TopTop

ലോകത്തിന് മാതൃകയാണ് ഈ അതിജീവനം; ഫോനി ചുഴലിക്കാറ്റിനെ ഒഡീഷ നേരിട്ടതിങ്ങനെ

ലോകത്തിന് മാതൃകയാണ് ഈ അതിജീവനം; ഫോനി ചുഴലിക്കാറ്റിനെ ഒഡീഷ നേരിട്ടതിങ്ങനെ
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദരിദ്രമെന്ന് പൊതുവേ അറിയപ്പെടുന്ന ഒഡീഷ ഫോനി ചുഴലിക്കാറ്റിനെ അത്ഭുതകരമായി അതിജീവിച്ചതെങ്ങനെ. ഫോനി പിന്നിട്ടപ്പോൾ ഉയർന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു. 1999ലെ സൂപ്പര്‍ സൈക്ലോണിന് ശേഷം ഉണ്ടായ എറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു ഫോനി. ഒ‍ഡീഷയിലെ തിരദേശങ്ങളിൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ കഴിയുന്ന ലക്ഷക്കണക്കിന് പേരാണ് ഫോനിയുടെ ഇരകൾ എന്നതായിരുന്നു വലിയ വെല്ലുവിളി. എന്നാൽ സംസ്ഥാന ഭരണകൂടം നടത്തിയ കാര്യക്ഷമമായ ഇടപെടലുകളുമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങൾ കുറച്ചതെന്നാണ് വിലയിരുത്തൽ. വൻ സന്നാഹമായിരുന്നു സർക്കാർ ഫോനിയെ നേരിടാൻ ഒരുങ്ങിയത്.

ഇരുപത് ലക്ഷത്തിലധികം ടെക്സ്റ്റ് മെസേജുകൾ, 43,000 സന്നദ്ധപ്രവർത്തകർ, ആയിരത്തിലധികം ദ്രുതകർമ സേനാംഗങ്ങൾ, ടിവി പരസ്യങ്ങൾ, തീരദേശ സൈറൺ, ബസ്സുകള്‍, കർമനിരതരായ പോലീസ് ഉദ്യോഗസ്ഥർ, പൊതു അറിയിപ്പ് സംവിധാനങ്ങൾ, പ്രാദേശിക ഭാഷയിൽ ഉൾപ്പെടെ ഉച്ചഭാഷിണിയിൽ അറിയിപ്പ്. അതും തീർത്തും ലളിതമായ ഭാഷയിൽ. ദുരിതാശ്വാസ ക്യാംപുകളുടെ സജ്ജീകരണമായിരുന്നു അവസാന ഘട്ടം. അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

ഒരു ജീവൻ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കുക, അതായിരുന്നു തങ്ങളുടെ പ്രാഥമിക ലക്ഷ്യം, മുന്നിലുള്ള വെല്ലുവിളിയും ഒഡീഷ ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ ബിഷ്ണുപദ സേഥി പറയുന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുൻകരുതൽ ഒരു ദിവസം, ഒരു മാസം കൊണ്ടൊ ഉണ്ടായതല്ല, 20 വർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളാണ് ഇത്തരം ഒരു നേട്ടത്തിന് പിന്നില്‍.

1999ൽ സംസ്ഥാനത്ത് നാശം വിതച്ച കൊടുംകാറ്റായിരുന്നു പാഠപുസ്തകം. അതിന് ശേഷം നൂറുകണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങളായിരുന്നു ഒഡീഷയുടെ തീരപ്രദേശങ്ങളിൽ തയ്യാറാക്കിയത്. അതും തീരങ്ങളിൽ നിന്നും ചെറിയ ദുരങ്ങളിൽ. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ സജ്ജമാക്കുക, ആളുകളെ എത്തിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം.

ദീർഘ ചതുരാകൃതിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടുന്ന വിധത്തിൽ ആണ് രൂപകൽപന. ഒറ്റനോട്ടത്തിൽ വലിയ ഭംഗി തോന്നില്ലെങ്കിലും ഇവ അതിജീവിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം ഇന്ത്യയിലെ തന്നെ എറ്റവും മികച്ച സർവകലാശാലയായ ഐഐടി കാൺപൂരാണ് ഇവ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. മികച്ച സംഘാടന മികവായിരുന്നു മറ്റൊരു പ്രധാന ഘടകം.

നാലരക്കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഒഡീഷ. എകദേശം സ്പെയിന്‍ എന്ന രാജ്യത്തിന് സമാനം. പക്ഷേ ജനങ്ങളിൽ കൂടുതലും ദരിദ്രർ, കൃഷി ഉപജീവന മാർഗമായി കഴിയുന്നവർ. ശരാശരി ദിവസ വരുമാനം 350 രൂപയിൽ കുറവ് മാത്രം ലഭിക്കുന്നവർ. തീരദേശങ്ങളിൽ ആണെങ്കിൽ മര വഞ്ചികളിൽ മീൻപിടിക്കുന്നവർ. ഫോനി മുന്നറിയിപ്പ് പുറത്ത് വന്നതോടെ ഇവയെല്ലാം തീരത്ത് അടുപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഫോനി മുന്നറിയിപ്പ് പുറത്ത് വരുന്നത്. ഇതിന് പിറകെ അഞ്ച് പേജ് വരുന്ന കർമ പദ്ധതികൾ തയ്യാറാക്കി. അതിലെ പ്രധാന നിർദേശം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നതായിരുന്നു. അടിയന്തിര നടപടികൾ സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ കേന്ദ്രങ്ങളിൽ ഏകോപിപ്പിച്ചു. അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവരെ പ്രത്യേകം കണ്ടെത്തി. വയോധികർക്കും കുട്ടികൾക്കും പ്രഥമ പരിഗണന നൽകി. വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു.

ഫോനി ചുഴലിക്കാറ്റിനെ ഒഡീഷ നേരിട്ടതിങ്ങനെ / വീഡിയോ കാണാം..ഇതിന് പിറകെ ആധുനിക രക്ഷാ പ്രവര്‍ത്തന സംവിധാനങ്ങളും സജ്ജമാക്കി. 300 ലധികം പവർ ബോട്ടുകള്‍, രണ്ട് ഹെലികോപ്റ്റർ എന്നിവ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഒരുക്കി. ബലം കുറഞ്ഞതും ഭീഷണി ഉയർത്തുന്നതുമായ വലിയ മരങ്ങൾ മുറിച്ച് നീക്കി. ഇതിനോടൊപ്പം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. ഇവ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോവാൻ പാകത്തിൽ ഒരുക്കി നിർത്തുകയും ചെയ്തു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സേനാ വിഭാഗങ്ങളും കടലിലും കരയിലും ജാഗ്രത പുലർത്തി.

വ്യാഴാഴ്ച വൈകിട്ടോടെ സംസ്ഥാനത്ത് മഴ ആരംഭിച്ചു. ഇതോടെ അടുത്തുള്ള ദുരിതാശ്വാസ കേന്ദങ്ങളിലേക്ക് നീങ്ങാൻ ജനങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പും നല്‍കുകയായിരുന്നു. ഒഡീഷയുടെ പ്രവർത്തനങ്ങൾ മികച്ചത് തന്നെ ആയിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന റിപ്പോർട്ടുകൾ. 250 കി.മി വേഗത്തിൽ കാറ്റ് വീശുകയും, കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയും ചെയ്തെങ്കിലും മരണ സംഖ്യ കുറയ്ക്കുാനായി എന്നത് വലിയ നേട്ടമാണ്. എട്ട് മരണങ്ങളാണ് ഫോനിയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Next Story

Related Stories