TopTop
Begin typing your search above and press return to search.

ബിജെപി നേതാക്കളോട് ഒരു കുമ്പളങ്ങി ഡയലോഗ്; 'ഇതെന്തൊരു പ്രഹസനമാണ്?'

ബിജെപി നേതാക്കളോട് ഒരു കുമ്പളങ്ങി ഡയലോഗ്; ഇതെന്തൊരു പ്രഹസനമാണ്?

കാശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ രാജ്യത്തെ 40 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പകരം ചോദിക്കണമെന്ന് ആവശ്യപ്പെട്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ആക്രമണത്തിന് തൊട്ടുപിന്നാലെ വിഷയം ദേശീയവികാരമാണെന്നും അതിനാല്‍ തന്നെ ഇതില്‍ രാഷ്ട്രീയം കാണാതെ രാജ്യം ഒരുമിച്ച് നില്‍ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന ബിജെപിയും ആവശ്യപ്പെട്ടത്.

എന്നാല്‍ ഭീകരാക്രമണത്തിലും സൈനികരുടെ മരണത്തിലും ആദ്യം രാഷ്ട്രീയം കലര്‍ത്തിയത് ബിജെപി തന്നെയാണ്. പുല്‍വാമയില്‍ ചാവേറായ ആദില്‍ അഹമ്മദ് ഉത്തര്‍പ്രദേശിലെ റാലിയില്‍ രാഹുലിനൊപ്പം എന്ന് പറഞ്ഞുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു. പിന്നീട് ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ ബിജെപിയുടെ മറ്റൊരു വ്യാജപ്രചരണം കൂടി വെളിച്ചത്ത് വന്നു. അതോടെ ആരാണ് ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതെന്ന ചോദ്യവും ഉയര്‍ന്നു. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മറ്റൊരു ചിത്രമായിരുന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റേത്. സൈനികരുടെ മൃതദേഹങ്ങള്‍ക്കരികെ ഓടിയെത്തിയ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചുമതലയാണ് നിര്‍വഹിച്ചത്. എന്നാല്‍ സൈനികരിലൊരാളുടെ മൃതദേഹം അടങ്ങുന്ന ശവമഞ്ചം ചുമക്കുന്നതിന്റെ ചിത്രമാണ് പ്രചരിച്ചത്. സൈനികരുടെ ഭൌതിക ശരീരം ഏറ്റുവാങ്ങുന്നതും അത് ചുമക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ ചുമതലയുടെ ഭാഗമാണ്. എന്നാല്‍ അതിന്റെ ചിത്രമെടുത്ത് പ്രചരിപ്പിക്കുന്നതിനെ സദുദ്ദേശപരമായി കാണാനാകില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

അടുത്ത ഊഴം വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജിന്റേതായിരുന്നു. മരിച്ച ഒരു ജവാന്റെ ശവമഞ്ചവുമായി ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ നടത്തിയ വിലാപയാത്ര റോഡ് ഷോയാക്കി മാറ്റുകയായിരുന്നു ഇയാള്‍. ഉന്നാവോ സ്വദേശിയായ അജിത്കുമാര്‍ ആസാദ് എന്ന സൈനികന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയായിരുന്നു അത്. ട്രക്കില്‍ കയറിയ സാക്ഷി മഹാരാജ് വെളുക്കെ ചിരിച്ചും ആളുകളെ കൈവീശി കാണിച്ചും മറ്റുമാണ് ഈ വിലാപയാത്രയെ ആഘോഷമാക്കിയത്. ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലേതിന് സമാനമായിരുന്നു ഇയാളുടെ പ്രകടനം. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഇതിന്റെ വീഡിയോ ട്വിറ്ററിലിട്ടതോടെ അതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സാക്ഷി മഹാരാജിന്റെ മര്യാദയില്ലായ്മ തന്നെയാണ് എല്ലാവരും ചര്‍ച്ച ചെയ്തത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇത്തരത്തില്‍ ഔചിത്യമില്ലായ്മയിലൂടെ വിമര്‍ശിക്കപ്പെട്ടു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വസന്തകുമാറിന്റെ മൃതദേഹം വയനാട്ടിലെ വീട്ടിലെത്തിച്ചപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ കണ്ണന്താനം സെല്‍ഫിയെടുക്കുകയും സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ മര്യാദയില്ലായ്മയെക്കുറിച്ച് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുകയാണ്. സംഭവം വിവാദമായതോടെ കണ്ണന്താനം ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും പലരും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും കണ്ണന്താനത്തിന്റെ സെല്‍ഫി ഫോട്ടോയും പലരും പ്രചരിപ്പിച്ചിരുന്നു. അതോടെ അത് സെല്‍ഫിയല്ലെന്നും താന്‍ സെല്‍ഫിയെടുക്കാറില്ലെന്നുമുള്ള വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തി. മരണവീട്ടില്‍ നിന്നും താന്‍ തിരികെ നടക്കുമ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമാണ് അതെന്നും അദ്ദേഹം തന്റെ പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് അത് അയച്ചുകൊടുത്തപ്പോള്‍ തങ്ങള്‍ പ്രസിദ്ധീകരിച്ചതാണെന്നുമായിരുന്നു വിശദീകരണം.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സൈനികര്‍ മരിച്ച വിവരം അറിഞ്ഞിട്ടും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തുവെന്ന വിമര്‍ശനം നേരിടുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണ വാര്‍ത്ത അറിഞ്ഞിട്ടും മണിക്കൂറുകള്‍ക്ക് ശേഷം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതും ഇന്ത്യന്‍ റെയില്‍വേ സംഘടിപ്പിച്ച വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതുമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. അതേസമയം കേന്ദ്രം വിളിച്ചു ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തതുമില്ല. പുല്‍വാമ ആക്രമണത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതും ബിജെപി എംപി മനോജ് തിവാരി അലഹബാദിലെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്. പരിപാടിയില്‍ ആടിയും പാടിയും തകര്‍ത്ത തിവാരി വോട്ട് പിടിത്തത്തിനും മുതിര്‍ന്നു.

മരിച്ച സൈനികരെ ഓര്‍ത്ത് രാജ്യസ്‌നേഹത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കുമ്പോഴാണ് ബിജെപി നേതാക്കളുടെ ഈ പ്രവര്‍ത്തികള്‍. അതും ഈ ഭീകരാക്രമണത്തിന്റെ പേരില്‍ ദേശീയ സുരക്ഷയെന്നും ദേശസ്‌നേഹമെന്നുമൊക്കെയുള്ള വികാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ബിജെപി തന്നെ ശ്രമിക്കുമ്പോള്‍. ഭീകരാക്രമണത്തില്‍ മരിച്ച സൈനികരെ ഓര്‍ത്ത് രാജ്യമൊന്നാകെ കരയുമ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ വെറും പ്രഹസനങ്ങളാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.


Next Story

Related Stories