ട്രെന്‍ഡിങ്ങ്

ബല്‍റാമേ, ചരിത്രത്തിലെ വനിതകള്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ

വരും വരായ്കകള്‍ നോക്കാതെ, തങ്ങളുടെയോ കുടുംബത്തിന്‍റെയോ ഭാവി നോക്കാതെ, സമൂഹം കല്‍പ്പിച്ച മാനത്തിനും, മാറാലകള്‍ക്കും മേലെ ജീവന്‍ പോലും പണയപ്പെടുത്തി കൊണ്ട് തങ്ങളുടെ സഖാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച അഭിമാനികളായ, തല കുനിക്കാത്ത, തന്റേടമുള്ള വനിതകള്‍.

രക്ത സാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രമായ സഖാവ് ശിവന്‍ ഒളിവില്‍ കഴിയുന്ന വീട്ടില്‍ പോലീസ് അന്വേഷിച്ചു വരുമ്പോള്‍ വീട്ടമ്മയായ സ്ത്രീ മകളോട് സഖാവിനെ ഒളിപ്പിക്കാന്‍ പറയുകയും അവര്‍ ഓല കുളി മുറിയുടെ മൂലയില്‍ ഒളിപ്പിച്ചു കുളിക്കുന്നതായി അഭിനയിച്ച് സഖാവിനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നത്.

ഏകദേശം ഇതേ രംഗത്തോട് സാദൃശ്യമുള്ള സംഭവം എണ്‍പത് കഴിഞ്ഞ സ്ത്രീ നേരിട്ട് വിവരിച്ചു തന്നിട്ടുണ്ട്. രാഷ്ട്രീയ പരിണാമത്തിന്‍റെ ആദ്യ കാലങ്ങളില്‍ വടകര-ഒഞ്ചിയം ഭാഗത്ത് പോയപ്പോള്‍ ഒരു അധ്യാപികയായിരുന്ന സ്ത്രീ. പേരോര്‍മ്മയില്ല. ഒളിപ്പിച്ച നേതാക്കന്മാരെയും ഓര്‍മയില്ല. പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള കുളത്തില്‍ മൂന്നു നാല് സ്ത്രീകള്‍ ചുറ്റും കുളിച്ചു ഒളിപ്പിക്കുകയായിരുന്നത്രേ.

തലശ്ശേരിക്കടുത്ത് ഒളിവു ജീവിത കാലത്ത് സഖാക്കളെ സ്ത്രീകളുടെ അറയ്ക്കുള്ളില്‍ ഒളിപ്പിച്ച മുസ്ലീം തറവാടും മരണപ്പെടാത്തെ മനുഷ്യ സ്ത്രീകളും ഇന്നും ജീവിച്ചിരിപ്പുണ്ട്.

കല്യാട്ട് യെശമാനന്മാരായ ജന്മികളുടെ ഒറ്റില്‍ അതേ തറവാട്ടിലെ ‘വഴിപിഴച്ചവനായ’ കമ്യൂണിസ്റ്റിനെ ഒളിവില്‍ താമസിപ്പിച്ചത് വെണ്ണീര്‍ പുരയിലായിരുന്നത്രേ. അഥവാ പോലീസ് വന്നാല്‍ തന്നെ കണ്ണില്‍ വെണ്ണീര്‍ എറിഞ്ഞു ഓടി മറയാം എന്ന ലക്ഷ്യത്തോടെ. ഈ കഥ പറഞ്ഞു തന്നത് അമ്മമ്മയാണ്.

ഇവരൊക്കെ തന്നെ സ്ത്രീകളാണ്. ഇനിയുമിനിയും ആയിരക്കണക്കിന് സ്ത്രീകളുണ്ട്. വരും വരായ്കകള്‍ നോക്കാതെ, തങ്ങളുടെയോ കുടുംബത്തിന്‍റെയോ ഭാവി നോക്കാതെ, സമൂഹം കല്‍പ്പിച്ച മാനത്തിനും, മാറാലകള്‍ക്കും മേലെ ജീവന്‍ പോലും പണയപ്പെടുത്തി കൊണ്ട് തങ്ങളുടെ സഖാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച അഭിമാനികളായ, തല കുനിക്കാത്ത, തന്റേടമുള്ള
വനിതകള്‍.

മിസ്റ്റര്‍ ബല്‍റാം, ചരിത്രം പറയുമ്പോള്‍ ഫാന്‍റസി പോര, കവല പ്രസംഗവും ആകരുത്

നാല്‍പത് മുതല്‍ ഇങ്ങോട്ട് ഒന്നര പതിറ്റാണ്ട് കാലം ഒളിവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത കമ്യൂണിസ്റ്റ് നേതാക്കള്‍ വിരളമാണ്. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പോലീസ് കണ്ണ് വെട്ടിച്ചു നിരന്തരമോടി തൊഴിലാളികളെയും കര്‍ഷക തൊഴിലാളികളെയും സംഘടിപ്പിച്ച് ചോരയും നീരും ജീവനും ബലികൊടുത്തവരുടെ ചരിത്രം തന്നെയാണ് ഈ പാര്‍ട്ടിയുടെ മൂലധനവും.

ഈ കാലത്തൊക്കെ തന്നെ മറ്റൊരു വര്‍ഗ്ഗം നാട്ടില്‍ തൂ വെള്ള കുപ്പായത്തില്‍ മൃഷ്ടാനം ഭോജിച്ചു നെഞ്ചു വിരിച്ച് വിലസി നടന്നിരുന്നു. പറ്റാവുന്ന പോലെയൊക്കെ ഒറ്റാനും ഒറ്റിയതിന്റെ പങ്കു വീണ്ടും പറ്റാനും അഭിമാനം കൊണ്ട ഖദര്‍ ധാരികള്‍. ഒളിവു ജീവിതം പോയിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം പോലും നടത്തേണ്ടി വന്നിട്ടില്ലാത്ത ഫ്യൂഡല്‍ രാഷ്ട്രീയ വര്‍ഗ്ഗം. അട്ടം പരതികള്‍ എന്ന് പ്രാദേശിക നാമം പോലും സിദ്ധിച്ച കോണ്‍ഗ്രസ് വര്‍ഗ്ഗം.

“ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനം” – ആ സ്ക്രീന്‍ ഷോട്ട് വാചകങ്ങള്‍ ഓരോ തവണ വായിക്കുമ്പോഴും പല്ല് കടിച്ചു കൊണ്ടല്ലാതെ വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല ബല്‍റാമേ. നിങ്ങള്‍ അധിക്ഷേപിച്ചത് കേവലം രാഷ്ട്രീയ എതിരാളികളെയല്ല.

ചരിത്രത്തിലെ വനിതകള്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ.

(ശ്രീകാന്ത് പി കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എ കെ ജിയെ ‘ബാലപീഡകന്‍’ എന്നാക്ഷേപിച്ച് വി ടി ബല്‍റാം

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