TopTop
Begin typing your search above and press return to search.

രാജസ്ഥാനിലെ എസ്എഫ്ഐയുടെ വിജയങ്ങൾ ഒരു ശുഭ സൂചനയാണ് : ദളിത്-കർഷക-തൊഴിലാളികളും അവരുടെ കുട്ടികളും ഇന്ത്യൻ ഭാഗധേയത്തെ നിർണയിക്കട്ടെ

രാജസ്ഥാനിലെ എസ്എഫ്ഐയുടെ വിജയങ്ങൾ ഒരു ശുഭ സൂചനയാണ് : ദളിത്-കർഷക-തൊഴിലാളികളും അവരുടെ കുട്ടികളും ഇന്ത്യൻ ഭാഗധേയത്തെ നിർണയിക്കട്ടെ

എംജി സർവകലാശാലയുടെ കീഴിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം ആണ് എസ് എഫ് ഐ നേടിയത്. വിദ്യാർത്ഥി അഭിമന്യുവിന്റെ രക്തസാക്ഷിത്വത്താൽ ശ്രദ്ധേയമായ മഹാരാജാസ് കോളേജിലും എസ് എഫ് ഐ വിജയം ആവർത്തിച്ചു. . തെരഞ്ഞെടുപ്പു നടന്ന 14 സീറ്റിലും എസ‌്എഫ‌്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെഎസ‌്‌യു, ഫ്രറ്റേണിറ്റി, എംഎ‌സ‌്എഫ‌് തുടങ്ങിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ‌് എസ‌്എഫ‌്ഐ യൂണിയൻ നിലനിർത്തിയത‌്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട മൂന്നാംവർഷ ബിരുദ പ്രതിനിധി സീറ്റും തിരിച്ചുപിടിച്ചു.

രാജസ്ഥാനിൽ വിവിധ സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് മികച്ച വിജയം നേടി, എ ബി വി പി യുടെ കുത്തക സീറ്റുകൾ കയ്യടക്കി കൊണ്ടായിരുന്നു ഇടത്തട്ടുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നേറ്റം. 40ലേറെ സ്വകാര്യ കോളേജുകളും 10ലേറെ സർക്കാർ കോളേജുകളിലും എസ്എഫ്‌ഐ പ്രതിനിധികൾ വിജയം നേടി. രാജസ്ഥാൻ സർവകലാശാല യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ പിന്തുണയിൽ മത്സരിച്ച വിനോദ് ഝഖാദ് ജയിച്ചു. എബിവിപി സ്ഥാനാർഥിയെ 1,860 വോട്ടുകൾക്കാണ് വിനോദ് ഝഖാദ് പരാജയപ്പെടുത്തിയത്.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഹരിശങ്കർ കർത്ത എഴുതിയ കുറിപ്പ്

രാജസ്ഥാനിലെ അമ്പതോളം കോളേജുകളിൽ എസ്എഫ്ഐ സാന്നിധ്യം അറിയിച്ചതായ് പറയുന്നു. കുറച്ച് കാലമായി അവിടങ്ങളിൽ നടന്ന് പോരുന്ന കർഷകസമരങ്ങളുടെയും മറ്റും പശ്ചാത്തലത്തിലാണ് ഇത് നോക്കിക്കാണേണ്ടതെന്ന് തോന്നുന്നു.

വണിക്കുകളുടെ മക്കൾ വിദേശരാജ്യങ്ങളിലും മദ്ധ്യവർഗ്ഗചൂതാട്ടക്കാർ ഇന്ത്യൻ നിർമ്മിത വിദേശവിദ്യാലയങ്ങളിലും കാശ് കൊടുത്താൽ മാത്രം കിട്ടുന്ന സീറ്റുകളിൽ പള്ളികൊണ്ട് എഞ്ചിനീറിങ്ങും മാനേജുമെന്റ് കോഴ്സുകളും പഠിക്കുമ്പോൾ ദളിത്-കർഷക-തൊഴിലാളികൾ പെറ്റ് കൂട്ടുന്ന മനുഷ്യപ്രാണികൾ രാഷ്ട്രീയമുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്ക് ഒതുക്കപ്പെടുകയാണ്. ക്രീം/ഡ്രീം കോഴ്സുകൾ പഠിക്കാൻ കഴിയാത്തതിന്റെ വ്യസനം അവരിൽ ചിലരെയെങ്കിലും അതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ പ്രേരിപ്പിച്ചേക്കാം. അത്തരം പഠനങ്ങളിലൂടെ കടന്ന് പോകുമ്പോൾ വ്യവസ്ഥയുടെ അപാകതകളും പരിഹാരങ്ങളുടെ വെളിപാടുകളും അവരെ ഭ്രമിപ്പിക്കുന്നുണ്ടാവണം. ഇങ്ങനെ രാഷ്ട്രീയത്തിൽ ഭ്രമിച്ച മനുഷ്യർക്ക് സംഘം ചേരാതെ നിവൃത്തിയില്ല.

