TopTop

മുസ്ലിം ദളിത് വേട്ടയാടലുകളെ തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോയെങ്കിലും ഈ കെട്ടകാലത്തിന്റെ അനിവാര്യമായ രാഷ്ട്രീയം പറയുന്നുണ്ട് 'പയ്യന്‍'

മുസ്ലിം ദളിത് വേട്ടയാടലുകളെ തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോയെങ്കിലും ഈ കെട്ടകാലത്തിന്റെ അനിവാര്യമായ രാഷ്ട്രീയം പറയുന്നുണ്ട്
മധുപാലിന്റെ 'കുപ്രസിദ്ധ പയ്യന്‍' ആത്യന്തികമായി ഒരു കോര്‍ട്ട് റൂം ഡ്രാമ ആണ്. തന്റെ ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ വളരെ പ്രസക്തമായ രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെയും മധുപാല്‍ മുന്നോട്ട് വെക്കുന്നത്. സമാനമായ തീം ഉള്ള ഏതു കോര്‍ട്ട് റൂം ഡ്രാമ കണ്ടാലും ഭരണകൂട ഭീകരതയും നിയമവ്യവസ്ഥയുടെ പോരായ്മയും വിളിച്ചു പറയുന്ന മറാത്തി സിനിമയായ 'കോര്‍ട്ടി'നോടുള്ള താരതമ്യം അറിയാതെയെങ്കിലും കടന്നു വരും. ഇവിടെയും സ്ഥിതി വ്യതസ്തമല്ല. എന്നാല്‍ 'കോര്‍ട്ടി'ല്‍ നിന്ന് വിഭിന്നമായി വളരെയധികം വാണിജ്യ ഘടകങ്ങളുമായാണ് 'പയ്യന്‍' എത്തുന്നത്.

സ്വന്തമായ വ്യക്തിത്വം ഇല്ലാത്ത, അനാഥനായ, സ്‌നേഹത്തിന് വേണ്ടി കൊതിക്കുന്ന അജയന്റെ കഥയാണ് സിനിമ പറയുന്നത്. അജയന്‍ ആയ ടോവിനോയുടെ നായികയായി ചെറിയ റോളില്‍ അനു സിതാരയും ഉണ്ട്. ജുവെനയില്‍ ഹോമിലും അനാഥാലയത്തിലും പിന്നീട് ഏതൊക്കെയോ വീടുകളിലും ഒക്കെ വളര്‍ന്നു വളരെ അസ്വസ്ഥമായ ബാല്യമാണ് അജയന്റേത്. വളര്‍ന്നു വന്നപ്പോഴും എന്നും അരക്ഷിതാവസ്ഥയും. സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കുന്നെങ്കിലും സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ. ഇങ്ങനെ ഉള്ള ഒരു മനുഷ്യന്‍ നിയമവ്യവസ്ഥയുടെ ഭീകരതയില്‍ അകപ്പെട്ടാലുള്ള കഥയാണ് 'പയ്യന്‍' പറഞ്ഞു വെക്കുന്നത്.

നിമിഷയുടെ ഹന്ന എലിസബത്ത് എന്ന അഭിഭാഷക അജയനെ രക്ഷിക്കാനുള്ള കടമ ഏറ്റെടുക്കുന്നു. തുടക്കക്കാരിയായ, തന്റെ സീനിയറിനെതിരെ തന്നെ ആദ്യ കേസില്‍ വാദിക്കേണ്ടി വന്നതിന്റെ പതര്‍ച്ചയുമായി നില്‍കുന്ന, ഹന്നയെ സീനിയര്‍ കൗശലത്തോടെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് 'നീ എന്റെ ഓഫീസില്‍ നിന്ന് ബുക്ക് മോഷ്ടിച്ചവളല്ലേ' എന്ന ചോദ്യത്തിലാണ്. താനല്ല അത് ചെയ്തത് എന്ന് പോലും തന്റേടത്തോടെ പറയാന്‍ പറ്റാത്ത ഹന്നയാണ് കൊലപാതക കേസ് വാദിക്കാന്‍ പോകുന്നത് എന്ന ധ്വനിയാണ് പ്രേക്ഷകര്‍ക്ക് കിട്ടുക. എന്നാല്‍ അവിടുന്നങ്ങോട്ട് ഹന്നയുടെ കാരക്റ്റര്‍ അങ്ങേയറ്റം കണ്‍വിന്‍സിംഗ് ആണ്. കൊലപാതകിയെ കണ്ടു പേടിച്ചതില്‍ നിന്ന്, സഹായിക്കണം എന്ന മനോഭാവത്തില്‍ എത്തി, പിന്നീട് കോടതി ലൈബ്രെറിയന്‍ ആയ ഭരതേട്ടന്റെ സഹായത്തോടെ അജയനെ രക്ഷിക്കണം എന്നത് വരെ.

