UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസുകാരോട് ഒരു ചോദ്യം: അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണോ ബി ജെ പിക്ക് നേരിട്ട് വോട്ടു ചെയ്യണോ?

ബി ജെ പിയുടെ റിക്രൂട്ടിങ് ഏജന്റ് ആയി കോണ്‍ഗ്രസ് എന്നെ മാറിക്കഴിഞ്ഞിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

ഇന്നിപ്പോള്‍ വല്ലാത്തൊരു ഗതികേടിലാണ് കേരളത്തിലെ മലയാളി സമൂഹം. കേരളത്തിലെ മലായാളി സമൂഹം എന്ന പ്രയോഗം കണ്ടു തെറ്റിദ്ധരിക്കേണ്ടതില്ല. മലയാളി സമൂഹങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഒരു യാഥാര്‍ഥ്യമാകയാല്‍ കേരളത്തില്‍ താമസിക്കുന്നവരെ നാടന്‍ മലയാളികള്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മുറിവേറ്റു പോകുമോ എന്ന ഭയം കൊണ്ടും കൂടിയാണ് ഇങ്ങനെയൊരു പ്രയോഗം. നമ്മുടെ നാട്ടില്‍ ജീവിക്കുന്ന ഒട്ടുമിക്ക മലയാളിക്കും ഒരു വിദേശ ബന്ധം ഉണ്ടെന്നതും അക്കാര്യം ഇടയ്ക്കിടെ അവര്‍ ഉന്നയിക്കുന്നുണ്ടെന്നത് രണ്ടാമത്തെ കാര്യം. അതൊക്കെ എന്തുമാകട്ടെ. പ്രവാസി മലയാളി അയക്കുന്ന പണം കൊണ്ട് തന്നെയാണ് ഇന്നും കേരളത്തിലെ പല കുടുംബങ്ങളും പുലരുന്നത് എന്നതുപോലെ തന്നെ പല ആരാധനാലയങ്ങളും അഗതി മന്ദിരങ്ങളും അനാഥ മന്ദിരങ്ങളും ശിശു ക്ഷേമ മന്ദിരങ്ങളും ഒക്കെ പുലരുന്നത് എന്ന യാഥാര്‍ഥ്യവും ഇവിടെ മറച്ചു വെക്കേണ്ട ഒന്നല്ല.

മലയാളിയെക്കുറിച്ചുള്ള പൊതു ധാരണ നന്മയുള്ളവര്‍ എന്നാണെന്നാണ് കേരളത്തിനു വെളിയില്‍ ജീവിക്കേണ്ടി വന്നപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യം (നേരെ തിരിച്ചും ചില അനുഭവങ്ങള്‍ അന്നത്തെ ബോംബയില്‍ (മുംബൈ) ഉണ്ടായ കാര്യം മുന്‍പും എഴുതിയിട്ടുണ്ട്. തൂ മദ്രാസി പ്രയോഗം ഇന്നും ചിലപ്പോള്‍ ശിവസേവന ഭടന്മാര്‍ കൊണ്ട് നടക്കുന്നുണ്ടാവാം. ഇന്നലെ കേട്ടത് മുംബൈ ഏതാണ്ട് മലയാളിയെ മലയാളിയായി അംഗീകരിച്ചുവെന്നും ഇപ്പോള്‍ ആ പഴയ മദ്രാസി പ്രയോഗം ഒഴിവാക്കിയെന്നുമെന്നുമാണ്. അതെ ലോകം മാറുകയാണ്. തമിഴനില്‍ നിന്നും മലയാളിയെ വേറിട്ട് തിരിച്ചറിയുന്നു എന്നല്ല ഇതിനര്‍ത്ഥം. പഴയ മദ്രാസ് പ്രോവിന്‍സിന്റെ ഭാഗമായിരുന്ന മലബാറിലെ ഉത്തര മലബാറില്‍ ജനിച്ചു വളരാന്‍ സൗഭാഗ്യം കിട്ടിയ മലയാള ഭാഷയുടെ തുടക്കം ചെന്തമിഴിലില്‍ നിന്നാണെന്നു ഇന്നും ഉറച്ചു വിശ്വശിക്കുന്ന ഒരാളെന്ന നിലയില്‍ കൂടിയാണ് ഇത്രയും പറഞ്ഞത്.

എന്നാല്‍ ഇന്നത്തെ ദിവസം ആകെ ചൂളിപ്പോയി എന്നു പറയാതെ വയ്യ. ദൈവങ്ങളുടെ നാടെന്നു വാഴത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ തുലാമാസ പൂജ തുടങ്ങുന്ന ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അയ്യപ്പ ഭക്തര്‍ എന്നു സ്വയം അവകാശപ്പെടുന്ന ഒരു സംഘം ആളുകളുടെ ഗുണ്ടായിസം തന്നെ ആദ്യ കാരണം. രണ്ടാമത്തേത് മണ്ഡല പൂജക്കാലത്തു ഭക്തര്‍ക്ക് സൗകര്യം ഒരുക്കേണ്ടവര്‍ എന്നു പറഞ്ഞു നടക്കുന്ന ഭക്ത പ്രിയരെന്നോ മറ്റോ വിളിക്കാന്‍ പറ്റുന്ന ചിലര്‍ കാട്ടികൂട്ടുന്ന ആഭാസ നൃത്തങ്ങള്‍. മൂന്നാമത്തേതും ഏറെ പ്രധാനപ്പെട്ടതും ആയ ഒന്ന് അന്തരീക്ഷത്തില്‍ നില്‍ക്കുന്ന ഒരു ഹര്‍ത്താല്‍ ആഹ്വാനമാണ്.

