TopTop
Begin typing your search above and press return to search.

ആ 30 അമ്മമാരും ദയാബായും ഒടുവില്‍ വിജയിച്ചു; സര്‍ക്കാര്‍ ഉറപ്പു നല്‍കിയ കാര്യങ്ങള്‍ ഇവയാണ്

ആ 30 അമ്മമാരും ദയാബായും ഒടുവില്‍ വിജയിച്ചു; സര്‍ക്കാര്‍ ഉറപ്പു നല്‍കിയ കാര്യങ്ങള്‍ ഇവയാണ്

മുപ്പത് വീട്ടമ്മമാർ കൂടെ ദയാബായും. ഇവരുടെ പട്ടിണി സമരത്തിന് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നു. അതിരുകൾ ബാധകമാക്കാതെ, അഞ്ഞൂറോളം വരുന്ന എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ ഉറപ്പു നൽകി. പതിനെട്ട് വയസ്സ് തികയാത്ത കുട്ടികളുടെ കാര്യത്തിൽ അപ്പോഴും ആശങ്കകൾ ബാക്കി നിൽക്കുന്നു . അവ ഉടനെ പരിഹരിക്കാൻ ശ്രമിക്കുമെന്നും സർക്കാർ. കാൽനൂറ്റാണ്ടായി ജീവിതത്തോട് സമരം ചെയ്‌ത്‌ കരുത്താർജിച്ചവരാണ് ഈ അമ്മമാർ. മാറി മാറി വന്ന ഭരണകൂടങ്ങൾ അവഗണിച്ചിട്ടും അവർ സമരം ചെയ്‌ത്‌ കൊണ്ടേയിരുന്നു. ആരൊക്കെയോ ചെയ്ത പാതകത്തിന്റെ ഫലമാണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. മനുഷ്യന്റെ ക്രൂരതയുടെ ഇരകളാണവര്‍ എന്നുറക്കെ വിളിച്ചു പറഞ്ഞ് ഞങ്ങള്‍ക്ക് വേണ്ടത് നീതിയും അവകാശങ്ങളുമാണെന്നു മുദ്രാവാക്യം മുഴക്കിയാണ് അമ്മമാര്‍ സമരം ചെയ്തത്.

ഈ ലോകത്ത് സ്വന്തം കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കു മുന്നേ മരിച്ചു പോകണമെന്ന് പ്രാര്‍ത്ഥിക്കേണ്ടി വരുന്ന നിര്‍ഭാഗ്യവതികളായ അമ്മമാരാണ് അവര്‍. തങ്ങളില്ലാതായാല്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നറിയാവുന്ന അമ്മമാര്‍. ഉറങ്ങാതെ കിടക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ ഉറക്കണമെന്നറിയാതെ, എങ്ങനെ കരച്ചില്‍ മാറ്റണമെന്നറിയാതെ കിടന്നുഴറുന്ന അമ്മമാര്‍. നമുക്കൊക്കെ ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അവരുടെ അനുഭവങ്ങള്‍, ദുരിതങ്ങള്‍.

ഇവരുടെ സമരങ്ങൾക്ക് പിന്തുണ നൽകുന്ന കൊടികളുടെ നിറം മാറിക്കൊണ്ടേയിരുന്നു. കൂടെ നിൽക്കും എന്നുറപ്പുണ്ടായിരുന്നവർ പോലും അധികാരത്തിലെത്തിയപ്പോൾ കണ്ടില്ലെന്ന് നടിച്ചു. തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെ പറ്റി കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാൽ സമരത്തിനിറങ്ങാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ ഇന്നവർ സമരം ചെയ്‌ത്‌ നേടിയ വിജയത്തിന്റെ അവകാശികൾ അവർ തന്നെയാണ്.

സമരം അഞ്ചാം ദിവസം പിന്നിട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേർത്ത ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങൾ ഇവയൊക്കെയാണ്.

1. പ്ലാന്റഷന് കോർപറേഷൻ സ്ഥിതി സ്ഥിതി ചെയ്യുന്ന പതിനൊന്ന് പഞ്ചായത്തുകളിലെ രോഗബാധിതരെ മാത്രമേ ഉൾപ്പെടുത്തൂ എന്ന മാനദണ്ഡം ഒഴിവാക്കും

2. 2017-ലെ മെഡിക്കല്‍ ക്യാംപില്‍ ഡോക്ടർമാർ കണ്ടെത്തിയ 1905 രോഗബാധിതരിൽ 18 വയസ്സ് പൂർത്തിയായവരെ ഉടൻ തന്നെ ലിസ്റ്റിൽ ഉൾപ്പെടുത്തും

3. 18 വയസില്‍ താഴെയുള്ള കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും

4. നാലോളം ബഡ്‌സ് സ്‌കൂളുകൾ ഫെബ്രുവരിയിൽ തന്നെ പ്രവർത്തനമാരംഭിക്കും . മറ്റു ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തനം 90 ദിവസത്തിനകം

5. സുപ്രീം കോടതി വിധിയിലെ അവ്യക്തതകൾ നീക്കി കാര്യങ്ങൾ പരിഹരിക്കും.

6.2017 ലെ ക്യാമ്പ് നടന്നത് ഹർത്താൽ ദിനത്തിലായതിനാൽ അന്ന് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വേണ്ടിയും പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമാക്കിയവർക്ക് വേണ്ടിയും തുടർന്നും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട മുഖ്യമന്ത്രി , അവർക്കിപ്പോഴും നിങ്ങളിൽ പ്രതീക്ഷയുണ്ട്. താങ്കൾ നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് അവർ സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഇനിയൊരിക്കൽ കൂടി അവരെ സമരത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് സാധിക്കട്ടെ. ഇനിയും അവർ സമരത്തിനിറങ്ങിയാൽ നഷ്ടമാകുന്നത് താങ്കളുടെ സർക്കാരിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യതയാണ്


Next Story

Related Stories