Top

'അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു'; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത് ഷാ ഒന്നാം പ്രതിയായിരുന്ന സൊഹ്‌റാബുദ്ധീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ആകസ്മിക നിര്യാണത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കാരവന്‍ മാസിക കഴിഞ്ഞ മാസം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2014ല്‍ കേസിന്റെ വാദം നടക്കുന്നതിനിടയില്‍ നാഗ്പൂരില്‍ വച്ചാണ് ലോയയുടെ ആകസ്മിക അന്ത്യം. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കാരവന്‍ അന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ രജിസ്റ്ററിലും അദ്ദേഹത്തെ ആദ്യം പ്രവേശിച്ച ദാണ്ഡെ ആശുപത്രിയിലെ ഈസിജിയിലും കൃത്രിമം നടത്തിയെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് കാരവന്‍ പുറത്തുവിടുന്നത്.

കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് സംബന്ധിച്ച് നിരവധി പേര്‍ പ്രതികരിച്ചിരുന്നു. ഇതില്‍ ഏറ്റവും വിചിത്രമായത് ബോംബെ ഹൈക്കോടതിയില്‍ ലോയയുടെ സഹപ്രവര്‍ത്തകരായിരുന്ന രണ്ടു ജഡ്ജിമാരുടെ പരസ്യ പ്രസ്താവനയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് അവര്‍ പ്രതികരിച്ചത്. ലോയയുടെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ജഡ്ജിമാരുടെ അന്തിമ വിധിയെഴുത്തെന്നതും സംശയം ബലപ്പെടുത്തുന്നു. ലോയയ്ക്ക് ഹൃദ്രോഗബാധ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമയത്തോ അദ്ദേഹത്തെ ദാണ്ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴോ ഈ രണ്ട് ജഡ്ജിമാരും സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മെഡിട്രിന ആശുപത്രിയില്‍ വച്ച് ജസ്റ്റിസ് ലോയയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം അതിന്റെ പരിധിയില്‍ വരുന്ന സിതാബുല്‍ദി പോലീസ് സ്‌റ്റേഷനില്‍ ഒരു സീറോ-എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന് ശേഷം ഇത് അദ്ദേഹത്തിന് ഹൃദ്രാഗബാധയുണ്ടായ നാഗ്പൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ പരിധിയില്‍ വരുന്ന സാദര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ഈ ഡിസംബര്‍ ആദ്യം വരെ ലോയയുടെ മരണ സമയത്ത് കൂടുയെണ്ടായിരുന്നവരുടെയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സാധാരണ പോലീസ് നടപടി പോലും സ്വീകരിക്കാന്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ തയ്യാറാവുന്നില്ല എന്നതാണ് മറ്റൊരു ദുരൂഹത. അതുപോലെ തന്നെ ലോയയുടെ മൊബൈല്‍ ഫോണ്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത് പോലീസായിരുന്നില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജന്മ-നാടായ ലാത്തൂരില്‍ നിന്നുള്ള ഒരു ആര്‍എസ്എസ് നേതാവാണ് ഇത് ബന്ധുക്കളെ ഏല്‍പ്പിച്ചത്. ആ മൂന്ന് ദിവസങ്ങളില്‍ ഫോണിന് എന്ത് സംഭവിച്ചുവെന്നതോ ആരുടെ കൈയിലായിരുന്നു അതെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും നാഗ്പൂര്‍ പോലീസിനില്ല. നാഗ്പൂരില്‍ ജസ്റ്റിസ് ലോയയും സഹപ്രവര്‍ത്തകരും താമസിച്ചത് വിഐപികള്‍ താമസിക്കുന്ന രവി ഭവന്‍ ഗസ്റ്റ് ഹൗസിലായിരുന്നു. അവിടെ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്റര്‍ ബുക്കിംഗിനുള്ളതല്ല. മറിച്ച് അതിഥികള്‍ എത്തി മുറിയെടുക്കുമ്പോഴും മടങ്ങുമ്പോഴും ഒപ്പിടുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഈ രജിസ്റ്ററില്‍ തിരിമറികള്‍ നടന്നു എന്ന് സംശയിക്കാന്‍ വേണ്ട രേഖകള്‍ കാരവന് ലഭിച്ചു. 2014 നവംബര്‍ 30ന് ഡിസംബര്‍ ഒന്നിനും ഇടയിലാണ് ജസ്റ്റിസ് ലോയ ഇവിടെ താമസിച്ചിരുന്നത്. അദ്ദേഹം അവിടെ താമസിച്ചിരുന്ന സമയത്ത് സൂട്ടുകളായ പത്തും ഇരുപതും ഒരു എസ് കുല്‍ക്കര്‍ണിക്കും ശ്രീമതി ഫന്‍സാല്‍ക്കര്‍ ജോഷിക്കുമാണ് നല്‍കിയിരിക്കുന്നത്. എസ് കുല്‍ക്കര്‍ണി എന്ന ഇപ്പോള്‍ അന്ന് ബോംബെ ഹൈക്കോടതി രജിസ്റ്റാര്‍ ആയിരുന്ന ജസ്റ്റിസ് ശ്രീകാന്ത് കുല്‍ക്കര്‍ണി ആണെന്ന് വേണം കരുതാന്‍. ശ്രീമതി ഫന്‍സാല്‍ക്കര്‍ ജോഷി, എന്ന് പറഞ്ഞിരിക്കുന്നത് ഇപ്പോള്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായ ശാലിനി ശശാങ്ക് ഫന്‍സാല്‍ക്കര്‍ ജോഷിയും. ഗസ്റ്റ് ഹൗസിന്റെ പുറത്തേക്കുള്ള വാതിലിന് വളരെ അടുത്തായി റിസപ്ഷന് വലുതുവശത്താണ് ഈ രണ്ട് സൂട്ടുകളും.

