UPDATES

ട്രെന്‍ഡിങ്ങ്

അതിനാടകീയതകളുടെ നാല് ദിനങ്ങള്‍; ഒടുവില്‍ ഫ്രാങ്കോ പെട്ടു

ഫ്രാങ്കോയുടെ അറസ്റ്റിന് വലിയ തോതിലുള്ള ആവശ്യമുയർന്നപ്പോഴും സംയമനത്തോടെ എല്ലാ തെളിവുകളും ശേഖരിച്ച് കേസ് ശക്തമാക്കിയ പോലീസാണ് ഇവിടെ അഭിനന്ദനമർഹിക്കുന്നത്.

കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ജലന്ധർ അതിരൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 87 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം മഠങ്ങളുടെ അകത്തളങ്ങളിൽ നിന്നും തെരുവിലേക്കെത്തിയെന്ന നിലയിലാകും ഫ്രാങ്കോയുടെ കേസ് ഇനി ചരിത്രത്താളുകളിൽ ഇടംപിടിക്കുക. ഇതോടെ പീഡനക്കേസിൽ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ ബിഷപ്പെന്ന ഖ്യാതിയും ഇനി ഫ്രാങ്കോയ്ക്ക് സ്വന്തം.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ ഹൈടെക് മുറിയിൽ തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കന്യാസ്ത്രീ പരാതി നൽകി എൺപത്തിയേഴാമത്തെ ദിവസമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കന്യാസ്ത്രീയുടെ പരാതി പുറത്തു വന്നതിനെ തുടർന്ന് നീതി ആവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നും പ്രതിഷേധമുയർന്നു. പരാതി പുറത്തു വരുന്നതിനും ഏതാനും ദിവസം മുമ്പ് തന്നെ പരാതിക്കാരി കുറവിലങ്ങാട് മഠത്തിൽ പ്രതിഷേധം ആരംഭിച്ചിരുന്നു.

പരാതിക്കാരിയുടെ ഏറ്റവുമടുത്ത സഹപ്രവർത്തകരായ സിസ്റ്റർ അനുപമ, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി എന്നിവരും സമരത്തിൽ ചേർന്നു. ഈ സമരമാണ് ഇന്നലെ ഫലം കണ്ടിരിക്കുന്നത്. ബിഷപ്പിന്റെ അറസ്റ്റ് വൈകിയത് സഭയയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി ഏറെ ദിവസങ്ങൾ പിന്നിട്ട ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിനായത്. പൊതു സമൂഹത്തിൽ നിന്നു വിമർശനമുയർന്നെങ്കിലും അറസ്റ്റ് വൈകിയതിൽ പോലീസിനൊപ്പമാണ് കോടതി നിന്നത്. ഇത് പഴുതുകളടച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോകാൻ പോലീസിന് സഹായകമായി.

ബിഷപ്പിന്റെ അറസ്റ്റ് വൈകിയതോടെ സെപ്തംബർ 8ന് കന്യാസ്ത്രീകൾ ഹൈക്കോടതിക്ക് മുന്നിൽ സമരം ആരംഭിച്ചു. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ പ്രവർത്തകരും യുവാക്കളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തതോടെയാണ് സർക്കാരും സഭയും ഒരേ രീതിയിൽ പ്രതിരോധത്തിലായത്. ഇന്നലെ സമരപ്പന്തലിൽ സന്തോഷമുയർന്നപ്പോൾ അത് സർക്കാരിനും ആശ്വാസമായി.

അതിനാടകീയതകൾ നിറഞ്ഞ മൂന്ന് ദിവസങ്ങളിലൂടെയാണ് കേരളം കടന്നു പോയത്. കന്യാസ്ത്രീയുടെ പരാതി സത്യസന്ധമാണെന്നും ഫ്രാങ്കോയുടെ ന്യായീകരണങ്ങൾ എല്ലാം തന്നെ കളവാണെന്നും പോലീസിന് നേരത്തെ തന്നെ തെളിവുകൾ ലഭിച്ചിരുന്നു. 18ന് വൈകിട്ട് ഫ്രാങ്കോ കേരളത്തിലെത്തിയപ്പോൾ മുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന പ്രതീതി നിലവിൽ വന്നതും ഇതിനാലാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം എഴുതി തയ്യാറാക്കിയ 104 ചോദ്യങ്ങളാണ് ഏഴ് മണിക്കൂർ കൊണ്ട് ചോദിച്ചത്. മൂന്ന് ദിവസമായി 24 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. തനിക്കെതിരായ ഗൂഢാലോചനയാണ് ഈ കേസെന്നും മദർ സുപ്പീരിയർ സ്ഥാനത്തു നിന്നും മാറ്റിയതിലെ വൈരാഗ്യത്തിലാണ് കന്യാസ്ത്രീ പരാതി നൽകിയതെന്നുമുള്ള വാദത്തിൽ ഉറച്ചു നിന്ന ഫ്രാങ്കോ ആത്മവിശ്വാസത്തോടെയാണ് ചോദ്യം ചെയ്യൽ ക്യാമ്പ് വിട്ടത്. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്നതിന്റെ തെളിവുകൾ പോലീസ് നിരത്തിയതോടെ രണ്ടാം ദിവസം ഫ്രാങ്കോയുടെ പ്രതിരോധക്കോട്ടകൾ തകർന്ന് വീണു. കന്യാസ്ത്രീകളുടെ ഗൂഢാലോചന ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. ഈ വാദം തെറ്റാണെന്ന് തെളിയിക്കാൻ പോലീസിന് സാധിച്ചു.

