TopTop
Begin typing your search above and press return to search.

'ദി ഗിൽറ്റി': ഒരു മുറി, ഒരു ടെലിഫോൺ, ഒരു ലാപ്ടോപ്, ഒറ്റ മനുഷ്യൻ

ഒരു മുറി, ഒരു ടെലിഫോൺ, ഒരു ലാപ്ടോപ്, ഒറ്റമനുഷ്യൻ. ഒരു സിനിമയെടുക്കാൻ ഇതിൽ കൂടുതലൊന്നും ആവശ്യമില്ലെന്ന് കാണിച്ചു തന്ന സിനിമയാണ് ദി ഗിൽറ്റി. എമർജൻസി സർവീസിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനായ ഓഫീസറാണ് അസ്ഗർ. എമർജൻസി സർവീസിലേക്ക് സഹായമാവശ്യപ്പെട്ട് വരുന്ന കോളുകൾ അറ്റന്റു ചെയത് സഹായം ലഭ്യമാക്കുകയാണ് അയാളുടെ ജോലി. അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടത്. എന്നാൽ വൈകാരികമോ വ്യക്തിപരമോ ആകാതെ സൂക്ഷിക്കേണ്ടതുണ്ട് അയാൾക്ക്. എന്നാൽ ആ ദിവസം വന്ന ഒരു കോൾ ഈബൻ എന്ന സ്ത്രീയുടെ സഹായ അഭ്യർത്ഥനയാണ്. അവരെ അവരുടെ മുൻ കാമുകൻ ഒരു വാനിൽ തട്ടിക്കൊണ്ടു പോവുകയാണ്. ഈബന് എത്രയും പെട്ടെന്ന് തന്റെ വീട്ടിൽ തിരിച്ചെത്തണം. കാരണം അവളുടെ രണ്ട് ചെറിയ കുട്ടികൾ വീട്ടിലൊറ്റയ്ക്കാണ്.

ശേഖരിച്ച വിവരങ്ങൾ റസ്ക്യു ടീമിന് കൈമാറുകയാണ് അയാളുടെ ജോലി. അത് അയാൾ ചെയ്തു കഴിഞ്ഞു. അപ്പോഴാണ് വീട്ടിൽ ഒറ്റക്കായിപ്പോയ രണ്ടു കുട്ടികളെ അയാളോർക്കുന്നത്. അയാൾ ഈബന്റെ മകളെ വിളിച്ചു. അവൾ പേടിച്ചിരിപ്പാണ്. അമ്മയെ ജീവനോടെ കാണാൻ കഴിയുമോ എന്നാണ് ആ കൊച്ചുബാലികയുടെ ശങ്ക. അച്ഛൻ അമ്മയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോകുന്നതാണ് അവൾ അവസാനമായി കണ്ടത്.

അസ്ഗറിന് സംഭവങ്ങളുടെ വൈകാരികതയിൽ നിന്ന് മാറിനിൽക്കാൻ കഴിയാതായിരിക്കുന്നു. തൊഴിലിന്റെ ഭാഗമായി അയാൾ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. മറ്റു കാര്യങ്ങളിൽ തലയിടുന്നത് അധികാര ദുർവിനിയോഗമായി കണക്കാക്കപ്പെടും. അയാളുടെ ഷിഫ്റ്റ് അവസാനിച്ചിരിക്കുന്നു. എന്നാൽ നിസ്സഹായയായ ഒരു സ്ത്രീയും അവളുടെ നിഷ്കളങ്കരായ കുട്ടികളും അയാളുടെ വൈകാരികവും വ്യക്തിപരവുമായ വിഷയമാകുന്നു. അയാൾ ഓഫീസിൽത്തന്നെ തുടരുന്നു. അയാൾ ഈബനെയും അവളുടെ ഭർത്താവ് മിഖായീലിനെയും ടെലഫോണിൽ പല തവണ ബന്ധപ്പെടുന്നുണ്ട്. അതിനിടയിൽ ഇളയ കുട്ടി കൊല്ലപ്പെട്ടതായും അയാൾ മനസ്സിലാക്കുന്നു. മിഖായേലിനെ അയാൾ ചെയ്യുന്ന ക്രൈമിനെക്കുറിച്ച് ബോ‌ധമുണ്ടാക്കാനും ഈബന് സ്വയം രക്ഷപ്പെടാനുള്ള തന്ത്രങ്ങളും അയാൾ പറഞ്ഞു കൊടുക്കുന്നു.

എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. സത്യത്തിൽ മിഖായേലല്ല അക്രമണകാരി. അത് ഈബൻ തന്നെയായിരുന്നു. കടുത്ത സൈക്കിക് ആയ അവൾ ഇളയ കുഞ്ഞിനെ കൊലപ്പെടുത്തുന്നു. അവളെ ബലമായി വാനിൽ വലിച്ചു കയറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു മിഖായേൽ. അതിനിടയിലായിരുന്നു എമർജൻസി സർവീസിലേക്കുള്ള അവളുടെ വിളി. ഇപ്പോഴാകട്ടെ അസ്ഗർ പറഞ്ഞു കൊടുത്ത തന്ത്രമുപയോഗിച്ച് അവൾ രക്ഷപ്പെട്ടിരിക്കുന്നു. ഇളയ കുഞ്ഞിനെ കൊന്നത് താൻ തന്നെയാണ് എന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോൾ അവളൊരു പാലത്തിനു മുകളിലാണ്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അവളോട് സ്നേഹത്തോടെ സംസാരിക്കുകയും അവളെ ക്ഷമയോടെ കേൾക്കുകയും ചെയ്ത അസ്ഗറിനോട് അവൾക്ക് സംസാരിക്കണം. ഒരിക്കൽ കൂടി അയാൾ അവളോട് സംസാരിക്കുന്നു. അപരാധ ബോധത്തിൽ നിന്നും ആത്മഹത്യാശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ച് അവളെ സമീപിക്കുന്ന പോലീസിന് കീഴടങ്ങാൻ നിർദ്ദേശിക്കുന്നു.

ഒറ്റമുറി സിനിമകൾ നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാൽ പലപ്പോഴും അവ മുറിക്ക് വെളിയിലേക്ക് ഇറങ്ങിപ്പോവുകയോ സംഭവങ്ങളെ പിന്തുടരുകയോ ചെയ്യുന്നുണ്ട്. ദി ഗിൽറ്റി എന്ന സിനിമ. തീർത്തും വ്യത്യസ്തമാണ്. അത് സംഭവങ്ങളെക്കുറിച്ച് ആലോചിക്കുന്നേയില്ല. ടെലഫോണിൽ അങ്ങോട്ട് സംസാരിക്കുന്ന ഒരാളും ഇങ്ങോട്ട് കേൾക്കുന്ന ശബ്ദങ്ങളും മാത്രമാണ് അതിൽ ആകെയുള്ള അസംസ്കൃതവസ്തുക്കൾ. ഏതാനും പേർ കൂടി ആ ഓഫീസിനകത്തുണ്ട്. അവരും നമ്മളെപ്പോലെ കാഴ്ചക്കാർ മാത്രമാണ് പലപ്പോഴും.

യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വലിയ സത്യങ്ങളിലേക്കാണ് ഈ സിനിമ നമ്മളെ കൊണ്ടു പോകുന്നത്. സത്യമെന്നും വസ്തുതാപരമെന്നും നാം വിശ്വസിക്കുന്നതൊന്നും അങ്ങനെയാവണമെന്ന് നിർബന്ധമില്ല. നാം നേരിട്ട് കാണുകയോ അനുഭവിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ പോലും വസ്തുതാപരമല്ലാത്തതിനെ വിശ്വസിക്കാൻ നാം പലപ്പോഴും നിർബന്ധിതരാവുന്നുണ്ട്. ചില മുൻധാരണകൾ കൂടി ഒരു പക്ഷെ നമ്മളെ സ്വാധീനിക്കുന്നുണ്ടാവണം. തട്ടിക്കൊണ്ടു പോവുക എന്നു പറയുമ്പോൾ പുരുഷൻ സ്ത്രീയെ തട്ടിക്കൊണ്ടു പോവുക എന്നു തന്നെയാണ് നാം മനസ്സിലാക്കുക. സംഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ ഈ മുൻധാരണകൾ നമ്മെ സ്വാധീനിക്കുകയും നിഗമനങ്ങൾ തെറ്റിപ്പോവുകയും ചെയ്യുന്നു. അസ്ഗറും ഇങ്ങനെ മിസ് ലീഡ് ചെയ്യപ്പെട്ട സത്യസന്ധനായ മനുഷ്യനാണ്. നാം സത്യസന്ധരാണ് എന്നത് കള്ളങ്ങൾ വിശ്വസിക്കുകയില്ല എന്നതിന് തെളിവല്ല. സത്യസന്ധരായ മനുഷ്യനെ കള്ളങ്ങൾ കൊണ്ട് നിറയ്ക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

ഗുസ്താവ് മോളര്‍ തൊണ്ണൂറു മിനുട്ട് ദൈർഘ്യമുള്ള ഈ ഡാനിഷ് സിനിമ ഐ എഫ് എഫ് ഐ ഗോവയിലെ മികച്ച അനുഭവങ്ങളിലൊന്നായിരുന്നു.

https://www.azhimukham.com/cinema-kanasembo-kudureyaneri-riding-the-stallion-of-dreams-giish-kasaravalli/

https://www.azhimukham.com/cinema-trending-varthan-movie-review-based-on-morality-social-life-kerala-nasir-writes/

https://www.azhimukham.com/opinion-supreme-court-verdict-on-ipc-377-validate-democratic-process-in-india-writes-nasir-kc/

Next Story

Related Stories