Top

വനിതാ മതില്‍ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സിപിഎം നീക്കം വൈകി വന്ന വിവേകം

വനിതാ മതില്‍ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സിപിഎം നീക്കം വൈകി വന്ന വിവേകം
വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന ആരോപണം ഉയര്‍ന്നതോടെ ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണ തേടാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്നും ഒരു മതവിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നത് നാടിനെ വിഭജിക്കലാണെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഹിന്ദുമതത്തിനുള്ളില്‍ ചേരിതിരിവ് സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ വനിതാ മതില്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബിജെപിയും ആരോപിച്ചു. കെസിബിസിയും ഇക്കാര്യത്തിലെ അഭിപ്രായ ഭിന്നത ഇന്നലെ തുറന്നുപറഞ്ഞു. വനിതാ മതിലിന്റെ പേരില്‍ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. സ്ത്രീ ശാക്തീകരണമല്ല, സിപിഎം ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ആദ്യം എന്‍എസ്എസിന്റെ നേതൃത്വത്തിലും പിന്നീട് ബിജെപിയുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി നാമജപ ഘോഷയാത്രയും പ്രതിഷേധങ്ങളും നടത്തിയരപ്പോഴാണ് ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. 190 സംഘടനാ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും എന്‍എസ്എസ്, ബ്രാഹ്മണസഭ തുടങ്ങിയ സംഘടനകള്‍ ഇതില്‍ നിന്നും വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുത്ത മിക്ക പ്രതിനിധികളും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നു. വനിതകള്‍ക്കെതിരെയുള്ള വിവേചനം തുടരുന്ന സാഹചര്യത്തില്‍ അവരെ കേന്ദ്രീകരിച്ചുള്ള പരിപാടി നടത്തണമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശബരിമല യുവതീ പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെങ്കിലും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടര്‍ച്ചയുമാണ് ഇതിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിന്നാലെ തന്നെ വിവാദങ്ങളും ഉയര്‍ന്നു. ശബരിമല യുവതീ പ്രവേശനമെന്ന സിപിഎമ്മിന്റെ നിലപാട് നടപ്പാക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. അതോടെയാണ് വനിതാ മതിലിന്റെ ലക്ഷ്യം ശബരിമല യുവതീപ്രവേശനമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാതിരിക്കുകയെന്നതാണ് ലക്ഷ്യമെന്നും വിശദീകരണമുണ്ടായി. എന്നാല്‍ നവോത്ഥാന സംഘടനകളെയാണ് യോഗത്തിനും വനിതാ മതിലിനും ക്ഷണിച്ചതെങ്കില്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തിലെ സംഘടനകളുടെ പ്രതിനിധികളെ ക്ഷണിച്ചില്ലെന്ന ചോദ്യം ഉയര്‍ന്നു. ഹിന്ദുമതത്തിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാനും കേരളത്തിലെ ജനങ്ങളെ ഹിന്ദുക്കളെന്നും അഹിന്ദുക്കളെന്നും തരംതിരിക്കാനുമാണ് ഇതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. വര്‍ഗ്ഗീയ മതിലാണ് ഇതെന്ന ആരോപണത്തിന് ഇത് കരുത്ത് പകര്‍ന്നു. ഇതിന് വെള്ളാപ്പള്ളി നല്‍കിയ വിശദീകരണവും പരിഹാസ്യമായി. നവോത്ഥാന കാലത്ത് ക്രിസ്ത്യന്‍ മുസ്ലിം സംഘടനകളുണ്ടായിരുന്നില്ലെന്നാണ് വെള്ളാപ്പള്ളി വിശദീകരിച്ചത്.

വനിതാ മതില്‍ സംഘാടനത്തിനുള്ള ചെയര്‍മാനായി വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തതിലും വിമര്‍ശനം ഉയര്‍ന്നു. വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന വനിതാ മതിലില്‍ പങ്കെടുക്കാനില്ലെന്ന് എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ തുറന്നു പറയുകയും ചെയ്തു. എം കെ മുനീറാണ് മതിലിനെ വിമര്‍ശിച്ച മറ്റൊരു നേതാവ്. നിയമസഭാ സമ്മേളനത്തില്‍ വര്‍ഗ്ഗീയ മതിലെന്ന പരാമര്‍ശം ആദ്യമായി ഉന്നയിച്ചത് മുനീര്‍ ആയിരുന്നു. അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു മുനീറിന്റെ പരാമര്‍ശം. ജനങ്ങള്‍ ഈ മതിലിനെ തകര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. നിയമസഭാ രേഖയാകുന്ന ഈ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വയ്ക്കുകയും ചെയ്തു. ഏറനാട് എംഎല്‍എ പി കെ ബഷീറും വര്‍ക്കല എംഎല്‍എ വി ജോയിയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് വര്‍ഗീയതയെന്നത് വൈകാരികമായ വാക്കാണെന്നും പരാമര്‍ശം സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. സിപി സുഗതനെ സംഘാടന സമിതിയുടെ വൈസ് ചെയര്‍മാനാക്കിയതാണ് മറ്റൊരു വിമര്‍ശനത്തിന് കാരണമായത്. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ രണ്ടായി വലിച്ചു കീറണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് സുഗതന്‍. സുഗതനെ പോലെ ഒരാളെ പിണറായി വനിതാ മതിലിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തിയതാണ് വിമര്‍ശനത്തിന് കാരണമായത്. വനിതാ മതിലിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കാന്‍ സ്ത്രീകളില്ല എന്നതായിരുന്നു മറ്റൊരു വിമര്‍ശനം.

ഇതിനിടെയില്‍ ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്ന തുകയില്‍ നിന്നും എടുത്ത് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന സത്യവാങ്മൂലവും സര്‍ക്കാരിന് തിരിച്ചടിയായി. ഹൈക്കോടതിയിലെ സത്യവാങ്മൂലം വളച്ചൊടിക്കുകയായിരുന്നെന്ന വിശദീകരണവുമായി മുഖ്യമന്ത്രിക്ക് രംഗത്തെത്തേണ്ടിയും വന്നു. മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നും പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈ വിമര്‍ശനങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയവയാണെന്ന് മനസിലാക്കാം. സുഗതനെ പോലെ പരസ്യമായി തന്നെ വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരാളെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും ഒഴിവാക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണെങ്കിലും സിപിഎം നേതൃത്വം നല്‍കുന്ന വനിതാ മതില്‍ ഒരിക്കലും പരാജയപ്പെടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ എന്‍എസ്എസിന് സ്വാധീനമുള്ള ചില പ്രദേശങ്ങളില്‍ മതില്‍ ദുര്‍ബലമായിരിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായങ്ങളുടെ കൂടി പിന്തുണ തേടുന്നത്. എന്നാല്‍ ഇത് വൈകി വന്ന വിവേകമാണ്. ഇത്രമാത്രം വിവാദങ്ങളുണ്ടാക്കാതെ തുടക്കത്തില്‍ തന്നെ സര്‍ക്കാരിന് ഇത് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വര്‍ഗ്ഗീയ മതിലെന്ന ആരോപണം ഉയരാതെ തന്നെ ഈ മതില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

Next Story

Related Stories