TopTop

അബ്ദുള്ളക്കുട്ടി കീറാമുട്ടിയെന്ന് കോണ്‍ഗ്രസ് മുഖപത്രം; ഇന്ദിരയെ ഉപേക്ഷിച്ച്‌ അപ്പക്കഷണങ്ങള്‍ തേടിപോയവര്‍ തന്നെ വിമര്‍ശിക്കേണ്ടെന്ന് മറുപടി

അബ്ദുള്ളക്കുട്ടി കീറാമുട്ടിയെന്ന് കോണ്‍ഗ്രസ് മുഖപത്രം; ഇന്ദിരയെ ഉപേക്ഷിച്ച്‌ അപ്പക്കഷണങ്ങള്‍ തേടിപോയവര്‍ തന്നെ വിമര്‍ശിക്കേണ്ടെന്ന് മറുപടി
നരേന്ദ്ര മോദിയെ വാഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ അബ്ദുള്ളക്കുട്ടിയെത്തിയത് അധികാരത്തിന്റെ ഭാണ്ഡക്കെട്ടുമായാണെന്ന് വിമര്‍ശിക്കുന്ന പത്രം കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്  മോദിക്ക് മംഗള പത്രം രചിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. എന്നാല്‍ വീക്ഷണം മുഖപ്രസംഗം തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ബിജെപിയിലേക്ക് ചേക്കാറാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമമെന്ന് മുഖപ്രസംഗം ആരോപിച്ചു. അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ടായിരുന്നു കണ്ണൂര്‍ നിയമസഭ സീറ്റില്‍ നേരത്തെ അബ്ദുള്ളക്കുട്ടിയെ മല്‍സരിപ്പിച്ചതെന്ന് ഓര്‍മ്മിപ്പിച്ച മുഖപ്രസംഗം കോണ്‍ഗ്രസില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ തമാരപൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നതെന്നും ആക്ഷേപിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍നിന്ന് മല്‍സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെ പോയതാണ്‌ ഇപ്പോഴത്തെ കൂറുമാറ്റത്തിന് കാരണമാകുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു. രാഷ്ട്രീയ സത്യസന്ധതയും മര്യാദകളും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം ജീര്‍ണതകളെ പേറി നടക്കുന്ന കോണ്‍ഗ്രസ്‌ എത്രയും വേഗം അവറ്റകളുടെ പിരിഞ്ഞുപോകലിന് അവസരമുണ്ടാക്കുന്നതാണ് ഉത്തമം. കോണ്‍ഗ്രസില്‍ അയാളെ തുടരാന്‍ അനുവദിക്കരുതെന്നും മുഖപ്രസംഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

എന്നാല്‍ വീക്ഷണം മുഖപ്രസംഗത്തെ ശക്തമായി വിമര്‍ശിച്ച് അബ്ദുള്ള കുട്ടി രംഗത്തെത്തി. പാര്‍ട്ടിയും ഇന്ദിരാഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ അവരെ പെണ്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച കോണ്‍ഗ്രസ് വിട്ട് മറ്റൊരു കൂടാരത്തില്‍ പോയി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞ പ്രമാണിമാരാണ് ഇപ്പോള്‍ തന്നെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച പുറത്തുപോയ ആന്റണി വിഭാഗം നേതാക്കള്‍ക്കെതിരെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരോക്ഷവിമര്‍ശനം.

പിടി തോമസ് എംഎല്‍എയാണ് വീക്ഷണത്തിന്റെ ചീഫ് എഡിറ്റര്‍
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെയാണ് അബ്ദുള്ളക്കുട്ടി മോദിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

read more:കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം


Next Story

Related Stories