UPDATES

ട്രെന്‍ഡിങ്ങ്

വളര്‍ന്നിറങ്ങിയ മുടിയുള്ള തല ഒരു വശം ചരിച്ച് ആ കുഞ്ഞ് ശാന്തമായി ഉറങ്ങുകയാണോ! ഏഴുവയസുകാരന്റെ മരണത്തില്‍ തേങ്ങലടക്കാനാവാതെ ആശുപത്രി പരിസരം/ വീഡിയോ

രാവിലെ മുതൽ കുട്ടിയുടെ ആരോഗ്യ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറയുന്നു.

ശനിയാഴ്ച്ച പതിനൊന്നര, കേരളം ഞെട്ടലോടെ ആ വാര്‍ത്ത കേട്ട സമയം. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരന്‍ മരിച്ചു. വാര്‍ത്ത ഔദ്യോഗികമായി പുറത്തു വന്നതോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.  ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചു കാത്തിരുന്നവരായിരുന്നു അവരെല്ലാം. പലപ്രായത്തിലുള്ളവരുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, പ്രായമായവര്‍, വീട്ടമ്മമാര്‍… ജീവിതത്തില്‍ ഒരിക്കല്‍ പോലും ആ കുഞ്ഞിനെ കണ്ടിട്ടില്ലാത്തവരായിരുന്നു അവരെല്ലാം. അവസാനമായി ഒന്നു കാണാന്‍ വേണ്ടി മാത്രമായിരുന്നു അവര്‍ എത്തിയത്.

സമാനതകളില്ലാത്ത വേദനകൾ ഏറ്റുവാങ്ങിയാണ് ആ ഏഴു വയസുകാരൻ ജീവിതത്തോട് വിടപറഞ്ഞത്. അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി പത്ത് ദിവസത്തോളമാണ് കടുത്ത വേദന സഹിച്ച് ആ കുഞ്ഞ് ‍ജീവന് വേണ്ടിമല്ലടിച്ചത്. അവസാനം ഇന്ന് ഏഴുവയസുകാരൻ മരണമടഞ്ഞപ്പോൾ മനസാക്ഷിയുള്ള മലയാളിയുടെ മനസിൽ വിങ്ങലായി ആ പിഞ്ച് കുഞ്ഞ് മാറി.

രാവിലെ മുതൽ കുട്ടിയുടെ ആരോഗ്യ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറയുന്നു. വെന്റിലേറ്ററിൽ തുടരുമ്പോഴായിരുന്നു മരണമെന്നും ഡോക്ടർമാർ പറയുന്നു.  മരണ വിവരം പതിനൊന്നരയോടെ ഔദ്യോഗികകമായി പുറത്തു വിട്ടെങ്കിലും ഇന്‍ക്വിസ്റ്റ്‌ തയ്യാറാക്കി കുഞ്ഞിന്റെ മൃതശരീരം പുറത്തു കൊണ്ടുവരുന്നത് വൈകിട്ട് മൂന്നരയോടെയായിരുന്നു. അതുവരെ എല്ലാവരും കാത്തിരുന്നു. ഈ സമയം കൊണ്ട് നൂറുകണക്കിന് പേരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. വന്നവര്‍ക്കെല്ലാം ഒരേയൊരു ആഗ്രഹം മാത്രമായിരുന്നു, ഒരു നോക്കെങ്കിലും ആ കുഞ്ഞിന്റെ മുഖമൊന്നു കാണണം. നിശബ്ദമായി, നിര്‍വികാരമായ മുഖത്തോടെ അതിനുവേണ്ടിയവര്‍ കാത്തു നിന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്റെ വേദനയായിരുന്നു ആ മനുഷ്യരുടെയെല്ലാം മൗനത്തില്‍. ആശുപത്രി ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇത്രയും ദിവസങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെങ്കിലും വെന്റിലേറ്ററില്‍ ആയിരുന്നതിനാല്‍ ആ കുഞ്ഞിനെ കണ്ടവര്‍ വളരെ കുറച്ചുപേരായിരുന്നു. അതുകൊണ്ട് തന്നെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഒറ്റ നിമിഷത്തേക്കെങ്കിലും ആ കുഞ്ഞുമുഖമൊന്നു കാണണമായിരുന്നു. അമ്മയും അമ്മുമ്മയുമടക്കമുള്ള ബന്ധുക്കള്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് പറഞ്ഞതെങ്കിലും എല്ലാവരില്‍ നിന്നും ഒഴിഞ്ഞെന്നപോലെ അവര്‍ മറ്റെങ്ങോ മാറിയിരിക്കുകയായിരുന്നു.

