TopTop
Begin typing your search above and press return to search.

കിട്ടുണ്ണിയും ബഡായി ബംഗ്ലാവുകാരനും ഗര്‍ഭമളക്കുന്ന സാറുമൊക്കെ ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലേ!

കിട്ടുണ്ണിയും ബഡായി ബംഗ്ലാവുകാരനും ഗര്‍ഭമളക്കുന്ന സാറുമൊക്കെ ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലേ!

നടിയെ ആക്രമിച്ച കേസില്‍ 'ജനപ്രിയ' താരം ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിയാനെ ഇനി പ്രതി എന്നു വിളിക്കാം. കുറ്റവാളി എന്ന് വിളിക്കാനാവില്ല എന്നതാണ് ഇന്ത്യന്‍ ശിക്ഷനിയമത്തിന്റെ കാതല്‍. അതിനാല്‍ ആ പ്രതി അവിടെ നില്‍ക്കട്ടെ. പുതിയ പ്രതികള്‍ ഉണ്ടാവുമെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും ഇല്ലാതാവും എന്നൊക്കെ പറഞ്ഞു കേള്‍ക്കുകയും ചെയ്യുന്നു. അവരൊക്കെ അറസ്റ്റിലാവുകയോ രക്ഷപ്പെടുകയോ ചെയ്യട്ടെ. ദിലീപിനെയും മറ്റ് പ്രതികളെയും കോടതി ശിക്ഷിക്കുന്നത് വരെ നമുക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് തീര്‍പ്പൊന്നുമില്ല. ഏതായാലും മലയാളി മനസിലെങ്കിലും ഇത്തരക്കാര്‍ക്ക് ചില ശിക്ഷകള്‍ വിധിക്കപ്പെട്ടിട്ടുണ്ട് എന്ന് ചാനലുകളില്‍ നിന്നും ജനകീയ പ്രതികരണങ്ങളില്‍ നിന്നൊക്കെ വായിച്ചെടുക്കാം.

എന്നാല്‍, നേരിട്ടോ അല്ലാതെയോ സ്വയം കോമാളികളായി മാറിയവരെ കുറിച്ച് നമ്മള്‍ എന്ത് പറയും? ഇനിയും ഒരുളുപ്പുമില്ലാതെ ഇളിച്ച മോന്തയുമായി പൊതുജന മധ്യത്തില്‍ അവര്‍ പ്രത്യക്ഷപ്പെടുമോ? മൂന്ന് ജനപ്രതിനിധികളായ സില്‍മ നടന്മാര്‍, അമ്മയുടെ പത്രസമ്മേളനത്തില്‍ ദിലീപിന്റെ കസേരയ്ക്ക് മുന്നില്‍ വെഞ്ചാമരം പോലെ കാവല്‍ നിന്ന തൃശ്ശൂര്‍ ഡ്രാമ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങുകയും ചില സിനിമകളില്‍ അഭിനയിക്കുകയും പിന്നീട് അണിയറപ്രവര്‍ത്തക ആകുകയും ചെയ്ത കുക്കു പരമേശ്വരന്‍, ബിജെപിയുടെ പടിപ്പുരയില്‍ മുട്ടിവിളിക്കുന്ന തിരക്കില്‍ കൂടെ പ്രവര്‍ത്തിച്ചവരെ അപമാനിക്കുകയും ഒരു സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ മുഴുവന്‍ ചെളിവാരിയെറിയുകയും ചെയ്തുകൊണ്ട് സര്‍വീസിന് പുറത്തുവന്നപ്പോള്‍ നെഞ്ചൂക്ക് കാട്ടിയ പരമസാത്വികനും അതീവ സത്യസന്ധനുമായ നമ്മുടെ മുന്‍ ഡിജിപി എന്നിവരെ കുറിച്ച് തന്നെയാണ് ഈ ചോദ്യം ഉയരുന്നത്. കൂടെ ദിലീപിനെ 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്ത ദിവസം രാത്രി ആലുവ പോലീസ് ക്ലബ്ബില്‍ ശുദ്ധശുഭ്ര വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട നടനും വ്യവസായിയുമായ സിദ്ദിക്ക് എന്നിവരെ കുറിച്ചാണ് ഈ ചോദ്യം.

അമ്മയുടെ പത്ര സമ്മേളനത്തില്‍ ദിലീപിനെ ന്യായീകരിക്കുന്ന നിമിഷത്തില്‍ ഒ മാധവന്‍, വിജയലക്ഷ്മി എന്നീ കൊള്ളാവുന്ന മനുഷ്യരുടെ പുത്രനും സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജനപ്രതിനിധിയാവുകയും ചെയ്ത കൊല്ലം എംഎല്‍എ മുകേഷ് പറഞ്ഞത് എല്ലാം ഞങ്ങള്‍ക്ക് അറിയാമെന്നായിരുന്നു. അതും സ്വന്തം നെഞ്ചത്ത് ആഞ്ഞടിച്ചുകൊണ്ടായിരുന്നു പ്രസ്താവന. അദ്ദേഹം ഇനിയും ബഡായി ബംഗ്ലാവും തെളിച്ച് ഈ വഴി വരുമായിരിക്കും.