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

ഇവരുടെ പേരുകള്‍ എഴുതിയിരിക്കുന്നത് രജിസ്റ്ററിലെ 46-മത്തെ പേജിലാണ്. 44 വരെയുള്ള എല്ലാ പേജുകളിലും അതിഥികളുടെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 45-ാം പേജില്‍ നാല് അതിഥികളുടെ വിലാസങ്ങളുണ്ട്. അതില്‍ ആദ്യത്തെ മൂന്ന് അതിഥികളുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ നാലാമത്തെ അതിഥിയായ ബാബസാഹിബ് അംബേദ്ക്കര്‍ മിലിന്ദ് എന്ന ആളുടെ പേര് മാത്രമേയുള്ളു. ആളുടെ പേരിന്റെ നാലാമത്തെ ഭാഗം വ്യക്തമല്ല. എന്ന് മാത്രമല്ല 30-11-17 അതായത് 2017 നവംബര്‍ മുപ്പത് എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. 2014ലെ രജിസ്റ്ററില്‍ വന്ന ഈ പിഴവ് അസാധാരണമാണ്. ഇതൊരു സാഹരചര്യ പിഴവായി പരിഗണിക്കാനാവില്ല. കാരണം ഒരു തവണ തെറ്റുപറ്റാം. പക്ഷെ, മിലിന്ദ് മുറി ഉപേക്ഷിക്കുന്ന സമയത്ത് രേഖപ്പെടുത്തിയിരിക്കുന്ന തീയതിയും 30-11-17 എന്ന് തന്നെയാണ്. അതായത് ഒരേ പിഴവ് രണ്ട് തവണ ആവര്‍ത്തിച്ചിരിക്കുന്നു. 45-ാമത്തെ പേജില്‍ ആദ്യത്തെ രണ്ട് കോളങ്ങള്‍ ശൂന്യമാണ്. സ്യൂട്ട് രണ്ട്, മൂന്ന് എന്ന് മാത്രമാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 46-ാം പേജിലെ മൂന്നാമത്തെയും നാലാമത്തെയും കോളങ്ങളിലാണ് കുല്‍ക്കര്‍ണിയുടെയും ഫന്‍സാല്‍ക്കര്‍ ജോഷിയുടെയും പ്രവേശനം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ മുറിയെടുത്ത തീയതികളിലും ചില സംശയങ്ങളുണ്ട്. 30-12-14 അതായത് 2014 ഡിസംബര്‍ 30 എന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുത്തി ലോയ മരിച്ച ദിവസമായ 30-11-14 എന്നാക്കിയിരിക്കുന്നുവെന്ന് വ്യക്തമാണ്. പക്ഷെ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഈ രണ്ട് ജഡ്ജിമാരും തയ്യാറായിട്ടില്ല. രണ്ട് പുരുഷ ജഡ്ജിമാരോടൊപ്പമാണ് ജസ്റ്റിസ് ലോയ രവിഭവനില്‍ താമസിച്ചിരുന്നത് എന്ന് അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് അസ്വാഭാവികതയില്ലെന്ന് മാധ്യമങ്ങളോട് നിയമവിരുദ്ധമായി പ്രതികരിച്ച ജസ്റ്റിസ് ഭൂഷന്‍ ഗവായ് വെളിപ്പെടുത്തിയതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. മാത്രമല്ല, രവിഭവനിലെ സ്യൂട്ടില്‍ രണ്ട് കിടക്കകള്‍ വീതമാണുള്ളത്. രണ്ട് സ്യൂട്ടുകള്‍ ഒഴിഞ്ഞുകിടക്കെ എന്തിനാണ് ഒരു ജഡ്ജി ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന ചോദ്യവും ബാക്കിയാവുന്നു.

