TopTop
Begin typing your search above and press return to search.

'ബിക്കിനി കില്ലര്‍'ക്ക് മരണഭയം; ചാള്‍സ് ശോഭരാജിന് ഹൃദയശസ്ത്രക്രിയ

ലോകം ബിക്കിനി കില്ലര്‍ എന്ന പേരില്‍ പേടിയോടെ ഓര്‍ക്കുന്ന ചാള്‍സ് ശോഭരാജിന് നേപ്പാളിലെ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ഈയാഴ്ച ഹൃദയശസ്ത്രക്രിയ നടത്തും. കാഠ്മണ്ഡുവിലെ ഗംഗ്‌ലാല്‍ ഹേര്‍ട്ട് സെന്ററില്‍ ശനിയാഴ്ചയാണ് ഓപ്പണ്‍ സര്‍ജറി വഴി വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.

73കാരനായ ശോഭരാജ് 2003 മുതല്‍ കാഠ്മണ്ഡുവില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതേസമയം ഇപ്പോഴത്തെ ആരോഗ്യനിലയെ തരണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശോഭരാജ് ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. നേപ്പാളില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് പാരിസില്‍ ചെയ്യുന്നതിനേക്കാള്‍ സാധ്യത കുറവാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഏതാനും ദിവസം മുമ്പാണ് ശോഭരാജ് ജയില്‍ മുറിയില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോല്‍ ഡോക്ടര്‍മാര്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു.

നേപ്പാളില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ 3 മുതല്‍ അഞ്ച് ശതമാനം വരെ റിസ്‌ക് കൂടുതലാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ ഇത് ഒരു ശതമാനം മാത്രമാണെന്നുമാണ് ശോഭരാജ് ചൂണ്ടിക്കാട്ടുന്നത്. ഫ്രഞ്ച് പൗരനായ ശോഭരാജ് ഹൃദയശസ്ത്രക്രിയയുടെ പേരില്‍ ജയില്‍ മോചിതനാകാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ശോഭരാജിന്റെ ഒരു ഹൃദയ വാല്‍വ് പൂര്‍ണമായും തകരാറിലും മറ്റൊരു വാല്‍വ് പകുതി തകരാറിലുമാണ്.

അതേസമയം അഞ്ച് വര്‍ഷമായി ശോഭരാജിനെ ചികിത്സിക്കുന്ന ഒരു മുതിര്‍ന്ന ഡോക്ടര്‍ പറയുന്നത് ശോഭരാജിന്റെ നില ഗുരുതരമാണെന്ന് മാത്രമല്ല തീര്‍ത്തും രോഗാവസ്ഥയിലാണെന്നാണ്. അദ്ദേഹത്തിന് അടിയന്തരമായി വാല്‍വ് മാറ്റിവയ്ക്കലും ശസ്ത്രക്രിയയും വേണം. ആശുപത്രിയില്‍ പ്രവേശിച്ച സാഹചര്യത്തിലും ശോഭരാജിന്റെ നില അസ്ഥിരമായി തുടരുന്നതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്.

ഇതിനിടെ ചാള്‍സ് ശോഭരാജ് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സുഹൃത്തുക്കള്‍ വഴി ഫ്രാന്‍സിലും യുകെയിലുമുള്ള വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ചിരുന്നു. 2016 അവസാനം മുതല്‍ കാഠ്മണ്ഡു ജയിലില്‍ നിന്നും താന്‍ മോചനം പ്രതീക്ഷിക്കുകയാണെന്നും തനിക്ക് നേപ്പാളില്‍ വച്ച് എന്തെങ്കിലും സംഭവിക്കണമെന്ന് ഇവിടുത്തെ അധികൃതര്‍ ആഗ്രഹിക്കുന്നുണ്ടാകില്ലെന്നാണ്‌ പ്രതീക്ഷയെന്നുമാണ് ശോഭരാജ് പറയുന്നത്.

ശോഭരാജ്; ഇപ്പോഴത്തെ രൂപം

ജയിലില്‍ കഴിയുമ്പോള്‍ തന്റെ ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുവരുത്തുന്ന ശോഭരാജ് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലും കാഠ്മണ്ഡു ജയിലിലും തനിക്ക് ജയില്‍ സെല്ലിലേത് പോലെ ജയില്‍ ആശുപത്രിയിലും സ്വയം പാചകം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭക്ഷണ അലവന്‍സ് കൂടുതല്‍ ചോദിച്ച് അദ്ദേഹം നേപ്പാള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. തനിക്ക് ശ്വാസം മുട്ടുണ്ടെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലെത്തിയതെന്നും ശോഭരാജ് വെളിപ്പെടുത്തുന്നു. ശസ്ത്രക്രിയ അതിജീവിച്ചാല്‍ ജയില്‍ മോചനത്തിനായി വീണ്ടും അപ്പീല്‍ പോകുമെന്നും പാരിസിലെത്തയിട്ട് തനിക്ക് നിരവധി പദ്ധതികളുണ്ടെന്നുമാണ് ദ സര്‍പ്പന്റ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കൊടുംകുറ്റവാളി പറയുന്നത്.

1970കളുടെ തുടക്കത്തില്‍ രണ്ട് ഡസനോളം പേരെ കൊന്നു തള്ളിയ ശോഭരാജ് 76ലാണ് ആദ്യമായി അറസ്റ്റിലാകുന്നത്. അന്ന് സമര്‍ത്ഥമായി ജയില്‍ ചാടിയ ശോഭരാജ് ഇന്ത്യയിലെത്തിയ ഫ്രഞ്ച് ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രായേലി ടൂറിസ്റ്റിനെ കൊന്നതിനും വീണ്ടും അറസ്റ്റിലായി. 1986ല്‍ തിഹാര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ഒരുമാസത്തിന് ശേഷം വീണ്ടും പിടിയിലായി. ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച് 1997ലാണ് വീണ്ടും ജയില്‍ മോചിതനായത്.

തുടര്‍ന്ന് പാരിസില്‍ ആഡംബര ജീവിതം നയിക്കുന്നതിനിടെ 1975ല്‍ കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കക്കാരനെ വധിച്ച കേസില്‍ നേപ്പാളില്‍ വച്ച് അറസ്റ്റിലായി. 2004ലും ജയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ബ്രോണ്‍സിച്ചിന്റെ സുഹൃത്ത് ലോറന്റ് കരിയര്‍ എന്ന കനേഡിയനെ കൊന്നതും ഇയാളാണ് 2014ല്‍ തെളിഞ്ഞു. ഈ കേസിന്റെ വിചാരണ തുടരുകയാണ്.

ചാള്‍സ് ശോഭരാജിന്റെ ജീവിതത്തെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് അറിയുന്നത്. അടുത്തിടെ ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാഠ്മണ്ഡുവില്‍ നിന്നും പാരിസിലേക്ക് ഒരുമിച്ച് യാത്രചെയ്യാമെന്നും ആഴ്ചകളോളം ഒരുമിച്ച് ചെലവഴിക്കാമെന്നും ഒരു ബ്രിട്ടീഷ് ടിവി പ്രൊഡ്യൂസറുമായി ഇയാള്‍ ധാരണയായിട്ടുണ്ട്.


Next Story

Related Stories