TopTop
Begin typing your search above and press return to search.

വിവാദ വ്യവസായി, സംരംഭകന്‍, രാഷ്ട്രീയക്കാരന്‍; ബിജു രമേശിനൊപ്പം വളര്‍ന്ന ബാര്‍ കോഴ കേസ്

വിവാദ വ്യവസായി, സംരംഭകന്‍, രാഷ്ട്രീയക്കാരന്‍; ബിജു രമേശിനൊപ്പം വളര്‍ന്ന ബാര്‍ കോഴ കേസ്
കേരളത്തെ പിടിച്ചു കുലുക്കിയ, ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത വിവാദമാണ് ബാര്‍ കോഴ കേസ്. ഒരു സംസ്ഥാനത്തെ ധനമന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി കോഴ നല്‍കിയെന്ന കേരളത്തിലെ പ്രമുഖ വ്യവസായിയുടെ വെളിപ്പെടുത്തലായിരുന്നു കേസിന് ആധാരം. ആരോപണവുമായി രംഗത്തെത്തിയ ഡോ. ബിജു രമേശ് അതോടെ കേരളീയര്‍ക്ക് സുപരിചിതനായി. പിന്നീട് അഴിമതിക്കെതിരേ ചാനലുകളില്‍ പ്രസംഗം നടത്തുന്ന ശബ്ദമായി മാറി. ഇപ്പോള്‍ ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരേ തെളിവുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിക്കുമ്പോള്‍ ബാര്‍ക്കോഴക്കൊപ്പം ബിജു രമേശ് എന്ന മദ്യവ്യവസായിയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

എന്നാല്‍ പൂട്ടിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കൈക്കൂലി നല്‍കാന്‍ ഇറങ്ങിത്തിരിച്ച വെറുമൊരു മദ്യവ്യവസായി മാത്രമല്ല ബിജു രമേശ്. രാജധാനി ഗ്രൂപ്പ് എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. എഞ്ചിനീയറിങ്ങ് കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപങ്ങളും സ്വന്തമായുണ്ട് . കേരള രാഷ്ട്രീയത്തില്‍ വേരിറക്കി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും സ്വാധീനവുമുള്ള കെ.എം മാണി എന്ന നേതാവിനെതിരെ പരസ്യമായി ഏറ്റുമുട്ടാനും അഴിമതി വിരുദ്ധതയുടെ പ്രതിരൂപമാവാനുമുള്ള ശ്രമം കൂടിയായിരുന്നു ബിജു രമേശ് നടത്തിയതെന്നു വേണം വിലയിരുത്താന്‍. എന്നാല്‍ തിരുവനന്തപുരം നഗത്തില്‍ മാത്രം സ്വന്തമായി ഒമ്പത് ബാറുകള്‍ ഉള്ള ബിജു രമേശിന് മദ്യ നിരോധനത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത് ഇതില്‍ ഏഴെണ്ണമായിരുന്നു.

വര്‍ഷങ്ങള്‍ മുമ്പുതന്നെ തിരവനന്തപുരത്തെ പ്രമുഖരുടെ പട്ടികയില്‍ ഇടം പിടിക്കുന്ന വ്യക്തിയായിരുന്നു ബിജു രമേശിന്റെ അച്ഛന്‍ രമേശന്‍ കോണ്‍ട്രാക്ടര്‍. മേഖലയിലെ പ്രധാന പ്രമാണിമാരില്‍ ഒരാള്‍. ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലൂടെ തലസ്ഥാന നഗരത്തില്‍ സ്ഥാനം ഉറപ്പിച്ച വ്യക്തി. എന്നാല്‍ പിതാവ് വളര്‍ത്തിയ സംരംഭങ്ങളെ സാമാജ്യങ്ങളാക്കുകയായിരുന്നു ബിജു രമേശ് എന്ന മകന്‍. ഇതിനായി അച്ഛന്റെ രാഷ്ട്രീയ ബന്ധങ്ങളും അദ്ദേഹത്തിന് തുണയായി. രമേശന്‍ കോണ്‍ട്രാക്ടര്‍ എന്ന ഹോട്ടല്‍ വ്യവസായിക്ക് അപ്പുറത്ത് രാജധാനി ഗ്രൂപ്പിന്റെ വൈവിധ്യത്തിന് തുടക്കമിട്ട വ്യക്തിയായിരിരുന്നു ബിജു രമേശ്. ചാരായ നിരോധനത്തിന് ശേഷമായിരുന്നു ഈ വിധത്തില്‍ ബിസിനസ് വിപുലപ്പെടുത്തിയത്. പിന്നീട് വിദ്യാഭ്യാസമേഖലകളിലേക്കും ഹോട്ടല്‍ വ്യവസായങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. കുത്തകമ്പനികളുടെ ഡീലര്‍ഷിപ്പുകളും ഇതിന്റെ ഭാഗമാണ്. രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജീസ്, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, എന്‍ജിനീയറിങ് കമ്പനി, രാജധാനി ടെലികോംസ്, രാജധാനി ട്രേഡേഴ്സ്, രാജധാനി ജനറല്‍ ട്രേഡിങ് കമ്പനി, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയും രാജധാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാന നഗത്തിന്റെ കണ്ണായ വലിയൊരു പ്രദേശത്തിന്റെ ഉടമസ്ഥാവകാശം രമേശന്‍ കോണ്‍ട്രാക്ടറുടെ മക്കളുടെ കൈവശമാണെന്ന് പറയേണ്ടിവരും. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മിക്ക കെട്ടിടങ്ങളും ബിജു രമേശ് കുടുംബബത്തിന്റെതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിന് പുറമേയാണ് വിവിധ സംഘടനകളിലെ താക്കോല്‍ സ്ഥാനങ്ങള്‍. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അല്ലെങ്കില്‍ വഹിച്ചുകൊണ്ടിരിക്കുന്ന ബിജു രമേശ് ശ്രീനാരായണ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ശ്രീനാരായണ ധര്‍മ വേദിയുടെ ജനറല്‍ സെക്രട്ടറി, ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ദീര്‍ഘനാള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായിരുന്ന ബിജു രമേശ്‌ വെയ്റ്റ് ലിഫ്റ്റിങിന്റേയും പവര്‍ ലിഫ്റ്റിങ്ങിന്റേയും സംസ്ഥാന അസോസിയേഷനുകളിലും ഭാരവാഹിയായിരുന്നു.

