ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഏറെ കോളിളക്കമാണ്
സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് താരസംഘടനകളുടെ യോഗവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ മുന്നിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനോടും ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചു. കന്യാസ്ത്രീ സമരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പരുക്ക് ഭേദമായിട്ടില്ലാത്ത താരം പക്ഷേ ഇത്തവണ വാ തുറന്നില്ല. പകരം സ്ഥിരം ലാൽ ശൈലിയിൽ കളിയായി തല്ലാൻ ഓങ്ങി ചിരിച്ചുകൊണ്ട് കടന്നു പോവുകയായിരുന്നു താരം. താര സംഘടനയായ അമ്മയുടെ ഭാരവാഹി യോഗത്തിന്റെ അജണ്ടകളെ പറ്റി സംസാരിച്ച ശേഷമാണ് രസകരമായ രംഗം അരങ്ങേറിയത്.
അതേസമയം പ്രളയാനന്തര കേരളത്തിന്റെ പുനർ സൃഷ്ടിക്കായി സംസ്ഥാന സർക്കാരിന് വേണ്ടി ഒരു മെഗാ ഷോ സംഘടിപ്പിക്കുന്ന കാര്യം അമ്മയുടെ യോഗം ചർച്ച ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചു. 5 കോടി രൂപയാണ് സ്വരൂപിക്കാൻ ലക്ഷ്യമിടുന്നത്.
താര സംഘടനയായ അമ്മയുടെ എക്സിക്ക്യൂട്ടീവ് യോഗം ഇന്ന് വൈകീട്ട് ആറരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ചേരുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദീലീപിനെതിരേ താര സംഘടനയെടുക്കാന്‍ ഉദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നടിമാരുടെ പുതിയ കത്ത് പുറത്തു വന്നിട്ടുണ്ട്. അമ്മയുടെ ഭാരവാഹി യോഗം ഇന്ന് ചേരാനിരിക്കേയാണ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടിയും സംവിധായികയുമായ രേവതി, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവര്‍ കത്ത് നല്‍കിയത്. ദിലീപ് വിഷയത്തില്‍ ഒഴുക്കന്‍ നിലപാട് തുടരുന്ന താരസംഘടനയ്ക്ക് നടിമാര്‍ നല്‍കുന്ന മൂന്നാമത്തെ കത്താണിത്.
https://www.azhimukham.com/news-update-actress-attack-case-action-against-dileep-women-members-file-new-letter-to-amma/