ബിജെപി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു; ശബരിമലയില്‍ സ്ത്രീകള്‍ കയറി, കേസുകള്‍ പിന്‍വലിച്ചില്ല- ഒരു കണക്കെടുപ്പ്

ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്ന ശബരിമലയിലെ ആചാര ലംഘനം തടയാനോ നിരോധനാജ്ഞ നീക്കാനോ ഈ സമരത്തിന് സാധിച്ചിട്ടില്ല

ശബരിമല യുവതീ പ്രവേശന വിധി വന്നതിന് ശേഷം ബിജെപി ആരംഭിച്ച സമരത്തിന്റെ ഏറ്റവും ഒടുവിലത്തെ രീതിയായിരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 28ന് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയോടെയാണ് ശബരിമലയുടെ പേരിലുള്ള സമരങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമായത്. സുപ്രിംകോടതി വിധിക്ക് പിന്നാലെ ആദ്യം എന്‍എസ്എസിന്റെയും പന്തളം രാജകുടുംബത്തിന്റെയും ശബരിമല തന്ത്രികുടുംബത്തിന്റെയും നേതൃത്വത്തില്‍ അയ്യപ്പഭക്തരാണ് സേവ് ശബരിമല എന്ന ആവശ്യം ഉന്നയിച്ച് സമരം ആരംഭിച്ചത്. നാമജപ സമരമായി ആരംഭിച്ച സമരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ബിജെപി ഈ സമരത്തില്‍ തങ്ങളുടെ രാഷ്ട്രീയ ഭൂമിക കണ്ടെത്തി. കേരളത്തില്‍ വേരുറപ്പിക്കുന്നതിനപ്പുറം രാഷ്ട്രീയമായി കരുത്ത് നേടാനാകുമെന്ന തിരിച്ചറിവാണ് ഈ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലേക്ക് അവരെ നയിച്ചത്. കോടതി വിധി വന്ന ആദ്യ ദിവസങ്ങളില്‍ ശബരിമലയിലെ യുവതീപ്രവേശനത്തെ സ്വാഗതം ചെയ്ത ബിജെപി കേന്ദ്ര നേതൃത്വത്തെ തള്ളിയാണ് സംസ്ഥാന നേതൃത്വം ശബരിമല സമരത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തത്.

പന്തളത്തു നിന്നും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് ബിജെപി സമരത്തില്‍ നേരിട്ട് ഇടപെടുന്നത്. ഒക്ടോബര്‍ ഏഴിന് ഈ വിഷയത്തിലെ ആദ്യ ഹര്‍ത്താല്‍ ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. യുവമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനത്തിടെ പോലീസ് നടപടിയുണ്ടായതും ഹര്‍ത്താലിന് കാരണമായി. പ്രതിഷേധത്തിനിടെ മുണ്ട് പൊക്കിക്കാണിച്ചയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് തെളിയുകയും നാമജപ ഘോഷയാത്രക്കിടെ ഒരു വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപേര് പറഞ്ഞ് അസഭ്യം പറഞ്ഞതുമെല്ലാം സമരത്തിന്റെ ലക്ഷ്യങ്ങളെ സംശയത്തിന്റെ നിഴലിലാക്കി. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ കൊല്ലം തുളസി ശബരിമലയിലെത്താന്‍ ശ്രമിക്കുന്ന യുവതികളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം സെക്രട്ടേറിയറ്റിലേക്കും മറ്റൊരു ഭാഗം സുപ്രിംകോടതിയിലേക്കും വലിച്ചെറിയണമെന്ന് പറഞ്ഞതും വിവാദമായി.

തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികളെ തടയാനെന്ന പേരില്‍ വലിയ തോതിലുള്ള ആക്രമണമാണുണ്ടായത്. ബിജെപിയുടെ മാത്രം അക്കൗണ്ടിലുള്ളതല്ല ആ ആക്രമണങ്ങളെങ്കിലും സംഘപരിവാര്‍ അനുകൂല സംഘടനകളാണ് ഇതിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. ശബരിമലയില്‍ ജോലി ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും പോലീസുകാരും ഉദ്യോഗസ്ഥരുമായ സ്ത്രീകള്‍ വരെയും ആക്രമിക്കപ്പെട്ടു. തങ്ങള്‍ക്ക് പ്രതികൂലമായി വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പേരില്‍ മാധ്യമങ്ങളുടെ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും വരെ ആക്രമിക്കപ്പെട്ടു. അതോടെ പോലീസ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശുകയും പ്രതിഷേധക്കാരെ അടിച്ചോടിക്കുകയും ചെയ്തു. ഒക്ടോബര്‍ 17, 18 തിയതികളിലായിരുന്നു ഇത്. നിലയ്ക്കലിലും പരിസപ്രദേശങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയും മാധ്യമപ്രവര്‍ത്തക കവിതാ ജക്കലും ശബരിമലയിലെത്തിയെങ്കിലും സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. രഹനയെയും കവിതയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും നല്‍കി സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചതും ബിജെപി വിവാദമാക്കി.

നിലയ്ക്കലിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന-ജില്ലാ പോലീസ് ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധങ്ങളായിരുന്നു അവരുടെ സമരത്തിന്റെ അടുത്തഘട്ടം. ഒക്ടോബര്‍ 30ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പല ബിജെപി നേതാക്കളും പുലിവാല്‍ പിടിച്ചു. ഐ ജി മനോജ് എബ്രഹാം പോലീസ് നായയാണെന്ന് പ്രഖ്യാപിച്ച ബി ഗോപാലകൃഷ്ണനാണ് ഇതില്‍ ഏറ്റവുമധികം പുലിവാല്‍ പിടിച്ചത്. എറണാകുളം എസ് പി ഓഫീസിന് മുന്നിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ‘ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണ്. എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു’ എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 2500 പോലീസുകാരെത്തിയാല്‍ അതിന്റെ ഇരട്ടി വിശ്വാസികളെ ശബരിമലയില്‍ എത്തിക്കുമെന്നും അന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഐ ജിയെ പോലീസ് നായയെന്ന് വിളിച്ചതിന് ഇയാള്‍ക്കെതിരെ കേസ് വരികയും ചെയ്തു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ പങ്കെടുത്തെങ്കിലും കൊച്ചുകുട്ടികളെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയക്കളിയും അപഹാസ്യമായി തീര്‍ന്നു.

നവംബര്‍ മാസം ആദ്യം ചിത്തിര ആട്ടത്തിന് നട തുറക്കുന്നതിന് തൊട്ടുമുമ്പാണ് ബിജെപി അടുത്ത ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പന്തളം സ്വദേശിയായ ശിവദാസന്‍ എന്നയാളുടെ മൃതദേഹം ളാഹയ്ക്ക് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ശബരിമലയിലേക്ക് പോയ ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. നിലയ്ക്കലിലെ പോലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ആരോപിച്ച് ബിജെപി അപ്രതീക്ഷിതമായി നവംബര്‍ രണ്ടാം തിയതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതേസമയം ശിവദാസന്റെ മരണം അപകടത്തിലാണെന്ന് തെളിഞ്ഞതോടെ അനാവശ്യ ഹര്‍ത്താല്‍ നടത്തിയ ബിജെപി അപഹാസ്യരായി. ഒക്ടോബര്‍ 18ന് രാവിലെ മാത്രമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടത്. 19ന് സന്നിധാനത്തു വച്ച് ഒരു തീര്‍ത്ഥാടകന്റെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. 17നോ 18നോ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ കൊല്ലപ്പെട്ടുവെന്ന ബിജെപിയുടെ വാദം പൊള്ളയാണെന്ന് അതോടെ തെളിഞ്ഞു. ശിവദാസന്റെ ബന്ധുക്കള്‍ തന്നെയാണ് തിയതികള്‍ സ്ഥിരീകരിച്ചത്. കൂടാതെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അപകടത്തിനുള്ള സാധ്യതകളാണ് ഉണ്ടായിരുന്നത്. ചാടിക്കയറി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി അതോടെ അപഹാസ്യരാകുകയും ചെയ്തു. ഇതിനിടെ പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞ കേസിന് അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ ഒക്ടോബര്‍ 17ന് പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം ഇയാള്‍ ജയില്‍ മോചിതനായെങ്കിലും ഒക്ടോബര്‍ 28ന് വീണ്ടും അറസ്റ്റിലായി. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഈ അറസ്റ്റ്. രാഹുലിന്റേത് കലാപത്തിനുള്ള ആഹ്വാനമായാണ് കണക്കാക്കപ്പെട്ടത്.