ബാര്‍ക്കോഴ കേസിന് അപ്പുറത്തും വിവാദങ്ങള്‍ നിറഞ്ഞതായിരുന്ന ബിജു രമേശിന്റെ ജീവിതം. തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഡോക്ടര്‍ ബിരുദം വ്യാജമാണെന്ന ആരോപണങ്ങളില്‍ തുടങ്ങുന്നു അത്. ഡോക്ടറേറ്റ് ലഭിക്കുന്നതിനായി ബിജു രമേശ് എത് വിഷയത്തിലാണ് ഗവേഷണം നടത്തിയതെന്നോ നല്‍കിയ സര്‍വകലാശാല ഏതെന്നോ ഇപ്പോഴും വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള ആരോപണങ്ങളും നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ബിജു രമേശ്‌ എന്ന വ്യവസായിയെ പോറല്‍ പോലും എല്‍പ്പിച്ചില്ല.

രാഷ്ട്രീയ പ്രവേശനം

ബാര്‍ക്കോഴ കേസ് കത്തിനിന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായും ബിജു രമേശ് രംഗത്തിറങ്ങി. ജയലളിതയ്ക്കു കീഴില്‍ എഐഎഡിഎംകെ പ്രതിനിധിയായിട്ടായിരുന്നു ഇത്. മൂന്നാറില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയിലും ബിജു രമേശ് പങ്കെടുത്തിരുന്നു. ബാര്‍ കോഴക്കേസില്‍ ബിജുവെടുത്ത നിലപാടുകള്‍ വോട്ടായി മാറ്റുക ലക്ഷ്യമിട്ടായിരുന്നു തലസ്ഥാനത്തെ പ്രമുഖ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവേശനം.

2016-ലെ ഈ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് ബിജു രമേശിന്റെ ആസ്തി 2,57,80,06,554.72 (257 കോടി) രൂപയാണ്. ഇതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ബിജു രമേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഇവയാണ്: ഹ്യുണ്ടായി ആക്സന്റ്- 1, മെഴ്സിഡെസ് ബെന്‍സ്- 2, അംബാസിഡര്‍- 1, ഹോണ്ട സിറ്റി- 1, മെഴ്സിഡസ് ബന്‍സ് വാന്‍- 1, ഷെവര്‍ലെ എന്‍ജോയ്- 1, ടയോട്ട ഇന്നോവ- 4, ടയോട്ട എറ്റിയോസ്- 1, മാരുതി സുസുകി ഓംനി- 1, ഫോഴ്സ് വാന്‍- 2, മഹീന്ദ്ര ജീപ്പ്- 3, മഹീന്ദ്ര ബോലേറോ- 1, മഹീന്ദ്ര പിക് അപ് വന്‍- 1 ഇതിനു പുറമേ ഭാര്യ റാണി ബിജുവിന്റെ പേരില്‍ 4 ഹോണ്ട അമേസും ഉണ്ട്. വൈപ്പിന്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായിരുന്ന മദ്യവ്യാപാരി ചന്ദ്രസേനന്റെ മകളാണ് ബിജു രമേശിന്റെ ഭാര്യ.

ബാര്‍കോഴ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് നിലപാടെടുക്കുകയും കെ.എം മാണി യുഡിഎഫ് വിടുകയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ബിജു രമേശിന്റെ മകളും മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹം. ആഡംബരത്തിന്റെ പേരിലും രാഷ്ടീയ വിവാദങ്ങളിലും ഇടം പിടിച്ച ചടങ്ങായിരുന്നു അത്. ബാര്‍കോഴക്കേസ് ഉയര്‍ത്തിവിട്ട ബിജു രമേശുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അടുപ്പത്തിന് ഉദാഹരണമാണ് വിവാഹച്ചടങ്ങ് എന്നതടക്കം ആരോപങ്ങള്‍ കേരളാ കോണ്‍ഗ്രസ് ഇതിന് ശേഷം ഉയര്‍ത്തിവിട്ടു. ഇതിനിടെ ബാറിന്റെ പേരില്‍ വിവാദങ്ങള്‍ നിറച്ച ബിജു രമേശ് നാടകീയമായി ബാര്‍ വ്യവസായത്തില്‍ നിന്നു പുറത്തേക്കെന്ന് പ്രഖ്യാപനവുമായി രംഗത്തെിയത് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. പുതിയ മദ്യനയ പ്രകാരം പൂട്ടിപ്പോയ ബാറുകളില്‍ മിക്കവയ്ക്കും വീണ്ടും പ്രവര്‍ത്തിക്കാമെന്നിരിക്കെ ഇനിയുള്ള കാലം നിലവിലുള്ള ബീയര്‍-വൈന്‍ പാര്‍ലറുകളുമായി മുന്നോട്ടു പോവുമെന്നായിരുന്നു ബിജു പ്രസ്താവന ഇറക്കിയത്.

https://www.azhimukham.com/biju-remesh-daughter-adoor-prakash-son-marriage-azhimukham/

https://www.azhimukham.com/bijuramesh-pressmeet-against-kbabu/

Next Story

Related Stories