ലോയയെ എങ്ങനെയാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നതും ദുരൂഹമായി തുടരുന്നു. ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചത്. കാരവന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം വന്ന എന്‍ഡിടിവി റിപ്പോര്‍ട്ടില്‍, രവിഭവനില്‍ മുഴുവന്‍ സമയ ഔദ്ധ്യോഗിക ഡ്രൈവര്‍ ഇല്ലെന്നും ലോയയ്ക്ക് കാറില്ലാത്തതിനാലാണ് അദ്ദേഹത്തെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഗസ്റ്റ് ഹൗസ് ജീവനക്കാരെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ച ജസ്റ്റിസ് ഗവായ് പറയുന്നത് ബോംബെയില്‍ നിന്നും ലോയയോടൊപ്പം നാഗ്പൂരിലേക്ക് പോയ ജഡ്ജിമാരില്‍ ഒരാളായ വിജയകുമാര്‍ ബാര്‍ഡെയും ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബഞ്ചിലെ ഡപ്യൂട്ടി രജിസ്ട്രാര്‍ രൂപേഷ് രതിയും ചേര്‍ന്ന് കാറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നാണ്. ഡിസംബര്‍ ഒന്നിന് വെളുപ്പിലെ നാല് മണിയോടെ ലോയയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ജസ്റ്റിസ് ബാര്‍ഡെയാണ് കാറോടിച്ചതെന്ന് ലോയയുടെ മരണത്തെ കുറിച്ച് പ്രതികരിച്ച ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയായ സുനില്‍ സുക്രയും പത്രത്തോട് പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ലോയയുടെ മരണം അറിഞ്ഞതിന് ശേഷം ഇരുവരും മെഡിട്രീന ആശുപത്രിയില്‍ എത്തിയിരുന്നു. ലോയ ജസ്റ്റിസുമാരായ ശ്രീധര്‍ കുല്‍ക്കര്‍ണിയോടും ശ്രീറാം മധുസൂധന്‍ മോദക്കിനും ഒപ്പമാണ് താമസിച്ചിരുന്നതെന്നും ഗവായ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ഒരു ജില്ലാതല ജഡ്ജിയാണ് ശ്രീധര്‍ കുല്‍ക്കര്‍ണി. എന്നാല്‍ ലോയയെ ആശുപത്രിയില്‍ എത്തിച്ചത് ശ്രീകാന്ത് കുല്‍ക്കര്‍ണിയാണെന്നാണ് പോലീസ് രേഖകളില്‍ ഉള്ളതെന്ന് സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

http://www.azhimukham.com/india-i-want-to-resign-i-will-come-to-the-village-and-take-up-farming-but-i-will-not-give-a-wrong-judgmentj-loya/