സംഭവം നടന്നതായി പരാതിയിൽ പറയുന്ന 2014 മെയ് 5ന് താൻ തൊടുപുഴയിലായിരുന്നെന്നാണ് ബിഷപ്പ് പറഞ്ഞത്. എന്നാൽ തൊടുപുഴയിലെ മദർ സുപ്പീരിയറുടെ മൊഴിയുടെയും കുറവിലങ്ങാട് മഠത്തിലെ സന്ദർശക രജിസ്റ്ററിന്റെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ബിഷപ്പ് നിശബ്ദനായി. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹാജരായതിന് ശേഷവും അന്വേഷണ സംഘം കുറവിലങ്ങാടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ബിഷപ്പിനെതിരെ പത്ത് മൊഴികളാണ് പോലീസ് പ്രധാനമായും ശേഖരിച്ചു. ഇതിൽ ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയ ബി എം ഡബ്ല്യൂ കാറിന്റെ ഡ്രൈവറും ഉൾപ്പെടുന്നു. പരാതിയിൽ പറയുന്ന ദിവസം ബിഷപ്പ് മഠത്തിലെത്തിയതായി ഇയാളും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മൊഴികളുടെയെല്ലാം അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ ഉച്ചയോടെ തന്നെ ഫ്രാങ്കോയുടെ അറസ്റ്റ് ഉറപ്പായി. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടി. ഉച്ച മുതൽ ഫ്രാങ്കോ കുറ്റം സമ്മതിച്ചെന്ന് വാർത്ത പരന്നെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ വൈകിട്ട് 6 മണിയോടെ കൊച്ചി റെയ്ഞ്ച് ഐ ജി വിജയ് സാഖറെ കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഇതോടെ അറസ്റ്റ് ഉറപ്പാകുകയും ചെയ്തു. അറസ്റ്റിന് ശേഷം രാത്രി 9 മണിയോടെയാണ് ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നിന്നും ബിഷപ്പ് പുറത്തു വന്നത്. ലോഹ മാറ്റി ജുബ്ബയും പാന്റ്സും ധരിച്ചാണ് ഫ്രാങ്കോയെ പുറത്തേക്ക് കൊണ്ടുവന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ജനങ്ങൾ കൂക്കി വിളിക്കുന്നുണ്ടായിരുന്നു.

ഫ്രാങ്കോയ്ക്കെതിരായ എഫ് ഐ ആറിൽ താഴെ പറയുന്ന വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. ഐ.പി.സി. 376 (2 കെ, 2 എൻ) -ബലാത്സംഗം: ഏഴുമുതൽ പത്തുവർഷംവരെ തടവ്, 2 കെ, 2 എൻ എന്നിവ നിർഭയ കേസിന് ശേഷമുള്ള ഭേദഗതികളാണ്. ഇതിന് അഞ്ചുവർഷംവരെ തടവു ലഭിക്കാം. 377-പ്രകൃതിവിരുദ്ധപീഡനം: 10 വർഷംമുതൽ ജീവപര്യന്തംവരെ തടവ്. 342 -തടഞ്ഞുവെച്ച് ലൈംഗികപീഡനം: ഒരുവർഷം തടവ്. 506-ഭീഷണി: രണ്ടുവർഷം തടവ്.

ഫ്രാങ്കോയുടെ അറസ്റ്റിന് വലിയ തോതിലുള്ള ആവശ്യമുയർന്നപ്പോഴും സംയമനത്തോടെ എല്ലാ തെളിവുകളും ശേഖരിച്ച് കേസ് ശക്തമാക്കിയ പോലീസാണ് ഇവിടെ അഭിനന്ദനമർഹിക്കുന്നത്. പഴുതുകളടച്ചുള്ള അന്വേഷണത്തെ ഹൈക്കോടതി തൃപ്തികരമെന്ന് വിശേഷിപ്പിച്ചതിൽ നിന്നും ഫ്രാങ്കോ രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാണ്. ഇന്ന് ഹാജരാക്കിയ ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും ഈ തെളിവുകളുടെ ബലത്തിലാണ്. ഫ്രാങ്കോയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി ഇപ്പോള്‍. നാളെ കുറവിലങ്ങാട് മഠത്തില്‍ ഫ്രാങ്കോയെ തെളിവെടുപ്പിനായി കൊണ്ടുപോകും.

‘തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍’ ജയിക്കുമ്പോള്‍

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