന്നിങ്ങനെയുള്ള ഉപാധികളോടെ മാത്രം പ്രവർത്തിക്കുന്നതാണ്. വാഹനങ്ങളുടെ മാന്വൽ വായിക്കുന്ന അപൂർവ ശീലമുള്ളവർക്ക് 'ഇത് പാലിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം' എന്ന കടുത്ത ഭാഷയിലെ മുന്നറിയിപ്പ് പരിചിതമായിരിക്കും.

'എന്റെ വണ്ടിയിൽ പത്ത് എയർബാഗുണ്ട്' എന്നൊക്കെ ആത്മവിശ്വാസത്തോടെ പറയുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ അവരിൽ എത്രപേർ മേൽപ്പറഞ്ഞ ഉപാധികളെ കുറിച്ച് ബോധ്യമുള്ളവരാണ് എന്ന് സംശയമുണ്ട്. ചില മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ എയർബാഗ് സുരക്ഷയ്ക്ക് പകരം ദുരന്തമാണ് ഉണ്ടാക്കുക. ഒരു കൂട്ടിയിടി നടക്കുമ്പോൾ യാത്രക്കാർ മുന്നിലേയ്ക്ക് ആഞ്ഞിടിച്ച് ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് എയർബാഗ് വെയ്ക്കുന്നത്. കൂട്ടിയിടി നടക്കുമ്പോൾ നിമിഷാർദ്ധങ്ങൾക്കുള്ളിൽ നിങ്ങളുടെ മുന്നിൽ വീർത്ത് വരുകയും ചുരുങ്ങുകയും ചെയ്യേണ്ട ജോലിയാണ് അവയ്ക്കുള്ളത്. അങ്ങനെ ആഘാതം ലഘൂകരിക്കുന്ന ഒരു കുഷ്യൻ പോലെ അത് പ്രവർത്തിക്കും. ഒരു സെക്കൻഡിന്റെ 25-ൽ ഒരംശം സമയം കൊണ്ട് ഡാഷ്ബോർഡിന്റെയോ സ്റ്റിയറിങ്ങ് വീലിന്റെയോ ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്ന് വീർത്ത് വലുതാകുന്ന ബാഗിന്റെ വരവ് ഊഹിക്കാമോ? ഏതാണ്ട് 300 km/h വേഗത്തിലായിരിക്കും അത് നിങ്ങളുടെ നേർക്ക് വരുന്നത്. നിങ്ങൾ അതിൽ നിന്നും എത്ര അകലത്തിലാണ് എന്നത് ഇവിടെ പ്രധാനമാണ്. എയർബാഗിനോട് വളരെ അടുത്തായാൽ അത് തന്നെയായിരിക്കും ആദ്യം ആഘാതമേൽപ്പിക്കുക (ഒരുപാട് അകലെയായാൽ അതിന്റെ ഉദ്ദേശിക്കപ്പെട്ട ഫലം കുറയുകയും ചെയ്യും).**

എയർബാഗുകൾ കാരണം അപകടത്തിൽ പെട്ടിട്ടുള്ളതിൽ ഭൂരിഭാഗവും കുട്ടികളാണ് എന്നതാണ് ചരിത്രം. കാറുകളുടെ മുൻ സീറ്റിലിരിക്കുന്ന ആളിന്റെ മടിയിൽ ഡാഷ്ബോഡിനോട് ചേർന്ന് ഇരിക്കുന്ന കുഞ്ഞുകുട്ടികൾ നമ്മുടെ റോഡിലെ പേടിപ്പിക്കുന്ന സ്ഥിരംകാഴ്ചയാണ്. അക്കൂട്ടത്തിൽ ഒരു രണ്ടുവയസ്സുകാരിയുടെ മുഖം ഇന്ന് രാവിലെ വാർത്തയിൽ കണ്ടതിന്റെ വേദനയാണ് ഈ എഴുത്തിന് പ്രചോദനവും. വിദേശരാജ്യങ്ങളിൽ നിശ്ചിത പ്രായത്തിൽ (പത്തോ പന്ത്രണ്ടോ വയസ്സ്) താഴെയുള്ള കുട്ടികൾ കാറിന്റെ മുൻസീറ്റിൽ യാത്ര ചെയ്താൽ തന്നെ അത് ശിക്ഷാർഹമായ കുറ്റമാണ് എന്നറിയുക. ചെറിയ കുട്ടികളെ പിന്നിൽ, ബേബി സീറ്റിൽ തന്നെ ഇരുത്തണം എന്നാണ് ചട്ടം. നമ്മളോ? രണ്ടിഞ്ച് മാത്രം തറയിൽ തട്ടി ഇരുചക്രത്തിൽ ഓടുന്ന വണ്ടിയിൽ മുന്നിലും പിന്നിലും കുട്ടികളെ നിർത്തി ഡാൻസ് ചെയ്യിച്ചുകൊണ്ട് ഓവർസ്പീഡിൽ പോകും! ഇനി എന്നാണ് ഈ ചോരക്കളി നിർത്തി സുരക്ഷിതമായി സഞ്ചരിക്കാൻ നമ്മൾ പഠിയ്ക്കുക?!

Facebook Post : Vaisakan Thampi


Next Story

Related Stories