സിനിമ

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

തമിഴ് സിനിമ സധൈര്യപൂർവം ഒരേ സമയം വാണിജ്യ വിജയമുള്ളതും കലാമൂല്യം അവകാശപ്പെടാവുന്നതുമായ സിനിമകളുമായി മുന്നോട്ടു പോവുകയാണ്.

ഗിരീഷ്‌ പി

പോപുലര്‍ കള്‍ച്ചര്‍ എന്ന വരേണ്യ നിര്‍മിതിയെ അതിസമര്‍ഥമായി പൊളിച്ചെഴുതുന്ന മികച്ച സാമൂഹിക-രാഷ്ട്രീയ ചിത്രങ്ങള്‍ പിന്നിട്ട വര്‍ഷങ്ങളിലെ തമിഴ് സിനിമയുടെ സംഭാവനകളാണ്. കാക്കമുട്ടൈ, കബാലി, ഇരൈവി, മദ്രാസ്, കാല, വിസാരണൈ തുടങ്ങിയ വളരെ കൃത്യമായ രാഷ്ട്രീയം സംവദിക്കുന്ന മികച്ച ഒരുപിടി ചിത്രങ്ങള്‍. പതിവ് ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുകയും, പുതിയ പ്രമേയങ്ങൾ സിനിമകളിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സ്ഥിരം കേൾക്കുന്ന പരാതികൾ മുഴുവൻ പ്രേക്ഷകരെയും സിനിമയുടെ കൊമേർഷ്യൽ സ്വഭാവത്തെയും ചുറ്റി പറ്റി ആണ്.

പരീക്ഷണ ചിത്രങ്ങൾ എത്രത്തോളം പ്രേക്ഷകന് ഉൾക്കൊള്ളും, നിർമാതാവ് തയ്യാറാകുമോ? കച്ചവട വിജയം ആകുമോ തുടങ്ങിയ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ട് ഇന്ത്യൻ സിനിമയിലെ മറ്റു ഭാഷ ചിത്രങ്ങൾ പുതിയ വഴികൾക്ക് മുന്നിൽ ഒരല്പം പതറുമ്പോൾ തമിഴ് സിനിമ ധൈര്യപൂർവം ഒരേ സമയം വാണിജ്യ വിജയമുള്ളതും കലാമൂല്യം അവകാശപ്പെടാവുന്നതുമായ സിനിമകളുമായി മുന്നോട്ടു പോവുകയാണ്.

ഒക്ടോബർ മാസം റിലീസ് ചെയ്ത മൂന്നു തമിഴ് ചിത്രങ്ങൾ കേരളത്തിലും വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.

റാമും ജാനുവും കേരളക്കരയും കീഴടക്കിയപ്പോൾ :

തഞ്ചാവൂര്‍ ഓള്‍ സെയ്ന്റ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1996 ബാച്ച് വിദ്യാര്‍ത്ഥികളായ കെ രാമചന്ദ്രന്റേയും എസ് ജാനകി ദേവിയുടേയും പ്രണയത്തിന്റെ കഥയാണ് രണ്ടര മണിക്കൂര്‍ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള 96. വിജയ് സേതുപതിയുടെ ആദ്യകാല ചിത്രമായ നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന സി പ്രേം കുമാര്‍ തന്റെ പ്രഥമ സംവിധാന സംരംഭത്തിന് പ്രണയം പ്രമേയമായി തിരഞ്ഞെടുത്തെങ്കിലും വാണിജ്യ സിനിമയുടെ പതിവ് കാഴ്ചകളിൽ നിന്നും വഴിമാറി സഞ്ചരിക്കുന്ന ഗൃഹാതുരമായ ഒരു പ്രണയം ചിത്രമായിട്ടാണ് 96 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

മാസും മസാലയും ഇല്ലാതെ തന്നെ കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കും വിധം ഒരുക്കാമെന്നതിന്റെ ഉത്തരം കൂടിയാണ് 96. തമിഴ്‌നാടിനു പുറമെ കേരളത്തിലാണ് 96 ആഘോഷിക്കപ്പെട്ടത്. ഒരുപാട് കേട്ട കഥയെ പുതിയൊരു അനുഭവമാക്കി മാറ്റുന്നിടത്താണ് 96 വേറിട്ട് നില്‍ക്കുന്നത്. കണ്ടും അനുഭവിച്ചും അറിയാനുള്ളതാണ് 96 ലെ കാഴ്ചകള്‍. പ്രണയചിത്രമാണെങ്കിലും ചായങ്ങള്‍ വാരിയൊഴിക്കാനോ ഭംഗിയുള്ള പശ്ചാത്തലങ്ങള്‍ തേടിപ്പോകാനോ സംവിധായകന്‍ ശ്രമിച്ചിട്ടില്ല.

