Top

മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി: ഇത്തരം വിഷജന്തുക്കളെ തുറന്നുകാട്ടുമ്പോള്‍ ഇസ്ലാം വിരുദ്ധത പൊക്കിപ്പിടിച്ച് വരുന്നവരോട് പുച്ഛം

മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി: ഇത്തരം വിഷജന്തുക്കളെ തുറന്നുകാട്ടുമ്പോള്‍ ഇസ്ലാം വിരുദ്ധത പൊക്കിപ്പിടിച്ച് വരുന്നവരോട് പുച്ഛം
ചെറുപ്പത്തില്‍ പുസ്തകം വായിക്കാന്‍ കിട്ടുന്നതില്‍ കവിഞ്ഞ് ഉമ്മച്ചിയെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നത് വാപ്പാടെ മൂത്ത പെങ്ങളുടെ മോന്റെ വീട്ടില്‍ പോകാനാണു. അത്രക്ക് ഇഷ്ടമായിരുന്നു ഞങ്ങള്‍ സഹോദരങ്ങള്‍ക്കും കസിന്‍സിനുമെല്ലാം ആ വീട്. ടീച്ചറായിരുന്നു അബ്ബാസിക്കയുടെ ഭാര്യ സുബൈദ ഇത്ത. കുടുംബ ജീവിതത്തിന്റെ താളവും ലയവുമെല്ലാം ചേര്‍ന്ന് മനോഹരമായ അവരുടെ കുഞ്ഞു വീട്ടില്‍ സന്തോഷം എപ്പോഴും കളിയാടിയിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖവുമായി അവര്‍ ഞങ്ങളെ വരവേറ്റു.

ഇന്ന് ഇത്രയും വര്‍ഷത്തിനിടയിലും അത്രയേറേ സന്തോഷകരമായ കൂട്ട് ജീവിതങ്ങള്‍ ഞാന്‍ കണ്ടിട്ടേയില്ല. ഇക്ക പാത്രം തേക്കുമ്പോള്‍ ഇത്താ അതെല്ലാം കഴുകി വക്കും. കുറച്ച് ദൂരെയുള്ള കിണറില്‍ നിന്നും ഒരാള്‍ വെള്ളം കോരി പാത്രങ്ങളില്‍ നിറക്കുമ്പോള്‍ മറ്റെയാള്‍ അതെല്ലാം കൊണ്ടുവന്ന് വീട്ടില്‍ വക്കും. അങ്ങനെ പരസ്പര സഹകരണാടിസ്ഥാനത്തിലല്ലാതെ അവിടെ ഒരു ജോലിയും ചെയ്തു കണ്ടിട്ടില്ല. പരസ്പര ബഹുമാനത്തോടെയല്ലാതെ അവര്‍ സംസാരിക്കുന്നത് കേട്ടിട്ടില്ല. വൃത്തിയും വെടിപ്പുമൊക്കെ നിറഞ്ഞ ആ സ്‌നേഹവീടിന്റെ എല്ലാമെല്ലാം സ്‌കൂള്‍ടീച്ചറായ ഇത്തയായിരൂന്നു. നാല്‍പതിലേറെ കൊല്ലം മുന്‍പ് വളരെ അപൂര്‍വ്വമായി കാണുന്ന ജോലി ചെയ്യുന്ന വരുമാനമുണ്ടാക്കുന്ന സ്ത്രീ.

