TopTop
Begin typing your search above and press return to search.

സംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുന്നത് മാന്യമായ രാഷ്ട്രീയമല്ലെന്ന് കുമ്മനത്തോട് പിണറായി

സംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുന്നത് മാന്യമായ രാഷ്ട്രീയമല്ലെന്ന് കുമ്മനത്തോട് പിണറായി
കുമ്മനത്തിന്റെ യാത്രയില്‍ കേരള ജനതയുടെ വികസനത്തെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന ചര്‍ച്ചയെക്കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കൈ വെട്ടിയെടുക്കുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബി ജെ പി-ആര്‍ എസ് എസ് നേതൃത്വം 'അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെ'ക്കുറിച്ചു പറഞ്ഞു തുടങ്ങിയതില്‍ സന്തോഷമുണ്ട്. വികസന വിഷയത്തില്‍ സംവാദത്തിനു തയ്യാറുണ്ടോ എന്ന ബിജെപി ദേശീയ അധ്യക്ഷന്റെ വെല്ലുവിളി കേരളം സര്‍വാത്മനാ ഏറ്റെടുത്തിട്ടുണ്ട്. ആ സംവാദത്തിനു അമിത് ഷായെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബിജെപിയില്‍ നിന്നുണ്ടാകുന്നത്.

രാഷ്ട്രപതിയും നിരവധി കേന്ദ്ര മന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെക്കുറിച്ചു ഇവിടെ വന്ന് മതിപ്പു പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബിജെപി എംഎല്‍എക്കോ ഇവിടെ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ അംഗത്തിനോ കേരളം നേടിയ പുരോഗതിയെക്കുറിച്ച് സംശയം ഇല്ല എന്നുമാത്രമല്ല, അവര്‍ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ച് ഈ സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ബിജെപി നേതൃത്വമാണ് ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങള്‍ ഉന്നയിപ്പിച്ചത്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബി ജെപി സംസ്ഥാന അധ്യക്ഷന്‍ തയാറാകണം.

പതിനഞ്ചു ദിവസം നടത്തിയ യാത്ര, കേരളത്തെക്കുറിച്ച് ബിജെപി നടത്തിയ കുപ്രചാരണങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിച്ചു കൊണ്ടാണ് അവസാനിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ക്ഷണിച്ചു കൊണ്ടുവന്ന നേതാക്കള്‍ക്ക് കേരളത്തിന്റെ ശാന്തിയും ക്രമസമാധാന ഭദ്രതയും പുരോഗതിയും ബോധ്യപ്പെടുന്ന അനുഭവമാണ് ഉണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പരിപാടികള്‍ ഉണ്ടാകുമ്പോള്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധവും അറസ്റ്റുകളും മറ്റും കൊണ്ടാണ് നേരിടാറുള്ളത്. ഇവിടെ അത്തരം ഒരു നടപടിയുമില്ലാതെ സമാധാനപരമായി ഈ പ്രകോപനയാത്രക്കു പോലും കടന്നു പോകാന്‍ കഴിഞ്ഞു. കേരള സര്‍ക്കാരിന്റെയും ജനതയുടെയും ഉന്നതമായ നിലവാരമാണ് അതില്‍ പ്രകടമായത്.

വികസന ചര്‍ച്ചയെക്കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ല. ശ്രീ, കുമ്മനത്തിന്റെ യാത്രയില്‍ കേരളത്തിന്റെ വികസനത്തെ കുറിച്ചോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്ന് അറിയാന്‍ താല്പര്യമുണ്ട്. ഒന്നും പറഞ്ഞിട്ടില്ല എന്നാണു മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത്, സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും പദ്ധതികളും നികുതി വിഹിതവും കേന്ദ്രത്തിന്റെ സൗജന്യമാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ബിജെപിയില്‍ നിന്ന് ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമീപനം വ്യത്യസ്തമാണ്. കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടാന്‍ ശക്തമായി ഇടപെടുന്നതോടൊപ്പം പുരോഗതി ലക്ഷ്യമിട്ട് കേന്ദ്രവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതിനുമാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്, അതാണ് ചെയ്യുന്നതും. അത്തരം അന്തരീക്ഷം ബിജെപിക്ക് അലോസരമാകുന്നത് കൊണ്ടാണോ, കേരളത്തിന്റെ വിഷയങ്ങളുമായി ഔദ്യോഗികമായി ചെല്ലുമ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴചയ്ക്കുള്ള അനുവാദം പോലും തുടരെ നിഷേധിക്കുന്നത്? അങ്ങനെ രാഷ്ട്രീയ ശത്രുത സംസ്ഥാനത്തിനെതിരെ സൃഷ്ടിക്കാന്‍ ബിജെപി കേരളം ഘടകം ശ്രമിക്കുന്നുണ്ടോ എന്ന് പറയേണ്ടത് ശ്രീ കുമ്മനം രാജശേഖരനാണ്.

സംഘര്‍ഷം ഇല്ലാതാക്കി ശാശ്വതമായ സമാധാനം സ്ഥാപിക്കാന്‍ നിരന്തരം കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചതും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ പ്രാദേശിക തലത്തില്‍ സംവിധാനം ഒരുക്കിയതും ഈ സര്‍ക്കാരിന്റെ മുന്‍കയ്യിലാണ്. അതിന്റെ ഫലമാണ്, വന്‍പ്രകോപനം സൃഷ്ടിച്ചു മുന്നേറിയ ബിജെപി ജാഥയോട് കേരളത്തിലെ ജനങ്ങള്‍ കാണിച്ച സഹിഷ്ണുതാ പൂര്‍ണ്ണമായ സമീപനം. ആ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ മാതൃകയായി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്രീ കുമ്മനം കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെയും വേഗത്തിലും വിവിധ വകുപ്പുകളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിന് ദി കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 കൊണ്ടുവരാനുള്ള തീരുമാനം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.

കേരളം ഇന്ന് നേരിടുന്നത് ഇതുവരെ നേടിയ പുരോഗതി സംരക്ഷിക്കേണ്ടതിന്റെ വെല്ലുവിളിയല്ല അടുത്ത തലത്തിലേക്ക് അതിനെ ഉയര്‍ത്തേണ്ടതിന്റെ വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായുള്ള ആദ്യ താരതമ്യത്തില്‍ തന്നെ അത് മനസ്സിലാകും. കേരളം ഒന്നാമതാണ് എന്ന് ഓരോ കേരളീയനും പറയാന്‍ കഴിയുന്നത് വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ്. ആ യാഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടു ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് ശ്രീ കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
Next Story

Related Stories