TopTop
Begin typing your search above and press return to search.

ചതിയുടെ മുറിവുമായി സി കെ ജാനുവെന്ന 'വിപ്ലവ നക്ഷത്രം'

ചതിയുടെ മുറിവുമായി സി കെ ജാനുവെന്ന വിപ്ലവ നക്ഷത്രം

ഒടുവിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. രണ്ടര വർഷത്തോളം നീണ്ടുനിന്ന എൻ ഡി എ ബാന്ധവം സി കെ ജാനു ഉപേക്ഷിച്ചു. മുന്നണിയിൽ ചേരുമ്പോഴും അതിനു ശേഷവും നൽകിയ വാഗ്‌ദാനങ്ങൾ എൻ ഡി എയ്ക്ക് നേതൃത്വം നൽകുന്ന ബി ജെ പി പാലിച്ചില്ലെന്ന ആരോപണവുമായാണ് ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എൻ ഡി എ വിടുന്നത്.

കുറച്ചു കാലമായി ബി ജെ പി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു ജാനുവും കൂട്ടരും എന്നതിനാൽ ജാനുവിന്റെ ഈ നിലപാട് മാറ്റം അത്ഭുതത്തിനു വക നൽകുന്ന ഒന്നല്ല. പോരെങ്കിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പി നയിക്കുന്ന ലോങ്ങ് മാർച്ചിൽ ജാനുവിന്റെ പാർട്ടി പങ്കെടുക്കുന്നില്ലെന്നു മാത്രമല്ല ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് ജാനുവിനുള്ളത്.

പക്ഷെ അപ്പോഴും അവശേഷിക്കുന്ന പ്രധാന ചോദ്യം സി കെ ജാനുവെന്ന വിപ്ലവ നക്ഷത്രം എന്തിനായിരുന്നു എക്കാലത്തും സവർണ്ണർക്കൊപ്പം നിലകൊണ്ടിട്ടുള്ള സംഘപരിവാറിനൊപ്പം പോയി എന്നതാണ്. ബി ജെ പി നയിക്കുന്ന എൻ ഡി എയുടെ സഖ്യകക്ഷിയാകാൻ ജാനു തീരുമാനിച്ചപ്പോൾ നെറ്റിചുളിച്ചവരാണ് അധികവും. മുത്തങ്ങ സമരത്തിലുൾപ്പെടെ ഏറെക്കാലം ജാനുവിനൊപ്പം തോളോട് തോളുരുമ്മി പ്രവർത്തിച്ച എം ഗീതാനന്ദനെ പോലുള്ളവർ ജാനുവിന്റെ തീരുമാനത്തെ എതിർത്തുകൊണ്ട് അന്നു പറഞ്ഞത് ജാനു ആദിവാസികളെയും പ്രസ്ഥാനത്തെയും വഞ്ചിച്ചുവെന്നാണ്. എന്നാൽ കേരളത്തിലെ എൽ ഡി എഫും യു ഡി എഫും ആദിവാസികളോട് നീതി കാണിച്ചില്ല. അതുകൊണ്ടാണ് താൻ എൻ ഡി എക്കൊപ്പം പോകുന്നതെന്നായിരുന്നു ജാനുവിന്റെ വിശദീകരണം.

എല്ലാ കാലത്തും ആദിവാസികൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന ജാനുവിന്റെ വാദം ശരിയായിരുന്നു. പക്ഷെ അതിനുള്ള ഒരു ന്യായമായി ജാനുവിന്റെ സംഘപരിവാർ ബാന്ധവത്തെ അംഗീകരിക്കുക അത്രകണ്ട് യുക്തി ഭദ്രമായിരുന്നുവോ എന്ന ചോദ്യം ഇപ്പോൾ വീണ്ടും പ്രസക്തമാവുകയാണ്. ജാനു സമ്മതിച്ചാലും ഇല്ലെങ്കിലും അധികാരം തന്നെയായിരുന്നു ജാനുവിന്റെയും ലക്‌ഷ്യം.

ജാനുവിന് മത്സരിക്കാൻ വയനാട്ടിൽ ഒരു സീറ്റ്. ആദിവാസി മേഖലകളെ ഷെഡ്യൂൾ ചെയ്യുക ബോർഡ് കോര്‍പ്പറേഷനുകളിൽ പ്രാധിനിത്യം. ഇങ്ങനെ പോയി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ വക വാഗ്‌ദാനങ്ങൾ. ഇക്കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിൽ ജാനുവിന് ബത്തേരിയിൽ സീറ്റ് നല്കിയെന്നത് ശരിയാണ്. എന്നാൽ ബാക്കി വാഗ്‌ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നമില്ല. ഇതിൽ മനംനൊന്താണ് ജാനു ഇപ്പോൾ എൻ ഡി എ വിടുന്നത്. ഇനിയിപ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെ തന്നെ ജാനുവും അവർ ഒരിക്കൽ തള്ളിപ്പറഞ്ഞ എൽ ഡി എഫും യു ഡി എഫുമായി ചർച്ചക്ക് തയ്യാറെടുക്കുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ആർക്കും അതിനുള്ള അവകാശമുണ്ടെന്ന ജാനുവിന്റെ വാദം തീർത്തും ശരി തന്നെ. എൽ ഡി എഫ് തഴഞ്ഞാലും യു ഡി എഫ് തങ്ങളെ കൂടെകൂട്ടുമെന്ന പ്രതീക്ഷയാണ് ജാനു വെച്ച് പുലർത്തുന്നത്.

ജാനുവും കൂട്ടരും എവിടെയെങ്കിലും ചേരട്ടെ. അപ്പോഴും സ്വാർഥലാഭങ്ങൾ പ്രതീക്ഷിച്ച് ബി ജെ പി ക്കൊപ്പം കൂടിയാൽ എന്താണ് സംഭവിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമായി ജാനുവിന്റെയും കൂട്ടരുടെയും അനുഭവം നിലനിൽക്കും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തജനങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാനുള്ള കഠിനയജ്ഞത്തിലാണ് ശ്രീധരൻ പിള്ളയും കൂട്ടരും. അവർക്കൊപ്പം അണിചേർന്നിട്ടുള്ളവർക്കും അധികം വൈകാതെ തന്നെ ജാനുവിനുണ്ടായ തിരിച്ചറിവുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

https://www.azhimukham.com/news-wrap-will-sureshgopi-tell-he-wants-to-rebirth-as-tribal-in-his-next-life-ssajukomban/

https://www.azhimukham.com/keralam-ckjanu-supports-womenentry-in-sabarimala-reports-arathi/


Next Story

Related Stories