TopTop
Begin typing your search above and press return to search.

അടങ്ങു കടലേ അടങ്ങ്‌, അച്ചനാ പറയുന്നത് അടങ്ങ്‌...!

അടങ്ങു കടലേ അടങ്ങ്‌, അച്ചനാ പറയുന്നത് അടങ്ങ്‌...!
പ്രിയപ്പെട്ട, ബഹുമാന്യ സഭാ പിതാക്കന്മാർ അറിയാൻ,

ഇപ്പൊ ഇങ്ങനെ ഒക്കെ എഴുതാൻ പാടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയാന്മേല. പക്ഷെ ചില ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണെന്ന് തോന്നി. കുരിശില്‍ പിടയുന്ന നേരത്തും "കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു പൊറുക്കേണമേ"യെന്നു പ്രാര്‍ഥിച്ച ക്രിസ്തുദേവന്റെ പിന്മുറക്കാരല്ലേ നിങ്ങൾ. കർത്താവ് പറഞ്ഞത് പോലെ തന്നെ "നിങ്ങൾ ചെയ്യുന്നതെന്താണെന്ന് നിങ്ങൾ അറിയുന്നില്ല" എന്ന് ഓർമ്മിപ്പിക്കേണ്ടി വരുന്നതിന്റെ ഗതികേട് നിങ്ങൾക്കറിയുമോ?

പ്രിയപ്പെട്ട പാതിരിമാരേ. ഭിന്നിപ്പുണ്ടാക്കി കലക്കവെള്ളത്തിൽ മുതലെടുക്കാനുള്ള നിങ്ങളുടെ വ്യഗ്രത ഇവിടുത്തെ ജനം കാണുന്നുണ്ട്, അതു മറക്കണ്ട. എന്താണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. സ്വജനത്തിന്റെ ഉന്നമനമോ? അതായിരുന്നെങ്കിൽ ഒരു പതിനാറുവയസ്സുകാരൻ കുഞ്ഞാട് കടലിൽ പോകുന്നതിനു പകരം സ്കൂളിൽ പോയേനെ. അതെങ്ങനെ പഠിക്കാൻ പാടില്ലല്ലോ അല്ലെ, പഠിച്ചാൽ അവർ ശാസ്ത്രീയവും സാമൂഹികവുമായ സംശയങ്ങൾ ഉന്നയിക്കും, നിങ്ങളുടെ പൊള്ളത്തരങ്ങൾ കണ്ടെത്തും,നിങ്ങളെ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തും. നിങ്ങൾ നിങ്ങളുടെ സമൂഹത്തിന് ആവശ്യമായ ആഹാരമെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കിൽ വറുതിയിൽ കഴിയുന്ന ജനം മുന്നറിയിപ്പ് വകവച്ച് അവനവന്റെ കുടിലിൽ ഇരുന്നേനെ. ഇനിയും വിശാലമായി പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പള്ളിമുറ്റത്തുള്ള ജനം മാത്രമേ 'സ്വജനം' ആവുകയുള്ളൂ. മറ്റു ജാതിക്കാരനെയോ മതക്കാരനെയോ എന്നല്ല, മറ്റൊരു സഭക്കാരനെപ്പോലും അംഗീകരിക്കാത്ത നിങ്ങളുടെ സ്വജനപ്രേമം എന്റെ കണ്ണ് നിറയ്ക്കുന്നു.

'അക്കരയ്ക്ക് യാത്ര ചെയ്യും സിയോൺ സഞ്ചാരി ഓളങ്ങൾ കണ്ടുനീ ഭയപ്പെടേണ്ടാ' എന്ന പാട്ട് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. അത് ഉൽബോധിപ്പിച്ചാണോ നിങ്ങൾ ഇവരെ വീണ്ടും തിരച്ചിലിനായി കടലിൽ ഇറക്കിവിട്ടത്.

കടലിൽ എന്തോ തളിച്ച് കടൽ ശാന്തമാക്കുന്ന പാതിരിമാരെ കണ്ടു. പാവപ്പെട്ടവർക്ക് പ്രതീക്ഷനൽകാനും ആത്മവിശ്വാസം നൽകാനും നിങ്ങൾ ശ്രമിച്ചോളൂ, നല്ലത്, എന്നാൽ അവരെ വിശ്വാസത്തിന്റെ കവചം ഉടുപ്പിച്ച് കടലിൽ തള്ളരുത്. എന്താണ് നിങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് മരിച്ചവരെല്ലാം സർക്കാരിന്റെ അനാസ്ഥകൊണ്ട് മരിച്ചു എന്നും രക്ഷപ്പെട്ടവർ നിങ്ങളുടെ പ്രാർഥനകൊണ്ട് രക്ഷപെട്ടു എന്നുമാണോ?

