TopTop
Begin typing your search above and press return to search.

ശബരിമല ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ? തദ്ദേശ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍

ശബരിമല ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ? തദ്ദേശ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍
'കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരിക്കും പിണറായി വിജയന്റേത്' ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച കേരള സർക്കാരിന് ബി ജെ പി സൈബർ അണികൾ നൽകിയ പ്രധാനപ്പെട്ട ഒരു വാണിംഗ് ആയിരുന്നു ഇത്. ശബരിമല സ്ത്രീ പ്രവേശനത്തിൽ പിണറായി വിജയൻറെ സർക്കാർ കൈക്കൊണ്ട നടപടികളിൽ ഒരു പരിധി വരെ പുരോഗമന സമൂഹവും, ഫെമിനിസ്റ്റുകളും, സാഹിത്യ, നിയമ രംഗത്തെ പ്രഗത്ഭരും സംതൃപ്തരാണ്. എന്നാൽ വിശ്വാസികൾ എന്ന ഒരു ഭൂരിപക്ഷം ഉണ്ടെന്നും അവർ സർക്കാരിനെ നയിക്കുന്ന സി പി എമ്മിൽ നിന്നകലുമെന്നും ഇത് വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ ബാധിക്കും എന്ന പൊതുചിന്ത ശക്തമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കാര്യത്തിൽ കേരളം പലപ്പോഴും രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ അന്ത്യ ഘട്ടത്തില്‍ നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ അതിദയനീയമായി, ഇന്ദിരാ സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും, കേരളത്തില്‍ കോണ്‍ഗ്രസ്സ് തകര്‍പ്പന്‍ വിജയം കൈവരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പു വിജയം അഘോഷിക്കാന്‍ കോൺഗ്രസ്സിനും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് തോറ്റതിലും അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടതിലും മതിമറന്നു ആഹ്ലാദിക്കാന്‍ അന്നു കേരളത്തില്‍ ഇടതുപക്ഷത്തിനും ആയില്ല എന്നത് ചരിത്രമാണ്.

വിമോചനസമരത്തിനു ശേഷം 1960-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ എം എസ് മത്സരിച്ചത് പട്ടാമ്പിയില്‍നിന്നാണ്. അന്ന് ജനസംഘവും മുസ്ളിംലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടായി ഇ എം എസിനെ എതിര്‍ത്തു. ജവഹര്‍ലാല്‍ നെഹ്റുവടക്കം ദേശീയനേതാക്കളുടെ പടതന്നെ ഇ എം എസിനെ തോല്‍പ്പിക്കാന്‍ കേരളത്തിലെത്തി. പക്ഷേ പട്ടാമ്പിയില്‍ ഇ എം എസ് വിജയിച്ചു. ഇങ്ങനെ നിർണായക സംഭവ വികാസങ്ങൾക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ പലപ്പോഴും പ്രവചനാതീതമാണ് കേരളത്തിലെ എല്ലാ മുന്നണികൾക്കും.

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എൽ ഡി എഫ് വൻ മുന്നേറ്റം ആണ് നടത്തിയിരിക്കുന്നത്. തൃശൂര്‍, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ യുഡിഎഫിന്റെ അഞ്ചും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയില്‍ യുഡിഎഫിന്റെ ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. 39 വാര്‍ഡുകളില്‍ 22 എണ്ണം എല്‍ഡിഎഫും 13 യുഡിഎഫും 2 ബിജെപിയും 2 എസ്ഡിപിഐയും നേടി.

