TopTop

ശബരിമലയ്ക്ക് പോകണമെന്നുള്ളവര്‍ പോകട്ടെ, സ്വവര്‍ഗാനുരാഗം താല്‍പര്യമുള്ളവര്‍ ചെയ്യട്ടെ, അതല്ലേ ജനാധിപത്യം?: അയൂബ് മൗലവി

ശബരിമലയ്ക്ക് പോകണമെന്നുള്ളവര്‍ പോകട്ടെ, സ്വവര്‍ഗാനുരാഗം താല്‍പര്യമുള്ളവര്‍ ചെയ്യട്ടെ, അതല്ലേ ജനാധിപത്യം?: അയൂബ് മൗലവി
ശബരിമല സ്ത്രീപ്രവേശനം, സ്വവര്‍ഗ്ഗാനുരാഗം, വിവാഹേതര ലൈംഗിക ബന്ധം എന്നിവ സംബന്ധിച്ച സുപ്രിംകോടതി വിധിയെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് അയൂബ് മൗലവി. കേരള യുക്തിവാദി സംഘത്തിന്റെ ഇടുക്കി ജില്ലാ വാര്‍ഷികവും മുട്ടം ശ്രീനി അനുസ്മരണവും ആചരിക്കുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്ണായി ജനിച്ചാല്‍ മരിക്കുവോളം കണ്ണീര് മാത്രമേ ബാക്കിയുള്ളൂവെന്ന് വൈക്കം മുഹമ്മദ് ബഷീറാണ് പറഞ്ഞത്. കോടതി പറയുന്നത് നിങ്ങളെ പോലെ മജ്ജയും മാംസവുമുള്ള മനുഷ്യരാണ് സ്ത്രീകളുമെന്നാണ്. ഒരുപാട് കാലം പിന്നോട്ട് പോയാല്‍ അങ്ങാടിയില്‍ സ്ത്രീകളെ അടിമകളെന്ന് പറഞ്ഞ് വില്‍പ്പന നടത്തിയിരുന്ന കാലം കാണാന്‍ സാധിക്കും. അക്കാലമല്ല ഇനിയുള്ളത് അവര്‍ക്കും പൗരാവകാശമുണ്ട്. തിരിച്ച് പറഞ്ഞാല്‍ ഫെമിനിച്ചിയെന്ന പേര് വിളിക്കും.

കോടതിയുടെ ഓരോ വിധിയും ശ്ലാഘനീയമാണ്. അതുപോലെയാണ് 377-ാം വകുപ്പിലെ സ്വവര്‍ഗ്ഗരതി അംഗീകരിക്കുന്ന ഉത്തരവും. എന്താണ് സ്വവര്‍ഗ്ഗരതി. ഒരു ആണിന് പെണ്ണിനെ കാണുമ്പോള്‍ വികാരമുണ്ടാകും. പെണ്ണിന് ആണിനെ കാണുമ്പോഴും ഇതുണ്ടാകും. അതുപോലെ തന്നെയാണ് ആണായി ജനിക്കുകയും എന്നാല്‍ പെണ്ണിന്റെ സ്വഭാവമുണ്ടാകുകയും ചെയ്യുന്നവരുടെയും വികാരം. ജന്മം കൊണ്ട് സംഭവിക്കുന്നതാണ് അത്. ഇത്രയും കാലം തെരുവോരങ്ങളില്‍ അവരെ കണ്ടാല്‍ ആട്ടിയോടിക്കുകയും തല്ലുകയും ചെയ്തിരുന്ന കാലത്തു നിന്നും അവരും നമ്മളെ പോലെ മനുഷ്യരാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം. നമ്മളും പ്രകൃതിയുടെ ഭാഗമാണെങ്കില്‍ അവരും പ്രകൃതിയുടെ ഭാഗമാണ്. വീട്ടുകാരും നാട്ടുകാരുമെല്ലാം തള്ളിക്കളയുമ്പോള്‍ ഒന്നുകില്‍ ആത്മഹത്യ. അല്ലങ്കില്‍ മുംബൈയിലെ റെഡ്‌സ്ട്രീറ്റില്‍ ലൈംഗിക തൊഴിലാളിയായി ജീവിക്കും. ഈ രാജ്യത്ത് എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമില്ലേ? ഇന്നിപ്പോള്‍ ഈ നാട്ടില്‍ അവരെ ആരും ആട്ടിയോടിക്കുന്നില്ല. അവര്‍ക്കും ഇവിടെ അവകാശമുണ്ടെന്ന് ആളുകള്‍ മനസിലാകുന്നുണ്ട്.