ലോയയ്ക്ക് ഹദ്രോഗബാധയുണ്ടായി എന്നുള്ളതിന്റെ ഏക തെളിവ് ദാണ്ഡെ ആശുപത്രിയില്‍ നിന്നുള്ള ഇസിജി റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ട് എന്‍ഡിടിവിയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും ഇത് സംബന്ധിച്ച വാര്‍ത്തയില്‍ കാണിച്ചിരുന്നു. എന്നാല്‍ ആ ഇസിജി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയം 2014 നവംബര്‍ 30ന് രാവിലെ 5.11 എന്നാണ്. അതായത് ജസ്റ്റിസ് ലോയ മരിക്കുന്നതിന് ഏകദേശം 24 മണിക്കൂര്‍ മുമ്പ്. എന്നാല്‍ നവംബര്‍ മുപ്പതിന് രാത്രി പതിനൊന്ന് മണിക്ക് ജസ്റ്റിസ് ലോയ വീട്ടിലേക്ക് വിളിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു. ഈ വ്യത്യാസം സാമൂഹ്യ മാധ്യമത്തിലൂടെ ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ദാണ്ഡെ ആശുപത്രിയുടെ ഉടമ പിനാക് ദാണ്ഡെയുടെ പ്രസ്താവനയോടെ ഇന്ത്യന്‍ എക്‌സ്പ്രസ് പരിഷ്‌കരിച്ചു. അതൊരു സാങ്കേതിക പിഴവാണെന്നാണ് പിനാക് ദാണ്ഡെ അവകാശപ്പെട്ടത്. അങ്ങനെയൊരു പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ സമയത്ത് ദാണ്ഡെ ആശുപത്രിയില്‍ നിന്നുള്ള എല്ലാ ഇസിജി റിപ്പോര്‍ട്ടുകളിലും അത് ആവര്‍ത്തിക്കേണ്ടതാണ്. അത്തരം വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ലോയയെ അവിടെ നിന്നും കൊണ്ടുപോയ മെഡിട്രീന ആശുപത്രിയില്‍ ഈ ഇസിജി കാണിച്ചിട്ടുമില്ല എന്നതും ദുരൂഹമാണ്. ദാണ്ഡെ ആശുപത്രിയിലെ ഇസിജി താന്‍ കാണുന്നത് ലോയ മരിച്ച് ഒരു ദിവസം കഴിഞ്ഞാണെന്നാണ് മെഡ്രീന ആശുപത്രിയിലെ മെഡിക്കോ-ലീഗല്‍ കണ്‍സള്‍ട്ടന്റ് കാരവനോട് പറഞ്ഞത്.

ഏതായാലും ഇസിജിയുടെ കാര്യത്തില്‍ പിനാക് ദാണ്ഡെ പറയുന്നത് തല്‍ക്കാലം വിശ്വസിച്ചേ മതിയാവൂ. എന്നാല്‍, ലോയ തന്റെ ആശുപത്രിയില്‍ എത്തിയതിനെ കുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് അദ്ദേഹം വിവിധ മാധ്യമങ്ങളോട് പറഞ്ഞത്. 4.45നും അഞ്ചിനും ഇടയ്ക്ക് ലോയയെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ജസ്റ്റിസ് തന്നത്താന്‍ പടികയറിവരുകയായിരുന്നുവെന്നും എന്നാല്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടുവെന്നും എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ ലോയയെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് താന്‍ അവിടെ ഇല്ലായിരുന്നു എന്നാണ് അദ്ദേഹം സ്‌ക്രോളിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞത്. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഡോക്ടറോട് താന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രോളിന് അഭിമുഖം അനുവദിക്കാം എന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീടൊരിക്കലും അത് സംഭവിച്ചതുമില്ല.

https://www.azhimukham.com/india-justice-loya-was-offered-100crs-for-favourable-verdict-amitshah-case/

ആര്‍എസ്എസും ശിവസേനയും പിന്തുണയ്ക്കുന്ന പ്രഗതി പാനലിന്റെ സ്ഥാനാര്‍ത്ഥിയായി 2016ല്‍ പിനാക് ദാണ്ഡെ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. വൈദ്യവികാസ് മഞ്ചുമായി ആ തിരഞ്ഞെടുപ്പില്‍ പ്രഗതി പാനല്‍ സഖ്യമുണ്ടാക്കിയിരുന്നു. ബിജെപിയുമായി ബന്ധമുള്ള മഞ്ചിന്റെ തലവന്‍ ഡോ. അശോക് കുകാഡെയാണ്. ലോയയുടെ ജന്മ നഗരമായ ലാത്തൂരിലെ വിവേകാനന്ദ ആശുപത്രിയിലെ സ്ഥാപക ട്രസ്റ്റിയായ കുകാഡെ, ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവാണ്. സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവായ രാഷ്ട്രീയ കാര്യകാരിണിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ പശ്ചിം ക്ഷേത്രയുടെ സംഘചാലകായിരുന്നു അദ്ദേഹം. ഗുജറാത്തും ഈ ക്ഷേത്രയില്‍ ഉള്‍പ്പെടും. നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ലാത്തൂര്‍ ശാഖയുടെ ഉപദേശ ബോര്‍ഡില്‍ ഡോ ഹന്‍സരാജ് ബാഹെത്തിയോടൊപ്പം അംഗമാണ് ഇദ്ദേഹം. ഡോ. ഹന്‍സരാജ് ബാഹെത്തിയുടെ സഹോദരനാണ് ലോയയുടെ ബന്ധുക്കളെ നാഗ്പൂരിലേക്ക് പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലെ രേഖകളെല്ലാം നീക്കം ചെയ്ത ശേഷം ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്ത ആര്‍എസ്എസ് നേതാവ്. ഇതുകൂടാതെ പിനാക് ദാണ്ഡെയ്ക്ക് മൈത്രീ പരിവാര്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പറയുന്നു. ആര്‍എസ്എസുമായി ബന്ധമുള്ള മറ്റൊരു സംഘടനയാണിത്.

