TopTop
Begin typing your search above and press return to search.

ദിലീപിന്റെ അറസ്റ്റ്; ഇവര്‍ക്ക് പറയാനുള്ളത്

ദിലീപിന്റെ അറസ്റ്റ്; ഇവര്‍ക്ക് പറയാനുള്ളത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിനു നടന്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത സിനിമ ലോകത്തെയാതെ ഞെട്ടലില്‍ ആക്കിയിരിക്കുകയാണ്. ഇങ്ങനെയൊരു വാര്‍ത്ത ആദ്യമായാണ് സിനിമയില്‍ നിന്നും കേള്‍ക്കുന്നതെന്ന ഷോക്കിലാണ് ഓരോരുത്തരും. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ആരും തന്നെ തയ്യാറാകുന്നില്ല. പ്രതികരിച്ചവരാകട്ടെ അവരുടെ നിരാശയും പ്രതിഷേധവും മറച്ചുവയ്ക്കുന്നുമില്ല. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് പ്രതികരിക്കാന്‍ തയ്യാറായവരുടെ വാക്കുകള്‍;

ഭദ്രന്‍

സംവിധായകന്‍

തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും പിടിക്കപ്പെടണം, തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നമുക്കറിയില്ല, തെറ്റ് ചെയ്യാതിരിക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വാസ്തവത്തില്‍ ഇത്തരത്തിലൊരു പ്രവണത മലയാള സിനിമയിലുണ്ടെന്ന് വിശ്വസിക്കാനെനിക്ക് ഇഷ്ടമല്ല. കാരണം ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ഞാനൊക്കെ സിനിമ പഠിച്ചു വന്ന കാലമെന്നത്, വളരേയേറെ ഭക്തിയോടെയും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വലിയ ഒരു ഈശ്വരാനുഗ്രഹത്തോടേയുമൊക്കെയാണ് കണ്ടത്. അങ്ങനെ ഒരു കാലത്ത് നിന്നും ഇങ്ങനെ ഒരു കാലത്തിലേക്ക് യാത്ര ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങളൊക്കെ ഇടയില്‍ വന്ന് കൂടിയല്ലോ എന്നോര്‍ക്കുമ്പോളെനിക്ക് വലിയ വിഷമമുണ്ട്. ഇതില്‍ പ്രതികരിക്കാന്‍ പോലും താല്പര്യമില്ല. കാരണം ഇതൊക്കെ അഡ്രസ്സില്ലാത്ത ഒരു പണിയല്ലേ. ഇത് ചെയ്തിട്ടില്ലാന്ന് വിശ്വസിക്കാനിഷ്ടപ്പെടുന്നു. എങ്കില്‍ പോലും തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും പിടിക്കപ്പെടണം ശിക്ഷിക്കപ്പെടണം എന്നും പറയുന്നു.

ഡോക്ടര്‍ ബിജു

സംവിധായകന്‍

മലയാള സിനിമ താരകേന്ദ്രീകൃതമായിട്ട് വര്‍ഷങ്ങളൊരുപാടായി. താരങ്ങളില്‍ പലര്‍ക്കും ക്രിമിനല്‍ ബന്ധങ്ങളും ഭൂമാഫിയാ ബന്ധങ്ങളും റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും ടാക്‌സ് വെട്ടിപ്പും തുടങ്ങി എല്ലാമുണ്ടുണ്ട്. പക്ഷേ എന്നിട്ടും ഈ സിനിമയിലെ താരങ്ങള്‍ക്ക് അനര്‍ഹമായ ഒരു സ്ഥാനം ഇവിടത്തെ സര്‍ക്കാറും മീഡിയായും കാണികളും കൊടുക്കുന്നുണ്ട്. തീര്‍ച്ചയായും അതിന്റെ ഒരു പരിണിതഫലമായാണ് സിനിമയില്‍ ഇത്തരത്തിലൊരു ക്രിമിനലൈസേഷന്‍ ഉണ്ടായതെന്നെനിക്ക് തോന്നുന്നു. ഇത് ഒരു തവണ പിടിക്കപ്പെട്ടു എങ്കിലും ഇതിനപ്പുറത്തോട്ട് വലിയ തോതിലാളുകള്‍ക്ക് ഒത്തിരി പീഢനങ്ങളും വലിയ പ്രശ്‌നങ്ങളുമൊക്കെ ഈ ഇന്‍ഡസ്ട്രിക്കകത്ത് ഉണ്ടാകാറുണ്ട്. അത് കൊണ്ട് തന്നെ താരാരാധനയില്‍ മയങ്ങി പോകാതെ അതിനകത്തു കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയേ പറ്റൂ. അതാണ് ഈയൊരു സമയത്ത് നമ്മളാലോചിക്കേണ്ടത്. കൂടാതെ ഒരു സ്ത്രീ കൂട്ടായ്മ ഉണ്ടായി എന്നതും പ്രസക്തമാണ്. കാരണം മലയാള സിനിമ എന്നാല്‍ വലിയൊരു പുരുഷ കേന്ദ്രീകൃതമായ, ഏറ്റവു വലിയ സ്ത്രീവിരുദ്ധമായ, തൊഴിലാളി വിരുദ്ധമായ എല്ലാത്തിനുമപ്പുറത്തോട്ട് ഏറ്റവും വലിയ ദളിത് വിരുദ്ധം കൂടിയായ ഒരിടമാണ്. അപ്പോള്‍ അത്തരമൊരു ഇടത്തില്‍ സ്ത്രീകളുടെ ഒരു കൂട്ടായ്മ ഉണ്ടാകാന്‍ പത്ത് മുന്നൂറ് വര്‍ഷം എടുത്തു എന്ന് പറയുന്നതിനെയാണ് നമ്മള്‍ നോക്കി കാണേണ്ടത്. ഇരയാകപ്പെട്ട നടി എടുത്ത നിലപാട് എന്തു കൊണ്ടും ധൈര്യപൂര്‍വ്വമായ നിലപാടാണ്.