ചിത്തിര ആട്ടത്തിന് നട തുറന്ന നവംബര്‍ അഞ്ചിനും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ബിജെപിയും സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധങ്ങളും സമരങ്ങളും തുടര്‍ന്നു. നിരോധനാജ്ഞ ലംഘിക്കുന്നതിനായി ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ കൂട്ടത്തോടെയെത്തുകയും ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പേരക്കുട്ടിയുടെ ചോറൂണിന് വന്ന തൃശൂര്‍ സ്വദേശിയായ ലളിതയെന്ന സ്ത്രീയ്ക്ക് നേരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആക്രമണമുണ്ടായി. മണ്ഡലക്കാലം ആരംഭിച്ച നവംബര്‍ 17നും സന്നിധാനത്തെ സംഘര്‍ഷാവസ്ഥ തുടര്‍ന്നു. അന്ന് രാവിലെ തന്നെ ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയെ നിരോധനാജ്ഞയുടെ പേരില്‍ അറസ്റ്റ് ചെയ്തതോടെ പുലര്‍ച്ചെ മൂന്ന് മണിക്ക് ഹിന്ദു ഐക്യ വേദി അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപി ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളെ വലച്ച ഈ അപ്രതീക്ഷിത ഹര്‍ത്താലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തൊട്ടടുത്ത ദിവസം തന്നെ ശബരിമലയില്‍ ദര്‍ശനത്തിനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമായി എത്തിച്ചേര്‍ന്ന കെ സുരേന്ദ്രനും ഇരുമുടിക്കെട്ടുമായി അറസ്റ്റിലായി. തുടര്‍ന്ന് ബിജെപി പ്രതിഷേധ ദിനം ആചരിച്ചു. അതോടെ സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതൃത്വമില്ലാത്ത അവസ്ഥയാണ് ബിജെപിക്കുണ്ടായത്.

അടുത്ത ഊഴം മറ്റൊരു ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണന്റേതായിരുന്നു. നവംബര്‍ 21ന് ശബരിമലയിലെത്തിയ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പമാണ് എഎന്‍ രാധാകൃഷ്ണന്‍ എത്തിയത്. എന്നാല്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാലും മണ്ണിടിച്ചില്‍ മുന്നറിയിപ്പുള്ളതിനാലും ഇവരുടെ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര നിലപാടെടുത്തു. ഗതാഗതപ്രശ്‌നത്തിന്റെയും അപടകട സാധ്യതയുടെയും ഉത്തരവാദിത്വം മന്ത്രി ഏറ്റെടുത്താല്‍ വാഹനങ്ങള്‍ കടത്തിവിടാമെന്ന് എസ് പി നിലപാടെടുത്തതോടെ മന്ത്രി പിന്‍വലിഞ്ഞു. എന്നാല്‍ തങ്ങളുടെ കേന്ദ്രമന്ത്രിയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് എ എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ മന്ത്രിക്ക് നേരെ തിരിഞ്ഞു.

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഡിസംബര്‍ മൂന്നിനാണ് ഇന്ന് അവസാനിപ്പിക്കുന്ന ബിജെപി സമരത്തിന്റെ ഇപ്പോഴത്തെ ഘട്ടം ആരംഭിച്ചത്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, യുവതികള്‍ പ്രവേശിച്ചുള്ള ആചാരലംഘനം നടക്കില്ലെന്ന് ഉറപ്പ് നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിന്റെ ഒരു ഭാഗം കയ്യേറി ബിജെപി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. എഎന്‍ രാധാകൃഷ്ണനാണ് സമരത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ സമരത്തെ തീര്‍ത്തും അവഗണിക്കുന്ന മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെ 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കെ സുരേന്ദ്രന്‍ ഡിസംബര്‍ എട്ടിന് ജയില്‍ മോചിതനായി. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.

