വായന/സംസ്കാരം

മലയാളഭാഷയ്ക്ക് പൂക്കാലവുമായി മലയാളം മിഷന്‍

Print Friendly, PDF & Email

മലയാളഭാഷാപോഷണത്തിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് രൂപീകരിച്ച മലയാളം മിഷന്‍ അതിന്റെ ലക്ഷ്യത്തിലേക്ക് കയറാന്‍ തുടങ്ങിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണെന്ന് അണിയറപ്രവര്‍ത്തക

A A A

Print Friendly, PDF & Email

ശിശുദിനത്തില്‍ മലയാളികള്‍ക്ക് പൂക്കാലമൊരുക്കുകയായിരുന്നു മലയാളം മിഷന്‍. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഇനി നല്ല മലയാളം വിരല്‍തുമ്പില്‍ പഠിക്കാം. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മലയാളം മിഷന്‍ പുറത്തിറക്കിയ വെബ്മാഗസിന്‍ പൂക്കാലമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കി ഒരു സ്ഥലത്തിരുന്ന് മലയാളം പഠിപ്പിക്കുക, കുട്ടികള്‍ക്ക് വിരല്‍തുമ്പില്‍ നല്ല മലയാളവും അതിലൂടെ അറിവും നല്‍കുക. വൈവിധ്യങ്ങളെ കാട്ടിക്കൊടുക്കുക. അതാണ് മലയാളം മിഷന്‍ പുറത്തിറക്കിയ വെബ്മാഗസിന്‍ പൂക്കാലം. ശിശുദിനത്തില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത ഈ മാഗസിന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ്. അദ്ധ്യാപികയായും, അമ്മയായും, സഹോദരിയായും, സുഹൃത്തായും നിങ്ങള്‍ക്ക് പൂക്കാലം അനുഭവപ്പെടും. വിദേശമലയാളികള്‍ക്ക് വീട്ടിലിരുന്ന് കുട്ടികളെ മലയാളഭാഷ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് മാഗസിന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ദൃശ്യ, ശ്രവ്യ, ലിഖിത മാധ്യമം എന്ന നിലയിലാണ് പൂക്കാലം തയ്യാറാക്കിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ സന്ദേശത്തോടെയാണ് മാഗസിന്‍ തുറന്നുവരുന്നത്. മലയാളഭാഷയുടെ പ്രധാന്യവും അത് കുട്ടികളിലൂടെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ലോകത്തെമ്പാടുമുള്ള മലയാളികളോടായി മന്ത്രി പങ്കുവെക്കുന്നു. ചീഫ് എഡിറ്ററും മലയാളം മിഷന്‍ ഡയറക്ടറുമായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, പൂക്കാലം വെബ്മാഗസിന്‍ എഡിറ്റല്‍ വിധുവിന്‍സെന്റ് എന്നിവരും ആമുഖം പേജില്‍ വായക്കാരോട് സംവദിക്കുന്നു. എന്റെ മലയാളം, വെളിച്ചം, പദപരിചയം, മുമ്പേ നടന്നവര്‍, ഈ മാസം, സിനിമ എന്നിവയാണ് കുട്ടികള്‍ക്കായി പൂക്കാലം ഒരുക്കിവെച്ച വിഭവങ്ങള്‍. മൊബൈലിലും ലഭ്യമായ ഈ വെബ്മാഗസിന്‍ വായനയ്ക്കപ്പുറം വീഡിയോകളിലൂടെയും അറിവ് പങ്കുവെക്കുന്നു. കുട്ടികള്‍ക്ക് അതൊരു പുതിയ അനുഭവമായിരിക്കും. വീഡിയോകളിലൂടെയുള്ള വിജ്ഞാനകൈമാറ്റം കുട്ടികള്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനുള്ള വഴിയുമാണ്. എല്ലാ പേജിലും അറിവിന്റെയും വിജ്ഞാനത്തിന്റെയും പൂക്കാലമാണ് ഈ മാഗസിന്‍ ഒരുക്കിവെച്ചിട്ടുള്ളത്. പൂക്കാലം വായിക്കുന്നവര്‍ക്ക് മലയാളം മിഷന്‍ പ്രത്യേക സമ്മാനങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.

മലയാളഭാഷാപോഷണത്തിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് രൂപീകരിച്ച മലയാളം മിഷന്‍ അതിന്റെ ലക്ഷ്യത്തിലേക്ക് കയറാന്‍ തുടങ്ങിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഭാഷയുടെ സംരക്ഷണവും വ്യാപനവും നടത്തുകയായിരുന്നു കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തിനിടയില്‍ ഈ സ്ഥാപനമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാളം മിഷന്‍ രൂപീകരണവും സംഘാടനവും നടത്തി. സെപ്തംബറില്‍ മന്ത്രി യുകെ, യുഎഇ സന്ദര്‍ശിച്ചപ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മലയാളം മിഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ രൂപീകരണം നടത്തുകയും ചെയ്തിരുന്നു. അത് വിദേശമലയാളികള്‍ക്ക് ഭാഷവ്യാപനത്തിന് ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഇന്ന് പതിനഞ്ചോളം രാജ്യങ്ങളില്‍ മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മിഷന്‍ പ്രവര്‍ത്തനം സജീവമാണ്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യം മലയാളം മിഷന്‍ പ്രാവര്‍ത്തികമാക്കുന്നതായാണ് സാംസ്‌കാരിക വകുപ്പിന്റെ അടുത്തകാലത്തെ പ്രവര്‍ത്തനങ്ങള്‍ അനുഭവപ്പെടുത്തുന്നത്. ലോകത്തെമ്പാടും മലയാളികള്‍ക്കിടയില്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഒരു കൂട്ടായ്മ രൂപപ്പെടുകയും അതുവഴി അവര്‍ മലയാളഭാഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളം നിര്‍ബന്ധിതഭാഷയാക്കി പ്രത്യേക നിയമനിര്‍മ്മാണം നടത്തിയ സര്‍ക്കാര്‍ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാളഭാഷാ വ്യാപനത്തിനുള്ള ഊര്‍ജ്ജിത ശ്രമങ്ങളും നടത്തിവരുന്നതായി സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

പൂക്കാലം വെബ്മാഗസിന്‍ സന്ദര്‍ശിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