ഇടയ്ക്കൊന്ന് ചോദിച്ചോട്ടെ KL 01 CD 999 എന്ന ഭാഗ്യനമ്പറിനായി എഴുപത്തയ്യായിരം മുടക്കിയ ആ വൈദികന് കർത്താവിനേക്കാൾ വിശ്വാസം സംഖ്യാ ശാസ്ത്രത്തിലാണോ?

http://www.azhimukham.com/trending-rubin-dcruz-writing-to-left-friends-on-the-issue-of-ockhi-cyclone/

നിങ്ങൾ വിശ്വസിക്കുന്ന ക്രിസ്തുദേവനും ശിഷ്യന്മാരും നിങ്ങളോടരുളി എന്ന് പറയപ്പെടുന്ന ആത്മാർഥത, മനുഷ്യത്വം എന്നിവ ഒരു നുള്ളെങ്കിലും ഉണ്ടെങ്കിൽ ഒരുതരത്തിൽ സർക്കാരിനേക്കാൾ സമ്പന്നമായ സഭ മാതൃക കാണിക്കണം. പണം കായ്ക്കുന്ന സ്കൂളുകളും കോളേജുകളും ആശുപത്രികളും ഫാമുകളും തോട്ടങ്ങളും ഉള്ള സഭ എന്തിന് സർക്കാരിനുമുന്നിൽ കൈനീട്ടണം. സഭയുടെ സ്ഥാപനങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 'കോഴ'വാങ്ങാതെ ജോലി ഉറപ്പാക്കാൻ തയാറുണ്ടോ? അവർക്കുവേണ്ട ബോട്ടുകളും വലകളും ലഭ്യമാക്കാൻ തയാറാണോ?. സർവോപരി 'സ്വ' ജനത്തിന് മാത്രമല്ല പൊതുജനത്തിനായി സംസാരിക്കാൻ ആർജ്ജവമുണ്ടോ ? നിങ്ങൾ ഇതൊന്നും ചെയ്യില്ല, അവരെപ്പിഴിയാൻ വീണ്ടും കരിസ്മാറ്റിക് ധ്യാനം നടത്തും.

നിങ്ങളുടെ മൃതദേഹവും വഹിച്ചുള്ള വിലപേശലുകൾക്ക് വിമോചന സമരകാലത്തോളം പഴക്കമുണ്ടെന്ന് ഇന്ന് പൊതുജനത്തിന് ബോധ്യമുണ്ട്. കാൽക്കോടി രൂപ നഷ്ടപരിഹാരം, ആശ്രിതർക്ക്‌ ജോലി, പരിക്കേറ്റവർക്ക്‌ അഞ്ച് ലക്ഷം, സൗജന്യ വിദ്യാഭ്യാസം, സൗജന്യ റേഷൻ തുടങ്ങി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനപ്പുറം എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടൊന്നും ഉറ്റവർ നഷ്ടപ്പെട്ടവർക്ക് ഇതൊന്നും പകരമാവില്ല എന്നറിയാം പക്ഷെ നിങ്ങളുടെ കാപട്യം പറയാതെ വയ്യ. പണ്ട് പിന്നോക്ക സമുദായ സർട്ടിഫിക്കറ്റ് കിട്ടാൻ നിങ്ങളുടെ ചാപ്പ കുത്തിയ കത്തുവേണം എന്നതുപോലെ മറ്റൊരു കടിഞ്ഞാണല്ലേ നിങ്ങൾ ആ പാവം ജനതയുടെ കഴുത്തിൽ മുറുക്കിയിരിക്കുന്നത്? സഭ നേടിക്കൊടുത്തു എന്ന് പറയാൻ മാത്രമുള്ള അഭ്യാസം.

http://www.azhimukham.com/newswrap-ockhi-tamil-fisermen-demands-replicate-kerala-compensation-package-in-tamilnadu/

മുന്നറിയിപ്പുകൾ ലാഘവത്തോടെ തള്ളിക്കളയുന്ന ജനത്തെ ഞാൻ കുറ്റം പറയില്ല, കാരണം അവർ എല്ലാംകൊണ്ടും ഭാഗ്യം ചെയ്ത കേരളത്തിലാണ് താമസിക്കുന്നത്. വലിയ ദുരന്തങ്ങൾ അവർക്കന്യമാണ്‌. യുദ്ധക്കെടുതി നേരിട്ടിട്ടില്ല, ജാതീയമായ വംശീയമായ ആക്രമണങ്ങൾ അവർ അനുഭവിച്ചിട്ടില്ല. നിങ്ങളുടെ പ്രാർഥനകൊണ്ട് കൊടുംകാറ്റു പിടിച്ചുകെട്ടി എന്ന് അവരെ തെറ്റിദ്ധരിപ്പിച്ചാലും, എങ്കിലല്ലേ കച്ചോടം തുടരാനാകൂ...!

