TopTop
Begin typing your search above and press return to search.

തെറ്റുപറ്റാത്തവര്‍ ആരാണുള്ളത്? സിനിമയിലുള്ളവരും മനുഷ്യരല്ലേ? ബാബുരാജിനും പറയാനുണ്ട്

തെറ്റുപറ്റാത്തവര്‍ ആരാണുള്ളത്? സിനിമയിലുള്ളവരും മനുഷ്യരല്ലേ? ബാബുരാജിനും പറയാനുണ്ട്

ഹണീ ബീ2 എന്ന ചിത്രം തുടക്കം മുതലേ വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അതിലെ ഒരു നടി ക്രൂരമായ ആക്രമണത്തിന് ഇരയായി. ആ കേസില്‍ മലയാളത്തിലെ ഒരു പ്രധാന നടന്‍ തന്നെ അറസ്റ്റിലായി. ഇപ്പോളിതാ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ മറ്റൊരു കേസില്‍പ്പെട്ടിരിക്കുന്നു. ഈ ചിത്രത്തില്‍ തന്നെ അഭിനയിച്ച ഒരു നടിയോട് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയെന്നാണ് കേസ്.

ഹണീ ബീയുടെ രണ്ട് ഭാഗങ്ങളിലും ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ബാബുരാജ്. ഇതൊരു തെറ്റായ കേസാകാനേ സാധ്യതയുള്ളൂവെന്നാണ് ബാബുരാജ് ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിനോട് ഇതേക്കുറിച്ച് പറയുന്നത്. ജീന്‍പോളിനെ തനിക്ക് അടുത്തറിയാം. ഇക്കാര്യം വിളിച്ചു ചോദിച്ചിരുന്നു. ഹണീ ബീ2ലെ ഒരു വേഷത്തിലേക്ക് ഈ നടിയെ പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയില്ല. ഇതിന്റെ ദേഷ്യമാണ് ഇപ്പോഴത്തെ കേസിന് പിന്നിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബാബുരാജ് പറയുന്നു.

ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് വലിയ വിഷയങ്ങളിലെ ശ്രദ്ധ നഷ്ടപ്പെടുത്തും. ഏതൊരു സ്ത്രീയ്ക്കും അപകടം സംഭവിക്കുന്നതിനോട് താന്‍ എതിരാണ്. എങ്കിലും മാന്തി എന്നു പറയുന്നതും വെട്ടി എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കുറച്ചു കഴിയുമ്പോള്‍ ആളുകള്‍ക്ക് ഇത് മടുക്കും. പരാതിക്കാര്‍ കള്ളം പറയുന്നുവെന്നേ അവര്‍ കരുതൂ. യഥാര്‍ത്ഥ ഇരയ്ക്ക് പോലും നീതി ലഭിക്കാത്ത അവസ്ഥയും ഇത്തരം കാരണങ്ങളാല്‍ ഉണ്ടായേക്കും. ദിലീപിന്റെയും എംഎല്‍എയുടെയും അറസ്റ്റ് സജീവമായി നിലനില്‍ക്കുന്നതുകൊണ്ടാണ് ഇതിന് ഇത്രയും പ്രാധാന്യം ലഭിച്ചത്.

ജീന്‍പോളും കൂട്ടുകാരും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ, ഹണീ ബീയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് ആറ് മാസമായി. ഇത്രയും കാലം ഈ കുട്ടി എവിടെയായിരുന്നു. ഇത്രയും കാലം വേണ്ടിവന്നോ ഒരു പരാതി നല്‍കാന്‍. താന്‍ ഒരു നിയമ ബിരുദധാരിയാണ്. അശ്ലീലച്ചുവയോടെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ പറയാതെ ഇത്രയും കാലം കാത്തിരുന്നത് എന്തിനാണ്. സിനിമയുടെ സ്വാധീനം കണ്ടാണ് പറയാതിരുന്നതെന്ന് പറഞ്ഞാല്‍ ശരിയാകില്ല. അങ്ങനെ പേടിച്ചാല്‍ എങ്ങനെയാണ് ശരിയാകുന്നത്. അന്ന് ഇല്ലാതിരുന്ന ധൈര്യം ഇപ്പോള്‍ എങ്ങനെയാണുണ്ടായത്.

പരദൂഷണം കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. സിനിമയുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും. അപ്പുറത്തെ വീട്ടിലെ ഭാസ്‌കരന്‍ ചേട്ടന്റെ കാര്യമാണെങ്കില്‍ അറിയാന്‍ ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇത്ര താല്‍പര്യം കാണുമോ? തീര്‍ച്ചയായും ഉണ്ടാകില്ല. ദിലീപ് വിഷയം വന്നതിന് ശേഷം ടിവി സീരിയലുകളുടെ റേറ്റിംഗ് പോലും താഴെയായി എന്നാണ് അറിഞ്ഞത്. തെറ്റുപറ്റാത്തര്‍ ആരാണുള്ളത്. സിനിമയിലുള്ളവരും മനുഷ്യരല്ലേ?

ഹണീ ബീയുടെ ഷൂട്ടിംഗ് സെറ്റ് വളരെ ഫ്രീ ആയിരുന്നു. സംവിധായകര്‍ക്ക് അനുസരിച്ചായിരിക്കും സിനിമയുടെ സെറ്റുകളും. കുറച്ച് മുതിര്‍ന്ന സംവിധായകരാണെങ്കില്‍ വളരെ സ്ട്രിക്ട് ആയിരിക്കും. ചെറുപ്പക്കാരാണെങ്കില്‍ ഫ്രീയും. എന്നാല്‍ ഹണീ ബീയുടെ സെറ്റില്‍ കള്ളും കഞ്ചാവും ഒഴുകുകയായിരുന്നു എന്ന ആരോപണത്തെക്കുറിച്ച് എനിക്കറിയില്ല. ഞാന്‍ അത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ല. എവിടെയാണ് ഇതൊന്നും ഉപയോഗിക്കാത്തത്? ബിസിനസ് കേന്ദ്രങ്ങളിലും ഐടി സ്ഥാപനങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നില്ലേ. എന്നിട്ടും എന്തിനാണ് എല്ലാവരും സിനിമയുടെ മാത്രം മെക്കിട്ട് കയറുന്നത്.

കള്ളും കഞ്ചാവും ഉപയോഗിച്ച് ആര്‍ക്കും എവിടെയും പോകാമെന്ന അവസ്ഥയുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ പ്രശ്‌നമാണ്. അത് നിയന്ത്രിക്കേണ്ടത് സര്‍ക്കാരാണെന്നും ബാബുരാജ് പറഞ്ഞു.


Next Story

Related Stories