UPDATES

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എനിക്കെന്തിനാണ് സ്വർണവും പണവും, വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്കർ

അപകട സമയത്ത് വാഹനം  നിയന്ത്രിച്ചിരുന്നത്  സഹായി അർജ്ജുൻ ആയിരുന്നെന്നും, ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നെന്നും അഭിമുഖത്തിൽ ലക്ഷ്മി ആവർത്തിക്കുന്നു.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ ഒരിടവേളയ്ക്ക്ശേഷം വീണ്ടും സജീവമാവുകയാണ്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെയാണ് മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് വീണ്ടും ദൂരുഹത ഉയർ‌ന്നത്. എന്നാൽ ഒരാഴ്ചയോളമായി തുടരുന്ന വിവാദത്തിൽ പ്രതികരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ഒരു പക്ഷേ വാഹനാപകടത്തിൽ ബാലഭാസ്കറിനും മകൾക്കും പകരം താൻ മരിച്ചിരുന്നെങ്കില്‍ ഇത്തരം വിവാദങ്ങൾ ഉണ്ടാവുമായിരുന്നില്ലെന്നും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും പുർണമായി സുഖപ്പെടാത്ത ലക്ഷ്മുി ബാലഭാസ്കർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ പ്രതികരണം.

അപകട സമയത്ത് വാഹനം നിയന്ത്രിച്ചിരുന്നത്  സഹായി അർജ്ജുൻ ആയിരുന്നെന്നും, ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നെന്നും അഭിമുഖത്തിൽ ലക്ഷ്മി ആവർത്തിക്കുന്നു. ഇതാദ്യമായാണ് ലക്ഷ്മി അപകടത്തെ കുറിച്ച് പ്രതികരിക്കുന്നത്.

വടക്കുംനാഥ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി പോയശേഷം തൃശ്ശൂർ നിന്നും മടങ്ങി വരവെയായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്കറിന്റെ ആവശ്യപ്രകാരം തന്നെയാണ് മടങ്ങിയത്. പിറ്റേന്ന് ചില പരിപാടികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മടക്കം. ബാലഭാസ്കറിന്റെ തിരക്കിട്ട തീരുമാനമായിരുന്നു അത്. മുന്ന് ദിവസമായി ജിമ്മിൽ പോവാനാകാത്തതിനാൽ പിറ്റേന്ന് പോവണമെന്ന് പറഞ്ഞാണ് ബാലഭാസ്കർ പിൻസീറ്റിലേക്ക് ഉറങ്ങാൻ  പോയത്.

യാത്രാ ചൊരുക്ക് ഉണ്ടായിരുന്നതിനാലാണ് താൻ മുൻ സീറ്റ് ഉപയോഗിച്ചത്. മകൾ തേജസ്വി ബാല തന്റെ മടിയിൽ ഉറങ്ങുകയായിരുന്നു. കാറിന്റെ ഒരോ തിരിവിനും ഇളക്കത്തിനും കുഞ്ഞ് എഴുന്നേറ്റിരുന്നു. ഉറക്കക്ഷീണം ബാധിച്ചിരുന്നെങ്കിലും താൻ ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. താനും ഡ്രൈവർ അർജ്ജുനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. എന്നാൽ ബാലു ധരിച്ചിരുന്നില്ല. വാഹനം അപകടത്തിൽ പെട്ടത്തോടെ ഏയർബാഗുകൾ ഉയർന്നാണ് താനും അർജ്ജുനും പരിക്കുകളോട് രക്ഷപ്പെടാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. സീറ്റ് ബെൽറ്റ് കഴുത്തിൽ കുടങ്ങിയും ഡാഷ് ബോർഡിൽ ഇടിച്ചുമാണ് തനിക്ക് പരിക്ക് പറ്റിയത്. താൻ മരിക്കുമോ എന്ന് ഡോക്ടർമാർ ഭയപ്പെട്ടിരുന്നതായും ലക്ഷ്മി പറയുന്നു.  എന്നാൽ, നിയമനടപടി ഭയന്നാവണം ബാലുവാണ് കാറോടിച്ചതെന്ന് അർജ്ജുൻ പറയാൻ കാരണമെന്നും ലക്ഷ്മി ആവർത്തിക്കുന്നു.

ഗുരുതരമായി പരിക്കേറ്റ താനാണ് അപകടത്തിന് കാരണക്കാരിയെന്ന തരത്തിലുള്ള ആരോപണങ്ങൾ ഞെട്ടിക്കുന്നതാണെന്നും ലക്ഷ്മി പറയുന്നു. എന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് തനിക്ക് പണവും സ്വർണവും ലഭിച്ചിട്ടെന്തിനാണെന്നാന്നും ലക്ഷ്മി ചോദിക്കുന്നത്. അർജ്ജുൻ പറയുന്നത് പോലെ വാഹമോടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നെങ്കിൽ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. കാരണം എങ്കിൽ പരിക്കുകളോടെയെങ്കിലും ബാലു ജീവിച്ചിരുന്നേനെ, വയലിൻ വായിക്കാൻ സാധിച്ചിരുന്നെന്നും ലക്ഷ്മി പറയുന്നു.  മകളെ കുറിച്ചുള്ള ഓർമ്മകളും ലക്ഷ്മി അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

അപകടം സംബന്ധിച്ച് ആരോപണങ്ങളും വിവാദങ്ങളും വെളിപ്പെടുത്തലുകളും തുടരുമ്പോഴും തിരുവനന്തപുരത്തെ ബാലഭാസ്കറിന്റെ വസതിയിൽ അമ്മയ്ക്കൊപ്പം കഴിയുകയാണ് ലക്ഷ്മി. അപകടം ഏൽപ്പിച്ച ആഘാതങ്ങളിൽ പൂർണമായി മുക്തയാവാത്ത ലക്ഷ്മിക്ക് തന്റെ വലത് കയ്യും കാലും പൂർണമായും ചലിപ്പിക്കാനാവാത്ത അവസ്ഥയിലാണ്. മരുന്ന് കഴിക്കാനായി ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാത്രമാണ് താൻ സഞ്ചരിക്കുന്നതെന്നും ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതുമുൾപ്പെടെ അമ്മയുടെ സഹായത്താലാണെന്നും ലക്ഷ്മി പറയുന്നു.

 

മലപ്പുറത്തെ മാറ്റിമറിക്കുന്ന പെണ്‍കുട്ടികള്‍; ശൈശവ വിവാഹ ഇരകളല്ല, പഠിച്ചു മുന്നേറാന്‍ കൊതിക്കുന്ന മിടുക്കികളാണ് അവര്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