ആക്രമണം നടന്ന ദിവസങ്ങളില്‍ സിനിമയില്‍ അധോലോക സാന്നിധ്യം ശക്തമാണ് എന്ന് പ്രസ്താവിക്കുകയും അമ്മ പ്രസിഡന്റിന് സംഘടനയുടെ നടപടിയില്‍ പ്രതിഷേധിച്ച് കത്തെഴുതുകയും ചെയ്ത പത്തനാപുരം എംഎല്‍എയും 'ശക്തമായ ഇടതുപക്ഷ അനുഭാവി'യുമായ ആര്‍. ഗണേഷ് കുമാര്‍ പിന്നീട് നിലപാട് മാറ്റിയത് സമ്മേളനം നടന്ന ഒറ്റ ദിവസം കൊണ്ടായിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ഘോരഘോരം ഉദ്‌ഘോഷിച്ച ആ എംഎല്‍എയും ഇനിയും നിയമസഭയില്‍ എത്തി കേരളീയ ജനതയുടെ സമുന്നമനത്തിനായി നിയമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുമായിരിക്കും.

പണ്ടേ 'കിട്ടുണ്ണി' ആയ ചാലക്കുടി എംപിയും ഇടതുപക്ഷ അനുഭാവിയുമായ ഇന്നസെന്റിനെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. അദ്ദേഹത്തിന് ഉളുപ്പ് എന്ന വികാരം പണ്ടേ ഇല്ലെന്ന് തെളിയിക്കപ്പെട്ടതിനാലാണത്. 'ദീപസ്തംഭം' എന്ന ഒരേ ഒരു വികാരം മാത്രമാണ് അദ്ദേഹത്തെ ഭരിക്കുന്നത് എന്നതിനാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഫേസ്ബുക്ക് പോസ്റ്റിട്ട് കളിച്ച സലിം കുമാര്‍, ഊര്‍മ്മിള ഉണ്ണി തുടങ്ങിയവരെ കുറിച്ച് തീരെ പറയുന്നില്ല. വിവരക്കേട് ഒരു തെറ്റല്ല. എന്നാലും ജനമധ്യത്തില്‍ തേരും തെളിച്ച് അവരും വരുമായിരിക്കും.

അമ്മ എന്ന സംഘടനയെ കുറിച്ച് തീരെ പറയുന്നില്ല. തമാശ പറയുക, ഫുഡ് അടിക്കുക, പിരിയുക എന്നതിനപ്പുറം ആ സംഘടനയില്‍ മറ്റൊന്നും നടക്കുന്നില്ല എന്ന് പറഞ്ഞത് അവരുടെ അംഗമായ ബാബുരാജ് എന്ന നടന്‍ തന്നെയാണ്. അപ്പോള്‍ അതും പോകട്ടെ. പക്ഷെ നമ്മുടെ മുന്‍ ഡിജിപിയെ എന്ത് ചെയ്യും? തന്റെ സഹപ്രവര്‍ത്തകരെ അപമാനിക്കുന്നതിനായി വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സര്‍ക്കുലര്‍ ഇറക്കിക്കളിച്ച മഹാനാണ് അദ്ദേഹം. ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന മഹാനടനെ ചോദ്യം ചെയ്യാനുള്ള തെളിവുകള്‍ പോലും ഇല്ലെന്ന് വിരമിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മുതല്‍ ചാനലായ ചാനലുകള്‍ മുഴുവന്‍ പാടി നടന്ന പാണനാണ് അദ്ദേഹം. വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി പറഞ്ഞതോടെ കാള വാല് പൊക്കുന്നത് എന്തിനാണെന്ന് വളരെ കൃത്യമാവുകയും ചെയ്തു.

അതേ കാള പെറ്റുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ കയറെടുത്ത ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, എം ടി രമേശ് തുടങ്ങിയ രാഷ്ട്രീയ പ്രതിഭകള്‍ക്ക് അത്യാദരങ്ങള്‍ അര്‍പ്പിക്കാനേ കഴിയൂ. കാരണം, ഇതെഴുന്നത് വരെ അറസ്റ്റ് സംബന്ധിച്ച ബിജെപി പ്രതികരണം വന്ന് കണ്ടിട്ടില്ല. ഏതായാലും അമ്മയുടെ പ്രിയപ്പെട്ട മകനുണ്ടായ ഈ വിധിയില്‍ മനംനൊന്ത് ഇരിക്കുകയാവും. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി കസേരയിലേക്കുള്ള പ്രധാനവഴി സിനിമയാണെന്ന് എന്നോ ധരിച്ചുവശായ പ്രഗത്ഭമതികളാണല്ലോ അവര്‍.


Next Story

Related Stories