ഇതിനിടയില്‍ ചിത്രം വളരെ പ്രധാനമായ രാഷ്ട്രീയം പറയുന്നുണ്ട്. 'തൊണ്ടിമുതലി'ല്‍ കണ്ടത് പോലെ തന്നെ ഐഡന്റിറ്റി ഇല്ലാത്തവരുടെ മേലെ ഭരണകൂടത്തിന്റെ ക്രൂരത; മുസ്ലിം ദളിത് പേരുകള്‍ ആയവര്‍ എത്രത്തോളം ഇതിനു ഇരയാവുന്നു എന്ന സത്യം, ഈ കെട്ട കാലത്ത് ഇസ്ലാമോഫോബിയ പറഞ്ഞ് മുതലെടുപ്പ് നടത്തുമെന്നു ഭീഷണിപ്പെടുത്തുന്ന നിയമപാലകര്‍, ജാതിയുടെ പേരിലുള്ള ദുരഭിമാനകൊലപാതകങ്ങള്‍, ജോലിസ്ഥലത്തു ഒരു ജൂനിയര്‍ പെണ്‍കുട്ടിക്ക് തന്റെ സീനിയറില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന അപമാനങ്ങള്‍, ക്ഷതങ്ങള്‍ എന്നിങ്ങനെ ഈ കാലത്തെ ഏറ്റവും അനിവാര്യമായ രാഷ്ട്രീയം പറയുന്ന സിനിമ.

കോഴിക്കോട്ടെ സുന്ദരിയമ്മ കൊലപാതകം സിനിമ ഒര്‍മിപ്പിക്കുന്നത് സ്വാഭാവികം. ഇത്രയും നല്ല രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സിനിമ ആയിട്ടും മധുപാലിന്റെ ആദ്യ രണ്ട് ചിത്രങ്ങളെക്കാള്‍ പുറകിലാണ് പയ്യന്റെ സ്ഥാനം വരുക. ജീവന്‍ ജോബ് തോമസിന്റെ തിരക്കഥയും സംഭാഷണങ്ങളും ജയിലില്‍ ഉള്ള ആക്ഷന്‍ സീക്വലുകള്‍ ഉള്‍പ്പെടെ ഉള്ള രംഗങ്ങളും ഒരു ശരാശരി അനുഭവം ആണ് തരുന്നത്.

ഫാന്‍സ് അസോസിയേഷനൊക്കെയായി തമിഴകം വരെ കയ്യേറി അതിവേഗം ഉയരത്തിലേക്ക് വളര്‍ന്നു വരുന്ന നായക നടന്‍ വെറും നാലേ നാലു സിനിമ കൈമുതലായുള്ള നായികനടിയുടെ മുന്നില്‍ അടിപതറുന്ന കാഴ്ചകൂടിയാണ് കുപ്രസിദ്ധ പയ്യന്‍.

അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപെട്ട ഒരു വ്യക്തിയെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ടോവിനോക്ക് ഒട്ടും പറ്റിയിട്ടില്ല, പകരം മാനസിക തകരാറുള്ള വ്യക്തി എങ്ങനെ പെരുമാറുന്നു, അതെ പോലെ ആണ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നത്.

