TopTop

രാജ്യത്തെ വന്യമൃഗ സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും ബിബിസിക്ക് അഞ്ചു വര്‍ഷത്തെ വിലക്ക്

രാജ്യത്തെ വന്യമൃഗ സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും ബിബിസിക്ക് അഞ്ചു വര്‍ഷത്തെ വിലക്ക്
ഇന്ത്യയിലെ വന്യമൃഗ സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളും ചിത്രീകരിക്കുന്നതിന് ബി.ബി.സിക്ക് കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. പരിഹരിക്കാന്‍ കഴിയാത്ത വിധത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ബി.സി ഡോക്യുമെന്ററികള്‍ക്കോ വാര്‍ത്തകള്‍ക്കോ ആയി ദേശീയ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ചിത്രീകരിക്കുന്നതിനുള്ള വിലക്ക്. അസമിലെ കാശിരംഗ കടുവാ സങ്കേതത്തില്‍ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നവരെ വെടിവച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ഡോക്യുമെന്ററിയാണ് വിലക്കിന് കാരണം.

കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നു എന്നതിന്റെ പേരില്‍ ആരെ വേണമെങ്കിലും വെടിവച്ചു കൊല്ലാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നുവെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട ഡോക്യുമെന്ററിയില്‍ ബിബിസിയുടെ ദക്ഷിണേഷ്യന്‍ കറസ്‌പോണ്ടന്റ് ജസ്റ്റിന്‍ റൗലാത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്യുമെന്ററിയില്‍ പറയുന്നതനുസരിച്ച് ഇവിടെ കൊല്ലപ്പെട്ട കാണ്ടാമൃഗങ്ങളേക്കാള്‍ കൂടുതലാണ് വനംവകുപ്പിന്റെ വെടിയേറ്റ മരിച്ചവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം 17 കാണ്ടാമൃഗങ്ങളെയാണ് വേട്ടക്കാര്‍ കൊന്നതെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആണ്. 2014-നു ശേഷം ഇവിടെ 50 പേര്‍ കൊല്ലപ്പെട്ടുവെന്നും രണ്ടു പേര്‍ മാത്രമാണ് വിചാരണ നേരിട്ടതെന്നും റൗലത്ത് പറയുന്നു.

ആയുധധാരികളായ വേട്ടക്കാരില്‍ നിന്ന് കനത്ത ആക്രമണമുണ്ടാകുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നതിനെയും ഡോക്യൂമെന്ററി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒരു ഗാര്‍ഡ് മാത്രമാണ് വേട്ടക്കാരാല്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നും അതേ സമയം, 106 പേരെ വനംവകുപ്പ് കൊലപ്പെടുത്തിയെന്നും ഇതില്‍ പറയുന്നു. 2010-ല്‍ സി.ആര്‍.പി.സി നിയമം ഭേദഗതി ചെയ്തുകൊണ്ട് കാശിരംഗ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അധികാരമാണ് നിലവിലെ കൊലകള്‍ക്ക് കാരണമെന്ന് ഇതില്‍ പറയുന്നു. ഇതനുസരിച്ച് ഇത്തരത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അന്വേഷിച്ച് ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും അവരെ അറസ്റ്റ് ചെയ്യാനും കഴിയൂ.

ഈ ഭേദഗതി വരുന്നതിന് 11 വര്‍ഷം മുമ്പ്, 2000 മുതല്‍ 2010 വരെ, 17 വേട്ടക്കാര്‍ ഇവിടെ കൊല്ലപ്പെട്ടപ്പോള്‍ 68 കാണ്ടാമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ 2010 മുതല്‍ 2016 വരെയുളള സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ വേട്ടക്കാരുടെ എണ്ണം 59 ആണ്. കൊല്ലപ്പെട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം 103-ഉം.

ഈ ഡോക്യുമെന്ററി പുറത്തു വന്നതിനു പിന്നാലെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി റൗലത്തിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇതിനു പുറമെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു കടുവാ സങ്കേതങ്ങളിലും ചിത്രീകരണം നടത്താന്‍ ബിബിസിക്ക് അനുമതി നല്‍കരുതെന്ന് കടുവാ സങ്കേതങ്ങളുള്ള സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കടുവാ സങ്കേതങ്ങള്‍ക്കു പുറമെ ദേശീയ പാര്‍ക്കുകളില്‍ കൂടി ചിത്രീകരണം നടത്താന്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബിബിസി ഡോക്യുമെന്ററി കാണാംഎന്നാല്‍ സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് ബിബിസി പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു ഭാഗങ്ങളും വിശദമാക്കിക്കൊണ്ടുള്ള ഡോക്യുമെന്ററിയാണ് തങ്ങള്‍ ചെയ്തത്. പക്ഷഭേദമില്ലാത്തതും ബാലന്‍സ്ഡ് ആയിട്ടുള്ളതും അതോടൊപ്പം അവിടെ കണ്ട കാര്യങ്ങള്‍ അതേ പടി പറയുകയുമാണ് ചെയ്തിട്ടുള്ളത്. ഇതില്‍ വന്യമൃഗ സംരക്ഷണ കാര്യത്തില്‍ ഇന്ത്യ നേടിയിട്ടുള്ള വിജയവും അതോടൊപ്പം, ഇക്കാര്യത്തിലെ വെല്ലുവിളികളും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മറുപടി പറയേണ്ട അധികൃതരുടെ വിശദീകരണത്തിനായി തങ്ങള്‍ സമീപിച്ചെങ്കിലും അവര്‍ നിരസിക്കുകയായിരുന്നുവെന്നും ബിബിസി പറയുന്നു. കഴിഞ്ഞ മാര്‍ച്ചിനു ശേഷം ബിബിസിയുടെയും അവരുടെ തന്നെ നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റിന്റേയും നാല് ചിത്രീകരണ അപേക്ഷകള്‍ കേന്ദ്രം തള്ളിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Next Story

Related Stories