പ്രീതി പണിക്കര്‍

സംവിധായക

ശരിക്കും പറഞ്ഞാല്‍ ഈയൊരു കേസ് അവസാനിപ്പിച്ചു എന്നുളള ഒരു സാഹചര്യത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഇത് വീണ്ടും റീഓപ്പണ്‍ ചെയ്യുന്നതും അതിന്റെ തെളിവുകള്‍ കിട്ടിയതും. എന്നിരുന്നാലും ഈയൊരു കേസ് നടക്കുന്ന സമയത്ത് ഇതിനെപ്പറ്റി കൂടുതലായി, അതായത് അഭ്യൂഹങ്ങള്‍ പുറത്ത് പറയാന്‍ താത്പര്യപ്പെടു്‌നനില്ല. പക്ഷെ ആ വ്യക്തി അത്തരത്തിലൊരു കൃത്യം ചെയ്യാനായി കൂട്ടു നിന്നിട്ടുണ്ട് എങ്കില്‍ അത് തീര്‍ച്ചയായും മഹാ അപരാധമാണ്. മാത്രമല്ല, മലയാള സിനിമക്ക് ഭയങ്കരമായ നാണക്കേട് ഉണ്ടാക്കുന്ന സംഭവം തന്നെയാണ്. എന്തൊക്കെയായാലും ഞാനെപ്പോഴും ഇരയായ നടിക്കൊപ്പമാണ്. അവര്‍ക്ക് നീതി കിട്ടാന്‍ വേണ്ടി തന്നെയാണ് എന്റെ സമീപനവും.

ശ്രീബാല

സംവിധായക

ഈയൊരവസ്ഥ വളരേ ഷോക്കിംഗ് ആണ്. എപ്പോഴും ഈ വിഷയത്തില്‍ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുകയായതു കൊണ്ടും, കോടതിയില്‍ കേസ് നിലവിലുളളത് കൊണ്ടും ആധികാരികമായി നമ്മളതിനെ കുറിച്ച് പറയുന്നത് എത്രത്തോളം ശരിയാണെന്ന തോന്നലുണ്ടായിരുന്നു. അത് കൊണ്ട് നമ്മളൊന്നും ആ സമയത്ത് സംസാരിക്കാന്‍ തയ്യാറായില്ല. പക്ഷേ ഇപ്പോള്‍ കേട്ടത് വളരെ ഷോക്കിംങ് ആയ സംഭവമാണ്. നമ്മള്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ നമ്മള്‍ ഒരു ഓരത്ത് കൂടി പോകുമ്പോള്‍ മറ്റൊരു ഓരത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് തീര്‍ച്ചയായും ഭീതി ജനിപ്പിക്കുന്നു.

ഹിമ ശങ്കര്‍ ശീമാട്ടി

അഭിനേത്രി

മനുഷ്യന് പണവും പ്രശസ്തിയും ലഭിക്കുമ്പോള്‍ എന്തുമാകാം എന്ന നെഗളിപ്പ്, സമൂഹത്തിന്റെ, സ്ത്രീകളുടെ അസ്തിത്വത്തെ മാനിക്കാതിരിയ്ക്കല്‍, ചെയ്യുന്ന ചെറ്റത്തരങ്ങള്‍ എല്ലാം ഉന്നത ബന്ധങ്ങള്‍ കൊണ്ടും, രാഷ്ട്രീയക്കാരെ കൊണ്ടും മൂടി വക്കാമെന്ന അഹങ്കാരം, അമ്മയിലെ പുംഗവന്‍മാരുടെ മനുഷ്യത്വ വിരുദ്ധമായ നിലപാടുകള്‍ ഇതിനെല്ലാത്തിനും കൂടി കരണക്കുറ്റിക്കു കൊണ്ട, അഹങ്കാരത്തിന്റെ കിളികളെ കൂടോടെ പറപ്പിച്ച ഒരു മുട്ടന്‍ തല്ല്. അതാണ് ഇന്നലത്തെ ആ അറസ്റ്റ്.