ഒടുവില്‍ വൈകിട്ട് മൂന്നരയോടെ മോര്‍ച്ചറിയില്‍ നിന്നും ആ ശരീരം പുറത്തു കൊണ്ടുവന്നു. വളര്‍ന്നിറങ്ങിയ മുടിയുമായി തല ഒരു വശം ചരിച്ചായിരുന്നു അവന്‍ കിടന്നിരുന്നത്. മുഖത്തെ മുറിപ്പാടുകള്‍ മറന്നു നോക്കിയാല്‍ ശാന്തമായി അവന്‍ ഉറങ്ങുകയാണെന്നോ തോന്നൂ…അവനെ കാത്തുനിന്നവര്‍ക്കു വേണ്ടി കുറച്ചു സമയം. പക്ഷേ കാണാന്‍ വന്നവര്‍ക്കൊന്നും ഒറ്റത്തവണയില്‍ കൂടുതല്‍ ആ മുഖത്തേക്ക് നോക്കാന്‍ കഴിഞ്ഞില്ല. നനഞ്ഞ കണ്ണുകളും മൗനം കനം തൂങ്ങിയ മുഖവുമായി കണ്ടുനില്‍ക്കാന്‍ ശക്തിയില്ലെന്നപോലെ തിരിച്ചു നടക്കുകയായിരുന്നു എല്ലാവരും.പിന്നീട് ആ ചെറു ശരീരവും വഹിച്ച് ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് പോയി.

"</p

കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.  സംസ്കാരം സംബന്ധിച്ച് അന്തിമ തീരുമാനം കുട്ടിയുടെ അച്ഛൻ തിരുവനന്തപുരം സ്വദേശി അന്തരിച്ച ബിജുവിന്റെ പിതാവ് ബാബു ആശുപത്രിയിലെത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.

മാർച്ച് 28 ന് പുലർച്ചെയാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടുയുടെ അമ്മയും പ്രതി അരുൺ ആനന്ദും ഏഴുവയസുകാരനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസകൾക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ജീവന് വേണ്ടി മല്ലടിച്ച് പത്ത് ദിവസം കുട്ടിയെ നേരത്തെ ആശുപത്രിയിൽ എത്തിക്കാനായിരുന്നെങ്കിൽ മെച്ചപ്പെട്ട ചികിൽസ നൽകാൻ സാധിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

 

കുട്ടിയുടെ പരിക്കിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമർദനത്തിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വഴിത്തിരിവായത് ഇളയകുട്ടിയുടെ മൊഴിയും. അമ്മയുടെ സുഹൃത്ത് സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചതെന്നും കാലിൽ പിടിച്ച് നിലത്തടിച്ചുവെന്നും ഇളയകുട്ടി മൊഴി നൽകി. ഇതു ശരിവയ്ക്കുന്നതായിരുന്നു വൈദ്യ പരിശോധനാ റിപ്പോർട്ടുകൾ ഏഴുവയസ്സുകാരന്റെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നുവെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി.

മാർച്ച് 28 വ്യാഴാഴ്ച പുലർച്ചെ ഒന്നര- കുമാരമംഗലത്തെ വാടകവീട്ടിൽ യുവതിയുടെ ഏഴും നാലും വയസ്സുള്ള 2 ആൺമക്കളെ വീട്ടിൽ തനിച്ചാക്കി പുറത്തുനിന്നു പൂട്ടി തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി യുവതിയും അരുണും ഭക്ഷണം കഴിക്കാൻ പോയി. പുലർ‌ച്ചെ മുന്നോടെ തിരിച്ചെത്തുമ്പോള്‍ 2 കുട്ടികളും ഉറങ്ങിപ്പോയിരുന്നു. ഇതിനിടെയാണ് ഇളയ കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചത് അരുണിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ മൂത്ത കുട്ടിയെ വിളിച്ചുണർത്തി ഇളയ കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ മൂത്ത കുട്ടിയെ വിളിച്ചുണർത്തി ശിക്ഷ ആരംഭിക്കുകയായിരുന്നു. ആദ്യം അടിവയറ്റിൽ ആഞ്ഞു ചവിട്ടി. ഇതോടെ കട്ടി ചുവരിൽ തലയിടിച്ചു വീണു. കുട്ടിയെ കട്ടിലിലേക്കെടുത്തു വീണ്ടും വലിച്ചെറിഞ്ഞു. അപ്പോൾ സ്റ്റീൽ അലമാരയുടെ മൂലയിലിടിച്ചു തലയോട്ടി ഒന്നരയിഞ്ച് നീളത്തിൽ പൊട്ടി. പിന്നെ കുട്ടിയുടെ തല പിടിച്ച് കട്ടിലിന്റെ കാലിൽ ഇടിപ്പിച്ചു പോലീസ് പറയുന്നു.

അവശനായി നിലത്ത് വീണ കുട്ടിയെ പലതവണ തൊഴിച്ചു, വലിച്ചിഴച്ചു, മുറികളിലെല്ലാം ചോര പടർന്നു. ഇടപെട്ട യുവതിയെയും മർദിച്ചു. ഇതിനിടെ മർദമേറ്റ് 4 വയസ്സുള്ളകുഞ്ഞിന്റെ പല്ല് ഒടിഞ്ഞു. തുടർന്നു മുറി വൃത്തിയാക്കി ഇളയ കുഞ്ഞിനെ വീണ്ടും പൂട്ടിയിട്ടു. മൂത്തകുട്ടിയെയുമായി 3.55ന് ആശുപത്രിയിലെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