രണ്ട് ദിവസത്തിന് ശേഷം എഎന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുവമോര്‍ച്ച മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാര്‍ച്ചിന് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ കസേരയും കല്ലുമായി പോലീസിനെ നേരിട്ട യുവമോര്‍ച്ചകരുടെ കല്ലേറിലാണ് ഈ സ്ത്രീക്ക് പരിക്കേറ്റതെന്ന് പിന്നീട് തെളിഞ്ഞു. നിരാഹാരത്തിന്റെ ഏഴാം ദിവസം എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സി കെ പത്മനാഭന്‍ നിരാഹാരം അനുഷ്ഠിക്കുന്നതിനിടെയില്‍ തിരുവനന്തപുരം പേരൂര്‍ക്കട മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ സമരപ്പന്തലിന് മുന്നില്‍ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി മരിച്ചതാണ് വലിയ വാര്‍ത്തയായത്. സര്‍ക്കാരിന്റെ ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞു പരത്തിയ ബിജെപി നേതൃത്വം ഇതിന്റെ പേരില്‍ ഡിസംബര്‍ 14ന് ഹര്‍ത്താലും പ്രഖ്യാപിച്ചു. എന്നാല്‍ അപ്പോഴേക്കും വേണുഗോപാലന്‍ നായര്‍ കുടുംബപ്രശ്‌നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്തതെന്ന മരണമൊഴി പുറത്തു വന്നതോടെ. അതോടെ ബിജെപി നടത്തിയ മറ്റൊരു അനാവശ്യ ഹര്‍ത്താല്‍ കൂടി ജനങ്ങളെ പ്രകോപിതരാക്കി. ഇനി ഏത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചാലും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കോഴിക്കോട് മിഠായി തെരുവിലെയും തിരുവനന്തപുരം ചാലയിലെയും വ്യാപാരി വ്യവസായികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സികെ പത്മനാഭന്‍ ഒമ്പത് ദിവസം നിരാഹാരം അനുഷ്ഠിച്ചതോടെ ആരോഗ്യസ്ഥിതി മോശാവസ്ഥയിലെത്തി. നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ ശോഭാ സുരേന്ദ്രന്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ശോഭയുടെ നിരാഹാരം തുടരുന്നതിനിടെയില്‍ തന്നെ എന്തിനാണ് ഈസമരം ഇനിയും തുടരുന്നതെന്ന ചോദ്യമുയര്‍ന്നിരുന്നു. സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണമുണ്ടാക്കാത്ത സാഹചര്യത്തില്‍ എത്രനാള്‍ ഈ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക നേതൃത്വത്തില്‍ തന്നെയുണ്ടായി. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത സൃഷ്ടിക്കാനാണ് ഇത് സഹായിച്ചത്. ഇതിനിടെ ചില ബിജെപി നേതാക്കള്‍ ശോഭ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്നും ഇറങ്ങിപ്പോയി സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സമരം പരാജയമാണെന്ന് അവരുടെ വാക്കുകളിലും വ്യക്തമായിരുന്നു. പതിനാല് ദിവസത്തേക്ക് എന്ന് പറഞ്ഞ് ആരംഭിച്ച സമരമാണ് ഇതെന്ന് അവര്‍ വെളിപ്പെടുത്തി. ഓരോ ദിവസവും ഓരോ ജില്ലയില്‍ നിന്നും രണ്ടായിരം പേരെയും തിരുവനന്തപുരം ജില്ലയിലെ ഓരോ താലൂക്കുകളില്‍ നിന്നും ആയിരം പേരെയും പങ്കെടുപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്ന സമരത്തില്‍ ഒരു ദിവസം നൂറ് പേര്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് ഇവര്‍ വെളിപ്പെടുത്തി.