ടോവിനോയും നിമിഷയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ടോവിനോ വല്ലാതെ സ്ട്രഗിള്‍ ചെയ്യുന്നത് കാണാം. എന്നാല്‍ നിമിഷയാണ് സിനിമയുടെ ജീവന്‍. കൊലപാതകിയെ പേടിയോടെ നോക്കികണ്ടത് മുതല്‍, കോടതിമുറിയിലെ സീനിയറിന്റെ പവര്‍ എടുക്കലും ഹരാസ് ചെയ്യലും അതിജീവിച്ചു, കേസിന്റെ അവസാനവാദത്തിന്റെ അന്ന് പേടിച്ചു വയറിനസുഖം വന്ന് കിടപ്പിലായത് വരെ അങ്ങേയറ്റം കണ്‍വിന്‍സിങ് ആയിരുന്നു. ക്രോസ് വിസ്താരത്തിനായി ചോദ്യങ്ങള്‍ കാണാതെ പഠിച്ചു ചോദിക്കുന്നതിനു തൊട്ടു മുന്നേ, സീനിയര്‍ കൗശലത്തോടെ കോടതിയില്‍ വെച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് കാണാപാഠം പഠിച്ചിട്ടു മറന്നു പോയ സ്‌കൂള്‍ കുട്ടിയെ ഓര്‍മിപ്പിക്കും വിധം പറഞ്ഞു പോകുന്ന സീന്‍ ഒക്കെ നിമിഷയുടെ നാളിതു വരെയുള്ള മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. നമ്മള്‍ സിനിമയില്‍ ഇത് വരെ കണ്ടിട്ടുള്ള അഭിഭാഷക സിംഹങ്ങളില്‍ നിന്നും വ്യത്യസ്തമായി പച്ചയായ യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍കുന്ന കഥപാത്രവും അതിനൊത്ത പ്രകടനവും. ജോളി എല്‍ എല്‍ ബിയിലെ സൗരബ് ശുക്ലയെ ഓര്‍മിപ്പിച്ചുവെങ്കിലും ജഡ്ജ് ആയി വന്ന സുരേഷ് കുമാര്‍ കാഴ്ച വെച്ചതും മികവുറ്റ പ്രകടനമാണ്.

തനിക്ക് പറയാനുള്ള ആശയങ്ങള്‍ മധുപാല്‍ വ്യക്തമായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും, മുസ്ലിം ദളിത് ഐഡന്റിറ്റി ഉള്ളവര്‍ വേട്ടയാടപ്പെടുന്നതൊക്കെ ഇങ്ങനെ ഡയലോഗുകളിലൂടെ തുറന്നു പറയാതെ സറ്റില്‍ ആയി കാണിക്കാന്‍ പറ്റാത്തിടതാണ് പ്രസക്തമായ രാഷ്ട്രീയം പറയുന്ന പുതുതലമുറയിലെ സംവിധായകരുടെ പുറകിലാവുന്നത്. നിമിഷ എന്ന അഭിനേത്രിയുടെ ഗ്രാഫ് വിസ്മയിപ്പിക്കുന്നതാണ്. എത്രയോ വര്‍ഷത്തെ അഭിനയസമ്പത്തുള്ളവര്‍ പോലും പതറി പോയേക്കാവുന്ന ഒരു കഥാപാത്രത്തെ വളരെ സ്വാഭാവികതയോടെ അങ്ങ് കൊണ്ട് പോവുകകയായിരുന്നു നിമിഷ, സിനിമയെ തന്നെ വേറൊരു തലത്തിലേക്ക് പിടിച്ചുയര്‍ത്തി ആ പ്രകടനം കൊണ്ട്. കുറ്റങ്ങളും, കുറവുകളും ഉണ്ടെങ്കിലും സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയും നിമിഷയുടെ പ്രകടനത്തിന് വേണ്ടിയും മസ്റ്റ് വാച്ച് ആണ് ഈ പയ്യന്‍.

https://www.azhimukham.com/cinema-dirctor-madhupal-interview/

Next Story

Related Stories