Top

എം എല്‍ എമാരില്‍ ക്രിമിനലുകളും അതിസമ്പന്നരും: അത്ര സുഗമമായിരിക്കില്ല ഭരണം കര്‍ണ്ണാടകയില്‍

എം എല്‍ എമാരില്‍ ക്രിമിനലുകളും അതിസമ്പന്നരും: അത്ര സുഗമമായിരിക്കില്ല ഭരണം കര്‍ണ്ണാടകയില്‍
കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമസഭാകക്ഷി നേതാവ് യെദ്യൂപ്പര അധികാരമേറ്റെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഇപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സം നിന്നില്ലെങ്കിലും ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി ഇന്നലെ പുലര്‍ച്ചെ നടത്തിയ പാതിരാ വിധിയിലെ നിര്‍ദേശം. ഈ കത്തില്‍ ബിജെപി എംഎല്‍എമാര്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം തെളിയിക്കാന്‍ ഇതു മതിയാകില്ല. കൂറുമാറ്റം ഒഴിവാക്കാനായി ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരെ അതാത് പാര്‍ട്ടി നേതൃത്വങ്ങള്‍ ഒളിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ഇനി ഇവരിലാരുടെയും ഒപ്പ് പ്രതീക്ഷിക്കാനാകില്ല. സ്വാഭാവികമായും കേവലഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത ഒരു കക്ഷിയ്ക്ക് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന ചോദ്യമാണ് കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ടത്. എന്നാല്‍ ഗവര്‍ണര്‍ ചെയ്തതു പോലെ സുപ്രിംകോടതിയും ബിജെപിയ്ക്ക് ഒരു കുതിരക്കച്ചവടത്തിന് അവസരമൊരുക്കിയാല്‍ 15 ദിവസം കൂടി യെദ്യൂരപ്പ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാം.

15 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒളിവില്‍ കഴിയുന്ന കുറച്ച് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബല്ലാരി സഹോദരന്മാരുടെ പണക്കൊഴുപ്പിന്റെ സഹായത്തോടെ ഓപ്പറേഷന്‍ താമര സീസണ്‍ 2 കളിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ബല്ലാരി സഹോദരന്മാരും യെദ്യൂരപ്പയും 2011ല്‍ പിണങ്ങി പിരിഞ്ഞതാണെങ്കിലും ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരും തിരികെയെത്തിയതാണ് ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഏതൊരു എംഎല്‍എയെയും ബല്ലാരി സഹോദരന്മാരുടെ ഖനിപ്പണം കൊണ്ട് കൂടെ നിര്‍ത്താനാകുമെന്ന് 2008ലെ തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പ തന്നെ തെളിയിച്ചതാണ്. എന്നാല്‍ കൂറുമാറ്റനിരോധന നിയമം ഉള്‍പ്പെടെ നിരവധി നൂലാമാലകളാണ് അവരെ കാത്തിരിക്കുന്നത്.

ബിജെപി ഇന്ന് കോടതിയില്‍ കത്ത് ഹാജരാക്കുമ്പോള്‍ അതില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്ര എംഎല്‍എമാരുടെ ഒപ്പുണ്ടാകില്ലെന്നതാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ. സ്വതന്ത്രരായി മത്സരിച്ച രണ്ട് പേരും നിലവില്‍ കോണ്‍ഗ്രസ് പാളയത്തിലാണ്. അതേസമയം ആ പ്രതീക്ഷകള്‍ക്കും അധികം ആയുസ്സില്ലെന്ന് വേണം മനസിലാക്കാന്‍. കാരണം ആര്‍ ശങ്കര്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ദേശീയ മാധ്യമങ്ങള്‍ വിളിക്കുന്നത് തന്നെ റൊട്ടേറ്റിംഗ് ശങ്കര്‍ എന്നാണ്. അതായത് എപ്പോള്‍ വേണമെങ്കിലും അദ്ദേഹം എങ്ങോട്ട് വേണമെങ്കിലും മറിയാം. ഈ വെല്ലുവിളികളെല്ലാം മറികടന്ന് സര്‍ക്കാര്‍ രൂപീകരിച്ചാലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് സുഗമമായി ഭരിക്കാനാകില്ല. കാരണം, ഇപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും പല നേതാക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള അന്വേഷണ ഭീഷണികള്‍ തുടങ്ങിയിട്ടുണ്ട്. വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുള്ള ശ്രമം ഇപ്പോള്‍ തന്നെ ആരംഭിച്ചുവെന്ന് ചുരുക്കം. ഭരണം മുന്നോട്ട് പോകുമ്പോള്‍ വീണ്ടും ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയ്ക്ക് എപ്പോള്‍ വേണമെങ്കിലും സാധിക്കുമെന്ന് ചുരുക്കം.

നിയമസഭയിലെത്തിയിരിക്കുന്ന ക്രിമിനലുകളുടെ എണ്ണത്തില്‍ ബിജെപിയാണ് മുന്നിലെങ്കിലും അതിസമ്പന്നരുടെ എണ്ണത്തിലെ ആധിക്യം കോണ്‍ഗ്രസിന് പ്രശ്‌നമാകും. അതില്‍ തന്നെ ഏറ്റവും സമ്പന്നരായ മൂന്ന് പേര്‍ എം നാഗരാജു(1015 കോടി), ഡികെ ശിവകുമാര്‍(840 കോടി), ബിഎസ് സുരേഷ്(416 കോടി) എന്നിവര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഇരു പാര്‍ട്ടിയിലും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും എണ്ണത്തില്‍ കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസിലെയും ജെഡിഎസിലെയും ഏത് എംഎല്‍എയും എപ്പോള്‍ വേണമെങ്കിലും വരുതിക്ക് നിര്‍ത്താനോ രാജിവയ്പ്പിക്കാനോ ബിജെപിക്ക് സാധിക്കും. രാജിവയ്ക്കുന്ന എംഎല്‍എ തങ്ങളുടെ പാളയത്തിലെത്തിച്ച് അതേ സീറ്റില്‍ തന്നെ മത്സരിപ്പിച്ച് ജയിപ്പിക്കുന്നതെങ്ങനെയാണെന്ന് അവര്‍ ഓപ്പറേഷന്‍ താമരയിലൂടെ തെളിയിച്ചതുമാണ്. ഇതിനാല്‍ തന്നെ ഇപ്പോള്‍ ജെഡിഎസും കോണ്‍ഗ്രസും പുലര്‍ത്തുന്ന പ്രതീക്ഷകളിലൊന്നും വലിയ കാര്യമില്ലെന്ന് പറയേണ്ടി വരും.

Next Story

Related Stories