ശോഭയുടെ നിരാഹാരം പത്താം ദിവസത്തിലെത്തിയപ്പോള്‍ അവരുടെ ആരോഗ്യസ്ഥിതിയും മോശമായതോടെ ഡിസംബര്‍ 28ന് അവരെയും അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ ഇതിനിടെ മനിതി സംഘം ശബരിമല സന്ദര്‍ശിക്കാനെത്തിയതോടെ സമരപ്പന്തലില്‍ വീണ്ടും ആവേശം ഉണര്‍ന്നിരുന്നു. ആചാര ലംഘനം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അതിനാല്‍ സമരം അവസാനിപ്പിക്കരുതെന്നുമുള്ള വിശ്വാസം സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു. ബിജെപി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി തെളിക്കലിന് ശേഷമാണ് ശോഭയുടെ നിരാഹാരം അവസാനിപ്പിച്ചത്. അതോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് നിന്നുള്ള നേതാവുമായ എന്‍ ശിവരാജനായി നിരാഹാര സമരത്തിന്റെ നേതൃത്വം. ഇതിനിടെ ജനുവരി ഒന്നിന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത വനിതാ മതില്‍ വിജയകരമായി നടന്നു. പിറ്റേന്ന് ജനുവരി രണ്ടിന് ശബരിമലയില്‍ ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നീ യുവതികള്‍ പ്രവേശിച്ചതായി വാര്‍ത്ത പുറത്തുവന്നു. ഇതിന്റെ തെളിവുകളും പുറത്തുവന്നതോടെ ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന് ഉറപ്പായി. അതോടെ ബിജെപിയുടെ സമരവും പരാജയപ്പെട്ടു.

എന്നാല്‍ ജനുവരി രണ്ടിനും പിറ്റേന്ന് അയ്യപ്പ കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനും പരക്കെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്. ഒട്ടനവധി ബിജെപി പ്രവര്‍ത്തകരാണ് ഈ അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായത്. ശിവരാജന് ശേഷം മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റായ പിഎം വേലായുധനും അതിന് ശേഷം മഹിളാമോര്‍ച്ചാ നേതാവ് വി ടി രമയും ഏറ്റവും ഒടുവില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും സമരം ഏറ്റെടുത്തു. ജനുവരി 18നാണ് കൃഷ്ണദാസ് നിരാഹാരം ആരംഭിച്ചത്. ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് വ്യക്തമായപ്പോഴും യുവതീപ്രവേശന വിധി സുപ്രിംകോടതി പുനഃപരിശോധിക്കുന്ന ജനുവരി 22 വരെ സമരം തുടരുമെന്നാണ് ബിജെപി നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ജനുവരി 22ന് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതിനിടെ മകരജ്യോതി ദര്‍ശനത്തിന് പിന്നാലെ ശബരിമലയിലെ നിരോധനാജ്ഞ ജില്ലാ നേതൃത്വം നീക്കുകയും ചെയ്തു.

നാളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സമരം അവസാനിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്ന ശബരിമലയിലെ ആചാര ലംഘനം തടയാനോ നിരോധനാജ്ഞ നീക്കാനോ ഈ സമരത്തിന് സാധിക്കാതെയാണ് സമരം അവസാനിക്കുന്നത്. സമരം പൂര്‍ണ വിജയമായില്ലെന്ന് ശ്രീധരന്‍ പിള്ള തന്നെ അംഗീകരിക്കുകയും ചെയ്തു. ശബരിമല സമരത്തിലൂടെ തങ്ങള്‍ മുന്നോട്ട് വച്ച ആശയം ജനങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ തുടര്‍ച്ചയായ ഹര്‍ത്താലില്‍ വലഞ്ഞ ജനം തങ്ങളെ ഏത് വിധത്തിലായിരിക്കും ഉള്‍ക്കൊണ്ടതെന്ന ആശങ്കയും അവരുടെ വാക്കുകളില്‍ തന്നെയുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