Top

പ്രിയ അശോകന്‍ ചരുവില്‍, ഈ മോഷ്ടാക്കളുടെ ഇടയിലേക്ക് ജീന്‍ വാല്‍ ജീനെ വലിച്ചിഴക്കരുതേ...

പ്രിയ അശോകന്‍ ചരുവില്‍, ഈ മോഷ്ടാക്കളുടെ ഇടയിലേക്ക് ജീന്‍ വാല്‍ ജീനെ വലിച്ചിഴക്കരുതേ...
എസ് കലേഷിന്റെ കവിത മോഷ്ടിച്ചതിനേത്തുടര്‍ന്ന് ദീപാ നിശാന്തിനേയും എം ജെ ശ്രീചിത്രനേയും പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍. മോഷ്ടിക്കപ്പെടുന്നത് ഒരു കൃതിയുടെ മഹത്വത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് അശോകന്‍ ചരുവില്‍ പറയുന്നു.

ഡിസംബര്‍ നാലിന് തൃശൂരില്‍ നടക്കുന്ന ജനാധിപത്യ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ട് 'കവിതാ മോഷണക്കുറ്റവാളി'കളെ ഒഴിവാക്കിയതില്‍ വിയോജിക്കുന്നു. സാറ ടീച്ചറില്‍ (സാറാ ജോസഫ്-ചെയര്‍പേഴ്‌സണ്‍) നിന്നും രാവുണ്ണിയില്‍ (എം എന്‍ രാവുണ്ണി കണ്‍വീനര്‍) നിന്നും ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചില്ല. രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ കടന്നാക്രമണങ്ങളില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കാനാണ് നമ്മള്‍ തേക്കിന്‍കാട് മൈതാനത്ത് ഒത്തുചേരുന്നത്. കുറ്റവാളികള്‍ക്കും മനുഷ്യാവകാശമുണ്ട് എന്ന് ഉദ്‌ഘോഷിക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ ഒരു മഹത്വമെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിക്ടർ ഹ്യുഗോയുടെ 'പാവങ്ങളിലെ' ജീൻവാൽജിനോടും, ബിഷപ്പിനോടും തന്നെയും, മോഷണ കുറ്റക്കാരെന്നാരോപിക്കപ്പെട്ടവരെയും ഉപമിക്കാനുള്ള ശ്രമവും ഒരു കമന്റിൽ അശോകൻ ചരുവിൽ നടത്തുന്നുണ്ട്.

ശ്രീചിത്രനും, ദീപ നിശാന്തും ചെയ്തത് ഒരു കൊലപാതകമല്ലെന്ന് കവിത മോഷണ വിവാദം അറിയുന്ന എല്ലാ മനുഷ്യർക്കും അറിയാം. പക്ഷെ അതത്ര ഗൗരവം കുറഞ്ഞ ഒരു സംഭവവുമല്ല. ഇവിടെ ഇരുവരും ഏറ്റവും അധികം വിമർശനം ഏറ്റു വാങ്ങിയത് ഈ വിഷയങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളാണ്. നിരുപാധികം മാപ്പ് പറഞ്ഞു വിഷയം അവസാനിപ്പിക്കുന്നതിന് പകരം ഇരുവരും തങ്ങളുടെ ഭാഷ പാണ്ഡിത്യം ഉപയോഗിച്ച് നല്ല പോലെ ഉരുണ്ടു കളിച്ചു.

"ആരാണ് എന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു." ഇത്തരത്തിൽ ഒരു പ്രതികരണം കലേഷിന് നടത്തേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ദീപയുടെയും, ശ്രീചിത്രന്റെയും ഭാഗത്തു നിന്നുണ്ടായ രണ്ടാമത്തെ വലിയ പിഴവാണ്. എന്തായാലും വിഷയം ഇരുവരുമല്ല. വലിയ രീതിയില്ല ആൾക്കൂട്ട വിചാരണക്കും, വിമർശനത്തിനും ഇരുവരും വിധേയമായിട്ടുണ്ട്.

ഡിസംബര്‍ നാലിന് തൃശൂരില്‍ നടക്കുന്ന ജനാധിപത്യ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇരുവരെയും മാറ്റി നിർത്തിയത് തികച്ചും പൊളിറ്റിക്കൽ ആയ തീരുമാനമാണ്. ലൈംഗികചുവയോടെ സംസാരിച്ചു എന്ന് പാർട്ടി തന്നെ കണ്ടെത്തിയ ഒരാളെ തുടർന്നും എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കുന്ന സി പി എമ്മിന്റെ സന്തത സഹചാരിയായ അശോകൻ ചരുവിലിനു അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. പുരോഗമന കല സാഹിത്യ സംഘത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനവും, വരാനിരിക്കുന്ന മറ്റു സ്ഥാനങ്ങളും, പുരസ്കാരങ്ങളും അത്രമേൽ ഈ കഥാകാരനെ ഭ്രമിപ്പിച്ചിരിക്കുന്നു എന്ന് വേണമോ മനസ്സിലാക്കാൻ.

വിക്ടർ ഹ്യുഗോയുടെ 'പാവങ്ങളിലെ' ജീൻവാൽജിനോടും, ബിഷപ്പിനോടും തന്നെയും, മോഷണ കുറ്റക്കാരെന്നാരോപിക്കപ്പെട്ടവരെയും ഉപമിക്കാനുള്ള അശോകൻ ചുരുവിലിന്റെ ശ്രമത്തിൽ അടിമുടി കാപട്യം നിറഞ്ഞു നിൽക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരെഴുത്തുകാരനായ താങ്കളുടെ കൃതികൾ വായിച്ച ഒരാൾ എന്ന നിലയിൽ ഹ്യുഗോ പാവങ്ങളിലൂടെ മുന്നോട്ടു വെക്കാൻ ശ്രമിച്ച സന്ദേശം എന്താണെന്ന് മനസ്സിലാക്കാൻ ശേഷിയില്ലാത്ത ഒരാളാണ് താങ്കളെന്ന് ഞാൻ കരുതുന്നില്ല.

