Top

ലഘുലേഖകള്‍ വിതരണം ചെയ്തത് ആര്‍എസ്എസ് കേന്ദ്രത്തിലല്ല; മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ്

ലഘുലേഖകള്‍ വിതരണം ചെയ്തത് ആര്‍എസ്എസ് കേന്ദ്രത്തിലല്ല; മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ്
പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണത്തില്‍ ഇന്നലെ നിയമസഭയില്‍ പ്രതികരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി കോണ്‍ഗ്രസ് നേതാവും പറവൂര്‍ എംഎല്‍എയുമായ വി ഡി സതീശന്‍. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത് പ്രകോപനം ഉണ്ടാക്കാരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. ഇതിനെയാണ് സതീശന്‍ എതിര്‍ക്കുന്നത്. ലഘുലേഖകള്‍ വിതരണം ചെയ്തത് ആര്‍എസ്എസ് കേന്ദ്രത്തിലല്ല. ആ ലഘുലേഖയില്‍ പറയുന്ന കാര്യങ്ങളിലെന്താണിത്ര പുതുമയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞതുപോലെ കാലങ്ങളായുള്ള ഒരു വിഭാഗത്തിന്റെ വിശ്വാസ കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. വൈക്കം മൗലവിയും മുഹമ്മബ് അബ്ദുറ്ഹമാന്‍ സാഹിബും ഇ മൊയ്തു മൗലവിയും ഒക്കെ ജനങ്ങളോട് പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പായ 153 ചുമത്തിയിരിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. ലഘുലേഖ വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അവരെ പരസ്യമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുസ്ലിം ലീഗ് നേതാവ് എംകെ മുനീറും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു. ദൈവഭക്തരായ മനുഷ്യരെയാണ് ഉത്തരേന്ത്യന്‍ മാതൃകയില്‍ ആര്‍എസ്എസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ആ ലഘുലേഖയില്‍ സിതാറാം യെച്ചൂരിയെ പ്രശംസിച്ചിട്ടുള്ളത് താങ്ങള്‍ക്കറിയാമോ? പിണറായിയുടെ ഭരണത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും മുനീര്‍ പറഞ്ഞു.

പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ മറ്റ് മതങ്ങളെ വിമര്‍ശിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് അവരെ പ്രകോപിപ്പിക്കാന്‍ മാത്രമാണ് സഹായിക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണത്തെ സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണുന്നുണ്ടെന്നും അതേസമയം ആര്‍എസ്എസ് നാട്ടില്‍ എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാക്കാന്‍ തയ്യാറെടുത്ത് നടക്കുകയാണ്. അതിന് മരുന്നിട്ട് കൊടുക്കുന്ന നടപടി ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതപ്രചാരണത്തിന്റെ പേരില്‍ വീടുകളില്‍ കയറി നിങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നുവെന്ന് പറയാമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഒരു വിഭാഗത്തിന് വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ മറ്റു വിശ്വാസങ്ങളുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഞാന്‍ പറഞ്ഞത് മരുന്നിട്ട് കൊടുക്കരുതെന്ന്. ഈ ലഘുലേഖകള്‍ കണ്ടപ്പോള്‍ ആര്‍എസ്എസിന് നല്ല ഹരമായി. അവര്‍ക്ക് അതൊരു അവസരമായി. അവര്‍ ഇടപെടുന്ന അവസ്ഥയുണ്ടായി. ഇക്കാര്യത്തില്‍ പോലീസ് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും.

മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് വിഗ്രഹാരാധനയ്ക്ക് എതിരെ ലഘുലേഖ വിതരണം ചെയ്ത് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട്. റിമാന്‍ഡില്‍ കഴിയുന്ന 40 മുജാഹിദ് പ്രവര്‍ത്തകരും ഇപ്പോള്‍ എറണാകുളം സബ്ജയിലില്‍ ആണ്.

Next Story

Related Stories