TopTop
Begin typing your search above and press return to search.

'രുദ്രയുടെ മാതാപിതാക്കള്‍ വഴിപിഴച്ചവര്‍, ശ്രീജിത്തിന്റെ സമരം കാശിന് വേണ്ടി'; അശ്വതി ജ്വാലയോട് പോലീസിന്റെ സദാചാര പ്രസംഗം

സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തിവന്നിരുന്ന ഒറ്റയാള്‍ സമരം സോഷ്യല്‍ മീഡിയയിലൂടെ കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തതിന് പിന്നാലെ സമരക്കാരെ ഒഴിവാക്കാന്‍ പുതിയ നീക്കങ്ങളുമായി കന്റോണ്‍മെന്റ് പോലീസ് രംഗത്തിറങ്ങിയിരിക്കുന്നതായി ആക്ഷേപം. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സമരക്കാരെക്കുറിച്ച് അപകീര്‍ത്തി പറഞ്ഞും തെറിവിളിച്ച് ഭീഷണിപ്പെടുത്തിയും ഓടിക്കാനാണ് കന്റോണ്‍മെന്റ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് പരാതി.

ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന രമ്യയുടെയും സുരേഷിന്റെയും സമരപ്പന്തലിലെത്തിയ സാമൂഹിക പ്രവര്‍ത്തക അശ്വതി(ജ്വാല ഫൗണ്ടേഷന്‍)യെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അശ്വതിക്ക് കന്റോണ്‍മെന്റ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് സമാന അനുഭവമാണ്.

ചികിത്സ പിഴവ് മൂലം എസ്എടി ആശുപത്രിയില്‍ വച്ച് മരിച്ച മലയിന്‍കീഴ് മാറനല്ലൂര്‍ സ്വദേശി രുദ്രയുടെ മാതാപിതാക്കളാണ് രമ്യയും സുരേഷും. കുട്ടിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്.

അനുജന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരം 760 ദിവസം പിന്നിട്ടപ്പോള്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും കേരള സമൂഹം ഒന്നടങ്കം ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ രുദ്രയുടെ മാതാപിതാക്കള്‍ നടത്തുന്ന സമരവും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഇന്ന് രുദ്രയുടെ മാതാപിതാക്കളുടെ സമരപ്പന്തലില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എത്തിയിരുന്നു. ഇവിടേക്ക് താന്‍ എത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പോലീസ് വാഹനത്തിലെത്തിയ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ സിഐ തന്നെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയെന്നും അശ്വതി അഴിമുഖത്തോട് പറഞ്ഞു. അറസ്റ്റ് ചെയ്യുകയല്ല, മറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്‌റ്റേഷനിലെത്തിയ തനിക്ക് സിഐയില്‍ നിന്നും ആദ്യം സദാചാര പ്രസംഗമാണ് ലഭിച്ചത്. രുദ്രയുടെ അച്ഛനും അമ്മയും വഴിപിഴച്ച് ജീവിക്കുന്നവരാണെന്നും അവിഹിതത്തിലുണ്ടായ കുട്ടിയാണ് രുദ്രയെന്നുമൊക്കെയാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സുരേഷ് റേപ്പ് കേസിലെ പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു. ശ്രീജിത്തിന്റെ സമരം കപടമാണെന്നും പണത്തിന് വേണ്ടിയാണ് ഇവിടെ കിടന്ന് സമരം ചെയ്യുന്നതെന്നും സിഐ തന്നോട് പറഞ്ഞതായി അശ്വതി വ്യക്തമാക്കി.

http://www.azhimukham.com/kerala-inadvertently-of-doctors-child-died-issue-and-couple-faces-police-case/

'മുഖ്യധാരയിലോ ടെലിവിഷന്‍ ചര്‍ച്ചകളിലോ അദ്ദേഹത്തിന് എന്നെ കണ്ട് പരിചയമില്ലായിരിക്കും. അതുകൊണ്ടായിരിക്കും അങ്ങനെയൊക്കെ എന്നോട് സംസാരിച്ചത്. ഞാന്‍ ഈ സാധാരണക്കാര്‍ക്കിടയില്‍ ദിവസവും ഇടപഴകുന്ന ഒരാളാണ്. ഇവരുടെ സമരങ്ങളുടെ നേരും നെറിവും എനിക്ക് നന്നായി അറിയാം'. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തനിക്ക് വിഷമം വന്നതെന്ന് അശ്വതി പറഞ്ഞു. 'ഞാന്‍ സുരേഷിനെയും രമ്യയെയും ന്യായീകരിച്ച് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അദ്ദേഹം അതിനെ എതിര്‍ക്കുകയും കൂടുതല്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന് മുമ്പും സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സമരക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അശ്വതി ചൂണ്ടിക്കാട്ടി. ഇത് അദ്ദേഹം സ്വന്തം തീരുമാനത്തില്‍ ചെയ്തതായിരിക്കില്ലെന്നും എവിടെ നിന്നെങ്കിലുമുള്ള നിര്‍ദ്ദേശം അനുസരിച്ചായിരിക്കും;
അശ്വതി കൂട്ടിച്ചേര്‍ത്തു.

അതേസമയം സമരക്കാരെ ഭീഷണിപ്പെടുത്തിയും അപവാദം പ്രചരിപ്പിച്ചും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സിഐയുടെ നടപടിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് എസിപി ഇടപെടുകയും സിഐ സമരക്കാരോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തതായും അശ്വതി അഴിമുഖത്തോട് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ ആരെയും പിടിച്ചു കൊണ്ടു പോയിട്ടില്ലെന്നും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് സമരം നടത്തുന്നവരുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് കിട്ടിയ ചില വിവരങ്ങള്‍ അശ്വതിയോട് പറയുക മാത്രമാണ് ചെയ്തതെന്നും കന്റോണ്‍മെന്റ് സി ഐ എം.പ്രസാദ് അഴിമുഖത്തോട് പറഞ്ഞു. തങ്ങള്‍ പങ്കുവച്ച വിവരം സോഷ്യല്‍ മീഡിയ അനുകൂലികളോടും കോണ്‍ഗ്രസ് അനുകൂലികാളയവരോടും പറയുകയും ഇവര്‍ ഇത് വിവാദമാക്കി സ്റ്റേഷനില്‍ എത്തി മുദ്രാവാക്യം വിളിക്കുകയുമാണ് ഉണ്ടായതെന്നും സി ഐ പറയുന്നു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരങ്ങളുമായി പൊലീസിന് യാതൊരു ബന്ധവുമില്ലെന്നും തങ്ങള്‍ ഈ സമരങ്ങളില്‍ ഇടപെടാറില്ലെന്നും സി ഐ എം. പ്രസാദ് അഴിമുഖത്തോട് വ്യക്തമാക്കി.

http://www.azhimukham.com/aswathy-nair-social-work-food-serving-street-people-jwala-world-food-security-day/

Next Story

Related Stories