ഈ പ്രശ്‌നം അറിഞ്ഞ ദിവസം മുതല്‍ നമ്മളെല്ലാവരും പറഞ്ഞു ദിലീപാണെന്ന്. എല്ലാവരും പറഞ്ഞു എന്ന് പറഞ്ഞാല്‍ ഇവരെയൊക്കെ വാച്ച് ചെയ്യുന്ന നമ്മളെല്ലാവരും പറഞ്ഞു ദിലീപാണ് കാരണമെന്ന്. ഇതിനൊക്കെ അയാളുടെ പേഴ്‌സണല്‍ ലൈഫും സമ്പാദ്യവുമായെല്ലാം കണക്ഷനുണ്ടായേക്കാം. പക്ഷേ അതില്‍ എന്റെ മനസ്സിലേക്ക് ഫീല്‍ ചെയ്ത കാര്യമെന്ന് പറഞ്ഞാല്‍ ആ വ്യക്തി, അയാളുടെ കല്ല്യാണമായാലും മറ്റെന്തായാലും അയാള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സമൂഹത്തിന് മുമ്പില്‍ മറച്ച് പിടിക്കുവാനായി നടത്തുന്ന ഒരുപാട് കളികളുണ്ട്. ആ കളികള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അതെല്ലാം വ്യക്തമായി അറിയാവുന്ന ആളുകളുമാണ് നമ്മള്‍. പിന്നെ ഒരു നടിയോട് വിരോധം തോന്നി കഴിഞ്ഞാല്‍ ഇങ്ങനെ ചെയ്തു കളയാമെന്ന ചിന്തക്കാണ്,ഇതിന് പുറകില്‍ ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്ന വിഷയത്തിലുപരി ഇതില്‍ ഞാന്‍ കാണുന്ന ഗൗരവം. സ്ത്രീയെ ക്വട്ടേഷന്‍ നല്‍കി അവളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുളള മിസ്‌യൂസ് നടന്നു എന്ന കാര്യത്തിലാണ് ഞാന്‍ കൊടുക്കുന്ന ഊന്നല്‍. കാരണം എന്ത് പ്രശ്‌നമാണെങ്കിലും പറഞ്ഞു തീര്‍ക്കാം അല്ലെങ്കില്‍ അയാളെ അവോയ്ഡ് ചെയ്യാമെന്നതിലുപരി ഇങ്ങനെ ചെയ്താലവളെ നശിപ്പിക്കാമെന്നുളള കണക്കു കൂട്ടലുണ്ട്, അതിനാണിവിടെ ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്. അല്ലാതെ ഇവിടെ ഗൂഢാലോചന നടത്തിയതെന്തിനെന്ന് ചോദിക്കേണ്ട ആവശ്യമെനിക്കില്ല. സിനിമയില്‍ പുരുഷന്മാര്‍ക്ക് കൊടുക്കുന്ന കാശ് സ്ത്രീകള്‍ക്ക് കൊടുക്കാന്‍ തയ്യാറല്ല നിര്‍മ്മാതാക്കള്‍. അവരുടെ അസ്ഥിത്വത്തെ മാനിക്കുന്നില്ല. പെണ്ണുങ്ങളെന്നാല്‍ കൂടെ കിടത്താമെന്ന് വിചാരിക്കുന്ന ഒരുപാട് പേര്‍ ഉണ്ട് ഇപ്പോഴും. സമൂഹത്തില്‍ സ്ത്രീകളെ ഇത്രയും നെഗറ്റീവായി കാണിക്കുന്ന ഇത്രയും മേഖല വേറെയില്ല. അപ്പോള്‍ ഈ ഇന്‍ഡസ്ട്രിക്കകത്ത് എന്തും ചെയ്യാമെന്നുളള ധാര്‍ഷ്ഠ്യത്തിനുളള വലിയൊരടിയാണിത്. അത് സ്ത്രീകളുടെ സംഘടന രൂപീകരിക്കാന്‍ കാരണമായി. സ്ത്രീകള്‍ക്ക് അഭിപ്രായം പറയാനും ഒന്നു നിവര്‍ന്നു നില്‍ക്കാനുമുളള ഒരു സ്‌പെയ്‌സ് കിട്ടി. അത് വലിയ ഒരു പോസിററീവ് തന്നെയായിട്ടാണ് ഞാന്‍ കാണുന്നത്.


Next Story

Related Stories