ഇവിടെയാണ്, നാഗ്പൂരില്‍ മൂന്ന് പ്രമുഖ ഹൃദ്രോഗ ആശുപത്രികള്‍ ഉണ്ടെന്നിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട ജസ്റ്റിസ് ലോയയെ ആര്‍എസ്എസ് ബന്ധമുള്ള പിനാകിന്റെ ഓര്‍ത്തോപീഡിക് ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയത് എന്ന സംശയം ഉയരുന്നത്. ദാണ്ഡെ ആശുപത്രിയിലേക്ക് രവിഭവനില്‍ നിന്നും ആറ് മിനിട്ട് ഡ്രൈവാണുള്ളത്. നാഗ്പൂരിലെ പ്രമുഖ ഹൃദ്രോഗ ആശുപത്രികളായ ലത മങ്കേഷ്‌കര്‍ ആശുപത്രി, വോക്ക്ഹാര്‍ട്ട് ഹോസ്പിറ്റല്‍, അവരുടെ സഹോദര സ്ഥാപനമായ വോക്ക്ഹാര്‍ട്ട് ഹാര്‍ട്ട് ഹോസ്പിറ്റല്‍ എന്നിവയിലേക്കും ഏകദേശം ഇത്രയും ദൂരം മാത്രമേയുള്ളു. മാത്രമല്ല, ദാണ്ഡെ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ തന്നെ 150 മീറ്റര്‍ മുമ്പാണ് മറ്റൊരു ആശുപത്രിയായ സെന്‍ഗുപ്ത ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. വ്യക്തമായി കാണാവുന്ന ഈ ആശുപത്രി ഉപേക്ഷിച്ചാണ് ദാണ്ഡെ ആശുപത്രിയില്‍ തന്നെ ലോയയെ എത്തിച്ചത്. ഡിസംബര്‍ ഒന്നിന് അതിരാവിലെയാണ് ലോയയെ മെഡിട്രീനയില്‍ എത്തിച്ചതെന്ന് അവിടുത്തെ മെഡിക്കോ-ലീഗല്‍ കണ്‍സള്‍ട്ടന്റ് പറയുന്നു. വരുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൂടെ വന്നവര്‍ക്ക് ലോയയുടെ മുഴുവന്‍ പേരുപോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗവായിയുടെ വിശദീകരണപ്രകാരം ജഡ്ജിമാരായ കുല്‍ക്കര്‍ണിയും മോദക്കുമാണ് ലോയയെ അനുഗമിച്ചത്. അവര്‍ക്ക് അദ്ദേഹത്തിന്റെ പേര് പൂര്‍ണമായും അറിയാതിരിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. മാത്രമല്ല, ദാണ്ഡെ ആശുപത്രിയില്‍ നിന്നുള്ള ഇസിജി അവര്‍ കാണിച്ചതുമില്ല. തുടര്‍ന്ന് മെഡിട്രീനയില്‍ എടുത്ത ഇസിജിയില്‍ വളരെ നേര്‍ത്ത ഹൃദയമിടിപ്പ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കണമെന്ന് കുടെവന്നവരോട് താന്‍ നിര്‍ബന്ധം പിടിച്ചതായി മെഡിക്കോ-ലീഗല്‍ കണ്‍സള്‍ട്ടന്റ് പറയുന്നു. ആദ്യം അവര്‍ വിസമ്മതിച്ചു. എന്നാല്‍ നിയമവശങ്ങള്‍ ബോധ്യപ്പെടുത്തുകയും രോഗി നാഗ്പൂര്‍ സ്വദേശിയല്ല എന്ന വസ്തുത വ്യക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. ലോയയെ മെഡിട്രീനയില്‍ എത്തിച്ചത് 5.30 നോ 5.40 നോ ആണെന്നും 6.15ന് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചെന്നും മെഡിക്കോ-ലീഗല്‍ കണ്‍സള്‍ട്ടന്റ് പറയുന്നു.

