ന്യൂസ് അപ്ഡേറ്റ്സ്

ബലാൽസംഗം ചെയ്യാനെത്തിയ ആളോട് താൻ എയ്ഡ്‌സ് രോഗിയാണെന്ന് യുവതി കള്ളം പറഞ്ഞു; പീഡകൻ വിരണ്ടോടി

ഇയാൾക്കെതിരെ പോലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾക്ക് കേസെടുത്തിട്ടുണ്ട്. യുവതിയെയും കുഞ്ഞിനേയും തട്ടികൊണ്ട് പോയതിനും ശാരീരികാതിക്രമം നടത്തിയതിനുമാണ് കേസ്.

‘എനിക്ക് എയ്ഡ്‌സ് ഉണ്ട്.’ പതറാതെയുള്ള ഈ ഒരു ഒറ്റ വാചകം മതിയായിരുന്നു ആ വീട്ടമ്മയ്ക്ക് തന്നെ ബലാൽസംഗം ചെയ്യാനൊരുങ്ങിയ ആളെ  വിരട്ടി പറഞ്ഞയക്കാൻ. സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന കിഷോർ വിലാസ് അവ്ഹാദെന്നയാളിൽ നിന്നും ഔരംഗബാദ്‌ സ്വദേശിയായ യുവതി രക്ഷപെട്ട സംഭവം ഒരു സിനിമാക്കഥയെക്കാൾ കൗതുകം നിറഞ്ഞതാണ്. കിഷോർ യുവതിയെയും കുട്ടിയേയും തട്ടിക്കൊണ്ട് പോയതിനു ശേഷം നടന്നത് അതിശയകരമായ ട്വിസ്റ്റ് ആയിരുന്നു. ബലാൽസംഗം ചെയ്യാൻ വന്ന ആളോട് താൻ ഒരു എയ്ഡ്‌സ് രോഗിയാണെന്ന് യുവതി കള്ളം പറഞ്ഞതോടെ ഇവരുമായി ബന്ധപ്പെട്ടാൽ തനിക്കും അസുഖം പകരുമെന്ന പേടിച്ച് പീഡകൻ പിൻവാങ്ങുകയായിരുന്നു. വലിയൊരു ആപത്തിന് തൊട്ട് മുൻപ് ഇങ്ങനെ ഒരു ബുദ്ധി പ്രയോഗിക്കാൻ കാണിച്ച ധീരതയ്ക്കും വിവേകത്തിനും ഇന്ത്യയിലുടനീളമുള്ള ആളുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് യുവതിക്ക് ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് വിവാഹമോചിതയായ  യുവതിയും  ഏഴുവയസ്സുകാരിയായ മകളും രാത്രി ചില സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങുന്നത്. ഷോപ്പിംഗ് കഴിഞ്ഞ് കയ്യിൽ അവശേഷിച്ച പത്തുരൂപയുമായി റിട്ടേൺ ഓട്ടോ കാത്തുനിന്ന ഇവർക്ക് സമയമേറെ കഴിഞ്ഞിട്ടും വണ്ടി ഒന്നും കിട്ടിയില്ല. അപ്പോഴാണ് കിഷോർ തന്റെ സ്വകാര്യ വാഹനവുമായി അവിടെയെത്തുന്നത്. യുവതിയ്ക്കും കുട്ടിയ്ക്കും ലിഫ്റ്റ് കൊടുക്കാമെന്ന് വാഗ്ദാനം നൽകികൊണ്ട് ഇയാൾ രണ്ടു പേരെയും വാഹനത്തിൽ കയറ്റുകയായിരുന്നു. വീടിന്റെ അടുത്തെത്തിയപ്പോൾ അമിത വേഗത്തിൽ ഇയാൾ വാഹനം മുന്നോട്ടെടുത്തതോടെ യുവതിയ്ക്ക് തങ്ങൾ അപകടത്തിലാണെന്ന് മനസിലായി.

യുവതിയെയും കുട്ടിയേയും ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ഇയാൾ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച യുവതിയെ ഇയാൾ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ തനിക്ക് എയ്ഡ്‌സ് ആണെന്ന് യുവതി കൂസലില്ലാതെ പറഞ്ഞതോടെ ഇയാൾ ഭയന്ന് തന്റെ ശ്രമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾക്ക് കേസെടുത്തിട്ടുണ്ട്. യുവതിയെയും കുഞ്ഞിനേയും തട്ടികൊണ്ട് പോയതിനും ശാരീരികാതിക്രമം നടത്തിയതിനുമാണ് കേസ്. പോലീസ് ഇപ്പോൾ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