UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവ്; ചെന്നിത്തലയ്ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ?

രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രസ്താവന ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസിക്കുന്നവര്‍ക്കും അതിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവര്‍ക്കും ആശ്വാസമാണ്

കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് വി ടി ബല്‍റാം എംഎല്‍എ ആണ്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ പിന്തുണച്ച എഐസിസിയുടെ നിലപാടിനെ പോലും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലായായാണ് അതിനെ രാഷ്ട്രീയ കേരളം കണക്കാക്കിയതും. ശബരിമലയെ ഉപയോഗിച്ച് മതേതര കേരളത്തെ വര്‍ഗ്ഗീയമായി പിളര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെയും സര്‍ക്കാരിനെയും തുറന്നുകാട്ടണമെന്നും ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടെയും പുരോഗമനവിരുദ്ധ ആശയങ്ങളുടെയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ലെന്നും ബല്‍റാം പറഞ്ഞപ്പോള്‍ സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്നും കേട്ടുകൊണ്ടിരുന്നതില്‍ വ്യത്യസ്തമായ ഒരു ശബ്ദമായി അത് മാറി. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും ബല്‍റാം കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ പാരമ്പര്യത്തെക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലുമുണ്ടാകണമെന്നും ബല്‍റാം വിമര്‍ശിച്ചു.

ബല്‍റാമിന്റെ ഈ വാക്കുകളെ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് ഇന്ന് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ നിലപാടെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം ഇത് വൈകാരികമായ വിഷയമാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. താനും തന്റെ പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് താന്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെ എഐസിസിയും ശരിവയ്ക്കുന്നു. രാഹുലിന്റെ നിലപാടില്‍ അപാകതയില്ലെന്നാണ് ആനന്ദ് ശര്‍മ്മ ഇതേക്കുറിച്ച് പ്രതികരിച്ച്. ശബരിമലയില്‍ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കെപിസിസി പ്രാദേശിക ആചാരത്തിന് അനുസൃതമായി നിലപാട് സ്വീകരിച്ചതാണെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്നും കാര്യം വളരെ വ്യക്തമാണ്. ഈ വിഷയത്തില്‍ കേരളത്തിലെ നേതാക്കള്‍ വോട്ട് ബാങ്കിനെ പേടിച്ച് ബിജെപിയുടേതിനേക്കാള്‍ പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നതെന്നതാണ് അത്.

സെപ്തംബര്‍ 28ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രഖ്യാപിച്ചപ്പോള്‍ എഐസിസി പുറത്തിറക്കിയ പ്രസ്താവന ഈ വിധിയെ സ്വാഗതം ചെയ്യുന്നതായിരുന്നു. കെപിസിസി ആദ്യം നിശബ്ദത പാലിച്ചെങ്കിലും എന്‍എസ്എസ് ഈ വിഷയത്തില്‍ ഇടപെട്ടതോടെയാണ് രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വെളിപാടുണ്ടായത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയ്ക്ക് പിണറായി സര്‍ക്കാരിനെതിരെ നല്ലൊരു ആരോപണം പോലും ഉന്നയിക്കാന്‍ സാധിക്കാതിരുന്ന ചെന്നിത്തലയും കൂട്ടരും പട്ടിണികൊണ്ട് വലഞ്ഞവന് ചക്കക്കൂട്ടാന്‍ കിട്ടയതുപോലെയാണ് ശബരിമല വിഷയത്തിന് മേല്‍ ചാടിവീണത്. ആര്‍എസ്എസിനേക്കാള്‍ മുമ്പ് തന്നെ ഹിന്ദുവികാരമെന്ന ചീട്ട് അവരിറക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയും കെ സുധാകരനും പരസ്യമായി തന്നെയാണ് രംഗത്തെത്തിയത്. ചെന്നിത്തല ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പാക്കുന്നതിനെതിരെ ഏകദിന ഉപവാസം അനുഷ്ഠിച്ചപ്പോള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന സ്ത്രീകളെ ഏത് വിധേനയും എതിര്‍ക്കുമെന്നായിരുന്നു സുധാകരന്റെ വെല്ലുവിളി. ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഇതിന് അനുകൂലമായ നിലപാടുകള്‍ തന്നെ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായി കോണ്‍ഗ്രസ് ഇതിനെ ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ആര്‍എസ്എസും ബിജെപിയും വിഷയത്തില്‍ ഇടപെടുന്നത്. സുപ്രിംകോടതിയില്‍ കേസ് വിചാരണയിലുണ്ടായിരുന്ന പന്ത്രണ്ട് വര്‍ഷവും സുപ്രിംകോടതിയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കാതിരുന്ന ഇരുകൂട്ടരും അവരവരുടെ ഓരോരുത്തരുടെയും വിഷയമായി ശബരിമലയെ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ പന്തയത്തില്‍ ഒടുവില്‍ വിജയിച്ചത് ബിജെപി തന്നെയാണ്. വര്‍ഗ്ഗീയ ധ്രുവീകരണം അവര്‍ക്കറിയാവുന്നത് പോലെ കോണ്‍ഗ്രസുകാര്‍ക്കറിയില്ലെന്നത് തന്നെ കാരണം.