http://www.azhimukham.com/india-anuj-loya-had-shown-me-a-copy-of-the-letter-referring-to-mohit-shah-in-case-something-ever-happened-close-friend-writes-to-the-caravan/

എന്നാല്‍ ലോയ മരിച്ചുവെന്ന് അറിയിച്ചുകൊണ്ട് ഡിസംബര്‍ ഒന്നിന് രാവിലെ അഞ്ച് മണിക്ക് തനിക്ക് ഫോണ്‍ വന്നിരുന്നതായി അദ്ദേഹത്തിന്റെ സഹോദരി സരിത മന്താനെ വെളിപ്പെടുത്തിയിരുന്നു. ബാര്‍ഡെ എന്നൊരാളാണ് വിളിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് വിജയകുമാര്‍ ബാര്‍ഡെ ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍. മെഡിട്രീനയില്‍ എത്തിച്ച സമയം 5.30 ആണെങ്കില്‍ എങ്ങനെയാണ് അഞ്ച് മണിക്ക് അദ്ദേഹത്തിന്റെ മരണം കുടുംബത്തെ വിളിച്ചറിയിക്കാന്‍ കൂടെയുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകന് കഴിയുക എന്നതും ദുരൂഹമായി തുടരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ തീയതിയിലും തിരുത്തല്‍ വരുത്തിയിട്ടുണ്ട്. 01-12-14 രാവിലെ നാല് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് അതേ ദിവസം രാവിലെ 6.15ന് ജസ്റ്റിസ് ലോയ മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ 30 എന്നത് തിരുത്തി ഒന്നാക്കി എന്ന് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. പോലീസ് എഫ്‌ഐആറില്‍ ലോയയുടെ മരണം സംശയാസ്പദം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പോലീസ് ഇടപെടുന്ന സമയത്ത് മരണം സ്വാഭാവികമല്ല എന്ന് സംശയിക്കാനുള്ള ന്യായങ്ങള്‍ ഉണ്ടായിരുന്നു എന്ന് സാരം. എന്നാല്‍ നാളിതുവരെ ഒരു അന്വേഷണവും ഇക്കാര്യത്തില്‍ പുരോഗമിച്ചിട്ടില്ല. ലോയയെ ആശുപത്രിയില്‍ എത്തിച്ചവരുടെയോ അദ്ദേഹത്തെ ചികിത്സിച്ചവരുടെയോ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയോ മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. പോലീസ പരസ്പര വിരുദ്ധമായാണ് കാര്യങ്ങള്‍ പറയുന്നതും. എഫ്‌ഐആര്‍ രേഖപ്പെടുത്തി എന്ന ചില ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല എന്ന് മറ്റ് ചിലര്‍ പറയുന്നു. എന്നാല്‍ ലോയ മരിച്ച ദിവസത്തെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോലും തയ്യാറാക്കിയിട്ടില്ല. അന്ന് അവിടെ സന്നിഹിതരായിരുന്ന ആളുകളുടെ മൊഴിയുള്‍പ്പെടെയുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നത് പോലീസിന്റെ നിയമപരമായ ചുമതലയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ എങ്ങനെ ആര്‍എസ്എസ് നേതാവിന്റെ കൈയിലെത്തി എന്ന ഏറ്റവും ദുരൂഹമായ ചോദ്യത്തില്‍ പോലും യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.

http://www.azhimukham.com/india-13questions-unanswered-justiceloya-death-amitshah-case/

ഇങ്ങനെ അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ ഏറെയാണ്. രവി ഭവനിലെ ഏത് സ്യൂട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് വെളിപ്പെടുത്താന്‍ പോലും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. രേഖകളിലെ തിരുത്തലുകളെല്ലാം സാങ്കേതികമാണ് എന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഈ രേഖകളുടെ വിശ്വാസ്യത കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലും നടത്തിയിട്ടില്ല. എന്തിന്, അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാടായ ലാത്തൂരില്‍ എത്തിച്ചത് ആരാണെന്നുള്ളതുള്‍പ്പെടെ ദൂരൂഹമായ നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഇതിലൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല എന്ന് മാത്രമല്ല, വിശ്വാസ്യത അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും ഇക്കാര്യത്തില്‍ യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ സ്വന്തം നിഗമനങ്ങളില്‍ എത്തുകയും ചെയ്യുന്നു. കാര്യങ്ങള്‍ ഇടയ്ക്ക് തുറന്നുപറയാനും തങ്ങളുടെ സംശയങ്ങള്‍ പങ്കുവെക്കാനും തയ്യാറായിരുന്ന ലോയയുടെ കുടംബം പോലും പെട്ടെന്ന് മൗനത്തിലേക്ക് മടങ്ങുന്നതും സംശയാസ്പദമാണ്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് മുമ്പ് പലപ്പോഴും അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നതുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ലാത്തൂരിലെ നിയമവൃത്തങ്ങളും കുറച്ചുകൂടി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ലോയയുടെ മരണത്തിലെ ദുരൂഹ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് നവംബര്‍ 25ന് ലാത്തൂര്‍ ബാര്‍ അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുംബെയിലേയും ഡല്‍ഹിയിലെയും ഉന്നതരെ തങ്ങളുടെ ആവശ്യവുമായി സമീപിക്കുമെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ ബാര്‍ അസോസിയേഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ലാത്തൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അന്നറാവു പാട്ടീല്‍ വ്യക്തമാക്കി.

https://www.azhimukham.com/yashwantsinha-seeks-probe-against-amitshah-sohrabbudin-fakeencounter/

ബോംബെ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് മോഹിത് ഷായിലേക്കാണ് സംശയത്തില്‍ നിഴല്‍ നീളുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും ശിവസേന നേതാവും ലോയയുടെ ദീര്‍ഘകാല സുഹൃത്തുമായി ബല്‍വന്ത് ജാദവ് ചൂണ്ടിക്കാണിക്കുന്നു. ലോയയുടെ മരണസമയത്ത് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു മോഹിത് ഷാ. അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കാന്‍ ലോയയുടെ മേല്‍ മോഹിത് ഷാ സമ്മര്‍ദം ചെലുത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംശയം ഇപ്പോഴും നിലനില്‍ക്കുന്നതായി ബല്‍വന്ത് ജാദവ് പറയുന്നു. ലോയ മരിച്ച് ഒരു മാസത്തിനുള്ളില്‍, അദ്ദേഹത്തിന് പകരം നിയമിതനായ ജഡ്ജി തെളിവുകളൊന്നും സ്വീകരിക്കാതെ ഷായെ വെറുതെ വിട്ടത് എങ്ങനെയാണെന്നാണ് ജാദവിന്റെ ചോദ്യം. 'രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയാണ് സിബിഐ. വിചാരണ പോലും നടത്താതെ എങ്ങനെയാണ് സിബിഐയുടെ കുറ്റപത്രം തള്ളിക്കളയാന്‍ സാധിക്കുന്നത്? അതിന്റെ അന്വേഷണത്തിന് വേണ്ട പരിഗണന നല്‍കേണ്ടതല്ലേ? ഈ ചെറിയ കാലയളവിനുള്ള ആ ജഡ്ജിക്ക് എങ്ങനെയാണ് കുറ്റപത്രം വായിച്ച് തീര്‍ക്കാന്‍ സാധിക്കുന്നത്? അതുകൊണ്ടുതന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നു.' എന്ന് ജാദവ് പറയുന്നു. ലോയയുടെ ശവസംസ്‌കാരത്തിന് ശേഷം തനിക്കും ലോയയ്ക്കും അടുപ്പമുള്ള ഒരു ജഡ്ജി വിതുമ്പിക്കൊണ്ട് 'ബല്‍വന്ത്, അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു,' എന്ന് തന്നോട് പറഞ്ഞതായും ബല്‍വന്ത് യാദവ് വെളിപ്പെടുത്തുന്നു.

http://www.azhimukham.com/india-who-killed-sohrabuddin-debate-around-judges-death-puts-focus-back-on-murders-by-gujarat-police/

Next Story

Related Stories