പാവങ്ങളിലെ അശോകൻ പ്രതിപാദിച്ച കഥ പരിസരം ഏതാണ്ടിങ്ങനെയാണ് "അവസാനത്തെ ആശ്രയമായി കടന്നു ചെല്ലുന്ന ബിഷപ്പ്മെര്‍വിന്‍റെ ആശ്രമം രണ്ട് കയ്യും നീട്ടിയുള്ള ബിഷപ്പിന്‍റെ സ്വീകരണം ജീനിന്‍റെ അവസാനത്തെ കച്ചിതുരുമ്പായിരുന്നു. കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ ഇടവും കൊടുത്ത ബിഷപ്പിന്‍റെ ഭവനത്തില്‍ നിന്ന് രാത്രിയോട് കൂടി വെള്ളി കരണ്ടിയും പാത്രങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്ന ജീന്‍ പോലീസിന്‍റെ പിടിയിലാകുന്നതും തൊണ്ടിമുതലുമായി ബിഷപ്പിന്‍റെ ഭവനത്തില്‍ ജീനുമായി എത്തുന്ന പോലീസിനോട് പാത്രങ്ങള്‍ മാത്രമല്ല ഈ വിളക്കുകാലുകളും ഞാന്‍ ജീനിന് കൊടുതതാനെണെന്നും എന്തേ അതുകൂടി എടുത്തില്ല എന്ന ബിഷപ്പിന്‍റെ മറുപടി പത്തൊന്പത് വര്‍ഷത്തെ ജയില്‍ ശിക്ഷയിലൂടെ മാറാത്ത ജീനിന്‍റെ ജീവിതം ഒരു പശ്ചാത്താപത്തിലേക്ക് നയിക്കപ്പെടുന്നു-" ജീൻവാൾജീൻ കള്ളനല്ല എന്റെ സഹോദരനാണ് എന്ന് ബിഷപ്പ് പോലീസുകാരോട് പറയുന്നുണ്ട്.

ദീപ നിശാന്തിനോടും, ശ്രീചിത്രനോടും ക്ഷമിക്കാനുള്ള താങ്കളുടെ വിശാല മനസ്കത ജീൻവാൽജിനോട് ബിഷപ്പിനുണ്ടായ സഹോദര്യമായി യാതൊരു ബന്ധവുമില്ല. പട്ടിണിയും, സാമൂഹ്യ അവസ്ഥയും, പശ്ചാത്തലവുമാണ് ജീൻവാൽജിനെ കള്ളനാക്കുന്നതെങ്കിൽ ദീപ നിശാന്ത് പ്രശസ്തിക്ക് വേണ്ടിയും, ശ്രീചിത്രൻ അറിഞ്ഞു കൊണ്ടൊരു മോഷണവും ആണ് നടത്തിയിരിക്കുന്നത്. ബൗദ്ധികപരമായ പാപ്പരത്തം ആണ് ഇരുവരെയും ഒരു ക്രൈമിലേക്കു എത്തിച്ചിരിക്കുന്നത്.

കേരളത്തിന്റെ സാംസ്കാരിക പുരോഗമന പക്ഷത്തിന് ശ്രീചിത്രൻ എം ജെ യുടെ സേവനമാവശ്യമില്ല എന്ന് ഇതിനോടകം തന്നെ അശോകൻ ചരുവിലിന്റെ അത്ര സാഹിത്യ പാരമ്പര്യമില്ലാത്ത സാംസ്‌കാരിക പ്രവർത്തകർ അടിവരയിട്ടു കഴിഞ്ഞു. ദീപ നിശാന്തും കുറച്ചു കാലം സാംസ്‌കാരിക പരിപാടികളിൽ നിന്ന് മാറി നിൽക്കുകയോ, മാറ്റി നിർത്തപ്പെടുകയോ ചെയ്യുന്നത് കേരളത്തിന്റെ പുരോഗമന പരിസരത്തിന്റെ ധാർമിക മൂല്യം ഉയർത്താൻ സഹായിക്കുക തന്നെ ചെയ്യും. വിപ്ലവവും, നവോത്ഥാനവും കൊണ്ട് വരാൻ പൊയ്‌മുഖങ്ങളുടെ ആവശ്യം കേരളത്തിനില്ല. അതുകൊണ്ട് കവിത മോഷണം അസന്ദിഗ്ധമായി തെളിക്കപ്പെട്ട സാഹചര്യത്തിൽ ഇരുവരും സ്വയം മാറി നിൽക്കുകയോ ഇല്ലാത്ത പക്ഷം മാറ്റി നിർത്തപ്പെടുകയോ ചെയ്യുന്നത് സ്വാഗതാർഹമാണ്. കലേഷിനോട് ചെയ്യുന്ന നീതി കൂടിയാണ്.

https://www.azhimukham.com/vayana-plagiarism-controversy-between-deepa-nishanth-and-poet-kalesh/

https://www.azhimukham.com/trending-vayana-other-persons-included-in-this-deepa-nisanth-reaction-on-sreechithran-poem-plagarism-controversy/

https://www.azhimukham.com/newsupdates-ashokan-charuvil-against-the-removal-of-sreechithran-and-deepa-nishanth-from-janadhipathya-sangamam/

https://www.azhimukham.com/offbeat-famous-examples-of-plagiarism-and-cryptomnesia-writes-by-sajan-jose/

Next Story

Related Stories