UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസും യുഡിഎഫും എന്തുകൊണ്ട് കാനം രാജേന്ദ്രനോട് നന്ദി പറയണം?

കാനത്തിന്റെ നിലപാട് ശരിയായിരുന്നെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നപ്പോള്‍ മനസിലാകുകയും ചെയ്തു

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട അവസ്ഥയിലാണ് കേരള കോണ്‍ഗ്രസിനെ കൂടെ യുഡിഎഫില്‍ എത്തിച്ച് മുന്നണിയെ ശക്തിപ്പെടുത്തണമെന്ന കോണ്‍ഗ്രസ് തീരുമാനമുണ്ടായിരിക്കുന്നത്.
കെ എം മാണിയെ മുന്നണിയിലേക്കെടുക്കാതെ കോണ്‍ഗ്രസിന് നിലനില്‍പ്പുണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ അവിടെ നിന്നുള്ള അനുമതിയും ലഭിച്ചു. ഇതോടെ 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തിപ്രാപിക്കാമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും എംഎം ഹസനും രമേശ് ചെന്നിത്തലയും.

എന്നാല്‍ ഇതിനെല്ലാം അവര്‍ നന്ദി പറയേണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടാണ്. കുറച്ചുകാലമായി കയ്യാലയിലെ തേങ്ങപോലെ ഇരു മുന്നണികളിലേക്കും നോക്കിയിരുന്ന കേരള കോണ്‍ഗ്രസിനെ നഷ്ടപ്പെട്ടിരുന്നെങ്കില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനായി ആര് വരുമായിരുന്നു. കാനം കടുത്ത നിലപാടെടുത്തതാണ് കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമായി നിന്നത്. പിണറായി വിജയനും കോടിയരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ മാണിയോടും മകനോടും അനുഭാവപൂര്‍വമായ നിലപാട് സ്വകീരിച്ചപ്പോഴും സിപിഐ ആണ് അതിന് തടസ്സം നിന്നത്. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമെന്നതിനാലാണെങ്കിലും ആ നിലപാടാണ് കോണ്‍ഗ്രസിന് തുണയായത്. മാണിയുമായി കടുത്ത വിരോധം വച്ചുപുലര്‍ത്തുന്ന സിപിഐയ്ക്ക് ഒരുപക്ഷെ മാണി എല്‍ഡിഎഫില്‍ എത്തിയിരുന്നെങ്കില്‍ മുന്നണി ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. മുസ്ലിം ലീഗ് കൂടി ഉള്‍പ്പെടുന്ന യുഡിഎഫിലേക്ക് പോകാന്‍ രാഷ്ട്രീയ ആദര്‍ശം അവരെ അനുവദിക്കുകയുമില്ലായിരുന്നു.

മാണിയുടെ മുന്നണി പ്രവേശനം ഈ വിധത്തില്‍ അനിശ്ചിതമായി തുടരുന്നതിനിടെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നുചേര്‍ന്നത്. ചെങ്ങന്നൂരിലെ മാണിയുടെ നിലപാട് ഇരുമുന്നണികളും ആകാംക്ഷയോടെയാണ് നോക്കിനിന്നത്. ക്രിസ്ത്യന്‍ വോട്ടുകളെന്ന പ്രലോഭനമുയര്‍ത്തി ഇരുവരെയും മാണി കൊതിപ്പിച്ച് നിര്‍ത്തിയപ്പോഴും സിപിഐ നിലപാടില്‍ മാറ്റം വരുത്തിയില്ല. ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണിയുടെ വോട്ടിന്റെ ആവശ്യമില്ലെന്നായിരുന്നു കാനത്തിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് മാണി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. കാനത്തിന്റെ നിലപാട് ശരിയായിരുന്നെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ മനസിലാകുകയും ചെയ്തു. ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് ഭൂരിപക്ഷം നേടാനായില്ലെന്ന് മാത്രമല്ല ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുകയും.

ഈ പരാജയം കൂടിയായപ്പോഴാണ് മാണിയെ യുഡിഎഫിലെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. അല്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അപ്രസക്തരായി തീരുമോയെന്ന ഭീതിയാണ് ഈ തീരുമാനത്തിന് പിന്നില്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മാണിയുടെ വിലപേശലില്‍ സിപിഎം വീണിരുന്നങ്കില്‍ ഇപ്പോള്‍ യുഡിഎഫില്‍ നടന്ന ഈ അടിയന്തര രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലായിരുന്നു. അതിനാലാണ് കോണ്‍ഗ്രസും യുഡിഎഫും ഇവിടെ നന്ദി പറയേണ്ടത് കാനം രാജേന്ദ്രനാണ് എന്ന് പറയേണ്ടി വരുന്നത്.

കഴിഞ്ഞ ജൂണില്‍ ‘മാണി എന്ന മാരണം’; ഈ ജൂണില്‍ മാണി ഈ വീടിന്റെ ഐശ്വര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