ആ സ്ത്രീ ജോലി ചെയ്തതുകൊണ്ട് കൂടിയാണ് കുടുംബഭരണമെന്നത് സ്വന്തം ഉത്തരവാദിത്തവും കൂടിയാണെന്ന് ആ ഇക്ക മനസ്സിലാക്കിയതും കൊണ്ട് കൂടിയാണു ആ കുടുംബത്തിലെ സമാധാനം ഇപ്പോഴും അല്ലലില്ലാതെ ഒഴുകുന്നത്, ഇപ്പോഴും കൊതിപ്പിക്കുന്ന ഒരിടമായി അവിടം നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ സ്ഥിരമായി അടുക്കളയില്‍ കഴിഞ്ഞ്, സ്വന്തം വിധിയെയും പഴിച്ച്, വീട്ടില്‍ വരുന്നവരെയൊക്കെ ശല്യക്കാരായി കണ്ട്, കേരളത്തിലെ അനേകം അസന്തുഷ്ടകുടുബം പോലെ അവരും അങ്ങനെ ജീവിച്ച് തീര്‍ന്നേനെ.

http://www.azhimukham.com/purdah-fasal-gafoor-islamic-custom-speech-dress-code-mes-muslim-women/

നാല്‍പ്പത് കൊല്ലത്തിനിപ്പുറം സ്ത്രീകള്‍ കടന്നു കയറാത്ത ഏത് മേഖലയാണു നമ്മുടെ സമൂഹത്തിലുള്ളത്? ബഹിരാകാശം മുതല്‍ ഓട്ടോ ഡ്രൈവര്‍ വരെ സര്‍വ്വമേഖലകളേയും കീഴടക്കുന്ന സ്ത്രീകളുടെ ബുദ്ധിയും കഴിവും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് മതങ്ങളെത്തന്നെയാണ്. പ്രത്യേകിച്ചും ഇസ്ലാം മതത്തിലെ കുറച്ച് കപടപുരോഹിതരെ. അവര്‍ സ്ഥിരമായി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ടും ഖുറാന്റെ അത്യന്തം അപകടകരമായ കപട വ്യാഖ്യാനാങ്ങള്‍ കൊണ്ടും ഈ സ്ത്രീ വിരുദ്ധതയെ ആളിക്കത്തിക്കുകയാണ്. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെയായാല്‍ ഇനി അവര്‍ ആരെ എടുത്ത് അടിമകളാക്കുമെന്ന വേവലാതിയാണ് മതം കൈകാര്യം ചെയ്യുന്നവര്‍ക്ക്.

അവര്‍ക്ക് സ്ത്രീയെന്നത് ഏറ്റവും നിഗൂഢമായ് സൂക്ഷിക്കേണ്ട നിധിയാണ്. കാന്തപുരത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അവുത്തിന്റെ അവ്വുത്തിന്റെ അവ്വുത്തിന്റെയകത്ത്'. ശരീരത്തിന്റെ ചെറിയ ഭാഗം പുറത്തു കണ്ടാല്‍ പോലും പുരുഷന്റെ സമനില തറ്റിക്കാന്‍ കെല്‍പുള്ളവരാണ് സ്ത്രീ. വില്‍ക്കാന്‍ വച്ചിരിക്കുന്ന വത്തക്കയുടെ സാമ്പിള്‍ പോലെ ശരീര ഭാഗങ്ങള്‍ തുറന്നു കാട്ടുന്നവരാണു, നരകത്തിലെ വിറക് കൊള്ളികളാണ്.

ഇപ്പോള്‍ പുറത്ത് വന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങത്തിലൂടെ കടന്നു പോകുമ്പോള്‍ അയാള്‍ പറയുന്നത് സ്ത്രീയുടെ സാമ്പത്തിക സ്വയം പര്യാപ്തതയാണ് കുടുംബജീവിതത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതും സ്വന്തമായി സമ്പാദ്യമുണ്ടാകുന്നതും കുടുംബജീവിതത്തെ ബാധിച്ചു എന്നത് ഒരര്‍ഥത്തില്‍ ശരിയാണ്. സമ്പത്ത് കയ്യാളുന്ന ആളെന്ന നിലയിലുള്ള പുരുഷന്റെ നൂറ്റാണ്ടുകളുടെ അധികാരഭാവത്തെ അതു ബാധിച്ചിട്ടുണ്ട്. സ്ത്രീയുടെ വിധേയത്വത്തെയും. അപ്പോള്‍ അതു പുരുഷന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അപ്രമാദിത്തത്തെ തെല്ലൊന്ന് പൊളിച്ചെഴുതിയിട്ടുണ്ട്. പഴയ ശീലങ്ങളും അടിമത്തമനോഭാവവുമെന്നും അത്ര പെട്ടെന്ന് വിട്ട് പോവില്ലെങ്കിലും ജോലിചെയ്യുന്ന സ്ത്രീകളെ പഴയതു പോലെ പുരുഷന്റെ കളിപ്പാവയാകാന്‍ കിട്ടാതായിട്ടുണ്ട്.