ഏതോ അയ്യപ്പ സേവകര്‍ എന്നൊക്കെ പറഞ്ഞു ബി ജെ പിയും ആര്‍ എസ എസ്സും കൈകഴുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. സുപ്രീം കോടതി വിധി ലംഘിച്ചാലുള്ള പ്രത്യാഘാതം അവര്‍ക്കു നന്നായി അറിയാം. സംഘര്‍ഷ മേഖലകളില്‍ സ്ത്രീകളെയും കുട്ടികളെയും ഇറക്കി മനുഷ്യ കവചം സൃഷ്ട്ടിക്കുന്ന ആ പഴയ ഏര്‍പ്പാടില്‍ തന്നെയാണ് അവര്‍ വ്യപൃതരായിരിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും നാളെ ഒരു ഹര്‍ത്താല്‍ ഉണ്ടായാല്‍ എന്താ കുഴപ്പം എന്ന ഒരു സംഘി സുഹൃത്തിന്റെ ചോദ്യത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ആരുടെയെങ്കിലും കെയര്‍ ഓഫില്‍ ഒരു ഹര്‍ത്താല്‍ നടന്നു കിട്ടിയാല്‍ ഇരട്ട ലാഭം. തങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാത്തതിനാല്‍ കോടതി വിധി ലംഘിച്ചില്ലെന്നും അതോടപ്പം കേരള സര്‍ക്കാരിന്റെ അനാസ്ഥമൂലം കോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ത്താല്‍ മൂലം മണ്ഡല കാല പൂജ മുടങ്ങിയെന്നും വരുത്തി തീര്‍ക്കുക. അതിനു പിന്നില്‍ സംഘികള്‍ മാത്രമല്ല അത്തും പുത്തും തിരിയാത്ത ചില കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു ബി ജെ പിയിലേക്ക് വന്നേക്കാം എന്നു കരാര്‍ ഉറപ്പിച്ച ചില കോണ്‍ഗ്രസ് നേതാക്കളുമാണ്. അവര്‍ മുന്നില്‍ നിറുത്തുന്ന സ്ത്രീകളെ കാണുമ്പോള്‍ സത്യത്തില്‍ സങ്കടം തോന്നുന്നു. സ്ത്രീ-പുരുഷ സമത്വം എന്ന വിശാല ചിന്തക്കു പാര പണിയുന്ന ഇത്തരക്കാര്‍ അവര്‍ ആരായാലും അടിമത്വം സ്വയം വരുന്നവരും അതിലേറെ ഗുണ്ടാപ്പണി ഏറ്റെടുക്കുന്നവരുമാണെന്നു പറയേണ്ടിവരും.

ബി ജെ പിക്ക് കേരളത്തില്‍ കൂടുതല്‍ കരുത്തുപകരാന്‍ ശ്രമിക്കുന്ന മാന്യ കോണ്‍ഗ്രസ് നേതൃത്വത്തോടും ഒരു ചോദ്യം. ഇന്നലെ ഗോവയില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞോ ആവോ. ഗോവയില്‍ ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ പതിനേഴു സീറ്റു നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. മനോഹര്‍ പരീക്കറിന്റെ കൃത്യമായ കച്ചവട തന്ത്രത്തില്‍ ആദ്യം ഒരു കോണ്‍ഗ്രസ് എം എല്‍ എ വീണു. പിന്നീട് ബാക്കിയുണ്ടായുണ്ടായിരുന്ന 16ല്‍ രണ്ടുപേര്‍ ഇന്നലെ കോണ്‍ഗ്രസ് വിട്ടു ബിജെ പി യിലേക്ക് ചേക്കേറി. ഇനിയിപ്പോള്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന അവകാശ വാദത്തിനു അര്‍ഥമില്ലല്ലോ. അല്ലെങ്കിലും ബി ജെ പിയുടെ റിക്രൂട്ടിങ് ഏജന്റ് ആയി കോണ്‍ഗ്രസ് എന്നെ മാറിക്കഴിഞ്ഞിരുന്നു. കേരളത്തില്‍ ഇപ്പോള്‍ തന്നെ പാതി കാവി പുതച്ച കോണ്‍ഗ്രസുകാരും അവരെ നയിക്കുന്നവരും ഒരു കാര്യം വ്യക്തമാക്കിയാല്‍ നന്ന്. അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്യണമോ അതോ ബിജെ പി ക്കു നേരിട്ട് വോട്ടു ചെയ്താല്‍ മതിയോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