നമ്മുടെ രാജ്യത്ത് വിവാഹം ചെയ്യാനുള്ള അവകാശമില്ലെങ്കിലും അവരെ കല്ലെറിയാതെയെങ്കിലും ഇരിക്കണ്ടെ? ചീത്ത വിളിച്ച് സ്വന്തം അമ്മമാര്‍ പോലും ഓടിക്കുകയായിരുന്നു. കോടതി വിധി ചരിത്രത്തിന്റെ വിധിയാണെന്ന് പറയുന്നത് അവിടെയാണ്.

നാല് വിധികള്‍ ഇത്തരത്തില്‍ ചരിത്രത്തിന്റെ വിധിയാണ്. ഒന്ന് ശബരിമല പ്രശ്‌നം. കോടതി നിരീക്ഷിക്കുന്നത് ആണും പെണ്ണും തുല്യരാണെന്നാണ്. ആണും പെണ്ണുമല്ലാത്തവരും ഇവിടെയുണ്ട്. അവര്‍ക്കും അയ്യപ്പനോട് പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അതിനുള്ള അവസരം ഇവിടെയുണ്ടാകണം. രണ്ട് മുത്തലാഖ്. മുത്തലാഖ് നിരോധിച്ചാലും ഒരു ആക്ട് കൊണ്ടുവരേണ്ടത് തോന്നുന്നത് പോലെ പെണ്ണിനെ ഉപേക്ഷിക്കാനല്ല. മറിച്ച് കോടതി മുഖാന്തരമായിരിക്കണം. അതിന് തക്കതായി കാരണമുണ്ടായിരിക്കണം എന്നതാണ്. മൂന്ന് വിവാഹേതര ലൈംഗിക ബന്ധമെന്നത് താന്തോന്നിത്തരത്തിനുള്ളതല്ല. സ്ത്രീയ്ക്കും ഒരു ലൈംഗികപരമായ സ്വാതന്ത്ര്യമുണ്ട് ഒരു അധികാരമുണ്ടെന്ന് തിരിച്ചറിയുകയും അവളും നമ്മളെ പോലെ പൗരയാണെന്ന ബോധമുണ്ടാക്കുകയും ചെയ്യുക. മറ്റൊന്ന് സ്വവര്‍ഗ രതി. നിങ്ങള്‍ക്ക് സ്വവര്‍ഗ രതിക്ക് താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ പോകണ്ട. ഗാന്ധിജി പറഞ്ഞ ജനാധിപത്യമെന്താണ്? ഒരു കളിയില്‍ തോറ്റവരുമുണ്ടാകും ജയിച്ചവരുമുണ്ടാകുമെന്നാണ്. തോല്‍ക്കാന്‍ കാരണം ജയിച്ചവരാണ്. ജയിക്കാന്‍ കാരണം തോറ്റവരാണ്. അതുപോലെ സ്വവര്‍ഗരതിക്ക് താല്‍പര്യമില്ലാത്തവര്‍ അതിന് പോകേണ്ട. പക്ഷെ താല്‍പര്യമുള്ളവര്‍ക്ക് ഈ വിധി വേണ്ടേ? അവര്‍ക്ക് ജീവിക്കണ്ടേ?

ശബരിമലയ്ക്ക് പോകണമെന്നുള്ളവര്‍ക്ക് പോകാം. പോകേണ്ടെന്നുള്ളവര്‍ക്ക് പോകാതെയുമിരിക്കാം. പോകണ്ടാന്നുള്ളവര്‍ ലോകത്താരും പോകണ്ടന്ന് പറയുന്നത് എന്ത് നിയമമാണ്? ഇതൊരു ഫാസിസമല്ലേ? ഫാസിസമെന്ന് പറയുന്നത് നമ്മള്‍ മാത്രമുണ്ടാകുക. നമുക്ക് വേണ്ടി മാത്രം നിയമമുണ്ടാക്കുക എന്നതാണ്. അത് ശരിയല്ല. ഇത് ജനാധിപത്യ രാജ്യമാണ്- അയൂബ് മൗലവി പറഞ്ഞു.

https://www.azhimukham.com/vayicho-trending-neither-man-nor-women-should-be-allowed-sabarimala-womensentry/

https://www.azhimukham.com/kerala-sabarimala-women-entry-vellappally-speaking/

https://www.azhimukham.com/offbeat-villuvandi-yathra-dalit-tribal-class-must-come-and-fight-to-destroy-brahmanical-hierarchy-in-sabarimala-m-geethanandan-talking/

Next Story

Related Stories