ഒരർത്ഥത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ഇടതുപക്ഷത്തിന്റെ വാട്ടർലൂ ആകും എന്ന് പ്രവചിച്ചവർക്ക് തെറ്റി എന്ന് പറയേണ്ടി വരും. ഗ്രാസ് റൂട്ട് ലെവലിലുള്ള ജനങ്ങളുടെ രാഷ്ട്രീയ ദിശ നിർണയിക്കുന്നതിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് നിർണായക സ്വാധീനം ഉണ്ടെന്നു തന്നെ വേണം കരുതാൻ. അങ്ങനെ വരുമ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തിൽ ഇടതുപക്ഷത്തിന് പിഴച്ചില്ല എന്ന് പ്രാഥമികമായി വിലയിരുത്തേണ്ടി വരും.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ബി ജെ പിയുടെ പാർട്ടി ആസ്ഥാനം (മാരാർജി ഭവൻ) സ്ഥിതി ചെയ്യുന്ന വാർഡിൽ ബി ജെ പി നേടിയത് 7 വോട്ടുകൾ ആണ്. ഇക്കണ്ട നാമജപവും, ജനം ടിവിയും, കേന്ദ്ര നേതാക്കളും കേറി പ്രമോട് ചെയ്തിട്ടും ശ്രീധരൻ പിള്ളയുടെ സുവർണാവസരം എന്ന സ്വപ്നം പൂവണിഞ്ഞില്ല എന്ന് ചുരുക്കം.

ശബരിമല സമരം മാറ്റിയതിനെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷമായിരിക്കുന്ന അതെ സമയത്ത് ആണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. സമരം അവസാനിപ്പിച്ചോ എന്ന് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് വി മുരളീധരൻ എം പി പറയുമ്പോൾ ബി ജെ പി സമരം നിർത്തിയിട്ടില്ലെന്ന് ആവർത്തിച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും രംഗത്തുണ്ട്. കെ സുരേന്ദ്രൻ ആകട്ടെ ജയിൽ യാത്ര തുടരുകയുമാണ്.

39 ൽ 13 സീറ്റ് നേടിയ കോൺഗ്രസ്സിന് കാര്യമായി ആശ്വസിക്കാൻ വകയില്ല. ശബരിമല, പ്രളയം, പി കെ ശശി, കെ ടി ജലീൽ അടക്കം വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും ഇടതുപക്ഷത്തിന് മുകളിൽ ഒരു മേൽകൈ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ശബരിമലയിൽ ബി ജെ പിയുടെ ബി ടീം ആയി എന്ന ചീത്ത പേരും ചെന്നിത്തലയും സംഘവും സ്വന്തമാക്കി.

2019 ലോകസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഇടതുപക്ഷത്തിന് തീർച്ചയായും ഈ വിജയം ആത്മവിശ്വാസം നൽകും. കോൺഗ്രസ്സിന് ഇനിയും ജോലികൾ ബാക്കിയാണ്. സ്ഥിരം ഉടായിപ്പ് തന്ത്രങ്ങളിൽ കെട്ടി തിരിയാതെ ബി ജെ പിക്ക് ഈ പത്മവ്യൂഹത്തിൽ നിന്ന് മോചനമില്ല.

പിന് കുറിപ്പ് : വിശ്വാസികളായ ഇടത് അനുകൂലികൾ തെരഞ്ഞെടുപ്പ് ഫലം കണ്ടിട്ട് ഇങ്ങനെ ആത്മഗതം പറഞ്ഞാൽ അത്ഭുതപ്പെടേണ്ട " ദൈവം ഇല്ല പക്ഷെ അയ്യപ്പ സ്വാമിയുണ്ട്."

https://www.azhimukham.com/newswrap-bjp-changes-strategy-in-sabarimala-women-entry-protest-writes-saju/

https://www.azhimukham.com/india-farmers-will-march-to-parliament-today/

https://www.azhimukham.com/updates-ldf-victory-in-local-self-governing-bodies-byelection/

https://www.azhimukham.com/trending-bjp-gets-19-votes-in-pathanamthitta-civic-polls-even-after-sabarimala-protest/

ഗിരീഷ്‌ പി നായര്‍

ഗിരീഷ്‌ പി നായര്‍

ഖത്തറില്‍ ജോലി ചെയ്യുന്നു

Next Story

Related Stories