UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: 68 ദിവസത്തിനുള്ളില്‍ ബിജെപിയുടെ 5 ഹര്‍ത്താലുകള്‍, പൊറുതിമുട്ടി ജനം; വ്യാപാര, ടൂറിസം മേഖലയിലും ഇടിവ്

അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

68 ദിവസത്തിനുള്ളില്‍ അഞ്ച് ഹര്‍ത്താലുകള്‍. അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ നട്ടംതിരിഞ്ഞ് ജനം. ഒക്ടോബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 14 വരെ അഞ്ച് ഹര്‍ത്താലുകളാണ് കേരളത്തില്‍ ബിജെപി നടത്തിയത്. ജന ജീവിതം സ്തംഭിപ്പിച്ചുകൊണ്ട് നടത്തിയ അഞ്ച് ഹര്‍ത്താലുകളും ശബരിമല വിഷയത്തില്‍.

ഒക്ടോബര്‍ ഏഴിനായിരുന്നു പത്തനംതിട്ട ജില്ലയില്‍ ശബരിമലവിഷയത്തില്‍ ആദ്യ ഹര്‍ത്താല്‍. പിന്നീട് 26 ദിവസങ്ങള്‍ കഴിയുമ്പോള്‍ അയ്യപ്പ ദര്‍ശനത്തിനായി പോയ ശിവദാസന്‍ ളാഹയ്ക്ക് സമീപം മരിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ അടുത്ത ഹര്‍ത്താല്‍. 15 ദിവസം കഴിയുമ്പോള്‍ സംസ്ഥാനമൊട്ടാകെ ബിജെപി വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധ സൂചകമായായിരുന്നു അന്നത്തെ ഹര്‍ത്താല്‍. രാത്രിയില്‍ ശശികലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. 24 ദിവസം പിന്നിട്ടപ്പോള്‍ ശബരിമല വിഷയത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചു എന്നാരോപിച്ച് വീണ്ടും തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.

സെക്രട്ടറിയേറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായാണ് ഇന്ന് സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ നടത്തുന്നത്. “ഹര്‍ത്താലുകള്‍ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കും. എന്നാല്‍ ചില ഹര്‍ത്താലുകള്‍ അനിവാര്യമാണ്” എന്നാണ് ജനജീവിതം ദുസ്സഹമാക്കി അടിക്കടി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളോട് ബിജെപി നേതാവ് സി കെ പത്മനാഭന്‍ പ്രതികരിച്ചത്. ജീവിതം മടുത്തിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്ന സാഹചര്യത്തില്‍ ബിജെപി ഹര്‍ത്താല്‍ പിന്‍വലിക്കുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കില്ലെന്നും സഹകരിക്കണമെന്നുമാണ് ബിജെപി ജനങ്ങളോട് ആവശ്യപ്പെട്ടത്.

ബലിദാനികള്‍ക്കുള്ള നീക്കം നടക്കാത്തതിന്റെ നൈരാശ്യമാണ് ബിജെപി ഹര്‍ത്താല്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചു. “ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും പോലീസിന്റെ സംയമനവും കാരണം നടക്കാതെ വന്നതിന്റെ നൈരാശ്യമാണ് അനാവശ്യ ഹര്‍ത്താലുകളിലൂടെ ബിജെപി സംസ്ഥാന നേതൃത്വം പ്രകടമാക്കുന്നത്”, കടകംപള്ളി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകളോ സ്വകാര്യ ബസുകളോ സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍വീസ് നടത്തണ്ട എന്ന തീരുമാനത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇതിനിടെ പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കെഎസ്ആര്‍ടി സി ഡിപ്പോയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തകര്‍ത്തു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്.

അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷകളും. ഇന്ന് നീറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അഖിലേന്ത്യാ പരീക്ഷകള്‍ക്കെത്തുന്നവര്‍ വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ വേണ്ടത്ര വാഹന സര്‍വീസുകള്‍ പോലുമില്ലാത്തതിനാല്‍ നീറ്റ് പരീക്ഷയെഴുതാന്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്തിപ്പെടാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ പലരും കുടുങ്ങിയിരിക്കുകയാണ്. സ്‌കൂള്‍, കോളേജ് സര്‍വകലാശാലാ തലങ്ങളില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കീമോ ചികിത്സയ്ക്കും മറ്റുമായും എത്തിയ രോഗികള്‍ ഉള്‍പ്പെടെ റെയില്‍വേസ്റ്റേഷനുകകളിലും ബസ് സ്റ്റാന്‍ഡഡുകളിലും കുടങ്ങിയിരിക്കുകയാണ്.

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബിജെപി ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. “തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണ്. മണ്ഡലകാലം തുടങ്ങിയതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ബിജെപി മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അര്‍ധരാത്രി കഴിഞ്ഞിട്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയത്. പ്രാദേശികമായി മറ്റുപല ഹര്‍ത്താലുകളും ഇതിനിടയില്‍ ബിജെപി നടത്തി. അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബിജെപി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.”

കടകള്‍ അടപ്പിക്കാനും വഴി തടയാനും അനുവദിക്കരുതെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പലയിടത്തും കടകള്‍ തുറന്നിട്ടില്ല. ഹര്‍ത്താല്‍ തള്ളിക്കളയണമെന്നും കടകള്‍ തുറക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിരുന്നു. “മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം ഹര്‍ത്താലുകള്‍ വ്യാപാര മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം വിവരണാതീതമാണ്. വെള്ളപ്പൊക്ക ദുരിതവും സാമ്പത്തിക മാന്ദ്യവും മൂലം പ്രതിസന്ധി നേരിടുന്ന വ്യാപാര വാണിജ്യ മേഖലയ്ക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നതാണ് ഹര്‍ത്താല്‍” എന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ എംഎല്‍എയും സെക്രട്ടറി ഇ എസ് ബിജുവും പ്രതികരിച്ചിരുന്നു.

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറി വരുന്ന ടൂറിസം മേഖലയെയും സീസണ്‍ കാലയളവില്‍ അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

ശബരിമല ബിജെപിയെ രക്ഷിക്കുമോ? മൂന്ന് മാസത്തിനുള്ളില്‍ നടത്തുന്നത് അഞ്ചാമത്തെ ഹര്‍ത്താല്‍

ഹര്‍ത്താല്‍ അക്രമാസക്തം: പുലര്‍ച്ചെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