ഇതിനിടെ കെപിസിസി നിലപാടുകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു. നേതാക്കള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാമെന്നും കോണ്‍ഗ്രസിന്റെ കൊടിക്കീഴില്‍ സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു കെപിസിസി രാഷ്ട്രീയ നിര്‍വാഹക സമിതിയുടെ നിലപാട്. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ രാമന്‍ നായരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. രാമന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ഇതുകൊണ്ടുണ്ടായ ഗുണം. ഇനി ബാക്കിയുള്ളത് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും രാജ്‌മോഹന്‍ ഉണ്ണിത്താനുമൊക്കെയാണ്. ശബരിമല വിധിക്കെതിരെ മാത്രമല്ല ഇവര്‍ വികാരം കൊള്ളുന്നതെന്നതും ശ്രദ്ധേയമാണ്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത് അക്രമം നടത്തിയ സംഘപരിവാര്‍ അനുകൂലികളെ അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ക്കെതിരെ കൂടിയാണ് ഇവരുടെ രക്തം തിളയ്ക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് പറയുന്നതാണോ അതോ നേതാക്കള്‍ പറയുന്നതാണോ ശരിയെന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടാകുന്നുണ്ട്. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് ചാനല്‍ ചര്‍ച്ചകളില്‍ തുറന്നടിക്കുമ്പോള്‍ അനാചാരങ്ങള്‍ക്കെതിരെ നിലപാടെടുത്ത നെഹ്രുവിയന്‍ പാരമ്പര്യത്തെക്കുറിച്ച് ഈ നേതാക്കളെ ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്?

ഒരുവിധത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രസ്താവന ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസിക്കുന്നവര്‍ക്കും അതിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവര്‍ക്കും അതൊരു ആശ്വാസമാണ്. ചെന്നിത്തല പറയുന്നത് കേള്‍ക്കണോ അതോ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ നിന്നും തങ്ങള്‍ മനസിലാക്കിയതനുസരിച്ച് ജീവിക്കണോയെന്നാണ് പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ സംശയം. ഇതിനിടെ രാമന്‍ നായര്‍, പ്രമീള ദേവി തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ലാവണത്തിലെത്തുമ്പോള്‍ അവര്‍ സംശയാലുക്കളാകുകയാണ്. തങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന്. രാമന്‍ നായരും പ്രമീളാ ദേവിയും ഉള്‍പ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് ഒരു വാണിങ് ബെല്‍ ആയാണ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തിട്ടുള്ളത്. കോണ്‍ഗ്രസോ യുഡിഎഫോ കൃത്യതയുള്ള ഒരു നിലപാട് സ്വീകരിക്കാത്തത് എല്ലാ പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അത് വലിയ രീതിയിലുള്ള കൊഴിഞ്ഞ് പോക്കിലേക്ക് നയിക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ ആശങ്ക.