നിങ്ങൾ എന്നാണ് നിങ്ങളിലേക്ക് ഒന്ന് നോക്കുന്നത്.

അരമനകളിൽ നിന്നും കാലെടുത്തു വയ്ക്കുന്നത് ചലിക്കുന്ന കൊട്ടാരങ്ങളിലേക്കും അവിടെനിന്നും പരവതാനികളിലേക്കുമല്ലേ. അപ്പോൾ രാഷ്ട്രീയക്കാരോ എന്ന നിങ്ങളുടെ മറുചോദ്യം ഇവിടെ അസ്ഥാനത്താവും. കാരണം ഒന്നുമല്ലെങ്കിലും അഞ്ചുവർഷം കൂടുമ്പോൾ അവർ ജനങ്ങളുടെ മുന്നിൽ ഓഡിറ്റിന് വിധേയരാകുന്നുണ്ട്. നിങ്ങളോ? ഇനി മന്ത്രിമാരെക്കുറിച്ചാണ് പറയുന്നതെങ്കിൽ അവർ ഇരുപതുപേരെ ഉള്ളു.

http://www.azhimukham.com/newswrap-ockhi-affects-coastal-ecosystem/

നിങ്ങൾ 250ൽ കുറയാതെ ബിഷപ്പുമാരില്ലേ? ക്ഷേമം അന്വേഷിക്കാൻ എത്രപേർ തിരിഞ്ഞുനോക്കി. അധികം ഉണ്ടാവില്ല കാരണം ഇവർ പട്ടിണിപാവങ്ങളായ അധ:സ്ഥിത വർഗ്ഗമല്ലേ 'നമ്പൂരി' മാരുടെ പിന്തുടർച്ചക്കാർക്ക് അയിത്തം മാറിയിട്ടില്ലലോ ...!

"ആറു ദിവസം കൊണ്ട്‌ യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി ഏഴാം ദിവസം സ്വസ്ഥമായിരിന്നു." പുറപ്പാട്‌. 20:8, 11.

ഇന്ന് നിങ്ങൾ ആ ഏഴാം ദിവസത്തെ കച്ചവടത്തിനായി കാത്തിരിക്കുന്നു.

"ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനേക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുന്നത് എളുപ്പം." ലൂക്കൊസ്. 16:17. " എന്ത് ന്യായപ്രമാണം അല്ലേ ? സൗകര്യപൂർവം സ്വന്തം ന്യായത്തിനു വളച്ചൊടിക്കുന്ന പ്രമാണമായില്ലേ ഇന്നത്തെ നിങ്ങളുടെ ന്യായപ്രമാണം ...!

http://www.azhimukham.com/offbeat-believers-of-zero-malabar-church-sanfransisco-sprotest-sajanjose/

പണ്ട് ചെയ്ത പുണ്യ പ്രവർത്തികളുടെ പട്ടികയുമായി ഈ വഴിക്കു വരണ്ട, അങ്ങനെയെങ്കിൽ പണ്ടത്തെ പാൽപ്പൊടി കഥയും വിമോചന സമര കഥയും ഒക്കെ സംസാരിക്കേണ്ടിവരും. നമുക്ക് വർത്തമാന കാലത്തിൽ നിന്നു ചർച്ചചെയ്യാം. പിന്നെ അന്യമതനാമധാരിയായ നീയാരാടാ ഞങ്ങളുടെ പരിശുദ്ധ തിരുസഭയെ വിമർശിക്കാൻ എന്നാണ് ചോദ്യമെങ്കിൽ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനത്തെ താഴെയിടാൻ വെമ്പൽകൊള്ളുന്ന നിങ്ങളെ പ്രതിരോധിക്കേണ്ടത് യഥാർഥ 'വിശ്വാസി'യായ ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്.

ഇനി നിങ്ങൾക്കു മനസ്സിലാവാൻ നിങ്ങളുടെ ഭാഷയിൽ പറയാം, ലംഘിക്കരുത്, പത്തുകല്പനകളിലെ മൂന്നാമത്തെ പ്രമാണം "കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്."

നിങ്ങളെ വെള്ളപൂശിയ ശവക്കല്ലറകൾ എന്ന് പൊതുജനം വിളിച്ചാൽ അവരെ കുറ്റം പറയരുത്...

ഹൃദയപൂർവം,
പണ്ടേ വഴിതെറ്റിയ ആടുകളിൽ ഒന്ന് ...

(ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്)

http://www.azhimukham.com/trending-ockhi-deathtoll-rises-in-tamilnadu/

രാജേഷ് കൃഷ്ണ

രാജേഷ് കൃഷ്ണ

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories