TopTop
Begin typing your search above and press return to search.

'പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം': ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

സംഗീതജ്ഞന്‍ ബാലഭാസ്‌ക്‌റിന്റെ മരണം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതികളായപ്പോഴാണ് ബാലഭാസ്‌കറിന്റെ മരണവും സംശയത്തിലാകുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പേരും ഉയരുന്നതിലെ ഞെട്ടലിലാണ് അച്ഛന്‍ കെ സി ഉണ്ണി. മാധ്യമങ്ങള്‍ക്ക് അറിയുന്നതില്‍ കൂടുതലൊന്നും തനിക്കറിയില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ചില സംശയങ്ങള്‍ അഴിമുഖവുമായി പങ്കുവച്ചു.

ബാലു ഒരിക്കലും അത്തരമൊരു സാഹചര്യത്തില്‍ ഇടപെടില്ല. കാരണം അവന് അതിന്റെ ആവശ്യമില്ല. മുന്നേ അറിഞ്ഞിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും ഇവരുമായുള്ള ബന്ധം വിച്ഛേദിച്ചേനെ. അവന്റെ മരണ ശേഷം ആണ് ഇവര്‍ ഇത് തുടങ്ങിയത് എന്നാണ് റവന്യൂ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒക്ടോബറിലാണ് ബാലു മരിക്കുന്നത്. നവംബറിലാണ് ഇവര്‍ ഇത് ആരംഭിച്ചതെന്നാണ് റവന്യൂ ഇന്റലിജന്‍സ് പറയുന്നത്.

അതേസമയം വിഷ്ണു പലപ്പോഴും വിദേശത്തായിരുന്നു. എന്താണ് അവന്റെ അവിടുത്തെ ബിസിനസ് എന്ന് എനിക്കറിയില്ല. അവനെന്ത് ചെയ്താല്‍ എനിക്കെന്താണ്. അവന്‍ മരിച്ചതിന് ശേഷം ആകെ ഒരു തവണ മാത്രമാണ് ഞാന്‍ ലക്ഷ്മിയെ കാണാന്‍ പോയത്. അവിടെ പൂന്തോട്ടത്തിലെ ലത എന്ന സ്ത്രീയുണ്ടായിരുന്നു. പാലക്കാട്ടെ ആശുപത്രിയാണ് പൂന്തോട്ടം. ഇവര്‍ എന്താ ഇവിടെയെന്ന് ഞാന്‍ ചോദിച്ചത് ലക്ഷ്മിയുടെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവരെന്നെ അവിടെ നിന്നും ഏതാണ്ട് അടിച്ചിറക്കുകയായിരുന്നു. അവരുടേതായ ജീവിതമാണല്ലോ ഇനിയെന്ന് കരുതി കൂടുതല്‍ കാര്യങ്ങള്‍ക്കൊന്നും ഞാന്‍ ഇടപെടാന്‍ പോയിട്ടില്ല. അവന്‍ മരിച്ചതിന് ശേഷം ഒന്നര മാസത്തോളം അവര്‍ ആ വീട്ടില്‍ താമസിച്ചിട്ടുണ്ട്.

ഞാന്‍ പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട്. എന്റെ സംശങ്ങളാണ് ആ പരാതിയില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ റിസല്‍റ്റൊന്നും കാണുന്നില്ല. ഇപ്പോള്‍ പറയുന്നത് ഫോറന്‍സിക്കില്‍ അയയ്ക്കുമെന്നാണ്. അന്നും അത് പറഞ്ഞിരുന്നു. അയച്ചോ ഇല്ലയോ എന്ന് ഒരു പിടിയുമില്ല. നമുക്കിത് അന്വേഷിക്കാന്‍ അധികാരമില്ലല്ലോ? അധികാരമുള്ളത് പോലീസിന് അല്ലേ.. ചെയ്യുന്നുവെന്ന് അവര്‍ പറയുന്നുണ്ട്. പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

കലാഭവന്‍ സോബി ഇന്നലെ എന്നെ വിളിച്ച് രണ്ട് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്ന് പറഞ്ഞിരുന്നു. അതില്‍ പത്തിരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള താടിയുള്ള പയ്യനും ഒരു തടിയനും എന്നാണ് പറഞ്ഞത്. ലതയുടെ മകന്‍ ജിഷ്ണു അന്ന് തിരുവനന്തപുരത്തായിരുന്നു താമസം. തമ്പിയുടെ വീട്ടിലായിരുന്നു അവന്റെ താമസം. അവന് നല്ല താടിയുണ്ട്. തമ്പിക്ക് തടിയുമുണ്ട്. ഇനിയിപ്പോള്‍ അവര് തന്നെയാണോ എന്തോ.. എനിക്കറിയില്ല. ഇതെല്ലാം എന്റെ സംശയങ്ങള്‍ മാത്രമാണ്.

read more:ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു


Next Story

Related Stories