‘രണ്ട് തോണിയിലും കാലിട്ട് നില്‍ക്കല്‍ നേതാക്കള്‍ക്ക് വലിയ പ്രശ്നമില്ലായിരിക്കും. പക്ഷെ താഴെത്തട്ടില്‍ അത് വലിയ ഇംപാക്ട് ഉണ്ടാക്കും. എന്താണ് നിലപാട് എന്ന് വ്യക്തത വരുത്താതെ ബൂത്ത് ലെവല്‍ പ്രവര്‍ത്തനം പോലും അസാധ്യമായിരിക്കുകയാണ്. ആളുകളോടും അണികളോടും നമ്മള്‍ എന്താണ് പറയേണ്ടത്? നിങ്ങള്‍ രണ്ട് വശത്തേയും അംഗീകരിക്കണമെന്നോ? ഇനിയെങ്കിലും നേതാക്കള്‍ കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രതീക്ഷിക്കുന്നതിലുമധികം ആളുകളുടെ കൊഴിഞ്ഞ് പോക്കുണ്ടാവും. കാരണം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അത് വളരെ വ്യക്തമാവുന്നുണ്ട്. നിലപാടില്ലാത്തവരേക്കാള്‍ അവരുടെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്നവരോട് ചേരാനേ ആളുകള്‍ നോക്കൂ. മറ്റ് രണ്ട് കൂട്ടരും വളരെ കൃത്യതയോടെ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുമ്പോള്‍ കോണ്‍ഗ്രസിനോ യുഡിഎഫിലെ മറ്റ് സഖ്യകക്ഷികള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോലുമായിട്ടില്ല. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഞങ്ങള്‍ പലതും പ്രതീക്ഷിച്ചിരുന്നു. പക്ഷെ രണ്ട് പക്ഷത്തും നില്‍ക്കാതെയുള്ള നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.’ എന്നാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞദിവസം അഴിമുഖത്തോട് പറഞ്ഞത്.

എഐസിസിക്കും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയില്ലെന്നാണ് ഇക്കാലമത്രയും ചെന്നിത്തലയും കൂട്ടരും ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ രാഹുല്‍ ഗാന്ധിയുടെയും എഐസിസിയുടെയും നിലപാട് വ്യക്തമാക്കലില്‍ നിന്നും ഈ നേതാക്കള്‍ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. ഇവിടെയാണ് നേരത്തെ പറഞ്ഞ പന്തയത്തിലെ വിജയം ബിജെപി ആഘോഷിക്കുന്നത്. വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ വിജയിക്കാന്‍ എന്തായാലും സാധിച്ചില്ല. ഇനി നേതാക്കളെയും അണികളെയും നഷ്ടമാകുന്ന അവസ്ഥയിലേക്ക് കൂടി ഈ പാര്‍ട്ടിയെ എത്തിക്കാതിരിക്കുകയെന്നതാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. സിപിഎം അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന അവസ്ഥ മാറി സിപിഎം അല്ലെങ്കില്‍ ബിജെപി കേരളം ഭരിക്കും എന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അതിന് ഉത്തരവാദികള്‍ ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരിക്കും.

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

“ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്നാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ ആവശ്യം”: രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ പിന്തുണച്ച് വി ടി ബല്‍റാം

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

നിങ്ങളുടെ ഉപദേശം ആത്മാര്‍ഥമാണെങ്കിൽ അവരോടു കോൺഗ്രസ്സ് പാരമ്പര്യത്തിലേക്ക് മടങ്ങി വരാനല്ല, ആ പാരമ്പര്യം വിട്ട് പുറത്തു വരാനാണ് പറയേണ്ടത്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