http://www.azhimukham.com/perod-abdul-rahman-saqafi-speech-nadapuram-rape-sexual-assault-jahangeer/

പിന്നെയുമുണ്ട് പണ്ഡിതന്റെ പ്രബോധനം, ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതമുണ്ടെന്ന്. അതും കുറെ കേട്ടിട്ടുള്ളതാണു പണ്ഡിതാ.. ഫോണ്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന യാത്ര ചെയ്യുന്ന പെണ്ണുങ്ങളെല്ലാം ഇങ്ങനെ അവിഹിതത്തിനു മുട്ടി നില്‍ക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് നിങ്ങള്‍ക്ക് മറ്റു മതക്കാരും പൊതുബോധവുമെല്ലാം കൂട്ടിനായുണ്ട്. ജോലിയും വീടുപണിയുമെല്ലാം കഴിഞ്ഞ് നന്നായൊന്ന് ഉറങ്ങാന്‍ സമയം കിട്ടാതിരിക്കുന്ന സ്ത്രീകള്‍ ഒന്നുണര്‍ന്നാലുണ്ടല്ലോ അതു ശശികല പറയുന്ന ഹിന്ദു ഉണരുന്ന പോലെയാവില്ല.

ഒരു കാര്യം പണ്ഡിതന്‍ സമ്മതിച്ചു തരുന്നുണ്ട്. സ്ത്രീ എത്ര വൃത്തിയാക്കുന്നോാ അതാണൊരു വീടിന്റെ വൃത്തിയെന്ന്. സ്ത്രീയെപ്പോലെ രണ്ട് കയ്യും രണ്ട് കാലും സ്ത്രീയേക്കാള്‍ തടിമിടുക്കുമുള്ള പുരുഷനെന്താ ഈ അടിവസ്ത്രം അലക്കിയിടാനും ഡൈനിംഗ് ടേബിള്‍ വൃത്തിയാക്കാനും പറ്റില്ലേ? ഒരതിഥി വീട്ടില്‍ വരുമ്പോള്‍ വീടു വൃത്തിയാക്കിയിടേണ്ടത് സ്ത്രീയുടെ മാത്രം ആവശ്യമല്ലല്ലോ. വൃത്തിയെന്നത് പുരുഷനും ഒരു നല്ല ഗുണമല്ലേ ഉസ്താദേ?

ഓരോ വാക്കിലും സ്ത്രീ വിരുദ്ധത തുളുമ്പുന്ന ആ പ്രസംഗത്തിന് മറുപടി പറഞ്ഞാല്‍ ഒരു പക്ഷേ ഈ എഴുത്ത് നീണ്ടുനീണ്ടു പോകും. അയാള്‍ നാട്ടിലെ തൊഴിലില്ലായ്മ ഒരളവുവരെ പരിഹരിക്കുന്ന ഐടി ഇടങ്ങളെ കുറ്റം പറയുന്നുണ്ട്. അവിടെ ജോലി ചെയ്യുന്നവരെ മോശക്കാരാക്കുന്നുണ്ട്. സ്വന്തം കഴിവിനാല്‍ പുരുഷനേക്കാള്‍ ശമ്പളം മേടിക്കുന്ന സ്ത്രീകള്‍ എന്തോ മഹാപാപം ചെയ്യുന്നുവെന്ന് വരുത്തി തീര്‍ക്കുന്നുണ്ട്. അവരെ അഹങ്കാരിയാക്കുന്നുണ്ട്.