പ്രണയനഷ്ടം മനസ്സില്‍ പേറുന്ന റാമും ജാനുവും 22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് 96-ന്റെ പ്രമേയം. സിനിമയുടെ മനോഹരമായ മേക്കിംഗിനൊപ്പം വിജയ് സേതുപതി, തൃഷ എന്നിവരുടെ വിസ്മയ പ്രകടനം കൂടിയായപ്പോള്‍ സിനിമ വലിയ വിജയമായി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച അഭിനോതാക്കളുടെ പ്രകടനവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ഗോവിന്ദ് മേനോന്റെ സംഗീതത്തില്‍ പിറന്ന പാട്ടുകളും 96-ന് പ്രേക്ഷക പ്രശംസയേറാന്‍ സഹായകമായി.

വെറും അന്‍പത് ലക്ഷം രൂപ ചെലവില്‍ കേരളത്തില്‍ വിതരണം ചെയ്ത ചിത്രം ഇതുവരെ നേടിയ ഗ്രോസ് ഏകദേശം പത്ത് കോടി രൂപയാണ്. വേള്‍ഡ് വൈഡ് ബോക്‌സോഫീസില്‍ 50 കോടി ക്ലബ്ബിലും 96 ഇടം പിടിച്ചു.

ത്രില്ലടിപ്പിക്കുന്ന രാക്ഷസൻ

മുണ്ടാസുപെട്ടി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം രാംകുമാർ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ മൂവി ആണ് രാക്ഷസൻ. സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയുന്ന അരുൺ കുമാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നീർപറവേ, ജീവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാൽ ആണ്. അമല പോൾ ആണ് നായിക.

ഒരുപാട് ന്യൂനതകളും, ക്ളീഷേകളൂം ഉണ്ടെങ്കിലും നിരവധി സീരിയൽ കില്ലർ സൈക്കോളജിക്കൽ ത്രില്ലർ സിനിമകളിൽ നിന്ന് രാക്ഷസനെ വ്യത്യസ്തമാകുന്നത് അതിന്റെ ആഖ്യാനം ഒന്ന് കൊണ്ട് മാത്രം ആണ്. സമീപ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പോസിറ്റീവ് റിവ്യൂ ലഭിച്ച ത്രില്ലർ ചിത്രമാണ് രാക്ഷസൻ.

ഒരു സിനിമ സംവിധായകന്‍ ആകണമെന്ന ആഗ്രഹത്തില്‍ നടക്കുന്ന നായകന്‍ അരുണിന് തന്റെ ആഗ്രഹം സാധിക്കാതെ വരുമ്പോൾ സര്‍വ്വീസില്‍ ഇരുന്നു മരിച്ച അച്ഛന്റെ പോലീസ് ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്നു. അങ്ങനെ ഔദ്യോഗിക ജീവിതത്തില്‍ അന്വേഷിക്കേണ്ടി വരുന്ന ചില കൊലപാതക കേസുകള്‍ക്ക് താന്‍ തന്റെ സിനിമക്ക് വേണ്ടി റഫര്‍ ചെയ്ത സൈക്കോ കൊലയാളികളുടെ സ്വഭാവവുമായും തന്റെ സിനിമ കഥയുമായും ബന്ധമുള്ളതായി അരുണ്‍ കണ്ടെത്തുന്നതോടെ കഥ വികസിക്കുന്നു.

ഓരോ സെക്കന്റിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഈ മൂന്നു മണിക്കൂർ ചിത്രം സമീപ കാലത്തെ മികച്ച ഒരു തിയ്യേറ്റർ അനുഭവമാണെന്ന് നിരൂപകർ എല്ലാം ഒരു പോലെ സമ്മതിക്കുന്നു.

പരിയേറും പെരുമാൾ – സമകാലീക ഇന്ത്യയുടെ ജാതി കാഴ്ചകൾ

വിജയ് സേതുപതി–തൃഷ ടീമിന്റെ 96 നിങ്ങളുടെ പ്രണയഭാവങ്ങളെ തൊട്ടുണർത്തിയെങ്കിൽ, രാക്ഷസൻ നിങ്ങളെന്ന പ്രേക്ഷകനിൽ ഉദ്വെഗം നിറച്ചെങ്കിൽ ‘പരിയേറും പെരുമാൾ’ നിങ്ങളുടെ ഉള്ളു പൊള്ളിക്കും അസ്വസ്ഥമാക്കും തിയറ്ററിനു പുറത്തേക്കും നിങ്ങളെ വേട്ടയാടും. ചെരുപ്പിനിടയിൽ കുടുങ്ങിയ കല്ല് പോലെയായിരിക്കണം സിനിമയെന്ന് നിരീക്ഷിച്ചത് (A film should be like a stone in your shoe’) ആരാണെന്നറിയില്ല. അദ്ദേഹത്തിന് സ്തോത്രം.

ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി അത്രമേൽ ആഴത്തിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയും ദുരഭിമാന കൊലയേയുമൊക്കെയാണ് ചിത്രം പ്രശ്നവത്ക്കരിക്കുന്നതു. മദ്രാസ്, കബാലി തുടങ്ങിയ ചിത്രങ്ങളിലൂടെയും, രാഷ്ട്രീയ നിലപാടുകളിലൂടെയും ശ്രദ്ധേയനായ പാ രഞ്ജിത്ത് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാരി ശെൽവരാജ് ആണ്. ഇരുവരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ഇപ്രകാരം ” സിനിമയിലൂടെ രാഷ്ട്രീയം പറയുന്ന കാര്യത്തിൽ പാ രഞ്ജിത്തിന്റെ അപ്പനായിട്ടു വരും മാരി ശെൽവരാജ്/”

ശക്തമായ കീഴാള രാഷ്ട്രീയ ഉണര്‍വുകളെ കുറിച്ചൊന്നുമല്ല ‘പരിയേറും പെരുമാൾ’ സംസാരിക്കുന്നതെങ്കിലും പൊള്ളുന്ന ജീവിത യഥാർഥ്യങ്ങളിലേക്ക് തിരിച്ചു വെച്ച കാമറ കണ്ടില്ലെന്നു നടിക്കാൻ മധ്യവർഗ പൊതു ബോധത്തിന് ഒരുപാട് നാളൊന്നും കഴിഞ്ഞെന്നു വരില്ല. ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന മൗത് പബ്ലിസിറ്റി ഇത് അടിവരയിടുന്നു.

പുളിയൻകുളം എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് തിരുനെൽവേലി ലാ കോളജിൽ നിയമ പഠനത്തിനെത്തുന്ന പരിയേറും പെരുമാളിലൂടെയാണ് കഥ വികസിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച കതിർ എന്ന അഭിനേതാവിന്റെ പ്രകടന മികവ് കൂടി എടുത്തു പറയേണ്ടതാണ്. കീഴാളരെ അടിച്ചമർത്തുന്ന വ്യവസ്ഥയെ ചോദ്യ ചെയ്യാൻ തന്നെയാണ് അവൻ നിയമം തിരഞ്ഞെടുക്കുന്നത്. ആരാകാൻ ആണ് ആഗ്രഹം എന്ന ചോദ്യത്തിന് നായകൻ പറയുന്ന മറുപടി ‘അംബേദ്‌കർ’ ആകണം എന്നാണ്. ആ ഒരൊറ്റ പ്രഖ്യാപനത്തിൽ സിനിമയുടെ രാഷ്ട്രീയം കൃത്യമാണ്.

ജാതിയുടെ ബന്ധപ്പെട്ട് നിൽക്കുന്ന അസമത്വങ്ങളൊന്നും അത്രപെട്ടെന്ന് മാറില്ല എന്ന നായകന്റെ തിരിച്ചറിവിൻറ്റെ ബലത്തിലാണ് സിനിമ അത്യാവശ്യം ശുഭപര്യവസായിയായി അവസാനിക്കുന്നത് ഒരു കൊലപാതകത്തിൽ നിന്നും രക്ഷപ്പെട്ടു വരുന്നത് കൊണ്ട് ഈ ക്ലൈമാക്സ് പ്രേക്ഷകനു നൽകുന്ന സമാധാനത്തിനപ്പുറം യഥാർതഥ ജീവിതത്തിൽ തമിഴ് ഇൻറ്റർ കാസ്റ്റ് പ്രണയങ്ങളും ദളിത് ജീവിതങ്ങളും ദുരിതപരമായി മുന്നോട്ട് പോകുകയാണ് എന്ന് ഓർമപ്പെടുത്തി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

പുകവലിക്കുന്ന പെണ്‍കുട്ടി പ്രണയത്തിന് അര്‍ഹയല്ലാത്ത നിങ്ങളുടെ സദാചാര മൂല്യത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് 96

എനിക്ക് ഭയമാണ്, എന്റെ സിനിമയുടെ വിജയം ആസ്വദിക്കാന്‍ കഴിയുന്നില്ല; പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നു

വണ്ണാര്‍പേട്ടെ തങ്കരാജ്; തെരുവിലാടി ജീവിച്ചവന്‍, വെള്ളരിത്തോട്ടത്തിലെ കാവല്‍ക്കാരന്‍, കീഴ്ജാതി നിസ്സഹായത കാണിച്ച് ഉള്ളുപൊള്ളിച്ച നടന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