ട്രെന്‍ഡിങ്ങ്

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

സമീപ കാലത്ത് രാധാകൃഷ്ണന്‍ വിവാദങ്ങളുണ്ടാക്കിയ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്

ഇന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമല കയറാനെത്തിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷണനെ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ പിന്നാലെ നടന്ന് ഗുണ്ടായിസം കാണിക്കുന്ന കൊച്ചിന്‍ ഹനീഫയായാണ് ട്രോളര്‍മാര്‍ രാധാകൃഷ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയോട് അദ്ദേഹത്തിന്റെ വാഹനം ശബരിമലയിലേക്ക് കടത്തിവിട്ടാല്‍ മറ്റ് വാഹനങ്ങളും കടത്തിവിടേണ്ടി വരുമെന്നും അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിക്കുന്നത്. അതേസമയം ഞങ്ങളുടെ മന്ത്രി നിങ്ങള്‍(You) എന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറുന്നത്. മന്ത്രിയോട് വിനീതമായ ഭാഷയില്‍ മാത്രം സംസാരിച്ച യതീഷ് ചന്ദ്ര വേഗം തിരിഞ്ഞു നില്‍ക്കുകയും രാധാകൃഷ്ണനെ രൂക്ഷമായി നോക്കുകയുമായിരുന്നു. ഇതോടെ നോക്കി പേടിപ്പിക്കണ്ടെന്നായി രാധാകൃഷ്ണന്റെ നിലപാട്. സമീപ കാലത്ത് രാധാകൃഷ്ണന്‍ വിവാദങ്ങളുണ്ടാക്കിയ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്.

യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നാണ് രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. നിലയ്ക്കലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതാണ് രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ചെയ്ത തെറ്റ്. പോലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ സുരേന്ദ്രനെയും കെ പി ശശികലയെയും മറ്റ് ബിജെപി, ആര്‍എസ്എസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. കോടതിയില്‍ ബിജെപി സര്‍ക്കുലര്‍ എന്ന് പറഞ്ഞ് ഹാജരാക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ അഡ്വക്കറ്റ് ജനറലാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി അറബിക്കടലില്‍ എറിയുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ രാധാകൃഷ്ണന്റെ പ്രസ്താവന. ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ട. പിണറായിക്ക് കാറില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും. എന്നിങ്ങനെയായിരുന്നു രാധാകൃഷ്ണന്റെ വെല്ലുവിളികള്‍. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വൈറ്റിലയില്‍ നടത്തിയ റോഡ് ഉപരോധത്തിലായിരുന്നു ഈ പ്രതികരണം.

കേരളത്തിലെ ജനങ്ങള്‍ വളര്‍ത്തു നായയ്ക്ക് പിണറായി വിജയന്റേ പേരിട്ടാല്‍ ഉത്തരവാദിയല്ലെന്നാണ് ഈ മാസം തുടക്കത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ബിജെപി ശബരിമല വിഷയത്തില്‍ നടത്തിയ രഥയാത്രയുടെ കണ്ണൂരിലെ സ്വീകരണത്തിലാണ് രാധാകൃഷ്ണന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്. ഒരു ഭരണസംവിധാനം മുഴുവന്‍ അയ്യപ്പ വിശ്വാസികള്‍ക്കെതിരെ നീങ്ങുകയാണ്. അയ്യപ്പ ഭക്തരുടെ ഹൃദയം നുറുക്കി അവരെ അപമാനിച്ച് മുന്നേറുകയാണ് പിണറായി വിജയന്‍. ഒരു കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും തകര്‍ത്തപ്പോള്‍ അക്കാലത്ത് വിശ്വാസികള്‍ അവരുടെ വളര്‍ത്തു നായകള്‍ക്ക് ടിപ്പു എന്നാണ് പേരിട്ടത്. അധികകാലം കഴിയുന്നതിന് മുമ്പ് കേരളത്തിലെ കുടുംബങ്ങളില്‍ വളര്‍ത്തു നായകള്‍ക്ക് മുഖ്യമന്ത്രിയുടെ പേരിട്ടാല്‍ അതിന് ഞങ്ങളാരും ഉത്തരവാദികളായിരിക്കില്ല. എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം.

നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയിലേക്ക് പാസ്സിലാതെ പോകാനായിരുന്നു എ എന്‍ രാധാകൃഷ്ണന്റെ മറ്റൊരു ആഹ്വാനം. പൊലീസിനെ വെല്ലുവിളിച്ചാണ് രാധാകൃഷ്ണന്‍ ഈ ആഹ്വാനം നടത്തിയത്. തീര്‍ത്ഥാടകരാരും പാസ് വാങ്ങരുതെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിക്കാനാണ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ഭീഷണി പ്രസംഗവും രാധാകൃഷ്ണന്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും ആക്ഷേപിച്ചും ആലപ്പുഴയിലായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പ്രസംഗം. വിശ്വാസി സമൂഹത്തെ വേദനപ്പിക്കും വിധത്തില്‍ സംസാരിച്ച മന്ത്രി ജി സുധാകരനെ കെകാര്യം ചെയ്യാന്‍ ആളില്ലേയെന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പിടിച്ചു പറിക്കാരനാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പ്രളയ സംഭാവന പിരിക്കാന്‍ വിദേശത്ത് പോയ മന്ത്രിമാരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ആലോചിക്കുമെന്നാണ് ഇയാള്‍ പറഞ്ഞത്.

നിരപരാധികളെ കൊന്നൊടുക്കിയ ചെഗുവേരയുടെ ഫോട്ടോ കേരളത്തിലെ ഗ്രാമങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് കഴിഞ്ഞവര്‍ഷം രാധാകൃഷ്ണന്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐക്കാരെക്കൊണ്ട് തന്നെ ഈ കശ്മലന്റെ ചിത്രങ്ങള്‍ എടുത്തുമാറ്റിക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ മറ്റൊരു വെല്ലുവിളി. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലെന്നും രാജ്യം വിടണമെന്നും എ എന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

പിണറായിക്ക് കാക്കിയിട്ട തെരുവു ഗുണ്ട, വിഎസിന് ഭ്രാന്തന്‍ നായ; ആരാണ് യതീഷ് ചന്ദ്ര?

ചെന്നിത്തലയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന യതീഷ് ചന്ദ്രക്ക് കറുത്ത ആളുകളോട് അവജ്ഞ; മന്ത്രിയോട് കാട്ടിയത് അപമര്യാദ: എ എന്‍ രാധാകൃഷ്ണന്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