Top

ആര്‍ത്തവം ആണെന്നു പറഞ്ഞപ്പോള്‍ തെളിവ് ആവശ്യപ്പെട്ടു; വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിനെതിരേ പ്രതിഷേധം

ആര്‍ത്തവം ആണെന്നു പറഞ്ഞപ്പോള്‍ തെളിവ് ആവശ്യപ്പെട്ടു;  വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിനെതിരേ പ്രതിഷേധം
മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി കോളേജ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു. മരണത്തിലേയ്ക്ക് നയിച്ചത് നിർബന്ധിത കായിക പരിശീലനമാണെന്ന് ആരോപിച്ചു കോളേജിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ടെന്നീസ് പരിശീലനത്തിനിടെയാണ് മഹിമ എന്ന 18 വയസ്സുള്ള വിദ്യാർത്ഥിനി കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം പരിശോധന നടത്തും.

ഇതിനിടയിലാണ് നിർബന്ധിത സ്പോർട്സ് പരിശീലനത്തെ കുറിച്ചുള്ള ആരോപണങ്ങളുമായി മഹിമയുടെ സഹപാഠികൾ രംഗത്തെത്തിയിരിക്കുന്നത്. ആർത്തവ സമയത്തു ശാരീരിക അവശതകൾ മൂലം കായിക പരിശീലനത്തിൽ നിന്ന് ഇളവ് ചോദിച്ച പെൺകുട്ടികളോട് ആർത്തവമാണ് എന്നതിന് തെളിവാവശ്യപെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. രോഗാവസ്ഥകൾക്ക് തെളിവായി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പോലും മാനേജ്‌മെന്റ് അംഗീകരിക്കാറില്ലെന്നും. സെമസ്റ്റർ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ അന്ധരും ഭിന്നശേഷിക്കാരുമായ കുട്ടികൾ പോലും സ്പോർട്സ് പങ്കാളിത്തം കുറഞ്ഞതിന്റെ പേരിൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കുട്ടികൾ പറയുന്നു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നടപ്പിലാക്കിയിരിക്കുന്ന 'സ്പോർട്സ് ഫോർ ഓൾ ' എന്ന പദ്ധതി പ്രകാരം ബിരുദ വിദ്യാർഥികൾ ആദ്യത്തെ രണ്ടു സെമസ്റ്ററുകളിൽ നിർബന്ധമായും കായിക പരിശീലനത്തിൽ ഏർപ്പെടേണ്ടതാണ്. കഠിനമായ വ്യായാമ മുറകൾ, ഗ്രൗണ്ടിന് ചുറ്റും നിർത്താതെയുള്ള ഓട്ടം, ഔട്ട്‌ ഡോർ കായിക ഇനങ്ങളിലെ നിർബന്ധിത പരിശീലനം എന്നിവ ഇതിന്റെ ഭാഗമാണ്. ഇവയ്‌ക്കെല്ലാം പരീക്ഷകൾ നടത്തുകയും അതിൽ പരാജയപ്പെടുന്നവർക്കും ഒരു വർഷം രണ്ടു ദിവസത്തിലധികം കായിക പരിശീലനത്തിൽ നിന്ന് അവധിഎടുക്കുന്നവർക്കും രണ്ടാം വർഷം നിർബന്ധിത സ്പോർട്സ് പരിശീലനം ഉണ്ട്. സെമസ്റ്റർ പരീക്ഷകളെല്ലാം വിജയിച്ചാലും ബിരുദം ലഭിക്കണമെങ്കിൽ സ്പോർട്സ് പരീക്ഷയും നിർബന്ധമായും പാസ്സാവണമെന്നാണ് കോളേജിലെ നിയമം.


വിദ്യാർത്ഥികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെയോ സ്വാതന്ത്ര്യത്തെയോ മാനിക്കാത്ത ഈ വികലമായ പദ്ധതിയാണ് മഹിമയുടെ ജീവനെടുത്തത് എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ചെന്നൈ നഗരത്തിലെ കൊടും ചൂടിൽ, മണിക്കൂറുകൾ നീളുന്ന കായിക പരിശീലനം ശാരീരിക പരിമിതികളും ആരോഗ്യ പ്രശ്നങ്ങളും ഉള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കുട്ടികൾക്ക് പരിക്കോ നിർജ്ജലീകരണമോ മറ്റ് അപകടങ്ങളോ ഉണ്ടാവുന്ന സന്ദർഭങ്ങളിൽ അടിയന്തിര വൈദ്യസഹായം എത്തിക്കാനോ യാതൊരു സൗകര്യങ്ങളും ഇല്ലെന്നും.കുടിക്കാൻ ആവശ്യത്തിനു വെള്ളം പോലും ലഭ്യമാക്കാറില്ലെന്നും വിദ്യാർഥികൾ പറയുന്നു.

ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്ന മഹിമ ശാരീരിക അസ്വാസ്ഥ്യം മൂലം സ്പോർട്സിൽ പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നെന്നും സെമസ്റ്റർ പൂർത്തിയാക്കാൻ അനുവദിക്കില്ല എന്ന കോളേജ് അധികൃതരുടെ ഭീഷണിയെ തുടർന്ന് കായിക പരിശീലനം നടത്തുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു എന്ന് സഹപാഠികൾ പറയുന്നു.

മഹിമയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നും കോളേജിലെ അശാസ്ത്രീയമായ കായിക പരിശീലന സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. എന്നാൽ സമരം ചെയ്യുന്ന കുട്ടികളെ കാണാനോ സംസാരിക്കാനോ കോളേജ് അധികൃതർ തയ്യാറാവുന്നില്ലെന്നും ക്യാംപസിലെ ക്യാന്റീൻ ഉൾപ്പെടെ അടച്ചു പൂട്ടി സമരത്തിൽ നിന്ന് പിന്മാറുവാൻ സമ്മർദ്ദം ചെലുത്തുകയാണ് മാനേജ്‌മെന്റ് എന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

കോളേജ് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. മദ്രാസ് ക്രിസ്ത്യൻ കോളേജ് അധികൃതർ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കോളേജിൽ കായിക പരിശീലനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചിരുന്നില്ല എന്ന വിവരമാണ് കോളേജ് അധികൃതർ തങ്ങൾക്ക് കൈമാറിയതെന്ന് പോലീസ് പറയുന്നു.


https://www.azhimukham.com/kerala-menstruating-women-in-kerala-and-it-taboos-part-3-reports-kr-dhanya/

https://www.azhimukham.com/kerala-menstruating-women-in-kerala-and-it-taboos-part-2-by-kr-dhanya/

Next Story

Related Stories