തങ്ങളുടെ ഗ്രാമങ്ങളിൽ നടക്കുന്ന പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അവർ എസ്എഫ്ഐ പോലുള്ള സംഘടനകളിൽ എത്തിപ്പെടുന്നത് തികച്ചും അനിവാര്യമായ് തീരുന്നു. ഹിന്ദുത്വഭാവുകത്വം അതിന്റെ ആവർത്തനവിരസതകളിലൂടെ കടന്ന് പോകുന്ന വർത്തമാനകാലദശാസന്ധിയിൽ വ്യത്യസ്തമായെന്തെങ്കിലും ചെയ്യാൻ കൊതിക്കുന്നവരും ഇവർക്കൊപ്പം കൂടും. പഠിച്ചിറങ്ങി തൊഴിൽ തെണ്ടുന്നവർ ഇവരോട് ഐക്യപ്പെടും. ഉത്തരേന്ത്യയിൽ, രാഷ്ട്രീയമുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ചുവപ്പും നീലയും പടർന്ന് പിടിച്ചാൽ അത് യാദൃശ്ചികമായിരിക്കില്ലെന്ന് ചുരുക്കം.

ഈ പകർച്ചവ്യാധികളുടെ അപകടം എതിർകക്ഷികളും നന്നായ് തിരിച്ചറിയുന്നുണ്ട്. ചിന്തിക്കുന്ന യുവാക്കളെ മുഴുവൻ വിലയ്ക്ക് വാങ്ങാൻ മാത്രം പണം അവരുടെ കയ്യിലില്ല. വില കൂട്ടിയിട്ട് ജനത്തെ പരമാവധി ഊറ്റിയിട്ടും വണ്ടി തള്ളി നീക്കേണ്ട ഗതികേടിലാണവർ. വർഗ്ഗീയതയും തീവ്രദേശീയവാദവും പുഴുങ്ങിയാൽ തിന്നാൻ കൊള്ളില്ല എന്ന് പലരും തിരിച്ചറിഞ്ഞത് കൊണ്ടാണല്ലൊ മുംബൈയും ദൽഹിയും സിന്ദൂരക്കുറി തൊട്ട് ഇൻകലാബ് വിളിച്ചത്. അത് കൊണ്ട് തന്നെ ഒതുക്കപ്പെട്ടവർ ഉയർന്ന് വരാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അത്തരം ഇടങ്ങളെ തന്നെ ഉന്മൂലനം ചെയ്യാനുള്ള സമഗ്രപദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. അത്തരം ശ്രമങ്ങൾക്കെതിരെ നടക്കുന്ന റെസിസ്റ്റൻസ് ഇന്ന് നാമമാത്രമാണ്. ഇത്തരം എളിയ വിജയങ്ങൾ നേതൃഗുണമുള്ളവരെ മുന്നോട്ട് കൊണ്ട് വരുന്നതിൽ വിജയിച്ചാൽ അത് റെസിസ്റ്റൻസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക തന്നെ ചെയ്യും. ദളിത്-കർഷക-തൊഴിലാളികളും അവരുടെ കുട്ടികളും ഇന്ത്യൻ ഭാഗധേയത്തെ നിർണ്ണയിച്ചേക്കാമെന്ന കരക്കമ്പി ഒരു വിദൂരസാധ്യതയെങ്കിലും പ്രലോഭനീയമാണ്. കൊള്ളാവുന്ന ഒരു കളി കണ്ടിട്ടെത്ര കാലമായ് !!

കേരളത്തിലെ എസ്എഫ്ഐ വിജയങ്ങളെ ഒരു പഠിപ്പിസ്റ്റ് ഫുൾ പാസായെന്ന വാർത്ത പോലെ നിസംഗതയോടെ നോക്കിക്കാണുന്നു.


Next Story

Related Stories