https://www.azhimukham.com/kanthapuram-abubacker-musalyar-anti-women-statement-islam-patriarchy-sexuality-rajasekharan-nair/

ഇത്തരം പണ്ഡിതരെന്ന് സ്വയം കരുതുന്ന മതവിരുദ്ധരെ മനുഷ്യ വിരുദ്ധരെ സ്ത്രീ വിരുദ്ധരെ ഇനിയും വളരാന്‍ അനുവദിക്കണോയെന്ന് അത്തരം സംഘടനകള്‍ തീരുമാനിക്കട്ടെ.

സമൂഹത്തില്‍ ദളിത് വിരുദ്ധതപോലെ എന്നാല്‍ അതിനേക്കാള്‍ അപകടകരമായി ഇസ്ലാം വിരുദ്ധതയും ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ ഇത്തരം വിഷജന്തുക്കളെ തുറന്ന് കാട്ടുമ്പോള്‍ ഇസ്ലാം വിരുദ്ധതയും പൊക്കിപ്പിടിച്ച് കൊണ്ട് വരുന്നവരോട് പുച്ഛമേയുള്ളു. ഇസ്ലാം മതത്തിലെ ഇത്തരം അപകടകരമായ പ്രവണതകളെ എതിര്‍ത്ത് മാത്രമേ ഇസ്ലാമിന്റെ അഭിമാനം നിങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനാവൂ എന്നെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.

എല്ലാ മതത്തിലുമുണ്ട് സ്ത്രീയുടെ വസ്ത്രത്തിലും സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ഇഷ്ടങ്ങളിലുമൊക്കെ കടന്നു കയറുന്ന പുരുഷാധികാര പ്രവണതകള്‍. എന്നാല്‍ ഇസ്ലാം മതത്തിലെ ആധുനികമെന്നും പുരോഗമനപരമെന്നും അവകാശപ്പെടുന്ന വിഭാഗങ്ങളില്‍ പലതും അതൊരു അലങ്കാരം പോലെ കൊണ്ടുനടക്കുന്നുണ്ട്. ദളിത് വിരുദ്ധതയും മുസ്ലീം വിരുദ്ധതയും പോലെ ജനസംഖ്യയുടെ പാതിയിലധികമായ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം വിരുദ്ധതകളും ഏതു മതത്തില്‍ നിന്നാണെങ്കിലും ശക്തമായിഎതിര്‍ക്കപ്പെടേണ്ടതുണ്ട്.

ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. കുറച്ച് സാവകാശമാണെങ്കിലും സ്ത്രീകള്‍ ഇതൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ കെല്‍പ്പുള്ളവരായി മാറുന്നുണ്ട്. അന്ന് നിങ്ങള്‍ സ്വയം പരിഷ്‌ക്കരിക്കപ്പെട്ടില്ലെങ്കില്‍ സമുദായത്തിനും സമൂഹത്തിനും വെളിയിലായിരിക്കും നിങ്ങളുടെ സ്ഥാനം. അതുകൊണ്ട് ഇസ്ലാം മതത്തിലെ ഉല്‍പതിഷ്ണുക്കള്‍ ഇത്തരം വിതണ്ഡവാദക്കാരായ മതപണ്ഡിതര്‍ക്ക് ഒരായിരം പ്രബോധനങ്ങള്‍ പകര്‍ന്നു നല്‍കുന്നത് നന്നായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/trending-mujahid-balusseri-speaks-again-snti-female-statement/

http://www.azhimukham.com/kanthapuram-aboobacker-musliyar-women-equality-patriarchy-muslim-religion-kerala-pkmabdurahman/

http://www.azhimukham.com/o-abdu-rahiman-madhyamam-jamaat-e-islami-reservation-ambedkar-award-jayaram/

Next Story

Related Stories